Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല കർമ സമിതിയുടെ വോട്ടുകൾ പോയത് യുഡിഎഫിന്; ഘടക കക്ഷികളെ ഒപ്പം നിർത്തിയില്ല; താഴേത്തട്ടിലേക്ക് പ്രചാരണം എത്തിക്കാനും കഴിഞ്ഞില്ല; തെരഞ്ഞെടുപ്പ് ഫണ്ട് വാരിക്കോരി കളഞ്ഞു; പത്തനംതിട്ടയിൽ തോൽവിക്ക് കാരണം പണിയെടുക്കാതെ ഒരു വിഭാഗം ജില്ലാ നേതാക്കളും; തോൽവിയുടെ കണക്കെടുപ്പിൽ പരിവാറുകാരും ബിജെപിയും തമ്മിൽ ഏറ്റുമുട്ടലിലേക്ക്

ശബരിമല കർമ സമിതിയുടെ വോട്ടുകൾ പോയത് യുഡിഎഫിന്; ഘടക കക്ഷികളെ ഒപ്പം നിർത്തിയില്ല; താഴേത്തട്ടിലേക്ക് പ്രചാരണം എത്തിക്കാനും കഴിഞ്ഞില്ല; തെരഞ്ഞെടുപ്പ് ഫണ്ട് വാരിക്കോരി കളഞ്ഞു; പത്തനംതിട്ടയിൽ തോൽവിക്ക് കാരണം പണിയെടുക്കാതെ ഒരു വിഭാഗം ജില്ലാ നേതാക്കളും; തോൽവിയുടെ കണക്കെടുപ്പിൽ പരിവാറുകാരും ബിജെപിയും തമ്മിൽ ഏറ്റുമുട്ടലിലേക്ക്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തിരുവനന്തപുരവും പത്തനംതിട്ടയും പോലെ ബിജെപി അട്ടിമറി പ്രതീക്ഷിച്ച മണ്ഡലങ്ങളിൽ അടക്കം തിരിച്ചടി നേരിട്ടതിന് കാരണം ആർഎസ്എസിന്റെ അമിത ഇടപെടൽ എന്ന ആക്ഷേപം ഉയർത്താൻ ബിജെപി ഔദ്യോഗിക വിഭാഗം. അവസാന വട്ട പ്രചാരണം വരെ പിഴച്ചു. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി. പത്തനംതിട്ടയിൽ സീറ്റൊഴിച്ചിട്ട് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിൽ കാലതാമസം വരുത്തി എന്നിവയാണ് പ്രധാന ആരോപണങ്ങൾ.

എന്നാൽ, ഇതിനെയെല്ലാം മറികടക്കുന്ന ഞെട്ടിക്കുന്ന യാഥാർഥ്യം ശബരിമല കർമസമിതിയുടെ വോട്ട് ബിജെപിക്ക് പോയി എന്നുള്ളതാണ്. തിരുവനന്തപുരത്ത് കുമ്മനം ഒരു ലക്ഷത്തിലേറെ വോട്ടിന് തോറ്റതും പത്തനംതിട്ടയിൽ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പോയതും ഇതു കൊണ്ടാണ്. ബിജെപി ശബരിമല പ്രക്ഷോഭം ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ ശബരിമല കർമ സമിതി അത് തുടങ്ങിയിരുന്നു. പന്തളം രാജകുടുംബവും എൻഎസ്എസും അയ്യപ്പസേവാ സംഘവുമായി ചേർന്ന് പന്തളത്ത് ശബരിമല കർമ സമിതി നടത്തിയ പടുകൂറ്റൻ റാലിയാണ് ശബരിമല സമരത്തിന് ശക്തമായ അടിത്തറയിട്ടത്. ഇതേ ദിവസം ബിജെപിയുടെ നേതാക്കൾ പന്തളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഒരു വിശ്വാസ സംരക്ഷണ റാലി നടത്തിയെങ്കിലും നനഞ്ഞ പടക്കമായി.

അതേസമയം, കർമസമിതി നേതൃത്വത്തിൽ നടത്തിയ റാലിയിലെ പങ്കാളിത്തം കണ്ട് കണ്ണു തള്ളിയ ബിജെപി അവർക്കൊപ്പം ചേരുകയായിരുന്നു. അക്രമസമരവും ഹർത്താലുമൊക്കെയായി ബിജെപി മുന്നോട്ടു പോയപ്പോഴും കർമസമിതി അവരുടേതായ വഴിക്കാണ് നീങ്ങിയത്. സമരങ്ങളിൽ ബിജെപിക്കൊപ്പം ഒന്നിച്ചെങ്കിലും തെരഞ്ഞെടുപ്പ് വന്നപ്പോൾ അതുണ്ടായില്ല. കർമ സമിതി പ്രവർത്തകർക്കുള്ള കലിപ്പു മുഴുവൻ പിണറായി വിജയനോടായിരുന്നു. എന്തു വന്നാലും പിണറായിക്ക് തിരിച്ചടി കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി അവർ തങ്ങൾക്ക് വോട്ട് ചെയ്യുമെന്നാണ് ബിജെപി കരുതിയത്. എന്നാൽ, ഒരു വോട്ടു പാഴായാൽ പോലും അത് എൽഡിഎഫിന് അനുകൂലമാകുമെന്ന് കണ്ട് യുഡിഎഫിനാണ് കർമ സമിതി വോട്ട് ചെയ്്തത്. ഇന്നലെ ആന്റോ ആന്റണിക്ക് പന്തളത്ത് നൽകിയ സ്വീകരണത്തിൽ ഒട്ടേറെ കർമ സമിതി പ്രവർത്തകർ അണിനിരന്നു. ഇവർ ശരണമന്ത്രം മുഴക്കിയാണ് ആന്റോയെ സ്വീകരിച്ചത്. കർമസമിതിയുടെ വോട്ട് യുഡിഎഫിന് പോകുമെന്ന് ബിജെപി നേതാക്കൾ ആർഎസ്എസിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരിക്കലും നടക്കില്ലെന്നാണ് ആർഎസ്എസ് വിചാരിച്ചിരുന്നത്.

ഘടക കക്ഷികളെ ഒന്നിനെയും ഒപ്പം നിർത്താൻ കഴിയാതെ പോയതും തിരിച്ചടിയായി. ബിഡിജെഎസ്, എൻഡിഎ ഘടക കക്ഷി എന്നതിനപ്പുറം സ്വന്തം നിലയിലാണ് പ്രവർത്തിച്ചത്. ബിജെപി മൽസരിച്ചിടത്ത് ബിഡിജെഎസോ മറിച്ച് ബിജിജെഎസ് മൽസരിച്ചിടത്ത് ബിജെപിയോ പരസ്പരം സഹകരിച്ചില്ല. ബിജെപി നടത്തിയ പ്രചാരണങ്ങളൊന്നും താഴേത്തട്ടിലേക്കെത്തിയില്ല. പത്തനംതിട്ട മണ്ഡലത്തിലെ പ്രചാരണത്തിനായി തയാറാക്കിയ ശബരിമല ലഘുലേഖകൾ ആകെ എത്തിയത് മൂവായിരത്തോളം വീടുകളിൽ മാത്രമാണ്. ഒരു വട്ടം പോലും ഭവനസന്ദർശനം പൂർത്തിയാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. 40 ശതമാനത്തോളം വീടുകളിൽ ബിജെപിക്കാർ എത്തിയതേയില്ല. എന്നിട്ടും 13 ശതമാനം വർധനവ് വോട്ടിങ്ങ് ശതമാനത്തിലുണ്ടായത് സുരേന്ദ്രന്റെ വ്യക്തി പ്രഭാവം കൊണ്ടു മാത്രമാണ്. തെരഞ്ഞെടുപ്പിന് ശേഷം ഒരു മുൻ ആർഎസ്എസ് നേതാവ് അമിത്ഷായ്ക്ക് പരാതി നൽകിയ വിവരം മറുനാടൻ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയായിരുന്നു.

ശബരിമല വിഷയത്തിന്റെ പേരിൽ അപാരമായ ജനപിന്തുണ നേടിയ കെ സുരേന്ദ്രനെ കാലുവാരാൻ പത്തനംതിട്ടയിൽ ബിജെപിയുടെ സംസ്ഥാനജില്ലാ നേതാക്കൾ ശ്രമിച്ചു. സ്ഥാനാർത്ഥി നിർണയം മുതൽ പ്രചാരണം വരെയുള്ള കാര്യങ്ങളിൽ നടന്ന അന്തർ നാടകങ്ങളും നേതാക്കളുടെ പ്രവർത്തനവും വരെ അക്കമിട്ട് നിരത്തി വിശദമായ റിപ്പോർട്ട് സഹിതമാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയത്. പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയാകാൻ പിഎസ് ശ്രീധരൻ പിള്ള എൻഎസ്എസിന്റെ സഹായം തേടിയതാണ് ഇതിൽ ഒന്നാമത്. കെ സുരേന്ദ്രനോട് അനുഭാവം പുലർത്തിയിരുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ഇതോടെ പിണങ്ങുന്ന ഘട്ടത്തിലെത്തിയെങ്കിലും പിന്നീട് പരിഹരിച്ചു.

പണിയെടുക്കാതെ ഒരു വിഭാഗം ജില്ലാ നേതാക്കൾ

ജില്ലാ പ്രസിഡന്റടക്കം പല ജില്ലാ നേതാക്കളുടെയും നിഷ്‌ക്രിയത്വമാണ് മറ്റൊരു വിഷയം. അഞ്ച് ജില്ലാ നേതാക്കളുടെ പേര് ഇതിൽ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. പ്രചാരണ സാമഗ്രികൾ തയാറാക്കിയതിലെ നിരുത്തരവാദിത്വത്തിന് കാരണം ജില്ലാ നേതാക്കളാളെന്ന് ചൂണ്ടിക്കാട്ടുന്നു. നിശ്ചയിച്ച പ്രചാരണ ദിവസങ്ങളിൽ പല സ്ഥലത്തും ലഘുലേഖകൾ കിട്ടിയില്ല. പ്രചാരണം പോസ്റ്റർ ഒട്ടിക്കുന്നതിലും കട്ടൗട്ടുകൾ വയ്ക്കുന്നതിലും ഒതുങ്ങി.

പ്രഹസനമായി കോർ കമ്മിറ്റി

തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനം വിപുലമാക്കുന്നതിന് കോർ കമ്മിറ്റി രൂപീകരിച്ചെങ്കിലും മുൻ പരിചയമില്ലാത്ത സംസ്ഥാന സമ്പർക്ക പ്രമുഖനായിരുന്നു ചുമതല. ഇദ്ദേഹമാകട്ടെ സംഘപരിവാർ പത്രത്തിന്റെ മാനേജിങ്ങ് ഡയറക്ടറുമായിരുന്നു. അതിനാൽ തന്നെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുക്കാൽ കോടിയോളം രൂപയാണ് സംഘപരിവാർ പത്രത്തിന് ലഭിച്ചത്. പത്രം നന്നാക്കാനാണോ അതോ സ്ഥാനാർത്ഥിയെ ജയിപ്പിക്കാനാണോ വന്നതെന്ന് പ്രവർത്തകർ തന്നെ ചോദിക്കുന്ന സ്ഥിതിയുണ്ടായി.

നാല് ലക്ഷം കോപ്പി പത്രം പുറത്തിറക്കുമെന്ന് അവകാശപ്പെട്ട ഇയാളുടെ നേതൃത്വത്തിൽ കേവലം ഒരു ലക്ഷം പത്രം മാത്രമാണ് അച്ചടിച്ചതെന്നും ആരോപണമുണ്ട്. ജില്ലയിലെ നിയോജക മണ്ഡലം പ്രസിഡന്റുമാർ ചിലർ നിഷ്‌ക്രിയരായെന്ന് പരാതിയിൽ പേര് സഹിതം വിവരിക്കുന്നു. ആറന്മുള, തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റുമാർക്ക് മണ്ഡലത്തിൽ എവിടെയൊക്കെ എത്ര ബൂത്തുണ്ടെന്ന് പോലും അറിയില്ലെന്നും പരാതിയിൽ പറയുന്നു. കേന്ദ്രനേതൃത്വം നിരീക്ഷണം ശക്തമാക്കിയതോടെ സ്മാർട്ട് ഫോൺ ഉപേക്ഷിച്ച ജില്ലാ നേതാവിന്റെ കാര്യവും പരാതിയിൽ എടുത്തു പറയുന്നു.

സ്ഥാനാർത്ഥിയെ തളർത്തി സമയക്രമീകരണം

സ്ഥാനാർത്ഥിയെ തളർത്തുന്നതിൽ സമയ ക്രമീകരണവും കാരണമായി. സുരേന്ദ്രന്റെ പ്രചാരണം രാവിലെ പൂഞ്ഞാറിൽ നടത്തുകയും ഉച്ചയ്ക്ക് ശേഷം തിരുവല്ലയിലോ അടൂരിലോ നടത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. ഇത് പല ദിവസം ആവർത്തിച്ചതോടെ സ്ഥാനാർത്ഥി ക്ഷീണാവസ്ഥയിലായി. ആശുപത്രി വാസത്തിലായി ഒരു ദിവസം നഷ്ടമാവുകയും ചെയ്തു.

ഇക്കാര്യത്തിൽ ജില്ലയിലെ ചില സംഘപരിവാർ കേന്ദ്രങ്ങൾ ദേശീയ സെക്രട്ടറിയെ വിളിച്ച് പരാതി പറഞ്ഞതിനെ തുടർന്നാണ് ഒരു ദിവസം ഒരു മേഖല എന്ന തീരുമാനത്തിലെത്തിയത്. അപ്പോഴേക്കും പ്രചാരണത്തിന് ലഭിക്കുമായിരുന്ന 13 മണിക്കൂറുകളാണ് നഷ്ടമായത്. ജില്ലയിലെ സമുദായ സംഘടനകളെയും മറ്റും കാണുന്നതിന് ചുമതലപ്പെടുത്തിയ നേതാക്കൾ നിർജീവമായിരുന്നു. പലയിടത്തും പാർട്ടിക്ക് പുറത്തുള്ള സംവിധാനം ഉപയോഗിച്ച് കെ സുരേന്ദ്രൻ തന്നെ നേരിട്ട് സന്ദർശനം നടത്തുന്ന സ്ഥിതിയുണ്ടായി. പഞ്ചായത്ത് തലത്തിൽ പൊതു പരിപാടികൾ നടത്താൻ ഔദ്യോഗികമായി ഒരു ശ്രമവും നടത്തിയില്ല എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

പൊതുയോഗങ്ങളും കുടുംബയോഗങ്ങളും കാര്യക്ഷമമായില്ല

തീപ്പൊരി നേതാവ് വി വി രാജേഷ്, നടന്മാരായായ കൃഷ്ണ പ്രസാദ്, കൃഷ്ണകുമാർ, മനുരാജ് തുടങ്ങിയവരുടെ പരിപാടികൾ പ്രാദേശിക ഘടകങ്ങൾ നേരിട്ട് സംഘടിപ്പിക്കുന്ന സ്ഥിതിയുണ്ടായി. സംസ്ഥാന നേതാക്കളിൽ ജില്ലയുടെ ചുമതലയുള്ള എംഎസ് കുമാർ മാത്രമാണ് സജീവമായി ഇടപെട്ടത്. സുരേഷ് ഗോപി ഒരു ദിവസം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് അദ്ദേഹം തൃശൂരിൽ സ്ഥാനാർത്ഥിയായത്. എന്നാൽ കോട്ടയത്ത് പി സി തോമസിന്റെ പ്രചാരണത്തിന് സുരേഷ് ഗോപി എത്തുകയും ചെയ്തു. പി സി ജോർജിന്റെ പാർട്ടിയുടെ നേതാക്കളെ അവസാന നിമിഷമാണ് ഉപയോഗിച്ചത്.

പരിചയക്കുറവ് പ്രശ്നമായി

ആർഎസ്എസ് നേതാക്കൾ പ്രശ്ന പരിഹാരത്തിന് ഇടപെട്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അവരുടെ പരിചയക്കുറവ് ചില കാര്യങ്ങളിൽ തടസമായി. പാർലമെന്റ് മണ്ഡലത്തിലെ സംഘപരിവാർ വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ അണിയറ നീക്കം നടക്കുന്നത് ബിജെപി നേതാക്കളെ ചില സിപിഎം നേതാക്കൾ അറിയിച്ചിരുന്നതാണ്. എന്നാൽ സൂക്ഷ്മമായി ഇക്കാര്യം പരിശോധിക്കാൻ കഴിഞ്ഞില്ല. അതിനാൽ പാർലമെന്റ് മണ്ഡലത്തിൽ ബിജെപിയുടെ മുപ്പതിനായിരത്തോളം വോട്ടുകൾ നഷ്ടമായതായാണ് വിവരം. ഇതിന് പുറമേ ചിലർ വോട്ട് ചെയ്യാനെത്തിയപ്പോൾ അത് നേരത്തേ ചെയ്തു പോയ സംഭവങ്ങളും ഉണ്ടായി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് സമിതി മൗനം പാലിച്ച് തെറ്റായ റിപ്പോർട്ടാണ് സംസ്ഥാനത്തിന് നൽകിയതെന്നും പരാതിയിലുണ്ട്.

പുറത്ത് നിന്നെത്തിയ നേതാക്കൾ കാര്യങ്ങൾ കൈയടക്കി. ബിജെപിയുടെ പ്രവർത്തനങ്ങൾ ചില സംസ്ഥാന നേതാക്കൾക്കായി നിഷ്‌ക്രിയമായതോടെ മറ്റ് മണ്ഡലങ്ങളിൽ നിന്നുൾപ്പെടെയുള്ള പരിചയ സമ്പന്നരായ പ്രവർത്തകരുടെ സഹായം കെ സുരേന്ദ്രൻ തേടിയതായാണ് വിവരം. ഇവരുടെ നേതൃത്വത്തിലായിരുന്നു കോളനികൾ കേന്ദ്രീകരിച്ച് സുരേന്ദ്രന്റെ ഭാര്യ ഷീബ നടത്തിയ പ്രവർത്തനം. അമേരിക്കയിൽ നിന്ന് പോലും അവധിയെടുത്ത് ജില്ലയിൽ പ്രവർത്തകരെത്തിയപ്പോൾ നിഷ്‌ക്രിയരായ ജില്ലയിലെ നേതാക്കൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്.

പ്രചാരണത്തിന് പോയ പലയിടത്തും ലഘുലേഖ പോലും നൽകിയില്ലെന്ന വിവരം സുരേന്ദ്രന് തന്നെ നേരിട്ട് ബോധ്യപ്പെട്ടു. വോട്ട് ചെയ്യാൻ സന്നദ്ധരായ ചില ചെറുസമുദായ സംഘടനകളുടെ നേതാക്കളെയും സുരേന്ദ്രൻ കണ്ടു സംസാരിച്ചു.

ജനകീയരായവർ കടക്ക് പുറത്ത്

ബിജെപിക്ക് പാർലമെന്റ് മണ്ഡലത്തിൽ ആകെ മൂന്ന് ബ്ളോക്ക് മെമ്പർമാരാണുള്ളത്. ഗ്രാമപഞ്ചായത്തിൽ ഇരുനൂറിൽ താഴെ അംഗങ്ങളും. പ്രചാരണ വാഹനത്തിൽ പലയിടത്തും ഇത്തരം ജനപ്രതിനിധികൾ കയറുന്നത് പ്രാദേശികമായി ഗുണം ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ ഇരവിപേരൂരിൽ നിയോജക മണ്ഡലം നേതാവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളെ പ്രചാരണ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടതും വിവാദമായി. നെടുമ്പ്രം, കുറ്റൂർ, കുളനട എന്നിവിടങ്ങളിലാണ് ബിജെപി ഭരണമുള്ളത്. ജില്ലാ പ്രസിഡന്റിന്റെ സ്വന്തം പഞ്ചായത്തായ കുളനടയിൽ ആർഎസ്എസ് ഇടപെട്ടാണ് പ്രചാരണം ഊർജിതമാക്കിയത്.

ലഘുവല്ലാത്ത ലഘുലേഖ

മനുഷ്യന് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ ലളിതമായി വിവരിക്കുന്നതിന് പകരം ചില ബുദ്ധി ജീവികളെയാണ് ലഘുലേഖ തയ്യാറാക്കാൻ ഏൽപ്പിച്ചത്. അവരാകട്ടെ അതുപോലും കൃത്യമായി തയാറാക്കിയില്ലെന്നും പരാതിയുണ്ട്. നാല് പ്രാവശ്യം പ്രധാന ലഘുലേഖയും ചെറിയ ലഘുലേഖകൾ വേറെയും തയാറാക്കിയിരുന്നു. ഇതിനിടെ ചില സിപിഎം കേന്ദ്രങ്ങൾ ഇടപെട്ട് ബിജെപിയുടെ ലഘുലേഖയുമായി വന്ന വാഹനം തടഞ്ഞ് പിഴയിട്ട സംഭവവവും ഉണ്ടായി. പ്രധാന നേതാക്കളെയും ചെറു സംഘടനകളെയും കണ്ട് സംസാരിക്കുന്നതിന് ഒരു കമ്മിറ്റി തന്നെ നിലവിലുണ്ടായിരുന്നിട്ടും യോഗ ക്ഷേമ സഭയുമായി ബന്ധപ്പെട്ട നാൽപ്പതോളം വോട്ടുകൾ തിരുവല്ലയിൽ നഷ്ടമായതാണ് വിവരം. പ്രായമായ ചിലർക്ക് ആവശ്യമായ സഹായം നൽകാൻ ആരുമില്ലായിരുന്നു. ബൂത്ത് തലത്തിലുള്ള ഏകോപനമില്ലായ്മയാണ് ഇതിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP