ലോക്‌സഭയിൽ തോറ്റതോടെ സിപിഎം തീർന്നു; മാണിസാർ മരിച്ചതോടെ കേരളാ കോൺഗ്രസും; അപ്പോൾ ഇനി ഭൂരിപക്ഷം സീറ്റുകളും ഞങ്ങൾക്ക് വേണം; പത്തു കൊല്ലമായി മത്സരം ഒഴിവാക്കി സഹകരണ മുന്നണിയിൽ ഭരിച്ച ബാങ്ക് പിടിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമത്തിൽ വിജയിച്ചത് മാണി-സിപിഎം സഖ്യം; ജോസഫിനൊപ്പം ഇറങ്ങിയ കോൺഗ്രസിന് കനത്ത തോൽവി; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനുണ്ടായ അമിത ആത്മവിശ്വാസം എങ്ങനെ അപകടം ചെയ്യുമെന്നറിയാൻ ഒരു സഹകരണ തെരഞ്ഞെടുപ്പ് കഥ
August 25, 2019 | 12:25 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
എരുമേലി: കണമല സർവ്വീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിന് പറയാനുള്ളത് മാറുന്ന രാഷ്ട്രീയത്തിന്റെ യഥാർത്ഥ കഥയാണ്. ലോക്‌സഭയിൽ 20ൽ 19 ജയിച്ച് കോൺഗ്രസിന്റെ കണ്ണ് മഞ്ഞളിച്ചു. മാണി സാർ പോയതോടെ കേരളാ കോൺഗ്രസിന്റെ അടിത്തറ ഇളകിയെന്ന് പ്രചരിപ്പിച്ച് പിജെ ജോസഫുമായി കൂട്ടുകൂടാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം. കോട്ടയത്തേയും പത്തനംതിട്ടയിലേയും കേരളാ കോൺഗ്രസിനെ തകർത്തെറിയുകയെന്നതാണ് ഇടുക്കിയിൽ മാത്രം വേരോട്ടമുള്ള ജോസഫിനൊപ്പം നിൽക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ജോസ് കെ മാണി നയിക്കുന്ന കേരളാ കോൺഗ്രസിന് അടിത്തറയിൽ കോട്ടമുണ്ടായില്ലെന്ന് തെളിയിക്കുകുന്നതാണ് കണമലയിലെ സഹകരണ ബാങ്ക് ഇലക്ഷൻ. അമിത ആത്മവിശ്വാസം കോൺഗ്രസിന് വിനയാകുമെന്ന പാഠമാണ് കണമല നൽകുന്നത്.
ലോക്‌സഭയിൽ തോറ്റതോടെ സിപിഎം തീർന്നുവെന്നാണ് കോൺഗ്രസിന്റെ പ്രചരണം. ശബരിമലയിൽ വിശ്വാസികളെ എതിരാക്കിയ സിപിഎമ്മിനെ അവർ എഴുതി തള്ളുന്നു. ഇതിനൊപ്പം മാണിസാർ മരിച്ചതോടെ കേരളാ കോൺഗ്രസും തീർന്നുവെന്നാണ് വയ്‌പ്പ്. അതുകൊണ്ട് തന്നെ കണമലയിൽ ഇനി ഭൂരിപക്ഷം സീറ്റുകളും ഞങ്ങൾക്ക് വേണമെന്ന് കോൺഗ്രസ് വാശി പിടിച്ചു. ഇതോടെ പത്തുകൊല്ലമായി മത്സരം ഒഴിവാക്കി സഹകരണ മുന്നണിയിൽ ഭരിച്ച ബാങ്ക് പിടിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമത്തിൽ വിജയിച്ചത് മാണി-സിപിഎം സഖ്യവും. ജോസഫിനൊപ്പം ഇറങ്ങിയ കോൺഗ്രസിന് കനത്ത തോൽവി നേരിടേണ്ടി വന്നു. അതുകൊണ്ടു തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനുണ്ടായ അമിത ആത്മവിശ്വാസം എങ്ങനെ വരും ദിവസങ്ങളിൽ അവർക്ക് ദോഷമാകുമെന്നതിന്റെ നേർ ചിത്രമാണ് കണമലയിലെ തെരഞ്ഞെടുപ്പ്. ഇത് കോട്ടയത്തും പത്തനംതിട്ടയിലും പുതിയ സമവാക്യങ്ങൾക്ക് പോലും സാഹചര്യമൊരുക്കും.
കണമലയിൽ സഹകരണാടിസ്ഥാനത്തിലായിരുന്നു കോൺഗ്രസും കേരളാ കോൺഗ്രസും ഭരണം നടത്തിയത്. നിലവിലുള്ള ബാങ്ക് പ്രസിഡന്റ് എജെ ചാക്കോ അടക്കം ചില കോൺഗ്രസുകാരും കേരളാ കോൺഗ്രസും ഒരുമിച്ചു നിന്നു. ഔദ്യോഗിക പക്ഷം ആത്മവിശ്വാസവുമായി വിലപേശലിലേക്ക് പോയി. ഇതോടെയാണ് ചാക്കോയും കേരളാ കോൺഗ്രസും സിപിഎമ്മുമായി അടുത്തത്. ആകെയുള്ള 6000 വോട്ടർമാരിൽ ഏകദേശം 3500 ഓളം പേർ വോട്ട് ചെയ്തു. ഇവിടെ ജയം കേരളാ കോൺഗ്രസ്-സിപിഎം സഖ്യത്തിനും. ജോസ് കെ മാണിയെ തകർക്കാൻ പിജെ ജോസഫിനൊപ്പമുള്ളവരെ ചേർത്ത് മത്സരിച്ച കോൺഗ്രസിന്റെ മുന്നണിക്ക് എല്ലാ സീറ്റിലും 500 വോട്ടുകളേ കിട്ടിയുള്ളൂ. അങ്ങനെ തോറ്റു തുന്നംപാടി. ബിജെപിയും ഇവിടെ മത്സരിച്ചു. അവർക്ക് 250നും 300നും ഇടയിൽ വോട്ട് കിട്ടി. സിപിഐ ഒരു സീറ്റിലും മത്സരിച്ചു. അങ്ങനെ സിപിഎമ്മും കേരളാ കോൺഗ്രസും ചേർന്നാൽ അത്ഭുതം സംഭവിക്കുമെന്ന് തെളിയിക്കുകയാണ് കണമലയിലെ ഇലക്ഷൻ.
എരുമേരി പഞ്ചായത്തിലെ ശബരിമലയ്ക്ക് അടുത്തുള്ള കണമല, ഇടകടത്തി, ഉമ്മികുപ്പ, എഞ്ചൽവാലി, പാണവിലാവ്, മൂക്കൻപ്പെട്ടി, മുട്ടപ്പള്ളി, എലിവാലക്കര എന്നീ സ്ഥലങ്ങളാണ് ബാങ്കിന്റെ പരിധിയിലുള്ളത്. ഇവിടെ എല്ലാം ശബരിമല വികാരം ആളികത്തിയിരുന്നു. അതുകൊണ്ട് തന്നെ ആരും സിപിഎം മുന്നണിക്ക് വോട്ട് ചെയ്യില്ലെന്നാണ് കോൺഗ്രസ് കരുതിയത്. എന്നാൽ കേരളാ കോൺഗ്രസിനൊപ്പം സിപിഎം ചേർന്നപ്പോൾ ന്യൂനപക്ഷങ്ങൾ അതിശക്തമായി ഈ മുന്നണിക്കൊപ്പം നിന്നു. ഇത് അനായസ വിജയവുമൊരുക്കി. കേരളാ കോൺഗ്രസ് പിന്തുണയോടെ ജയിച്ച് ജില്ലാ പഞ്ചായത്ത് അംഗമായ മാഗി ജോസഫ് പോലും സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ തോറ്റു. വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്. കോട്ടയത്തും പത്തനംതിട്ടയിലും മാണി-സിപിഎം സഖ്യത്തിന്റെ ജയസാധ്യതയാണ് കണമല ചർച്ചയാക്കുന്നത്.
കണമല സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിഡിയോഗ്രഫി ഉപയോഗിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. കള്ളവോട്ട് നടക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി ബിനു മറ്റക്കര നൽകിയ ഹർജിയെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വിഡിയോഗ്രഫിയുടെ ചെലവ് ഹർജിക്കാരൻ വഹിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതുകൊണ്ട് തന്നെ കള്ളവോട്ടിലെ ജയമാണ് കേരളാ കോൺഗ്രസ്-സിപിഎം സഖ്യം നേടിയതെന്നും പറയനാകില്ല. കഴിഞ്ഞ 10 വർഷമായി എ.ജെ.ചാക്കോ നയിക്കുന്ന മുന്നണിയാണ് കണമല ബാങ്ക് ഭരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ എ.ജെ.ചാക്കോ, പുളിക്കിയിൽ ചാക്കോ എന്നിവർക്കു പുറമേ, കേരള കോൺഗ്രസ് മാണി വിഭാഗം, സിപിഎം ഒരുമിക്കുകയായിരുന്നു. ഇതോടെ കോൺഗ്രസിന് വലിയ പാളീച്ചയും പറ്റി. അമതി ആത്മവിശ്വാസം വിനയായത് കോട്ടയം ഡിസിസിക്ക് ബോധ്യപ്പെടുകയും ചെയ്തു. എങ്കിലും ഇത് വലിയ ചർച്ചയാകാതിരിക്കാൻ ഡിസിസി ശ്രദ്ധിച്ചു. എങ്ങനേയും ജോസ് കെ മാണിയെ ഒഴിവാക്കാനാണ് കോട്ടയത്തെ കോൺഗ്രസിലെ ചിലരുടെ നീക്കം. എന്നാൽ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടുകഴിഞ്ഞു. കോട്ടയത്ത് ഇനി തെറ്റ് സംഭവിക്കരുതെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്.
കണമലയിലെ കളികളിൽ മുസ്ലിം ലീഗും കടുത്ത അതൃപ്തിയിലാണ്. കോട്ടയം ജില്ലാ പഞ്ചായത്തിൽ അടക്കം ജോസ് കെ മാണിയെ പിന്തുണച്ചത് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ്. ജോസ് കെ മാണിയാണ് പ്രധാനമെന്ന സന്ദേശം കോൺഗ്രസ് നേതൃത്വത്തിന് നൽകുകയും ചെയ്തു. ഇതോടെ യുഡിഎഫിനെ പിജെ ജോസഫ് പരസ്യമായി തള്ളി പറഞ്ഞു. എന്നിട്ടും കണമലയിൽ കോൺഗ്രസ് ജോസഫുമായി കൈകോർത്തത് ലീഗിനെ ഞെട്ടിച്ചു. കോട്ടയത്തെ എക്കാരാണ് എല്ലാത്തിനും പിന്നിലെന്ന് ഐ വിഭാഗം പറയുന്നു. ജോസ് കെ മാണി പക്ഷത്തെ തളർത്തനാണ് കോൺഗ്രസിലെ പഴയ ആന്റണി ഗ്രൂപ്പിന്റെ തീരുമാനം. കോട്ടയം രാഷ്ട്രീയത്തിൽ കെ എം മാണിയെ ഒതുക്കാൻ പലപ്പോഴും എ വിഭാഗം ശ്രമിച്ചിരുന്നു. കോട്ടയത്ത് കോൺഗ്രസിന് മുൻതൂക്കം നേടാനായിരുന്നു ഇത്. എന്നാൽ കെ എം മാണിയുടെ ഇടപെടലുകൾ മൂലം ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസ് (എം)നെ ഒതുക്കാൻ പി ജെ ജോസഫുമായി കോൺഗ്രസിലെ ആന്റണി വിഭാഗം കൈകോർക്കുന്നത്.
2010 ലെ മാണിയുമായുള്ള ലയന സമയത്ത് പി ജെ ജോസഫിനെ എതിർത്തവർ ഇന്ന് പിജെയെ പിന്തുണയ്ക്കുന്നു എന്നതാണ് വൈരുദ്ധ്യം. കെ എം മാണിയുടെ മരണ ശേഷമുണ്ടായ പിളർപ്പിൽ നിയമപമരമായും സംഘടനാപരമായും ഏറെ മുന്നിൽ നിൽക്കുന്ന ജോസ് കെ മാണി പക്ഷത്തെ അണികൾക്കിടയിലോ, സംഘടനയിലോ നേരിടാനാവില്ല എന്ന ബോധ്യത്തിൽ നിന്നുയർന്ന പദ്ധതിയായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കണ്ടത്, അത് മുസ്ലിം ലീഗ് ഇടപെട്ട് പൊളിച്ചു. ജൂൺ 16ന് കോട്ടയത്ത് നടന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആകെയുള്ള 352 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 312പേർപങ്കെടുക്കുകയും, ജോസ് കെ മാണിയെ ചെയർമാനാക്കുകയും ചെയ്തു. 450 അംഗങ്ങളാണ് സംസ്ഥാന കമ്മിറ്റിയിലുള്ളതെന്ന് ജോയി എബ്രഹാം പോലും പറയുന്നുണ്ടെങ്കിലും 2018 ഏപ്രിലിൽ പുതുതായി തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയിൽ352 പേർ മാത്രമാണ് പങ്കെടുത്തത്. ഇതൊന്നും അംഗീകരിക്കാൻ കോൺഗ്രസിലെ ഒരു പക്ഷം ഇനിയും തയ്യാറയിട്ടില്ല. ഇതാണ് കണമലയിലും വ്യക്തമാകുന്നത്.
വരാനിരിക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ സംഭവിക്കാനിരിക്കുന്നിതന്റെ ഒരു റിഹഴ്‌സൽ തന്നെയാണ് കണമല തിരഞ്ഞെടുപ്പിൽ ഇന്നു നടന്നതെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. പാലാ ഉപതിരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും മാണിഗ്രൂപ്പ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തണമെന്ന രഹസ്യധാരണയിലാണ് കോൺഗ്രസ്. അങ്ങനെ പിന്നീട് പാലാ സീറ്റ് സ്വന്തമാക്കുക. കെ എം മാണിയുടെ മരണശേഷം പാർട്ടി പിടിച്ചെടുക്കാൻ എല്ലാ സഹകരണവും കോൺഗ്രസ് പിജെ ജോസഫിന് വാഗ്ദാനം ചെയ്‌തെന്നും അതിന്റെ ഭാഗമാണ് കോട്ടയത്തെ സംഭവവികാസങ്ങളെന്നും ഒരു വിഭാഗം പറയുന്നു. കോട്ടയം ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളുടെ മണ്ഡലങ്ങളിൽ ചാഴിക്കാടന് പതിനായിരക്കണക്കിന് വോട്ട് കുറഞ്ഞതും കോൺഗ്രസ് - കേരളാ കോൺഗ്രസ് വൈരാഗ്യത്തിന് തെളിവാണ്. തിരുവഞ്ചൂർ കോട്ടയം മണ്ഡലത്ിൽ 19063 വോട്ടുകളാണ് കുറഞ്ഞത്. 2016 ൽ തിരുവഞ്ചൂരിന് 73894 വോട്ടുകൾ ലഭിച്ചെങ്കിൽ 2019 ലോകസഭാ തിരഞ്ഞെടുപ്പിൽ ചാഴിക്കാടന് ലഭിച്ചത് 54831 വോട്ടുമാത്രം. ചോർന്നത്19063 യുഡിഎഫ് വോട്ടുകൾ. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിൽ നഷ്ടമായത് 7786 വോട്ടുകൾ. 2016 ൽ ഉമ്മൻ ചാണ്ടിക്ക് 71597 വോട്ടു കിട്ടിയെങ്കിൽ 2019ൽ ചാഴിക്കാടന് ലഭിച്ചത് 63811 വോട്ടുകൾ മാത്രം. ചോർന്നത് 7786 വോട്ടുകൾ.
മോൻസിന്റെ കടുത്തുരുത്തിയിലും ചോർന്നു 7916 വോട്ട്. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനെ തകർക്കാൻ പിജെ ജോസഫും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണെന്നാണ് കോട്ടയംകാരും പാലാക്കാരും പറയുന്നത്. കോട്ടയം ജില്ലയിൽ കോൺഗ്രസ് കേരളാ കോൺഗ്രസ് ബന്ധങ്ങളിൽ ശക്തമായ വിള്ളൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിന തെളിവാണ് കണമലയും. സിപിഎമ്മും കേരളാ കോൺഗ്രസും ഒരുമിച്ചാൽ യുഡിഎഫ് കോട്ടയത്ത് ഏറെ പിന്നിലാകുമെന്ന സന്ദേശമാണ് കണമല നൽകുന്നതും.
