Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരിക്കൽ കേരളത്തിന്റെ മുഖ്യമന്ത്രി വരെ ആകുമെന്ന് കരുതി; സിപിഐ(എം) വിട്ട് യുഡിഎഫിനൊപ്പം നിന്നെങ്കിലും പാർട്ടി ചിന്നഭിന്നമായി; എകെജി സെന്ററിൽ കയറി സീറ്റ് ചോദിച്ചിട്ടും ഒന്നും നൽകിയില്ല; സിപിഎമ്മിന്റെ മധുര പ്രതികാരത്തിൽ ജെഎസ്എസ് അലിഞ്ഞു തീർന്നു

ഒരിക്കൽ കേരളത്തിന്റെ മുഖ്യമന്ത്രി വരെ ആകുമെന്ന് കരുതി; സിപിഐ(എം) വിട്ട് യുഡിഎഫിനൊപ്പം നിന്നെങ്കിലും പാർട്ടി ചിന്നഭിന്നമായി; എകെജി സെന്ററിൽ കയറി സീറ്റ് ചോദിച്ചിട്ടും ഒന്നും നൽകിയില്ല; സിപിഎമ്മിന്റെ മധുര പ്രതികാരത്തിൽ ജെഎസ്എസ് അലിഞ്ഞു തീർന്നു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: എംവി രാഘവന്റെ മകൻ എംവി നികേഷ് കുമാറിന് പോലും സിപിഐ(എം) സീറ്റ് നൽകുന്നു. അഴിക്കോട്ട് പാർട്ടി അണികളുടെ അപസ്വരങ്ങൾ പോലും ഇതിനായി കണക്കിലെടുക്കുന്നില്ല. രാഘവനോടുള്ള ബഹുമാനം കാട്ടാനാണ് നികേഷിന് സീറ്റ് നൽകുന്നതെന്നാണ് സൂചന. എംവി രാഘവനെന്ന എംവിആറിനെ പോലെ സിപിഐ(എം) രാഷ്ട്രീയത്തെ അമ്പതുകൾ മുതൽ മുന്നോട്ട് കൊണ്ട് കൊണ്ടുപോയ വിപ്ലവ നായികയാണ് കെ ആർ ഗൗരിയമ്മ. ആദ്യ ഇഎംഎസ് മന്ത്രിസഭയിലെ അംഗം. അരൂരിലെ കുഞ്ഞമ്മയെ തുടർച്ചയായി സിപിഐ(എം) നിയമസഭയിലുമെത്തിച്ചു. ഒരിക്കൽ കേരം തിങ്ങും കേരള നാട്ടിൽ ഗൗരിയമ്മ ഭരിക്കുമെന്ന മുദ്രാവാക്യവുമായി വോട്ടും പിടിച്ചു. പക്ഷേ മുഖ്യമന്ത്രിയായത് നയനാരും.

ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാൻ കഴിയുമായിരുന്നെങ്കിൽ എനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാവുമായിരുന്നു എന്ന പറഞ്ഞ ഗൗരിയമ്മയുടെ ചെറുപ്പകാലം പാർട്ടിക്ക് വേണ്ടിയായിരുന്നു. 1957ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാൽ 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അവർ വിഭിന്ന ചേരികളിലായി. അതും സിപിഐ(എം) എന്ന പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നു. കഴിവുറ്റ ഭരണാധികാരിയായി, ഗൗരിയമ്മയെ പലരും കണക്കാക്കുന്നു. കേരളത്തിൽ 1960-70കളിൽ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തിന്റെ പ്രമുഖശില്പിയുമാണ്. ആരേയും കൂസാത്ത അവർ ഭരണം നടത്തി. ഇതിനിടെയിൽ പാർട്ടിയിൽ അവർക്ക് ശത്രുക്കളുമുണ്ടായി. മുഖ്യമന്ത്രി പദത്തിലേക്ക് ഗൗരിയമ്മയെ ഉയർത്തിക്കാട്ടാൻ തുടങ്ങിയതായിരുന്നു ഇതിന് കാരണം.

1987ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു ഗൗരിയമ്മയെ മുഖ്യമന്ത്രിയെന്ന് പറയാതെ പറഞ്ഞ് സിപിഐ(എം) വോട്ട് നേടിയത്. വി എസ് അച്യൂതാനന്ദന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാവുകയായിരുന്നു ഗൗരിയമ്മയുടേയും ലക്ഷ്യം. ഏതായാലും കേരം തിങ്ങും കേരള നാടിനെ ഗൗരിയമ്മ ഭരിക്കുമെന്ന മുദ്രാവാക്യം ഏറ്റു. ഇടതിന് ഭരണം കിട്ടി. എന്നാൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഇടപെടലുകളിലൂടെ മുഖ്യമന്ത്രിയായത് നയനാർ. വ്യവസായ വകുപ്പുമായി ഗൗരിയമ്മ തൃപ്തിപ്പെട്ടു. സർക്കാർ അധികാരത്തിൽ നിന്ന് ഒഴിഞ്ഞ ശേഷവും ഈ ചതിയുടെ അലയൊലികൾ അടങ്ങിയിരുന്നില്ല. വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് ഗൗരിയമ്മ ഉയർന്നുവരുമെന്ന് കരുതിയവർ അണിയറയിൽ കളിച്ചപ്പോൾ 1994ൽ സിപിഎമ്മിൽ നിന്ന് ഗൗരിയമ്മ പുറത്തായി. വി എസ് അച്യൂതാനന്ദനും ഈ തീരുമാനത്തെ അംഗീകരിക്കേണ്ടി വന്നു.

പിന്നീട് ജെഎസ്എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനമുണ്ടാക്കി ഗൗരിയമ്മ യുഡിഎഫ് ക്യാമ്പിലെത്തി. ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ അംഗവുമായി. എന്നാൽ 2006ലെ തെരഞ്ഞെടുപ്പിൽ അരൂരിൽ ഗൗരിയമ്മ തോറ്റു. ഇതോടെ പ്രശ്‌നങ്ങൾ തുടങ്ങി. ജെഎസ്എസിലെ കെകെ ഷാജുവും രാജൻബാബുവുമെല്ലാം പാർട്ടിയുടെ തളർച്ചയിൽ അസ്വസ്ഥരായി. 2011ൽ ജെഎസ്എസിന് എംഎൽഎമാരും ഇല്ലാതെയായി. പ്രായം തൊണ്ണൂറ് കഴിഞ്ഞതോടെ പാർട്ടിക്ക് കരുത്തുറ്റ നേതൃത്വം നൽകാൻ ഗൗരിയമ്മയ്ക്കും കഴിയാതെ വന്നു. ഇതോടെ വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി. ഇതോടെ യുഡിഎഫിൽ സമ്പൂർണ്ണ അവഗണനയായി ഗൗരിയമ്മയക്ക്. ഈ അവഗണന കൂടിയതോടെ വീണ്ടും ഗൗരിയമ്മ സിപിഎമ്മുമായി അടുത്തു. വി എസ് അച്യൂതാനന്ദനെ വെട്ടാൻ ഗൗരിയമ്മയെന്ന കാർഡിറക്കാൻ സിപിഐ(എം) ഔദ്യോഗിക പക്ഷം ശ്രമം തുടങ്ങി. ഇതിൽ ഗൗരിയമ്മ വീഴുകയും ചെയ്തു.

കോടിയേരി ബാലകൃഷ്ണനും എംഎ ബേബിയുമെല്ലാം പലവട്ടം ഗൗരിയമ്മയുമായി ചർച്ച നടത്തി. ഗൗരിയമ്മയെ പാർട്ടിയിലേക്ക് മടക്കി കൊണ്ടു വരാൻ ലയന സമ്മേളനവും ആലപ്പുഴയിൽ നിശ്ചയിച്ചു. എന്നാൽ ജെഎസ്എസിലെ പ്രശ്‌നങ്ങൾ ഗൗരിയമ്മയുടെ ലയന മോഹത്തെ തകർത്തു. പാർട്ടി സ്വത്തുക്കൾ രാജൻ ബാബു കൈയടക്കുമെന്ന സ്ഥിതിവന്നപ്പോൾ ഗൗരിയമ്മ ലയനത്തിൽ നിന്ന് പിന്മാറി. ഇത് സിപിഎമ്മിന് ഏറെ തിരിച്ചടിയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ സിപിഐ(എം) സെക്രട്ടറിയായ ശേഷം പാർട്ടി തന്ത്രത്തിലുണ്ടായ പ്രധാന പാളിച്ചയായിരുന്നു അത്. അതിന് ശേഷം ഇടതുപക്ഷത്തെ ഘടകക്ഷിയാക്കണമെന്ന് ഗൗരിയമ്മ ആവശ്യപ്പെട്ടു. ചർച്ചകളും നടന്നു. എന്നാൽ സീറ്റ് നിർണ്ണയത്തിൽ ജെഎസ്എസിനെ ഒരു പാർട്ടിയായി കാണാൻ സിപിഎമ്മിന് കഴിഞ്ഞില്ല. ഗൗരിയമ്മയെന്ന വ്യക്തിയെ മാത്രമേ സിപിഐ(എം) അംഗീകരിക്കൂ. അതുകൊണ്ട് കൂടിയാണ് ജെഎസ്എസിന് സീറ്റ് നൽകാത്തതും. ഇത് എല്ലാ അർത്ഥത്തിലും ഗൗരിയമ്മയോടുള്ള അനാദരവായി കാണുന്നവരുണ്ട്.

ഇടതു മുന്നണിയിൽ നിന്നും നാല് സീറ്റ് ആവശ്യപ്പെട്ട ജെ.എസ്.എസിന് ഒരു സീറ്റ് പോലും കിട്ടാത്തത് ഗൗരിയമ്മയുടെ പാർട്ടിയുടെ നിലനിൽപ്പ് തന്നെ തുലാസിലാക്കി. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗൗരിയമ്മ നേരിട്ട് എ.കെ.ജി സെന്ററിൽ എത്തിയാണ് നാല് സീറ്റ് ആവശ്യപ്പെട്ടത്. സിപിഎമ്മിലേക്ക് മടങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കാതിരുന്ന ഗൗരിയമ്മ ജെ.എസ്.എസ് എന്ന നിലയ്ക്ക് ഇടതു മുന്നണിയുമായി സഹകരിച്ചു വരികയായിരുന്നു. പിളർപ്പിലൂടെ പല കഷണങ്ങളായി മാറിയ ജെ.എസ്.എസിൽ ഗൗരിയമ്മ അല്ലാതെ പ്രധാനപ്പെട്ട നേതാക്കളില്ല. ഗൗരിയമ്മ മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഗൗരിയമ്മ അല്ലാതെ പ്രധാന നേതാക്കളില്ലാത്തതിനാൽ ജെ.എസ്.എസിന് സീറ്റ് നൽകേണ്ടതില്ലെന്ന് ഇടതു മുന്നണി തീരുമാനിക്കുകയായിരുന്നു. മറ്റാർക്കും നിലവിൽ വിജയസാധ്യത സിപിഐ(എം) കാണുന്നില്ല.

മൂന്നു സീറ്റ് ആവശ്യപ്പെട്ടെങ്കിലും തന്റെ ബന്ധുവിന് വേണ്ടി ഉറപ്പായി ഒരു സീറ്റ് കിട്ടുമെന്ന് ഗൗരിയമ്മ കരുതിയിരുന്നു. പക്ഷേ സിപിഐ(എം) അത് ഗൗനിച്ചില്ല. കണ്ണൂരിന് പകരം വിജയസാധ്യത കൂടുതലുള്ള മറ്റൊരു സീറ്റെന്ന് രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആവശ്യവും നിരസിക്കപ്പെട്ടു. ഇതോടെ ജെഎസ്എസ് എന്ന പാർട്ടിയുടെ പ്രസക്തിയാണ് തീരുന്നത്. രാജൻബാബു പക്ഷത്തിന്റെ ജെഎസ്എസ് നിലവിൽ എൻഡിഎ സഖ്യത്തിലാണ്. എന്നാൽ ഇതിനെ ബിഡിജെഎസിന്റെ ബി ടീമായി മാത്രമേ ഏവരും കരുതുന്നുള്ളൂ. കെകെ ഷാജു കോൺഗ്രസിന്റെ ഭാഗമായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടെ ഗൗരിയമ്മയുടെ പാർട്ടി ചരിത്രത്തിലേക്കും വഴിമാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP