നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
April 18, 2019 | 09:45 AM IST | Permalink

ആർ കനകൻ
കൊല്ലം: തങ്ങൾ മതേതരന്മാരാണ് എന്നാണ് എക്കാലത്തും എൽഡിഎഫും യുഡിഎഫും വിളംബരം ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഈ മതേതര കുപ്പായം ഊരി ഇരുകൂട്ടരും പരണത്ത് വയ്ക്കുകയാണ് പതിവ്. പിന്നെ, പക്കാ വർഗീയത പറഞ്ഞുള്ള വോട്ടു പിടുത്തമാണ് കാണുന്നത്. ആറന്മുളയിലും ചെങ്ങന്നൂരിലും പരീക്ഷിച്ച ഇതേ തന്ത്രം പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലും പയറ്റുകയായിരുന്നു സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫിന്റെ ലക്ഷ്യം.
എന്നാൽ, ശബരിമല വിഷയം കൊണ്ട് മാത്രം എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ കാതങ്ങളോളം മുന്നിലെത്തിയതോടെ ന്യൂനപക്ഷ പ്രീണനം കൊണ്ട് രക്ഷയില്ലെന്ന് മനസിലാക്കിയിരിക്കുകയാണ് ഇടതു-വലതു മുന്നണികൾ. അറ്റകൈ പ്രയോഗമെന്ന നിലയിൽ സാമുദായിക പ്രചാരണം ആരംഭിച്ചിരിക്കുകയാണ് ഇവിടെ. ഇക്കുറി ന്യൂനപക്ഷവോട്ടുകളേക്കാൾ പത്തനംതിട്ട മണ്ഡലത്തിൽ ഏകീകരിക്കപ്പെട്ടിരിക്കുന്നത് ഹൈന്ദവ വോട്ടുകളാണ്. ഇത് ഭിന്നിപ്പിച്ച് വിജയം നേടാനാണ് അവസാനഘട്ടത്തിലെ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് ജാതി പറഞ്ഞുള്ള കളി തുടങ്ങിയിരിക്കുന്നത്്. നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്നും വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും പറയുന്ന ഇക്കൂട്ടർ പക്ഷേ, ഈഴവരുടെ വീടുകളിൽ സുരേന്ദ്രൻ നായരാണെന്നാണ് പ്രചരിപ്പിക്കുന്നത്.
ബിഡിജെഎസും ശക്തമായി രംഗത്തുള്ളത് ഈഴവ വോട്ടുകൾ ബിജെപിക്ക് അനുകൂലമാക്കും. സിപിഎമ്മിന്റെ അടിത്തറ എന്നും ഈഴവ വോട്ടുകളാണ്. അതിനാണ് ഇക്കുറി ഇളക്കം തട്ടിയിരിക്കുന്നത്. ഈഴവ വോട്ടുകളുടെ അടിത്തറയിൽ നിന്നു കൊണ്ട് ന്യൂനപക്ഷ വോട്ടുകൾ കൂടി സമാഹരിച്ചാണ് പലപ്പോഴും എൽഡിഎഫ് മുന്നിലെത്തുന്നത്. ഇക്കുറി അത് നടക്കില്ലെന്ന് മനസിലാക്കിയതോടെയാണ് വീടുകയറി ജാതി പറഞ്ഞുള്ള പ്രചാരണം തുടങ്ങിയിരിക്കുന്നത്. അതേസമയം, സിപിഎമ്മിന്റെ നെടുങ്കോട്ടയായ കടമ്പനാട് പഞ്ചായത്തിൽ ഇന്നലെ സുരേന്ദ്രൻ കത്തിക്കയറി. നെല്ലിമുകൾ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷിക സ്ഥലത്ത് സുരേന്ദ്രൻ എത്തിയിരുന്നു. അദ്ദേഹം പോയി മടങ്ങിയതിന് പിന്നാലെ സിപിഎം നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു. വിവരം അറിഞ്ഞ സുരേന്ദ്രൻ രാത്രി ഏഴു മണിക്ക് ഒരിക്കൽ കൂടി ഇവിടെ എത്തിയതോടെ ജനം ഇളകി മറിഞ്ഞു. ഞാൻ സിപിഐക്കാരനാ, പക്ഷേ വോട്ടു നിങ്ങൾക്കേ ചെയ്യൂ എന്ന് ഒരാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞതും ആവേശമായി.
കെ. സുരേന്ദ്രൻ ഈഴവനല്ലെന്ന എൽഡിഎഫിന്റെ സൈബർ പ്രചരണം അടപടലേ പൊളിഞ്ഞു കഴിഞ്ഞു. പത്തനംതിട്ടയിൽ തോറ്റാൽ പിന്നെ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയാകും. ശബരിമല പ്രധാന വിഷയമായി ചർച്ച ചെയ്യുന്ന പത്തനംതിട്ടയിൽ വിജയം ഉറപ്പിക്കാനായാൽ തന്റെ നിലപാടുകളുടെ വിജയമായി കണക്കാക്കും എന്ന നിഗമനത്തിലാണ് മുഖ്യമന്ത്രി തന്റെ വിശ്വസ്ത വീണാ ജോർജിനെ കളത്തിലിറക്കിയതും. മണ്ഡലത്തിൽ സാമുദായിക സമവാക്യങ്ങളിൽ മേൽക്കോയ്മ നേടാനുള്ള നീക്കവും ഇതോടെ മുഖ്യമന്ത്രിയും എൽഡിഎഫും തുടക്കമിട്ടു. മറ്റ് സ്ഥാനാർത്ഥികളെക്കാൾ ഏറെ മുന്നേ തന്നെ പ്രചരണം തുടങ്ങിയ വീണാ ജോർജ് ആദ്യ ഘട്ടത്തിൽ പ്രചരണത്തിൽ ഏറെ മുന്നിലെത്തുകയും ചെയ്തു.
യുഡിഎഫ് സ്ഥാനാർത്ഥി മുൻ എംപി കുടിയായ ആന്റോ ആന്റണിയും എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനും കളത്തിലെത്തി പ്രചാരണം ആരംഭിച്ചപ്പോഴും തങ്ങളുടെ സംരക്ഷകരായി ഇടത് പക്ഷത്തെ ന്യുനപക്ഷ സമുദായങ്ങൾ തോളിലേറ്റുമെന്നും പരമ്പരാഗതമായുള്ള ഹിന്ദു വോട്ടുകൾ ഇടതിനൊപ്പം തന്നെ നിൽക്കും എന്നുമുള്ള പ്രതീക്ഷയിലായിരുന്നു ഇടത് ക്യാമ്പ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ചാനൽ സർവേകളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്താണെന്ന് വന്നത് ഇടത് ക്യാമ്പിനെ അമ്പരപ്പിലാക്കി. അഭിപ്രായ സർവേകളിൽ ഒന്നാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയെക്കാൾ കേവലം ഒരു ശതമാനം മാത്രം പിന്നിലാണ് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ എന്നത് ന്യുനപക്ഷ വോട്ടുകൾ ആന്റോ ആന്റണിക്കനു കുലമായി കേന്ദ്രീകരിക്കപ്പെടാൻ അവസരമൊരുക്കും.
ഇത് ഹിന്ദു വോട്ടുകൾ സുരേന്ദ്രന് അനുകുലമാകുകയും തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കായ ഈഴവ വോട്ട് ബാങ്കിൽ വിള്ളൽ വീഴാൻ വഴിയൊരുക്കുകയും ചെയ്യുമെന്ന് ഇടത് ക്യാമ്പിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈഴവ സമുദായക്കാരനായ സ്ഥാനാർത്ഥിക്ക് ഒരു വോട്ട് എന്ന തരത്തിലുള്ള രഹസ്യ പ്രചാരണങ്ങൾ സജീവമായതോടെ കെ സുരേന്ദ്രൻ വിളക്കിത്തല നായർ സമുദായാംഗമാണെന്നും ഈഴവനെന്ന് നടിച്ച് വോട്ട് തട്ടാൻ ശ്രമിക്കുന്നു എന്ന മട്ടിലുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾ വ്യാപകമാവുകയും ചെയ്തു. എന്നാൽ ഏറെ താമസിയാതെ ഈ പ്രചരണം പൊളിയുകയും ചെയ്തു. വോട്ടെടുപ്പിനോടടുക്കും തോറും സാമുദായിക സമവാക്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രചരണ തന്ത്രങ്ങളാവും മുന്ന് മുന്നണികളുടെയും ക്യാമ്പുകളിൽ സജീവമാകുന്നത്.