Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെയർമാനാകാൻ പാർട്ടിക്കാരുടെ പിന്തുണ തേടി ജോസഫ് രംഗത്ത്; സിഎഫ് തോമസിനെ ചെയർമാനാക്കാൻ ഒരു വിഭാഗം; സിഎഫ് തോമസിനെ ലീഡറാക്കി ജോസ് കെ മാണിയെ ചെയർമാനാക്കാൻ ഭൂരിപക്ഷം പ്രവർത്തകരും; പാലായിൽ മാണിക്ക് പകരം ഇറങ്ങാൻ തീരുമാനിച്ചാൽ രാജ്യസഭാ അംഗത്വം വെറുതെയാകുമെന്നത് ജോസ് കെ മാണിയുടെ ധർമ്മ സങ്കടം ഉയർത്തുന്നു; മാണി വഹിച്ച മൂന്ന് സുപ്രധാന പദവികളുടെ പേരിൽ കേരളാ കോൺഗ്രസിൽ ആശയക്കുഴപ്പം

ചെയർമാനാകാൻ പാർട്ടിക്കാരുടെ പിന്തുണ തേടി ജോസഫ് രംഗത്ത്; സിഎഫ് തോമസിനെ ചെയർമാനാക്കാൻ ഒരു വിഭാഗം; സിഎഫ് തോമസിനെ ലീഡറാക്കി ജോസ് കെ മാണിയെ ചെയർമാനാക്കാൻ ഭൂരിപക്ഷം പ്രവർത്തകരും; പാലായിൽ മാണിക്ക് പകരം ഇറങ്ങാൻ തീരുമാനിച്ചാൽ രാജ്യസഭാ അംഗത്വം വെറുതെയാകുമെന്നത് ജോസ് കെ മാണിയുടെ ധർമ്മ സങ്കടം ഉയർത്തുന്നു; മാണി വഹിച്ച മൂന്ന് സുപ്രധാന പദവികളുടെ പേരിൽ കേരളാ കോൺഗ്രസിൽ ആശയക്കുഴപ്പം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാർട്ടി ചെയർമാൻ ഇതിനൊപ്പം പാർട്ടി ലീഡറുമായിരുന്നു കെ എം മാണി. കേരളാ കോൺഗ്രസിന്റെ പാർലമെന്ററീ പാർട്ടി നേതാവായിരുന്നു മാണി. ഒപ്പം പാലായുടെ എംഎൽഎയും. മാണി കളം ഒഴിയുമ്പോൾ പകരക്കാരൻ ആരാകണമെന്ന ചർച്ച കേരളാ കോൺഗ്രസിൽ നിറയുകയാണ്. മാണി വഹിച്ചിരുന്ന ചെയർമാൻ, നിയമസഭാ കക്ഷി നേതാവ് എന്നീ സ്ഥാനങ്ങളിലേക്കും പാലാ നിയമസഭാ സീറ്റിലേക്കും പകരക്കാരനെ കണ്ടെത്താൻ ചർച്ച തുടങ്ങുകയാണ് കേരളാ കോൺഗ്രസിൽ. ഇതിൽ പാലായുടെ എംഎൽഎ സ്ഥാനം മാണിയുടെ കുടുംബത്തിന് കൊടുക്കേണ്ടി വരുമെന്ന് ഏല്ലാവർക്കും അറിയാം. ജോസ് കെ മാണിയാകും പാലയിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നും ഏതാണ് ഉറപ്പാണ്. എന്നാൽ ജോസ് കെ മാണിയുടെ രാജ്യസഭാ അംഗത്വം ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. എങ്കിലും ജോസ് കെ മാണി തന്നെ പാലയിൽ എത്തുമെന്നാണ് സൂചന.

പാർട്ടിയുടെ പാർലമെന്ററീ ലീഡർ, ചെയർമാൻ സ്ഥാനങ്ങൾക്ക് വേണ്ടിയാണ് അതുകൊണ്ട് തന്നെ പ്രധാന ചർച്ചകൾ. ഈ രണ്ട് പദവിയും വർക്കിങ് ചെയർമാനായ പിജെ ജോസഫ് ആഗ്രഹിക്കുന്നുണ്ട്. മാണിയുടെ രോഗ വിവരം മനസ്സിലാക്കിയാണ് കോട്ടയത്തും ഇടുക്കിയിലും ലോക്‌സഭാ സീറ്റ് നിഷേധിച്ചിട്ടും ജോസഫിനെ കേരളാ കോൺഗ്രസിൽ അടുപ്പിച്ച് നിർത്തിയത്. ഈ സാഹചര്യത്തിൽ പാർട്ടി നേതാക്കളുടെ ഭൂരിപക്ഷ പിന്തുണയ്ക്കായി ജോസഫ് ശ്രമം തുടങ്ങി. എന്നാൽ മാണി ഗ്രൂപ്പിനാണ് പാർട്ടിയിൽ മുൻതൂക്കം. അതിനാൽ ജോസഫിന്റെ ആഗ്രഹം നടക്കുക അത്ര എളുപ്പമല്ല. പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനും മന്ത്രിയുമെല്ലാമായിരുന്ന സി എഫ് തോമസിനെ ചെയർമാനാക്കാൻ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. ചങ്ങനാശ്ശേരി എംഎൽഎയായ സി എഫ് തോമസിനും പൂർണ്ണ സ്മ്മതമാണ്. എന്നാൽ പാർട്ടിയിലെ മാണി വികാരം ജോസ് കെ മാണിക്ക് അനുകൂലമാണ്. പാർട്ടി ചെയർമാനായി ജോസ് കെ മാണിയെ നിയോഗിക്കണമെന്നാണ് ഇവരുടെ പ്രധാന ആഗ്രഹം.

സ്ഥാപക നേതാവ് കെ.എം. ജോർജ്, കെ. നാരായണക്കുറുപ്പ്, ഒ. ലൂക്കോസ്, ഇ. ജോൺ ജേക്കബ്, കെ. വി. കുര്യൻ, ജോർജ് ജെ. മാത്യു, വി.ടി. സെബാസ്റ്റ്യൻ, പി. ജെ. ജോസഫ്, സി. എഫ്. തോമസ് എന്നിവരാണു കെ.എം. മാണിയുടെ ചെയർമാൻ പദവിയിലെ മുൻഗാമികൾ. മുൻപും ചെയർമാൻ സ്ഥാനം പാർട്ടിയെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. ഒരാൾക്കു രണ്ടു സ്ഥാനം വേണ്ടെന്ന ഭേദഗതിയോടെയാണു സ്ഥാപക ചെയർമാൻ കെ. എം. ജോർജ് സ്ഥാനം ഒഴിഞ്ഞത്. മന്ത്രി ആയതോടെ പാർട്ടി ചെയർമാൻ സ്ഥാനം കെ.എം. ജോർജ് ഉപേക്ഷിച്ചു. പിന്നീടു മന്ത്രിയായപ്പോൾ സി.എഫ്. തോമസും ചെയർമാൻ സ്ഥാനം വിട്ടു. വർഷങ്ങൾക്കു മുൻപു പി.ജെ. ജോസഫ് പിളരുന്നതും ചെയർമാൻ സ്ഥാനം ലഭിക്കാതെ വന്നപ്പോഴാണ്. നിലവിൽ പി.ജെ. ജോസഫ് വർക്കിങ് ചെയർമാനും സി.എഫ്. തോമസ് ഡപ്യൂട്ടി ചെയർമാനും കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണി വൈസ് ചെയർമാനുമാണ്. പാർട്ടിയുടെ പാർലമെന്ററീ പാർട്ടി നേതാവും മാണി തന്നെ. ഇതിൽ രണ്ടിലും ജോസഫിന് കണ്ണുണ്ട്. കേരളാ കോൺഗ്രസിലെ സീനിയോറിട്ടിയും ഇടുക്കിയിലെ സ്വാധീനവുമാണ് ജോസഫ് ഉയർത്തിക്കാട്ടുന്നത്.

എന്നാൽ ജോസ് കെ. മാണി തന്നെ ചെയർമാൻ സ്ഥാനത്തേക്കു വരണമെന്നാണു മാണി വിഭാഗം നേതാക്കളുടെ ആഗ്രഹം. ലോക്‌സഭാ സീറ്റിനു പകരമായി ചെയർമാൻ സ്ഥാനം ജോസഫ് വിഭാഗം ആവശ്യപ്പെട്ടേക്കും. പദവി സംബന്ധിച്ച തീരുമാനം എടുക്കേണ്ട ഉന്നതാധികാര സമിതിയിലും സ്റ്റിയറിങ് കമ്മിറ്റിയിലും മുൻതൂക്കം മാണി വിഭാഗത്തിനാണ്. ഭാവി ചെയർമാൻ എന്ന സൂചന നൽകിയാണു ജോസ് കെ. മാണിയെ കേരള യാത്ര നയിക്കാൻ പാർട്ടി നിയോഗിച്ചതെന്നാണു മാണിയെ അനുകൂലിക്കുന്നവർക്ക് പറയാനുള്ളത്. ചെയർമാൻ പോലെ തന്നെ നിർണായകമാണു നിയമസഭാകക്ഷി നേതാവായ ലീഡർ സ്ഥാനവും. പിജെ ജോസഫും സി എഫ് തോമസും നിയമസഭാ അംഗമാണ്. അതുകൊണ്ട് തന്നെ അവരിൽ ഒരാൾക്ക് ലീഡർ സ്ഥാനം ലഭിക്കും. ഇതിന് പകരം ചെയർമാനായി ജോസ് കെ മാണി തന്നെ എത്താനാണ് സാധ്യത. ജോസ് കെ മാണി പാലയിൽ ജയിച്ച് നിയമസഭയിലെത്തിയാൽ ലീഡർ സ്ഥാനവും ജോസ് കെ മാണിക്ക് കൊടുക്കണമെന്ന് മാണി വിഭാഗം എംഎൽഎമാർ ആവശ്യപ്പെടും.

ജോസ് കെ മാണിക്ക് കേരള രാഷ്ട്രീയത്തോടാണ് താൽപ്പര്യം. ഈ സാഹചര്യത്തിലാണ് ലോക്‌സഭയിലേക്ക് മത്സരിക്കാതെ രാജ്യസഭയിലേക്ക് മാറിയത്. മാണി ജീവിച്ചിരിക്കുമ്പോൾ തന്നെ പാലായിൽ സ്ഥാനാർത്ഥിയാകാമെന്നും ആഗ്രഹിച്ചു. ഇതിനിടെയാണ് കുടുംബത്തെ വേദനിപ്പിച്ച് മാണിയുടെ മരണമെത്തിയത്. രാജ്യസഭാ സീറ്റ് നഷ്ടമാകാതിരിക്കാൻ പാലാ സീറ്റ് മറ്റാർക്കെങ്കിലും നൽകിയാൽ മാണി സഹതാപത്തിൽ ജയിച്ചു കയറും. അതിന് ശേഷം സീറ്റ് ജോസ് കെ മാണിക്കായി അയാൾ മാറിക്കൊടുത്തില്ലെങ്കിൽ അത് പുതിയ പ്രതിസന്ധിയുമാകും. ഇത് മുതലെടുക്കാനും ആളുകൾ വരും. അതുകൊണ്ട് തന്നെ മാണിയുടെ കോട്ടയിൽ മത്സരിച്ചേ മതിയാകൂവെന്ന് മകൻ തിരിച്ചറിയുന്നു.

മാണിയുടെ സ്വന്തം പാലാ സീറ്റിലേക്ക് കരിങ്ങോഴയ്ക്കൽ കുടുംബത്തിനു പുറത്തു നിന്നു സ്ഥാനാർത്ഥിയെ പരിഗണിക്കാൻ സാധ്യത കുറവ്. ജോസ് കെ. മാണിക്കു രാജ്യസഭയിൽ 5 വർഷത്തിലേറെ കാലാവധിയുണ്ട്. മാത്രമല്ല സീറ്റ് ഒഴിഞ്ഞാൽ അടുത്ത സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം യുഡിഎഫിനു നിയമസഭയിൽ ഇല്ല. അതുകൊണ്ട് തന്നെ രാജ്യസഭാ സീറ്റ് യുഡിഎഫിന് നഷ്ടമാകും. നേരത്തെ വീരേന്ദ്രകുമാറിന് ഒരു രാജ്യസഭാ സീറ്റ് യുഡിഎഫ് കൊടുത്തിരുന്നു. ഇടതുപക്ഷത്തേക്ക് വീരേന്ദ്രകുമാർ കൂറുമാറിയതോടെ ഈ സീറ്റ് യുഡിഎഫിന് പോയി. ദേശീയ രാഷ്ട്രീയത്തിൽ കരുത്തുകാട്ടാൻ വലതുപക്ഷത്തിന് രാജ്യസഭാ സീറ്റ് അനിവാര്യതയാണ്. അത് ഇനിയും കളഞ്ഞു കുളിക്കുന്നതിനോട് അവർക്ക് താൽപ്പര്യവുമില്ല. ഇതാണ് സാഹചര്യമെങ്കിലും മാണിയുടെ കോട്ടയായ പാലയിൽ ജോസ് കെ മാണി തന്നെ സ്ഥാനാർത്ഥിയാകാനാണ് സാധ്യത.

ജോസ് കെ മാണിക്ക് പാർട്ടിയിൽ കൂടുതൽ സ്വാധീനമുണ്ടെന്ന് ജോസഫിനും സിഎഫ് തോമസിനും അറിയാം. എന്നാൽ നേരത്തേ രാജ്യസഭാ സീറ്റും അടുത്തിടെ ലോക്‌സഭാ സീറ്റും ത്യജിച്ച ജോസഫ് വിഭാഗം ഇനിയുള്ള 3 പദവികളും വീണ്ടും ഉപേക്ഷിക്കില്ലെന്ന വിലയിരുത്തലും സജീവമാണ്. ജോസ് കെ മാണിയെ ജൂനിയറായി ചിത്രീകരിച്ച് എല്ലാം തട്ടിയെടുക്കാനാണ് നീക്കം. അപ്പോഴും മാണിയുടെ ആഗ്രഹമേ കേരളാ കോൺഗ്രസിൽ നടക്കൂവെന്ന വാദം മറുവിഭാഗവും ഉയർത്തും. കോട്ടയത്തിന്റെ മനസ്സാണ് കേരളാ കോൺഗ്രസ്. അതുകൊണ്ട് തന്നെ ഇടുക്കിക്കാരെ അംഗീകരിക്കില്ലെന്ന വാദവും സജീവമാണ്. പാർട്ടി പ്രവർത്തകർക്കിയിൽ ജോസ് കെ മാണിക്ക് നല്ല സ്വാധീനവുമുണ്ട്. ഇതെല്ലാം മൂന്ന് പദവികളും വീതം വയ്ക്കുമ്പോൾ നിർണ്ണായക ഘടകമാകും. ഏതായാലും മാണി അരങ്ങൊഴിയുമ്പോൾ അധികാര കസേരയെ ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലുമെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP