Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഛത്രാധിപതി വാഴ്ചയ്ക്കെതിരേ ഗോവിന്ദൻ വാളോങ്ങിയപ്പോൾ പ്രതീക്ഷയോടെ നോക്കിയത് പിണറായിയെ; കലുക്കമില്ലാതിരുന്ന 'സഖാവ്' മലക്കം മറിഞ്ഞതോടെ അണികളിലെ സ്വാധീനം കരുത്താക്കി ഒറ്റയാൾ പോരാട്ടം; വടകരയിലെ കാലുവാരൽ കണ്ട് മുസ്ലിം വോട്ട് പിടിക്കാൻ സ്വതന്ത്രനായി ഇറക്കിയ നസീറിനെ ആക്രമിച്ചത് വിഭാഗീയതയുടെ പക; സാജൻ പാറയിലിന്റെ ആത്മഹത്യയും സഹിക്കാവുന്നതിലും അപ്പുറം; കണ്ണൂരിൽ സിപിഎം നേരിടുന്നത് കീഴാറ്റൂരിനേക്കാൾ വലിയ പ്രതിസന്ധി; തിരുത്തൽ ശക്തിയാകാൻ പി ജയരാജനും

ഛത്രാധിപതി വാഴ്ചയ്ക്കെതിരേ ഗോവിന്ദൻ വാളോങ്ങിയപ്പോൾ പ്രതീക്ഷയോടെ നോക്കിയത് പിണറായിയെ; കലുക്കമില്ലാതിരുന്ന 'സഖാവ്' മലക്കം മറിഞ്ഞതോടെ അണികളിലെ സ്വാധീനം കരുത്താക്കി ഒറ്റയാൾ പോരാട്ടം; വടകരയിലെ കാലുവാരൽ കണ്ട് മുസ്ലിം വോട്ട് പിടിക്കാൻ സ്വതന്ത്രനായി ഇറക്കിയ നസീറിനെ ആക്രമിച്ചത് വിഭാഗീയതയുടെ പക; സാജൻ പാറയിലിന്റെ ആത്മഹത്യയും സഹിക്കാവുന്നതിലും അപ്പുറം; കണ്ണൂരിൽ സിപിഎം നേരിടുന്നത് കീഴാറ്റൂരിനേക്കാൾ വലിയ പ്രതിസന്ധി; തിരുത്തൽ ശക്തിയാകാൻ പി ജയരാജനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിലെ കണ്ണൂർ നേതൃത്വത്തിൽ പ്രതിസന്ധി അതിരൂക്ഷം. അണികളുടെ പിന്തുണയോടെ പി ജയരാജൻ കരുത്തനാകുന്നത് സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാണ്. പാർട്ടി നേതാക്കളുടെ മോശം പ്രവണതകൾ ചർച്ചയാക്കാൻ ജയരാജന് കഴിയുന്നുവെന്നതാണ് ഇതിന് കാരണം. പാർട്ടി ഗ്രാമമായിരുന്ന കീഴാറ്റൂരിനു പിന്നാലെ ആന്തൂരും സിപിഎമ്മിനു രാഷ്ട്രീയ പ്രതിസന്ധിയും നഷ്ടവുമാകുമ്പോൾ ആളിക്കത്തുന്ന കണ്ണൂരിലെ സിപിഎം രാഷ്ട്രീയമാണ്.

പി ജയരാജൻ സെക്രട്ടറിയായതോടെ കണ്ണൂരിൽ വിപ്ലവത്തിന് പുതു തലം വന്നു. പ്രവർത്തകർക്കൊപ്പം സദാസമയം നിൽക്കുന്ന ജയരാജനെ സെക്രട്ടറിയാക്കിയത് പിണറായി വിജയനായിരുന്നു. പി ശശിയുടെ പകരക്കാരനായി ജയരാജൻ എത്തിയതോടെ കണ്ണൂരിൽ കരുത്തു കൂടി. കോൺഗ്രസിന്റെ കെ സുധാകരന് പോലും തട്ടകം മാറി കാസർഗോട്ട് പോകാൻ തീരുമാനിച്ചു. അടിത്തറ അതിശക്തമാക്കിയായിരുന്ന ജയരാജന്റെ മുന്നോട്ട് പോക്ക്. ഇതിനിടെ പാർട്ടിയിൽ ജയരാജന് സ്വാധീനം കൂടുന്നത് പ്രശ്‌നത്തിന് കാരണമായി. രാഷ്ട്രീയ കൊലക്കേസുകളിൽ ജയരാനെ സിബിഐ പ്രതിയാക്കിയതോടെ അണികളുടെ ഇഷ്ടം കൂടി. ഇതോടെ ജയരാജനെ വളർത്താൻ അനുവദിക്കാതിരിക്കാൻ പുതിയ സമവാക്യങ്ങളുണ്ടായി. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം വി ഗോവിന്ദൻ, എം വി ജയരാജൻ തുടങ്ങിയ ശക്തർ എതിർപക്ഷത്ത് അണിനിരന്നപ്പോൾ പി. ജയരാജൻ ദുർബലനായി.

അപ്രതീക്ഷിതമായി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജയരാജന്റെ ഏക ഛത്രാധിപതി വാഴ്ചയ്ക്കെതിരേ ഗോവിന്ദൻ വാളോങ്ങിയതു മാസങ്ങൾക്കുമുമ്പ്. ഫാൻസ് അസോസിയേഷൻ ഉണ്ടാക്കി, ജയരാജ കീർത്തനങ്ങൾ കാസറ്റുകളായി ഇറക്കി, നാടൻപാട്ടും തെയ്യവും കൂത്തുമൊക്കെ ജയരാജന്റെ പ്രകീർത്തനങ്ങളായി പുറത്തുവന്നു... തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ ശാസിക്കപ്പെട്ടതും അപ്രതീക്ഷിതമായിരുന്നു. അന്നു സംസ്ഥാന കമ്മിറ്റിയിൽ ആരും ജയരാജനെ പിന്തുണച്ചില്ല. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനായിരുന്നു ശാസനയെന്ന് ജയരാജൻ തിരിച്ചറിഞ്ഞു. എന്നാൽ കണ്ണൂരിലെ സഖക്കാൾ ജയരാജന് പ്രതിരോധം തീർത്തു. മറ്റ് നേതാക്കളുടെ ആഡംബര ജീവിതവും ജയരാജന്റെ സാധാരണ ഇടപെടലും ചർച്ചയാക്കി. കണ്ണൂരിലെ ജില്ലാ സമ്മേളനം വീണ്ടും ജയരാജനെ സെക്രട്ടറിയാക്കി. സംസ്ഥാന സമിതിയിൽ എംവി ഗോവിന്ദൻ ആരോപണവുമായി എത്തിയപ്പോൾ ജയരാജൻ പ്രതീക്ഷയോടെ നോക്കിയതു പിണറായിയുടെ മുഖത്തേക്കായിരുന്നു. രൂക്ഷഭാവത്തോടെ ഇരുന്നതല്ലാതെ പിണറായി കുലുങ്ങിയില്ല. ഇതോടെ പിണറായിയും കൈവിട്ടുവെന്ന് ജയരാജൻ തിരിച്ചറിഞ്ഞു.

പാർട്ടി അണികളിലെ സ്വാധീനവും അഴിമതിവിരുദ്ധ പ്രതിച്ഛായയുംമാത്രമായിരുന്നു ജയരാജന് അനുകൂല ഘടകങ്ങൾ. രാഷ്ട്രീയ ആക്രമണങ്ങളും ടി.പി. ചന്ദ്രശേഖരൻ വധവും ജയരാജന് എന്നും മോശം പ്രതിച്ഛായ നൽകിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജയരാജനെ സ്ഥാനാർത്ഥിയാക്കി ജില്ലാ സെക്രട്ടറി കസേര പിടിച്ചെടുക്കുകയായിരുന്നു മറുപക്ഷത്തിന്റെ ലക്ഷ്യം. മത്സരിക്കാൻ ജയരാജനു താൽപ്പര്യമില്ലായിരുന്നു. നിർബന്ധിച്ചാണ് മത്സരിപ്പിച്ചത്. പിണറായിയുടെ വിശ്വസ്തനായ കെ.കെ. രാഗേഷ് എംപി, കോടിയേരിയുടെ മനഃസാക്ഷി എ.എൻ. ഷംസീർ എംഎ‍ൽഎ. എന്നിവരെ പാർട്ടി വടകരയ്ക്കയച്ചു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു മുസ്ലിംകളുമായി എട്ടു സംഘട്ടനങ്ങളാണു സിപിഎം. നടത്തിയത്. അതോടെ ന്യൂനപക്ഷങ്ങൾ ജയരാജനെതിരായി. അതിനു ജയരാജൻ കണ്ടെത്തിയ കുറുക്കുവഴിയാണു സി.ഒ.ടി. നസീറിന്റെ സ്ഥാനാർത്ഥിത്വം. എന്നാൽ അതും വിജയം നൽകിയില്ല. പിന്നാലെ നസീറും ആക്രമിക്കപ്പെട്ടു.

നസീർ പാർട്ടിയിൽ ജയരാജന്റെ വിശ്വസ്തനായിരുന്നു. ആ ബലത്തിലാണ് ഷംസീറിനെതിരേ പരസ്യമായി പോരാടിയത്. ഇരുവരും തമ്മിൽ പാർട്ടി ഓഫീസിൽവച്ചു ഷർട്ടിനു പിടിത്തവും പിടിച്ചുതള്ളലുംവരെ ഉണ്ടായി. പാർട്ടിക്കു പരാതി കൊടുത്തിട്ടും പ്രയോജനമുണ്ടാകാതായപ്പോൾ നസീർ വിമതനായി. സിപിഎം. വിരുദ്ധ മുസ്ലിം വോട്ടുകൾ യു.ഡി.എഫിനു പോകാതെ നസീറിനു ലഭിക്കട്ടെ എന്നായിരുന്നു ജയരാജന്റെ കണക്കുകൂട്ടൽ. ഈ പക കാരണമാണ് എതിർപക്ഷം നസീറിനെ വെട്ടിയതെന്നാണ് വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് ആന്തൂരിലെ സാജൻ പാറയിലിന്റെ ആത്മഹത്യ. ജയരാജന് വലിയ സഹായമായിരുന്നു സാജൻ. വടകരയിലും താങ്ങും തണലുമായി. എന്നാൽ ആന്തൂർ നഗരസഭ പ്രതികാരത്തോടെ കണ്ടു. ഇതോടെ സാജൻ മരണത്തിന് കീഴടങ്ങി.

15 കോടി രൂപ മുടക്കി കൺവെൻഷൻ സെന്ററുണ്ടാക്കിയത് അന്നു ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെ അനുമതിയോടെയാണ്. പണി പൂർത്തിയായപ്പോഴേക്കും ജയരാജൻ പുറത്തായി. ജയരാജ വിരുദ്ധചേരിയുടെ ശക്തനായ വക്താവ് എം വി ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള അധ്യക്ഷയായ ആന്തൂർ നഗരസഭയാണ് അനുമതി നിഷേധിച്ചത്. സാജൻ ജീവനൊടുക്കിയപ്പോൾ അതും സിപിഎം. ചേരിപ്പോരിന്റെ ഭാഗമായി. രാഷ്ട്രീയ എതിരാളികൾ പ്രവർത്തിക്കാൻ പേടിക്കുന്ന പ്രദേശമാണ് ആന്തൂർ. നഗരസഭയിലെ ആകെ 28 സീറ്റിൽ പകുതിയിലും സിപിഎം തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. മറ്റു സ്ഥലങ്ങളിൽ പേരിനു മാത്രമാണ് എതിർ സ്ഥാനാർത്ഥികളുണ്ടായിരുന്നത്. ഈ കോട്ടയാണ് ഇപ്പോൾ ഇളകുന്നത്. കീഴാറ്റൂരിലെ പ്രശ്‌നത്തേക്കാൾ രൂക്ഷമായ പ്രതിസന്ധി. കീഴാറ്റൂരിലെ എതിർപ്പുകൾ പാർട്ടിയെ ബാധിച്ചിരുന്നില്ല. ഇതിന് കാരണം ജയരാജന്റെ ഇടപെടലാണ്. എന്നാൽ ആന്തൂരിൽ പ്രതിഷേധക്കാർക്കൊപ്പമാണ് പി ജയരാജന്റെ മനസ്സ്. ഇതാണ് സിപിഎമ്മിനെ കൂടുതൽ വെട്ടിലാക്കുന്നത്.

ദേശീയപാത നവീകരണത്തിനായി വയൽ നികത്തുന്നതിന് എതിരെ 'വയൽക്കിളികൾ' എന്ന പേരിൽ സംഘടിച്ചവരെ കൈകാര്യം ചെയ്ത രീതിയാണു കീഴാറ്റൂരിൽ പിഴച്ചതെങ്കിൽ പ്രവാസി വ്യവസായിയെ ആത്മഹത്യയിലേക്കു തള്ളിവിട്ടതാണ് ആന്തൂരിൽ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്. ആന്തൂരിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണു സിപിഎം നേതൃത്വം. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മനസ്സിലാക്കി തിരുത്തിക്കാൻ നഗരസഭാധ്യക്ഷയ്ക്കു കഴിഞ്ഞില്ലെന്നാണു തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലുണ്ടായ വിമർശനം. ഏരിയാ കമ്മിറ്റിക്കു കീഴിലെ ലോക്കൽ കമ്മിറ്റികളും ഇതേവികാരമാണു പങ്കുവച്ചത്. സിപിഎം അനുഭാവികളും സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ നിശിതമായി വിമർശിച്ചിരുന്നു. ഇതെല്ലാം പി ജയരാജന്റെ ഇടപെടലിന്റെ ഫലമാണെന്ന് വരുത്താൻ സജീവ ശ്രമം നടക്കുന്നുണ്ട്. ജയരാജനെ സിപിഎമ്മിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായും ഇതിനെ വിലയിരുത്തുന്നു.

എന്നാൽ ശബരിമലയോടെ സിപിഎം വിലയ പ്രതിസന്ധിയെ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ജയരാജനെ സൂക്ഷമതയോടെ കൈകാര്യം ചെയ്യാനാണ് തീരുമാനം. ആന്തൂരിലും മറ്റും പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രസംഗമാണ് ജയരാജൻ നടത്തിയത്. കണ്ണൂരിലെ പുതിയ സെക്രട്ടറി എംവി ജയരാജാന് പാർട്ടി സംവിധാനങ്ങൾ തന്നിലേക്ക് അടുപ്പിക്കാനും കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന കാര്യത്തിൽ നഗരസഭാധ്യക്ഷയെന്ന നിലയിൽ പി.കെ.ശ്യാമളയ്ക്കു പിഴവു പറ്റിയ കാര്യം സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി ജയരാജൻ പറഞ്ഞതും സിപിഎമ്മിന് കടുത്ത വെല്ലുവിളിയാണ്. എം വി ഗോവിന്ദനും ജയരാജനും തമ്മിലുള്ള വിഭാഗിയ യുദ്ധത്തിൽ ഇത്തവണ ജയരാജൻ വിജയം നേടിയെന്നും വിലയിരുത്തലുണ്ട്. പാർട്ടിയിലെ ആർഭാടങ്ങൾക്കെതിരെ വിമത ശബ്ദമുയർത്താനാണ് ജയരാജന്റെ തീരുമാനം.

പാർട്ടി യോഗങ്ങളിൽ ഇനി നേതൃത്വത്തെ വിമർശിക്കേണ്ടിടത്തെല്ലാം ജയരാജൻ വിമർശനം ഉയർത്തും. ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ആരേയും അനുവദിക്കില്ല. ബിനോയ് കോടിയേരിയുടെ പീഡനക്കാസിലും ജയരാജൻ കൃത്യമായ നിലപാട് എടുക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP