Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറുക്കനെ വിട്ട് അഗ്നിപർവ്വതത്തിൽ പിടിച്ച് ജോസഫ്; ക്രമസമാധാനത്തെ പിടിക്കുന്നത് ചെന്നിത്തലയെ ലക്ഷ്യമിട്ടെന്ന് ഐ ഗ്രൂപ്പ്; കണ്ണൂർ ജില്ല പുകയുന്ന അഗ്‌നിപർവതമെന്ന പ്രസ്താവനയ്ക്ക് എതിരെ ഐക്കാർ ഒരുമിക്കും

കുറുക്കനെ വിട്ട് അഗ്നിപർവ്വതത്തിൽ പിടിച്ച് ജോസഫ്; ക്രമസമാധാനത്തെ പിടിക്കുന്നത് ചെന്നിത്തലയെ ലക്ഷ്യമിട്ടെന്ന് ഐ ഗ്രൂപ്പ്; കണ്ണൂർ ജില്ല പുകയുന്ന അഗ്‌നിപർവതമെന്ന പ്രസ്താവനയ്ക്ക് എതിരെ ഐക്കാർ ഒരുമിക്കും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ : കണ്ണൂർ ജില്ല പുകയുന്ന അഗ്‌നിപർവതമാണെന്നു മന്ത്രി കെസി ജോസഫിന്റെ പ്രസ്താവനയിൽ പ്രതിഷേധം വ്യാപകമാകുന്നു. കഴിഞ്ഞദിവസം തലശേരിയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫിന്റെ ഈ വെളിപ്പെടുത്തൽ. ആഭ്യന്തര വകുപ്പിനെ ലക്ഷ്യമിട്ടുള്ള ഒളിയമ്പാണ് കെസി ജോസഫ് നടത്തിയതെന്നാണ് ആക്ഷേപം. നേരത്തെ കണ്ണൂരിൽ പൊലീസിന്റെ പ്രവർത്തനത്തിൽ കെപിസിസി അധ്യക്ഷൻ വി എം സുധീരനും പരസ്യ നിലപാട് എടുത്തിരുന്നു. അതിന്റെ തുടർച്ച പോലെ കെസി ജോസഫും ആഭ്യന്തര വകുപ്പിനെ വിമർശിക്കുകയാണെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. കോൺഗ്രസ് രാഷ്ട്രീയത്തിൽ കെസി ജോസഫിന്റെ പ്രസ്താവന പുതിയ വിവാദമായി മാറും.

കഴിഞ്ഞദിവസം ഹൈക്കോടതി ജഡ്ജിയെ കുറക്കനോട് ഉപമിച്ച കെസി ജോസഫ് എന്തും പറയുന്ന അവസ്ഥയിലേക്ക് തരം താണെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. കണ്ണൂർ ജില്ലയിലെ, പ്രത്യേകിച്ച് തലശേരി, പാനൂർ മേഖലയിലെ അക്രമസംഭവങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മന്ത്രിയുടെ ഈ പ്രയോഗം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് വാദം. സമാധാനത്തെക്കുറിച്ച് ചർച്ചകൾ ഗൗരവപൂർവം നടക്കുന്ന സമയത്തു തന്നെ ആയുധങ്ങൾ സംഭരിച്ചു വയ്ക്കുന്ന അവസ്ഥയാണ് കണ്ണൂരിലെന്നും മന്ത്രി പറയുന്നു. പൊലീസിന്റെ പ്രവർത്തനങ്ങളെ തന്നെയാണ് ജോസഫ് ചോദ്യം ചെയ്യുന്നത്. ക്രിയാത്മ ഇടപെടലിന് ആഭ്യന്തര മന്ത്രിക്ക് കഴിയുന്നില്ലെന്ന് പറയാതെ പറയുകയാണ് ജോസഫ്. ഒറ്റ ദിവസം കൊണ്ട് കണ്ണൂരിനെ മാറ്റാൻ ആരു വിചാരിച്ചാലും കഴിയില്ല. എന്നാൽ സമർത്ഥമായ ഇടപെടലുകൾ ചെന്നിത്തല നടത്തുന്നുണ്ടെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. കണ്ണൂരിലെ കോൺഗ്രസിൽ ഐ ഗ്രൂപ്പിന് മുൻതൂക്കമുണ്ട്. അണികളിൽ ആശയക്കുഴപ്പമുണ്ടാക്കി ഇതില്ലാതാക്കാനാണ് ജോസഫ് എ ഗ്രൂപ്പിനും മുഖ്യമന്ത്രിക്കും വേണ്ടി ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

ആഭ്യന്തര വകുപ്പിനെതിരെ സുധീരൻ പ്രസ്താവന നടത്തിയപ്പോൾ രൂക്ഷ വിമർശനമാണ് ഐ ഗ്രൂപ്പ് നടത്തിയത്. പാർട്ടിയുടെ ദേശീയ വക്താവിനെ കൊണ്ട് തന്നെ സുധീരനെ വിമർശിക്കുകയാണ് ചെയ്തത്. എന്നാൽ കെ സി ജോസഫിന്റെ പ്രസ്താവനയോട് പരസ്യമായി പ്രതികരിക്കാൻ ഐ ഗ്രൂപ്പ് കാർ എത്തില്ല. കാരണം പ്രസ്താവന നടത്തി മന്ത്രിയെ വലുതാകാൻ അനുവദിക്കേണ്ടെന്നാണ് തീരുമാനം. എന്നാൽ പാർട്ടി യോഗങ്ങളിൽ ജോസഫിനെ കൊണ്ട് മറുപടി പറയിക്കും. ആഭ്യന്തര വകുപ്പും സർക്കാരിന്റെ ഭാഗമാണെന്ന് മന്ത്രിയെ കൊണ്ട് ഇത്തരം യോഗങ്ങളിൽ സമ്മതിപ്പിക്കുകയാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യം.

ഭരണത്തിലിരിക്കുന്ന ഒരു മന്ത്രിതന്നെ കണ്ണൂരിന്റെ അവസ്ഥയെക്കുറിച്ച് ചൂണ്ടിക്കാട്ടുമ്പോൾ ഈ മേഖലയിലെ സാധാരണ ജനങ്ങളുടെ അവസ്ഥ എന്താണെന്ന് പറയേണ്ടതില്ലല്ലോ എന്ന ചോദ്യവും ഉയരുന്നു. നാലു വർഷം പൂർത്തിയാക്കിയ ഭരണകൂടം, ഈ മേഖലയിലെ സമാധാനശ്രമത്തിനുവേണ്ടി എന്തുചെയ്തുവെന്ന് ആത്മപരിശോധന നടത്തിയിട്ടില്ല. കണ്ണൂരിൽ നിന്നുള്ള മന്ത്രിയെന്ന നിലിയിൽ ജോസഫിനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. ഇത് മറച്ചു വച്ചാണ് വിവാദ പ്രസ്താവനകളിലൂടെ ചെന്നിത്തലയെ അപമാനിക്കാനുള്ള ശ്രമമെന്നാണ് ആക്ഷേപം. ഭരണകൂടത്തിന്റെ അലംഭാവം തന്നെയാണ് ഈ മേഖലയിലെ പ്രശ്‌നങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ കുപ്പായമണിഞ്ഞ പൊലീസുകാരാണത്രേ അകമമേഖലയിലെ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിന് പ്രധാന ഉത്തരവാദികൾ. ജില്ലയിലെ രാഷ്ട്രീയബന്ധമുള്ള പൊലീസുകാരാണ് ഈ മേഖലയിലെ പൊലീസ് സ്‌റ്റേഷനുകളിൽ മഹാഭൂരിപക്ഷവും. അതുകൊണ്ടു തന്നെ ഒറ്റകാരും സംരക്ഷകരുമായി അവർ പ്രവർത്തിക്കുന്നു.

കണ്ണൂർ ജില്ലയിൽ വിദ്യാർത്ഥി-യുവജന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായവരാണ് ഇന്ന് പൊലീസ് സ്‌റ്റേഷനുകളിലുള്ളത്. അവരിലേറെപ്പേരും സംഘർഷമേഖലയിലാണ് പ്രവർത്തിക്കുന്നത്. മുൻകാല രാഷ്ട്രീയത്തിലെ ബന്ധങ്ങൾ മൂലം പലരേയും പിടികൂടാൻ അവർക്കാവുന്നില്ല. മറ്റു ചിലർ ഭയപ്പെടുത്തിയും കാര്യം നേടുന്നു. ഇതെല്ലാം പ്രതികൾ രക്ഷപ്പെടാൻ കാരണമാകുന്നു. ഇതിന് കാരണക്കാരൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയല്ല. കാലാകാലങ്ങളിൽ തുടർന്നുവന്ന പ്രശ്‌നങ്ങളാണ്. ഒറ്റയടിക്ക് ഇവയ്ക്ക് പരിഹാരം ഒരുക്കാൻ ആഭ്യന്തര മന്ത്രിക്കുമായില്ല. ഈ സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും വകുപ്പ് കൈകാര്യം ചെയ്തപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. അന്നൊക്കെ ജോസഫ് എവിടെയായിരുന്നുവെന്നാണ് കോൺഗ്രസിലെ ചെന്നിത്തല പക്ഷക്കാരുടെ ചോദ്യം.

തലശേരി, പാനൂർ മേഖലയിലെ അക്രമങ്ങളനുഗ്രഹമാകുന്നതും ഒരു വിഭാഗം പൊലീസുകാർക്കു തന്നെയാണ്. ഒരു ഭാഗത്ത് അക്രമം അരങ്ങേറുമ്പോൾ മറുഭാഗത്തു മണൽ ക്വട്ടേഷൻ മാഫിയകൾ സജീവമാകുന്നു. അനധികൃത മണൽ കടത്തിന് ഒത്താശ ചെയ്യുന്നതിൽ പൊലീസിലെ താഴേത്തലം മുതൽ മുകൾത്തട്ടു വരെ നല്ല പ്രതിഫലവും ലഭിക്കുന്നു. രാഷ്ട്രീയ ക്രിമിനലുകൾ തന്നെയാണ് ക്വട്ടേഷൻ സംഘങ്ങളിലെ തലവന്മാർ. ഇവരുടെ പ്രവർത്തനങ്ങൾക്കുനേരേ കണ്ണടയ്ക്കുന്ന പൊലീസുകാരിൽ ചിലർ സമ്പന്നന്മാരായി വാഴുന്നുണ്ട്. ചില വ്യാപാര കാര്യങ്ങളിൽ സിപിഐ(.എം) - ആർഎസ്എസ്. ക്വട്ടേഷൻ സംഘങ്ങൾ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നുമുണ്ട്. ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രാഷ്ട്രീയകാര്യങ്ങളിൽ മാത്രമാണ്. സാമ്പത്തിക ഇടപെടലുകളിൽ ഇവർ പരസ്പരം ഒറ്റുകൊടുക്കാറില്ല. ഇതല്ലൊം ക്രമസമാധാനത്തെ ബാധിച്ചിട്ടുണ്ട്.

കാര്യഎ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഈ മേഖലയിൽ സമാധാനം കൈവന്നിരുന്നു. ആ പൊലീസ് സംവിധാനം കുറേക്കാലമായി അട്ടിമറിക്കപ്പെട്ടു. ഭരണം മാറി മാറി വന്നാലും സിഐ, ഡിവൈ.എസ്. പി. , ഓഫീസുകളിൽ പത്തു വർഷത്തിലേറെയായി ഒരേ തസ്തികയിൽ തുടരുന്നവരുമുണ്ട്. അക്രമബാധിത പ്രദേശങ്ങളിൽ കണ്ണൂർ ജില്ലക്കാരായ പൊലീസുകാർ തന്നെ വിന്യസിക്കപ്പെടുന്നതാണ് ഈ മേഖല ഇത്ര വഷളാവാൻ കാരണം. കണ്ണൂർ ജില്ലയ്ക്കു തന്നെ പേരുദോഷം വരുത്തുന്ന പാനൂർ മേഖലയെ മാറ്റിയെടുക്കാൻ പൊലീസ് സംവിധാനത്തെ അടിമുടി മാറ്റിയെടുക്കുകയാണ് വേണ്ടത്. അല്ലാതെ മന്ത്രിയുടെ പ്രസ്താവനകൊണ്ട് യാതൊരു പരിഹാരവുമാകില്ല. ഈ മേഖലയിൽ സമാധാനം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരിൽ ക്വട്ടേഷൻ സംഘങ്ങളെപ്പോലെ പൊലീസുകാരും ഉണ്ട്. അക്രമമുണ്ടായാൽ യഥാസമയം അറിയാനും ഉന്നത ഉദേൃാഗസ്ഥരെ അറിയിക്കാനുമുള്ള സംവിധാനം അപര്യാപ്തമാണ്.

മുപ്പത്തഞ്ചു പൊലീസ് സ്‌റ്റേഷനുകളിൽ ഒമ്പതിൽ സ്‌പെഷൽ ബ്രാഞ്ച് സംവിധാനമേയില്ല. സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് സംവിധാനങ്ങളേയില്ലാത്ത സ്റ്റേഷനുകളുമുണ്ട്. അക്രമം നടന്നാൽ പൊലീസ് നായയെ കൊണ്ടു വരും. ജനങ്ങൾ അതോടെ സംതൃപ്തരാകും. എന്നാൽ മതിയായ പരിശീലനം ലഭിക്കാത്ത പൊലീസ് നായ ഓടിക്കറങ്ങി സ്ഥലം വിടും. പ്രതികളെക്കുറിച്ച് ഒരു വിവരവും നായയിലൂടെ ലഭിക്കാറില്ല. ബോംബു സ്‌ക്വാഡിന്റെ സ്ഥിതിയും തഥൈവ. ബോംബു പരിശോധിക്കുന്ന യന്ത്ര സംവിധാനവും കാര്യക്ഷമമല്ല. കുറ്റകൃതൃത്തിൽ പങ്കെടുക്കുന്ന രാഷ്ട്രീയ ക്രിമിനലുകളെ കണ്ടെത്തി ഓവുചാലിലോ പറമ്പിലോ കുറച്ച് ആയുധങ്ങൾ കൊണ്ടു വയ്ക്കും. അതോടെ ബോംബുകൾ പിടിച്ചെടുത്തെന്ന് പൊലീസ് അറിയിപ്പ്. ഇതാണ് ഇപ്പോൾ നടന്നു വരുന്ന കണ്ണൂരിലെ അക്രമബാധിത പ്രദേശങ്ങളിലെ പൊലീസ് സംവിധാനം. ഇതു മാറ്റാതെ സമാധാനം പ്രതീക്ഷിക്കേണ്ടതില്ലെന്നതാണ് യാഥാർത്ഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP