Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത് 9 എംഎൽഎമാർ; ഇത്രയും പേർ വോട്ടെടുപ്പിന് എത്താതിരുന്നാൽ യെദൂരിയപ്പയ്ക്ക് ഭരണം ഉറപ്പിക്കാം; 24 മണിക്കൂറിനുള്ളിൽ പണമിറക്കി ഭൂരിപക്ഷം ഉറപ്പിക്കാൻ അതിവേഗ തന്ത്രവുമായി റെഡ്ഡി സഹോദരന്മാർ; ആരും കളം മാറില്ലെന്ന വിശ്വാസത്തിൽ ജെഡിഎസും കോൺഗ്രസ് നേതൃത്വങ്ങൾ; സുപ്രീംകോടതി വിധി തിരിച്ചടിയാകുന്നത് ബിജെപിയുടെ പ്രതീക്ഷകൾക്ക്; കൂറുമാറുന്നവർക്ക് ഇനി വില 200കോടി; കുതിരക്കച്ചവടത്തിന് ഒഴുക്കുന്നത് ശതകോടികൾ തന്നെ

ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത് 9 എംഎൽഎമാർ; ഇത്രയും പേർ വോട്ടെടുപ്പിന് എത്താതിരുന്നാൽ യെദൂരിയപ്പയ്ക്ക് ഭരണം ഉറപ്പിക്കാം; 24 മണിക്കൂറിനുള്ളിൽ പണമിറക്കി ഭൂരിപക്ഷം ഉറപ്പിക്കാൻ അതിവേഗ തന്ത്രവുമായി റെഡ്ഡി സഹോദരന്മാർ; ആരും കളം മാറില്ലെന്ന വിശ്വാസത്തിൽ ജെഡിഎസും കോൺഗ്രസ് നേതൃത്വങ്ങൾ; സുപ്രീംകോടതി വിധി തിരിച്ചടിയാകുന്നത് ബിജെപിയുടെ പ്രതീക്ഷകൾക്ക്; കൂറുമാറുന്നവർക്ക് ഇനി വില 200കോടി; കുതിരക്കച്ചവടത്തിന് ഒഴുക്കുന്നത് ശതകോടികൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കർണാടകയിലെ രാഷ്ട്രീയക്കളിയിൽ ബിജെപി പ്രതീക്ഷകൾക്ക് തിരിച്ചടിയെന്ന് വിലയിരുത്തൽ. ഭൂരിപക്ഷം തെളിയിക്കാൻ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. നാളെ നാലുമണിക്കു മുൻപുതന്നെ വോട്ടെടുപ്പു നടത്തണമെന്നാണു നിർദ്ദേശം. ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണമെന്ന ബിജെപിയുെട ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വെണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി. സർക്കാരുണ്ടാക്കാൻ തങ്ങൾക്കാണു ഭൂരിപക്ഷമെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ്- ജെഡിഎസ് സഖ്യം നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

ഗവർണ്ണർ ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസമാണ് നൽകിയത്. യെദൂരിയപ്പ ആവശ്യപ്പെട്ട് 7 ദിവസമായിരുന്നു. സുപ്രീംകോടതി ഒരാഴ്ച സമയം അനുവദിക്കുമെന്നായിരുന്നു കണക്ക് കൂട്ടൽ. ഇതാണ് തെറ്റുന്നത്. 113 ആണ് കേവലഭൂരിപക്ഷത്തിന് ആവശ്യമായ എംഎൽഎമാരുടെ സംഖ്യ. ഇതോടെ 9 എംഎൽഎമാരെ ചാക്കിട്ട് പിടിച്ച് ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപിക്ക് കഴിയില്ലെന്ന സ്ഥിതി വരികയാണ്. നിലവിൽ അഞ്ചു പേർ മാത്രമാണ് മറുകണ്ടം ചാടാൻ സമ്മതിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ 24 മണിക്കൂർ കൊണ്ട് നാല് പേരെ വലയിലാക്കുക എന്നത് ശ്രമകരമായ ജോലിയാണ്. അതിനാൽ യെദൂരിയപ്പ മന്ത്രിസഭ നാളെ തന്നെ താഴെ വീഴുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ ഭൂരിപക്ഷം തെളിയിക്കുമെന്ന വാദത്തിലാണ് ബിജെപി ഇപ്പോഴും. അതുകൊണ്ട് വലിയ അട്ടിമറികൾ ഉണ്ടാകുമെന്ന സാധ്യതയും തെളിയുന്നുണ്ട്.

ആദ്യം ഭൂരിപക്ഷം സഭയിൽ തെളിയിക്കട്ടെയെന്നു പറഞ്ഞ കോടതി ഗവർണ്ണറുടെ നടപടിയിൽ വിധി പിന്നീടെന്നും വ്യക്തമാക്കി. സത്യ പ്രതിജ്ഞ, പ്രോട്ടം സ്പീക്കറുടെ തിരഞ്ഞെടുപ്പ് എന്നിവ വൈകിട്ട് നാലിനു മുമ്പ് തീർക്കണമെന്നും നിർദ്ദേശിച്ചു. ഗവർണർ എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സർക്കാരുണ്ടാക്കാൻ ശ്രമിച്ചതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. ഭൂരിപക്ഷമില്ലാത്ത ബിജെപിയെയാണോ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. എല്ലാം കണക്കിന്റെ കളിയാണെന്നും ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവർണറാണെന്നും കോടതി പറഞ്ഞു. 16 എംഎൽഎമാരെ റാഞ്ചിയെന്നാണ് ബിജെപി പറയുന്നത്. 120 പേരുടെ പിന്തുണയോടെ നാളെ യെദൂരിയപ്പ ഭൂരിപക്ഷം തെളിയിക്കുമെന്നും ബിജെപി നേതാവ് ശോഭാ കരന്തല അറിയിച്ചു.

എംഎൽഎമാരെ അനുകൂലമാക്കാൻ കോടികളാണ് കർണ്ണാടകയിൽ ഒഴുകുക. കൂറുമാറുന്ന എംഎൽഎയുടെ വിധി 200 കോടിയായി ഉയർത്തുന്നതാണ് കോടതി വിധി. 24 മണിക്കൂറിൽ യെദൂരിയപ്പ ഭരണം നിലനിർത്താൻ ശ്രമിക്കുന്നതിനാലാണ് ഇത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. യെദൂരിയപ്പയുടെ വിശ്വസ്തരായ ഖനി വ്യവസായികളായ റെഡ്ഡി സഹോദരന്മാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമയും ബിജെപിയുടെ രാജ്യസഭാ അംഗവുമായ രാജീവ് ചന്ദ്രശേഖറും ഭൂരിപക്ഷം ഉറപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുന്നുണ്ട്. നാളെ നാലു മണിക്ക് മുമ്പ് എല്ലാം ശുഭമാക്കാനാണ് അതിവേഗ നീക്കം. എംഎൽഎമാരെ ബിജെപിയിൽ നിന്ന് അകറ്റി നിർത്തി വിശ്വാസവോട്ടെടുപ്പിനെ പരാജയപ്പെടുത്താനാണ് കോൺഗ്രസിന്റെ നീക്കം. ഇത് വിജയിച്ചാൽ യെദൂരിയപ്പ സർക്കാർ വീഴും.

സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങളാണ് നടന്നത്. ഗവർണർ യെദ്യൂരപ്പയെയും ബിജെപിയെയും സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിനെതിരേ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ ഗവർണർ ആരെ ക്ഷണിച്ചാലും അവർ നിയമസഭയിൽ നാളെത്തന്നെ ഭൂരിപക്ഷം തെളിയിക്കാമോയെന്ന കോടതിയുടെ ചോദ്യത്തോട് കോൺഗ്രസും ജെഡിഎസും അനുകൂലിച്ചപ്പോൾ ബിജെപി എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ഇത് കോടതി കാര്യമായി എടുത്തില്ല. രഹസ്യ ബാലറ്റ് എന്ന നിർദ്ദേശവും തള്ളി. പ്രോടൈം സ്പീക്കറാകും എല്ലാം തീരുമാനിക്കുക. ഇതിനൊപ്പം ആഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിയമിക്കാനുള്ള നീക്കവും തടഞ്ഞു. നയപരമായ തീരുമാനമൊന്നും എടുക്കരുതെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ കോടതി വിധി ബിജെപിക്ക് എതിരാണമെന്നാണ് വിലയിരുത്തൽ.

തിങ്കളാഴ്ച വോട്ടെടുപ്പ് നടത്താനായിരുന്നു ബിജെപിയുടെ തീരുമാനം. എംഎൽഎമാരെയെല്ലാം കൊച്ചിയിൽ പൂട്ടിയിട്ടിരിക്കുകയാണ്. ഇവരെ സുരക്ഷിതമായി ബംഗളൂരുവിലെത്തിക്കാൻ സമയം വേണമെന്നായിരുന്നു അഡ്വക്കേറ്റ് മുഗൾ റോത്തഗിയുടെ നിലപാട്. ഇതിനെ പൊട്ടിച്ചിരിയോടെയാണ് കോടതി വരവേറ്റത്. ജ്ഡ്ജിമാർ പോലും ചിരിച്ചു. കൊച്ചിയിൽ അല്ല ഹൈദരാബാദിലാണ് എംഎൽഎമാർ ഉള്ളത്. അതുകൊണ്ട് തന്നെ ഇന്ന് രാത്രിയോടെ അവർക്ക് ബംഗളുരുവിൽ എത്താനാകുമെന്നും കോടതി മനസ്സിലാക്കിയിരുന്നു. ഇതും നാളത്തെ വിശ്വാസ വോട്ടെടുപ്പിലേക്ക് കാര്യങ്ങളെത്തിച്ചു. ആഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിയമിച്ച് ഒരു വോട്ട് അനുകൂലമാക്കാനായിരുന്നു ബിജെപിയുടെ തന്ത്രം. ഇതും പൊളിഞ്ഞു. രഹസ്യബാലറ്റിനായി വാദിച്ചത് കേന്ദ്രസർക്കാരിനായെത്തിയ വേണുഗാപാലായിരുന്നു. ഇതും തള്ളി. അതുകൊണ്ട് തന്നെയാണ് ഇതിനെ ബിജെപിക്കുള്ള തിരിച്ചടിയായി കോൺഗ്രസ് വിലയിരുത്തുന്നത്.

യെദിയൂരപ്പയെ സർക്കാർ രൂപവൽക്കരണത്തിനു ഗവർണർ ക്ഷണിച്ചതിനെതിരേ കോൺഗ്രസും ജെ.ഡി.എസും നൽകിയ ഹർജി മൂന്നംഗ ബെഞ്ച് ആയിരുന്നു പരിഗണിച്ചത്. സർക്കാർ രൂപീകരണം ആവശ്യപ്പെട്ട് ബിജെപി കഴിഞ്ഞ ദിവസം ഗവർണർക്ക് നൽകിയ കത്ത് ബിജെപിക്കായി ഹാജരായ അഭിഭാഷകൻ റോത്തഗി ഹാജരാക്കി. കത്തിന്റെ അടിസ്ഥാനത്തിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തട്ടെ എന്ന കോടതിയുടെ നിർദ്ദേശം കോൺഗ്രസിനായി ഹാജരായ അഭിഷേക് സിങ്വിയും കേന്ദ്ര സർക്കാരിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലും അംഗീകരിച്ചു. സർക്കാർ രൂപീകരിക്കാൻ ആവശ്യം ഉന്നയിച്ച് യെദ്യൂരപ്പ ഗവർണർക്ക് നൽകിയ കത്തുകൾ കോടതിയിൽ ഹാജരാക്കിയായിരുന്നു ഇന്ന് വാദം തുടങ്ങിയത്. മുകുൾ റോത്തഗി കത്ത് വായിക്കുകയും എതിർ കക്ഷികൾക്ക് നൽകുകയും ചെയ്തിരുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും മറ്റുള്ളവരുടെ പിന്തുണയുണ്ടെന്നും സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്നത് പ്രചരണം മാത്രമാണെന്നും കത്തിൽ പറഞ്ഞിരുന്നു. രണ്ടാമത്തെ കത്തിൽ സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം ഉണ്ടെന്നും പിന്തുണയ്ക്കുന്ന എംഎൽമാരുടെ പേരുകൾ ഗവർണർക്ക് നൽകിയിട്ടുണ്ടെന്നും പറയുന്നുണ്ട്. എന്നാൽ പേരുകൾ ഹാജരാക്കാനില്ലേ എന്നു കോടതി ചോദിച്ചു.

ഭൂരിപക്ഷം തെളിയിക്കുന്ന സാഹചര്യത്തിൽ പിന്തുണയ്ക്കാമെന്ന് കോൺഗ്രസിലെയും ജെഡിഎസിലെയും ചില എംഎൽഎമാർ തന്നെ വിളിച്ചു പറഞ്ഞിരുന്നു എന്നും ബിജെപിയെ പിന്തുണയ്ക്കാമെന്ന് തന്നോട് വ്യക്തിപരമായി അവർ പറഞ്ഞിട്ടുണ്ടെന്നും കോൺഗ്രസിന്റെയും ജെഡിഎസിന്റെയും താൽക്കാലികമായി തട്ടിക്കൂട്ടിയ സഖ്യമാണെന്നും റോത്തഗി കോടതിയിൽ വാദിച്ചു. എന്നാൽ എന്തടിസ്ഥാനത്തിലാണ് ഗവർണർ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതെന്ന് ജസ്റ്റീസ് സിക്രി ചോദിച്ചു. കോൺഗ്രസിന്റെ കത്തിലും പിന്തുണയ്ക്കുന്നവരുടെ വിവരങ്ങൾ ഉണ്ടല്ലോയെന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പിന് മുമ്പും പിമ്പുമുള്ള സഖ്യം വ്യത്യസ്തമാണെന്നും കോടതി വിലയിരുത്തി. തുടർന്നായിരുന്നു നാളെ വിശ്വാസവോട്ടെടുപ്പ് നടത്താമോയെന്നു കോടതി ചോദിച്ചത്. നിയമസഭയിൽ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്നും നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമോയെന്നുമുള്ള കോടതിയുടെ ചോദ്യത്തിന് ബിജെപിയോ കോൺഗ്രസോ ആദ്യം പ്രതികരിച്ചില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വരുന്നതിന് മുമ്പു തന്നെ യെദ്യൂരപ്പ ഗവർണർക്ക് കത്തു നൽകിയതായി കോൺഗ്രസ് അഭിഭാഷകൻ മനു അഭിഷേക് സിങ്വി പറഞ്ഞു. പിന്തുണയുള്ളവരല്ലേ ഭൂരിപക്ഷം തെളിയിക്കേണ്ടത് എന്നും സിങ്വി ചോദിച്ചു. ഗവർണറുടെ വിവേചാനാധികാരം സംബന്ധിച്ച തീരുമാനം തെറ്റാണോ ശരിയാണോ എന്ന് എളുപ്പം തീരുമാനമെടുക്കാൻ കഴിയില്ലെന്നും അക്കാര്യത്തിൽ കൂടുതൽ വാദം കേൾക്കണമെന്നും ഇപ്പോൾ നിയമസഭയിൽ നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കട്ടെ എന്നു കോടതി പറഞ്ഞു. വേനൽ ക്കാല അവധിക്കായി ഇന്ന് പിരിയാനിരിക്കെ അവസാനത്തെ കേസായിട്ടാണ് കേസ് കോടതി കേട്ടത്. അതുകൊണ്ട് തന്നെ അടിയന്തര സാഹചര്യത്തിൽ മാത്രമേ ഇനി കേസ് ഉടൻ സുപ്രീംകോടതി പരിഗണിക്കൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP