Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജയലളിതയുടെ തിരിച്ചുവരവ് തമിഴ് രാഷ്ട്രീയത്തിന്റെ പതിവുശീലങ്ങൾ തെറ്റിക്കുമോ? പനീർ ശെൽവം ഉടൻ രാജിവയ്ക്കും; മുഖ്യമന്ത്രിയായി ജയയുടെ സത്യപ്രതിജ്ഞ 17നെന്ന് സൂചന; മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനും നീക്കമെന്നു റിപ്പോർട്ട്

ജയലളിതയുടെ തിരിച്ചുവരവ് തമിഴ് രാഷ്ട്രീയത്തിന്റെ പതിവുശീലങ്ങൾ തെറ്റിക്കുമോ? പനീർ ശെൽവം ഉടൻ രാജിവയ്ക്കും; മുഖ്യമന്ത്രിയായി ജയയുടെ സത്യപ്രതിജ്ഞ 17നെന്ന് സൂചന;  മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനും നീക്കമെന്നു റിപ്പോർട്ട്

ചെന്നൈ: അനധികൃത സ്വത്തുസമ്പാദനക്കേസിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത കുറ്റവിമുക്തയായതോടെ സംസ്ഥാന രാഷ്ട്രീയം പ്രതീക്ഷിക്കുന്നത് വലിയ മാറ്റങ്ങളാണ്. ജയലളിതയ്‌ക്കെതിരെ മുമ്പ് കോടതിവിധി വന്നപ്പോൾ ആഹ്ലാദിച്ച പ്രതിപക്ഷ കക്ഷികളൊക്കെ ഇപ്പോൾ കടുത്ത നിരാശയിലാണ്.

ജയലളിത അധികാരം പനീർ സെൽവത്തിന് കൈമാറിയതോടെ കുത്തഴിഞ്ഞ തരത്തിലായിരുന്നു തമിഴ്‌നാടിന്റെ ഭരണം. ജയലളിതയെന്ന ശക്തയായ നേതാവിന്റെ അസാന്നിധ്യം കുറച്ചൊന്നുമല്ല അണ്ണാ ഡി എം കെ യെ അലട്ടിയത്. സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന ആരോപണമാണ് സർക്കാർ നേരിട്ടത്.

അമ്മയുടെ വിനീത വിധേയനായ മുഖ്യമന്ത്രി പനീർശെൽവത്തിന് പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും എടുക്കാൻ കഴിഞ്ഞിരുന്നില്ല. ചെന്നൈ മെട്രോയുടെ ഉദ്ഘാടനവും കോടികളുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ആഗോള നിക്ഷേപ സംഗമവും സർക്കാർ നീട്ടി വച്ചിരിക്കുകയായിരുന്നു. തലൈവിയില്ലാത്ത ഭരണത്തിലൂടെ പ്രതിച്ഛായ്ക്ക് വന്ന കോട്ടം പരിഹരിച്ച് ഇരട്ടി ശക്തിയോടെ തിരിച്ചെത്താം എന്നാണ് ഇപ്പോൾ അണ്ണാ ഡിഎംകെയുടെ പ്രതീക്ഷ. ജയലളിത സജീവമാകുന്നതോടെ കൂടുതൽ കരുത്താർജിച്ച്, മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിച്ച് മുന്നോട്ട് പോകാം എന്നാണ് എഡിഎംകെ കരുതുന്നത്. മുഖ്യമന്ത്രിയായി തിരിച്ചെത്തുന്ന ജയലളിത ജനപ്രിയ പ്രഖ്യാപനങ്ങളുമായി അനുകൂല സാഹചര്യം വിപുലപ്പെടുത്തും. ചെന്നൈ മെട്രോ പദ്ധതിയുടെ ഉദ്ഘാടനം പോലെ വികസന പദ്ധതികൾ ജയലളിതയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു.

അതിനിടെ, ഈ മാസം 17നു മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നിലവിലെ മുഖ്യമന്ത്രി പനീർശെൽവവും മറ്റുമന്ത്രിമാരും ജയലളിതയെ പോയസ് ഗാർഡനിലെത്തി സന്ദർശിച്ചിരുന്നു. പനീർ ശെൽവവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു തിരിച്ചെത്താൻ ജയലളിത തീരുമാനിച്ചത്. ഏറ്റവും അടുത്ത ദിവസം തന്നെ പനീർശെൽവം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്നും സൂചനയുണ്ട്. തുടർന്ന് എഐഎഡിഎംകെ നിയമസഭാകക്ഷി യോഗം ചേർന്നു ജയയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും. കഴിഞ്ഞ സെപ്റ്റംബറിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥാനത്തുനിന്നും ജയലളിത അയോഗ്യയാക്കപ്പെട്ടിരുന്നു. കുറ്റവിമുക്തയായതോടെ മുഖ്യമന്ത്രിസ്ഥാനവും തെരഞ്ഞെടുപ്പുമെല്ലാം ജയലളിതയ്ക്കു വീണ്ടും പ്രാപ്തമായിരിക്കുകയാണ്.

ശിക്ഷ റദ്ദായെങ്കിലും ജയലളിത ഇപ്പോൾ എംഎ‍ൽഎ അല്ല. കഴിഞ്ഞ വർഷം സപ്തംബറിലെ ശിക്ഷാവിധിയോടെ എംഎ‍ൽഎ സ്ഥാനം നഷ്ടമായി. ഉപതിരഞ്ഞെടുപ്പിൽ ജയലളിത നിർദ്ദേശിച്ചയാൾ തന്നെ വിജയിച്ച് നിയമസഭാംഗമായി. ഇപ്പോൾ മുഖ്യമന്ത്രിയായി തിരിച്ചെത്തുന്ന ജയലളിതയ്ക്ക് നിയമപ്രകാരം ആറ് മാസത്തിനുള്ളിൽ ജയിച്ച് നിയമസഭാംഗമാകണം. അതിന് നിലവിലെ എംഎ‍ൽഎമാരോ മന്ത്രിമാരോ ആരും തയാറാകുമെന്നതിലും തർക്കമില്ല. എന്നാൽ, ഉപതെരഞ്ഞെടുപ്പിനു പകരം നിയമസഭ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല.

നിയമസഭയുടെ കാലാവധി തീരാൻ ഒരു വർഷം മാത്രമേ ബാക്കിയുള്ളൂ. കേസിൽ കുറ്റവിമുക്തയായതോടെ രാഷ്ട്രീയ സാധ്യതകളിലെ ഏക പ്രതികൂല ഘടകവും മാറി. ഒന്നിലേറെ അഴിമതികളിൽ പെട്ടിട്ടും തമിഴ്‌നാട്ടിൽ ഇന്നും ജയലളിത ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ്. പുരട്ചിതലൈവിയോളം തലയെടുപ്പുള്ള ഒരു നേതാവ് ഇന്ന് തമിഴർക്കില്ല. പ്രതിപക്ഷമാണെങ്കിൽ ഛിന്നഭിന്നമാണ്. സമീപകാലത്തൊന്നും അവർ ഒന്നിക്കാനുള്ള സാധ്യത വിരളമാണ്.

തെരഞ്ഞെടുപ്പ് ഏതു തരത്തിൽ വന്നുപെട്ടാലും തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികൾക്ക് കനത്ത തിരിച്ചടി തന്നെയായിരിക്കുമെന്നത് ഉറപ്പാണ്. ടു ജി കേസിൽ പ്രതിസന്ധിയിലായ ഡിഎംകെയ്ക്കും മറ്റ് പാർട്ടികൾക്കും ജയലളിതയുടെ വിധി നിർണ്ണായകമായിരുന്നു. എന്നാൽ, പൊതു തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കേ ജയയെ കുറ്റവിമുക്തയാക്കി വിധി വന്നത് പ്രതിപക്ഷ കക്ഷികളുടെ നില കൂടുതൽ പരുങ്ങലാക്കിരിക്കുകയാണ്. വിശാല സഖ്യത്തിന് ഡി എം കെ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഒരിടത്തും എത്തിയിട്ടില്ല. കരുണാനിധി അവശതയിലാണ്. സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള പടലപ്പിണക്കം തീർന്നിട്ടില്ല. 2 ജി കേസുകളുടെ കുരുക്ക് ഡി.എംകെ നേതാക്കൾക്ക് മേൽമുറുകുകയാണ്. മാരൻ സഹോദരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് വരെ സ്‌പെക്ട്രം കേസ് എത്തിനിൽക്കുന്നു. ഡിഎംഡികെക്കും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യുന്ന മുന്നണിയിൽ ചേരാനാണ് ഡിഎംഡികെയുടെ വിജയകാന്തിന് താൽപര്യം. ഡിഎംഡികെയെ പാട്ടിലാക്കി സഖ്യം രൂപീകരിക്കാനാകും ബിജെപിയുടെ ശ്രമം. ബിജെപിയുമായി ഒരു ചങ്ങാത്തത്തിന് ശ്രമിക്കുകയാണ് ഡിഎംഡികെ നേതാവ് വിജയ്കാന്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ബിജെപിയും ഒരു പ്രബല കക്ഷിയല്ല. നാമാവശേഷമായ കോൺഗ്രസ് രണ്ടായി പിളർന്ന നിലയിലാണ്. മുഖ്യ ദ്രാവിഡ കക്ഷികളുമായി കൂട്ടില്ലെന്ന് പ്രഖ്യാപിച്ച് പി എം കെ യും രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP