Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റെഡ്ഡിമാരുടെ പണക്കിഴിയിൽ വഴങ്ങാൻ ഒരുങ്ങി പത്തോളം കോൺഗ്രസ് എംഎൽഎമാർ റെഡിയാണെങ്കിലും 26പേരെ പിടിക്കാതെ ലക്ഷ്യം കണാത്തതിനാൽ പ്രലോഭനം മുഴുവൻ ഇപ്പോൾ ദൾ എംഎൽഎമാർക്ക്; കുറുമാറ്റ പ്രശ്‌നം ഒഴിവാക്കാൻ 13ദള്ളുകാരെ പിടിച്ചാൽ മതി; ഗോവ മാതൃകയിൽ രാജിവയ്‌പ്പിച്ച് നേരിടാനുള്ള നീക്കത്തിന് തടസമാകുന്നത് ജെഡിഎസ്-കോൺഗ്രസ് സഖ്യം ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നത് തന്നെ; സംഘി ഗവർണ്ണർ കനിഞ്ഞാലും സർക്കാർ ഉണ്ടാക്കി മുമ്പോട്ട് പോവുക ബിജെപിക്ക് ബാലികേറാമല തന്നെ

റെഡ്ഡിമാരുടെ പണക്കിഴിയിൽ വഴങ്ങാൻ ഒരുങ്ങി പത്തോളം കോൺഗ്രസ് എംഎൽഎമാർ റെഡിയാണെങ്കിലും 26പേരെ പിടിക്കാതെ ലക്ഷ്യം കണാത്തതിനാൽ പ്രലോഭനം മുഴുവൻ ഇപ്പോൾ ദൾ എംഎൽഎമാർക്ക്; കുറുമാറ്റ പ്രശ്‌നം ഒഴിവാക്കാൻ 13ദള്ളുകാരെ പിടിച്ചാൽ മതി; ഗോവ മാതൃകയിൽ രാജിവയ്‌പ്പിച്ച് നേരിടാനുള്ള നീക്കത്തിന് തടസമാകുന്നത് ജെഡിഎസ്-കോൺഗ്രസ് സഖ്യം ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നത് തന്നെ; സംഘി ഗവർണ്ണർ കനിഞ്ഞാലും സർക്കാർ ഉണ്ടാക്കി മുമ്പോട്ട് പോവുക ബിജെപിക്ക് ബാലികേറാമല തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ഒരു എംഎൽഎയ്ക്ക് 100കോടിയാണ് കർണ്ണാടകയിലെ വിലയെന്നാണ് അണിയറയിലെ സംസാരം. ഖനി മുതലാളിമാരായയ റെഡ്ഡമാരുടെ ഇടപെടലിൽ ഭരണം പിടിക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. കോൺഗ്രസിലെ ലിംഗായത്ത് എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കം ഏതാണ് വിജയിച്ചു. എന്നാൽ കോൺഗ്രസിന് നിയമസഭയിൽ അംഗ സംഖ്യ 78 ആണ്. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ പിളർപ്പിന് നിയമ സാധുത കിട്ടാൻ 26 എംഎൽഎമാർ വേണം. ഈ സാഹചര്യത്തിൽ ജനതാദൾ എന്ന ബദൽ മാർഗ്ഗത്തെ കുറിച്ച് ചിന്തിക്കുകയാണ് ബിജെപി. ദേവഗൗഡയുടേയും കുമാരസ്വാമിയുടേയും വിശ്വസ്തരെയാണ് നോട്ടമിടുന്നത്. 13 ദൾ എംഎൽഎമാർ മറുകണ്ടം ചാടിച്ചാൽ നിയമപ്രശ്‌നം മറികടക്കാം. അതുകൊണ്ട് തന്നെ ദൾ എംഎൽഎമാരുടെ വില ഉയരുകയാണ്.

ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നനിലയിൽ സർക്കാരുണ്ടാക്കാൻ കർണാടക ഗവർണർ ക്ഷണിച്ചതോടെയാണ് ബിജെപി പുതിയ നീക്കം തുടങ്ങിയത്. സർക്കാരുണ്ടാക്കാൻ ക്ഷണം ലഭിച്ചതോടെ ഭൂരിപക്ഷം 'സംഘടിപ്പിക്കൽ' ഒന്നുകൂടി എളുപ്പമായി. ജെഡിഎസിൽനിന്നോ കോൺഗ്രസിൽനിന്നോ എംഎൽഎമാരെ അടർത്തിയെടുക്കാൻതന്നെ ബിജെപിയുടെ ശ്രമം. ഇരുപാർട്ടികളിലെയും മൂന്നിലൊന്നിൽ കൂടുതൽ അംഗങ്ങളെ അടർത്തിയെടുക്കാനായില്ലെങ്കിൽ കൂറുമാറ്റനിരോധന നിയമത്തിന്റെ വ്യവസ്ഥകൾ നിർണായകമാകും. 78 എംഎൽഎമാരുള്ള കോൺഗ്രസിനെയും 37 എംഎൽഎമാരുള്ള ജെഡിഎസിനെയും മൂന്നിലൊന്നായി പിളർത്തുക എളുപ്പമാകില്ല. ഇത് ബിജെപിക്ക് വലിയ തലവേദനയാണ്. 15 ദിവസത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണ്ണർ ്അനുവദിച്ചിരിക്കുന്ന സമയം. അതിന് മുമ്പ് 13 ദൾ എംഎൽഎമാരെ കണ്ടെത്തുകയ അസാധ്യമാണ്. അതുകൊണ്ട് തന്നെ ഓപ്പറേഷൻ താമര ഇത്തവണ ജയിക്കില്ലെന്നാണ് സൂചന.

ഗോവയിൽ ബിജെപിക്ക് വേണ്ട എംഎൽഎമാരെ കണ്ടെത്തി അവരെ കൊണ്ട് രാജി വയ്‌പ്പിച്ചു. അതിന് ശേഷം ഉപതെരഞ്ഞെടുപ്പിലൂടെ ഈ സീറ്റുകൾ നേടി. അങ്ങനെയാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. എന്നാൽ ത്രികോണ പോര് നടക്കുന്ന കർണ്ണാടകയിൽ ഇനിയുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഡിഎസും ഒരുമിക്കും. അങ്ങനെ വന്നാൽ ഉപതെരഞ്ഞെടുപ്പിൽ ജയിക്കുക ബിജെപിക്ക് അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കുന്ന തരത്തിൽ എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കം. അല്ലാത്ത പക്ഷം ഭരണം നിലനിൽക്കില്ലെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്.

അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കുമൊടുവിൽ കർണാടകത്തിൽ സർക്കാർ രൂപവത്കരണത്തിനായി ഗവർണർ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കുന്നതിന് ബിജെപിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഗവർണർ വാജുഭായ വാല അറിയപ്പെടുന്ന ബിജെപിക്കാരനാണ്. ഗുജറാത്തിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനുമായിരുന്നു. ഈ രാഷ്ട്രീയമാണ് ബിജെപി സർക്കാർ കർണ്ണാടകത്തിൽ പിറവിയെടുക്കാൻ കാരണം. പ്രധാനമന്ത്രി മോദിയുടെ അതിവിശ്വസ്തനായ ഗവർണ്ണർ ബിജെപിയുടെ തീരുമാനമാണ് കർണ്ണാടകയിൽ നടപ്പാക്കിയത്. ഇതിലൂടെ എംഎൽഎമാരെ അതിവേഗം അടർത്തിയെടുക്കാമെന്നും കരുതി. എന്നാൽ കോൺഗ്രസ് മതിയായ കരുതലെടുത്തപ്പോൾ കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കുന്ന മറുകണ്ടം ചാടൽ പൊല്ലാപ്പിലേക്ക് കാര്യങ്ങളെത്തിക്കുകയാണ്.

104 സീറ്റുകൾ നേടിയ ബിജെപിക്ക് ഭൂരിപക്ഷത്തിന് വേണ്ട 112 എന്ന മാന്ത്രിക സംഖ്യ മറികടക്കുക എന്നത് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ചരടുവലികൾക്കും ചാക്കിട്ടുപിടുത്തത്തിനും കർണാടക രാഷ്ട്രീയം സാക്ഷിയാകുമെന്നാണ് കരുതുന്നത്. ഇതു മുൻകൂട്ടി കണ്ട് കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ റിസോർട്ടുകളിൽ മറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ബിജെപിക്ക് അധികാരം പിടിക്കാൻ ഇനി എട്ട് എംഎൽഎമാരുടെ പിന്തുണകൂടി വേണം. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 എംഎൽഎമാരുടെ പിന്തുണയുണ്ട്. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിലാണ് കർണ്ണാടകയിലെ ഇടപെടലുകൾ പുരോഗമിക്കുന്നത്. എങ്ങനേയും അധികാരം നിലനിർത്താൻ എന്തും ചെയ്യുമെന്ന അവസ്ഥയിലേക്കാണ് ബിജെപി നീങ്ങുന്നത്. വിട്ടുകൊടുക്കാൻ കോൺഗ്രസും തയ്യാറല്ല.

ഭരണഘടനയുടെ 52ാം ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ പത്താം പട്ടിക കൂറുമാറ്റം സംബന്ധിച്ച വ്യവസ്ഥകൾ വ്യക്തമാക്കുന്നുണ്ട്. 2004 ജനുവരിയിൽ പ്രാബല്യത്തിലായ ഭേദഗതിയനുസരിച്ച്, പാർട്ടികളുടെ പിളർപ്പിന് സാധുതയില്ല. എന്നാൽ മൂന്നിൽ രണ്ടുപേർ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ പുതിയ പാർട്ടിയുണ്ടാക്കുകയോ ചെയ്യുമ്പോൾ, ലയിച്ചവർക്കും മാതൃപാർട്ടിയിൽ തുടരുന്നവർക്കും അയോഗ്യതയില്ല. എന്നാൽ, എംഎൽഎയോ എംപിയോ പാർട്ടി അംഗത്വം സ്വയം വച്ചൊഴിയുകയോ വിപ്പ് ലംഘിക്കുകയോ ചെയ്താൽ പരാതിയുടെ അടിസ്ഥാനത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാം. പാർട്ടിയുടെ നിർദ്ദേശത്തിനു വിരുദ്ധമായി വോട്ടു ചെയ്യുകയോ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുകയോ ചെയ്യുന്നത് വിപ്പു ലംഘനമാവും. ആ ലംഘനം അനുവദിച്ചതായി പാർട്ടി 15 ദിവസത്തിനകം വ്യക്തമാക്കിയാൽ അയോഗ്യതയുണ്ടാവില്ല.

പാർട്ടിയിൽനിന്നു രാജിവയ്ക്കുമ്പോൾ മാത്രമാണ് അംഗത്വം വച്ചൊഴിയലാകുന്നതെന്ന വ്യാഖ്യാനം സുപ്രീം കോടതി അംഗീകരിച്ചിട്ടില്ല. പാർട്ടി വിരുദ്ധ നടപടികളും അംഗത്വം വച്ചൊഴിയലായി കണക്കാക്കും. വിവധ കോടതി വധികളും ഇതു സംബന്ധിച്ചുണ്ട്. അതുകൊണ്ട് തന്നെ യെദൂര്യപ്പയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. കൂറുമാറാതിരിക്കാൻ എംഎൽഎമാരെ കോൺഗ്രസ് റിസോർട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി ചർച്ചകൾക്കും സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനുള്ള 113 മാർക്ക് തൊടാൻ ബിജെപിക്ക് ഏറെ പാടുപെടേണ്ടി വരും. രണ്ട് പാർട്ടിയിൽ നിന്നും ആളുകളെ അടർത്തിയെടുക്കുക അസാധ്യമായി മാറുകയാണ്. ഇതോടെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന യെദ്യൂരിയപ്പയ്ക്ക് മുന്നിൽ ഭരണം നിലനിർത്താൻ വെല്ലുവിളികൾ ഏറെയുണ്ട്.

രാജേന്ദ്ര സിങ് റാണയും സ്വാമി പ്രസാദ് മൗര്യയും തമ്മിലുള്ള കേസിൽ 2007 ഫെബ്രുവരി 14നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നൽകിയ വിധി കർണാടകയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാണ്. അഞ്ചംഗ ബെഞ്ചിനുവേണ്ടി ജസ്റ്റിസ് പി.കെ.ബാലസുബ്രഹ്മണ്യൻ എഴുതിയ വിധിയിൽ പറയുന്നത്, എതിർകക്ഷിയുടെ നേതാവിനെ പിന്തുണച്ച് ഗവർണർക്കു കത്തു നൽകുന്നതിനെ പാർട്ടി അംഗത്വം വച്ചൊഴിയുന്ന നടപടിയായി കണക്കാക്കാമെന്നാണ്. ആ വിധിയിൽ, യുപിയിൽ 2003 ഓഗസ്റ്റിൽ മുലായം സിങ് യാദവിനു പിന്തുണക്കത്തു നൽകിയ 13 ബിഎസ്‌പി എംഎൽഎമാരെ സുപ്രീം കോടതി അയോഗ്യരാക്കുകയും ചെയ്തു. സ്പീക്കർ തീരുമാനമെടുക്കാത്ത സ്ഥിതിയിലാണ് കോടതിയുടെ ഇടപെടലുണ്ടായത്. അതുകൊണ്ട് തന്നെ കർണ്ണാടകയിലും ഭാവിയിലും ഇതെല്ലാം സംഭവിക്കും.

പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടവരും, ഏതു പാർട്ടിയുടെ ടിക്കറ്റിലാണോ ജയിച്ചത് ആ പാർട്ടിയുടെ വിപ്പ് അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ജി.വിശ്വനാഥനും തമിഴ്‌നാട് നിയമസഭാ സ്പീക്കറുമായുള്ള കേസിൽ 1996ൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്പീക്കർക്കാണ് അംഗങ്ങളെ അയോഗ്യരാക്കാനുള്ള അധികാരം. എന്നാൽ, സ്പീക്കറുടെ തീരുമാനം പരിശോധിക്കാൻ സുപ്രീം കോടതിക്കും ഹൈക്കോടതിക്കും അധികാരമുണ്ടെന്നു കിഹോതോ ഹോളോഹാൻ കേസിൽ (1992) സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഇതും നിർണ്ണായകമാണ്. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയമാണ് ഗവർണർ യെദ്യൂരപ്പയ്ക്കും ബിജെപിക്കും നൽകിയിട്ടുള്ളത്. 104 സീറ്റുകളാണ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത്. ഒരു സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 112 അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

സത്യപ്രതിജ്ഞയ്ക്ക് സ്റ്റേയില്ലെന്ന സുപ്രീംകോടതി വിധി പുലർച്ചെ എത്തിയതോടെ ബിജെപി വീണ്ടും പ്രതീക്ഷയിലാണ്. രാവിലെ ഒൻപത് മണിയോടെ രാജ്ഭവനിൽ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ ഇതിനായി ഒരുക്കങ്ങൾ തുടങ്ങി. വലിയ ആഘോഷങ്ങളില്ലാതെ ലളിതമായ ചടങ്ങുകളാകും. മുഖ്യമന്ത്രി മാത്രമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുള്ളൂ. ഇതും എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമമാണ്. സർക്കാരിന്റെ ഭൂരിപക്ഷത്തിലുള്ള അനിശ്ചിതത്വവും സുപ്രീംകോടതിയിൽ കോൺഗ്രസ് നൽകിയ ഹർജി നാളെ വീണ്ടും പരിഗണനയിൽ വരുമെന്നുള്ളതുകൊണ്ടും തത്ക്കാലം യെദ്യൂരപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്യുന്നത്. ഈ വിധിയും യെദ്യൂര്യപ്പയുടെ ഭാവിയെ നിർണ്ണയിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP