Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി കളത്തിലിറങ്ങിയത് കുറഞ്ഞത് രണ്ട് സീറ്റിൽ വിജയവും 20 ശതമാനം വോട്ടുകളും പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതും എത്താൻ; വോട്ട് വിഹിതം വർദ്ധിപ്പിച്ചെങ്കിലും ഒരിടത്തും ചലനം ഉണ്ടാക്കാവാത്തതിന്റെ ഞെട്ടൽ മാറാൻ സമയം എടുക്കും; മാനം കാത്തത് സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മാത്രം; മോദി സുനാമി ഉണ്ടായിട്ടും കേരളത്തിൽ ഒന്നും സംഭവിക്കാത്തതിന്റെ പാപഭാരം ശ്രീധരൻ പിള്ള തന്നെ ഏറ്റെടുക്കേണ്ടി വരും; കേരള ബിജെപി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

ബിജെപി കളത്തിലിറങ്ങിയത് കുറഞ്ഞത് രണ്ട് സീറ്റിൽ വിജയവും 20 ശതമാനം വോട്ടുകളും പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതും എത്താൻ; വോട്ട് വിഹിതം വർദ്ധിപ്പിച്ചെങ്കിലും ഒരിടത്തും ചലനം ഉണ്ടാക്കാവാത്തതിന്റെ ഞെട്ടൽ മാറാൻ സമയം എടുക്കും; മാനം കാത്തത് സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മാത്രം; മോദി സുനാമി ഉണ്ടായിട്ടും കേരളത്തിൽ ഒന്നും സംഭവിക്കാത്തതിന്റെ പാപഭാരം ശ്രീധരൻ പിള്ള തന്നെ ഏറ്റെടുക്കേണ്ടി വരും; കേരള ബിജെപി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജയിക്കാൻ വേണ്ടി മാത്രമാണ് കുമ്മനം രാജശേഖരനെ മത്സരിപ്പിച്ചത്. പത്തനംതിട്ടയിലും കെ സുരേന്ദ്രന്റെ മനസ്സിൽ ജയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് രണ്ടും നടന്നില്ലെന്നത് മാത്രമല്ല ബിജെപിയെ കുഴക്കുന്നത്. വോട്ട് ശതമാനം 20 ആക്കി ഉയർത്തിയേ മതിയാകൂവെന്ന് ദേശീയ നേതൃത്വം നിർദ്ദേശിച്ചിരുന്നു. എന്നാൽ അതും നടന്നില്ല. ബിജെപിക്കും ബിഡിജെഎസിനും പിസി തോമസിന്റെ കേരളാ കോൺഗ്രസിനും കൂടെ കിട്ടിയത് വെറും 16 ശതമാനം വോട്ട് മാത്രം. നേമം നിയോജക മണ്ഡലത്തിൽ മാത്രമാണ് ബിജെപി ഒന്നാമത് എത്തിയത് എന്നതാണ് മറ്റൊരു വസ്തുത. കുറഞ്ഞത് 10 സീറ്റിലെങ്കിലും ഒന്നാമതെത്തുകയെന്ന ലക്ഷ്യവും നടന്നില്ല. അങ്ങനെ കേരളത്തിലെ ബിജെപിക്ക് സമ്പൂർണ്ണ പരാജയമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നൽകിയത്. ഇതിന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ഉത്തരം പറയേണ്ടി വരും. വലിയ പ്രതിസന്ധിയെയാണ് നേതൃത്വം അഭിമുഖീകരിക്കുന്നത്.

തിരുവനന്തപുരം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, അടൂർ, ആറന്മുള, തൃശൂർ, പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ് എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമത് എത്തണമെന്ന നിർദ്ദശം കേന്ദ്ര നേതൃത്വം നൽകിയിരുന്നു. ബിജെപിക്ക് സാധിക്കുമായിരുന്ന ലക്ഷ്യമായാണ് ഏവരും വിലയിരുത്തിയത്. എന്നാൽ നേമത്ത് ഒഴികെ ഒരിടത്തും ബിജെപി ആദ്യമെത്തിയില്ല. സിപിഎം ക്രോസ് വോട്ടുകളാണ് ഇതിന് തടയിട്ടതെന്ന് ബിജെപി കേരള നേതാക്കൾ പറയുന്നു. എന്നാൽ ജാഗ്രതക്കുറവും മണ്ടത്തരവും ആത്മവിശ്വാസക്കുറവുമാണ് എല്ലാത്തിനും കാരണമെന്ന് ദേശീയ നേതൃത്വം തിരിച്ചറിഞ്ഞു കഴിഞ്ഞു. ശബരിമലയെ സുവർണ്ണാവസരമായി കണാണമെന്ന പിഎസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന പോലും തിരിച്ചടിയായെന്ന് ബിജെപി വിലയിരുത്തുന്നുണ്ട്. ഇതിനിടെയിൽ രണ്ട് സ്ഥാനാർത്ഥികൾ അതിഗംഭീര പ്രകടനം കാഴ്ച വച്ചെന്ന് അമിത് ഷാ സമ്മതിച്ചതായാണ് സൂചന. വീണ്ടും മോദി അധികാരത്തിലെത്തിയതിന്റെ വിജയാഹ്ലാദത്തിനിടയിലും അമിത് ഷാ കേരളത്തിലെ കാര്യങ്ങൾ പ്രത്യേകം വിലയിരുത്തിയിരുന്നു.

തൃശൂരിൽ സുരേഷ് ഗോപി അതിഗംഭീരമാക്കി. സുരേഷ് ഗോപിക്ക് വോട്ട് പിടിക്കാനാകില്ലെന്നാണ് കേരളത്തിലെ നേതൃത്വം അമിത് ഷായോട് പറഞ്ഞിരുന്നത്. സിനിമയിലെ അഭിനയം രാഷ്ട്രീയത്തിൽ വിലപോകില്ലെന്നും പറഞ്ഞു. അതുകൊണ്ടാണ് ആദ്യ ഘട്ടത്തിൽ സുരേഷ് ഗോപിയെ ഒരിടത്തും സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നത്. ഒടുവിൽ തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ നിന്ന് വയനാട്ടിലേക്ക് പോയപ്പോൾ സുരേഷ് ഗോപിയെ തൃശൂരിൽ നിർത്തി. നാമനിർദ്ദേശ പത്രിക കൊടുക്കുന്നതിന് മുമ്പെത്തിയ സുരേഷ് ഗോപി തൃശൂരിൽ ബിജെപിക്കായി നേടിയത് രണ്ട് ലക്ഷം അധിക വോട്ടുകളാണ്. തിരുവനന്തപുരത്ത് കുമ്മനത്തിന് കഴിഞ്ഞതിനേക്കാൾ ആവേശം ഉയർത്തി സുരേഷ് ഗോപി വോട്ട് പിടിച്ചു. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയുടെ പ്രകടനത്തെ അത്ഭുതമായി കാണുകയാണ് അമിത് ഷാ.

ബിജെപിയിലെ കേരളാ നേതാക്കളുടെ വിലയിരുത്തലുകൾ തെറ്റാണെന്ന് സുരേഷ് ഗോപിയുടെ പ്രകടനം തെളിയിച്ചു. മുമ്പ് ശ്രീശാന്തിനെ അമിത് ഷാ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചപ്പോഴും തിരുവനന്തപുരത്ത് ശ്രീശാന്ത് പിന്നിൽ പോകുമെന്നായിരുന്നു ബിജെപിയുടെ ജില്ലാ നേതാക്കളുടെ നിലപാട്. എന്നാൽ ശ്രീശാന്ത് 34,000ൽ അധികം വോട്ട് നേടി. അന്ന് തന്നെ ദേശീയ നേതൃത്വത്തിന്റെ സ്ഥാനാർത്ഥികളെ അവഹേളിക്കരുതെന്ന മുന്നറിയിപ്പ് അമിത് ഷാ നൽകിയിരുന്നു. സുരേഷ് ഗോപിയുടെ വോട്ട് നേടലും ദേശീയ നേതൃത്വമാണ് ശരിയെന്ന് തെളിയിക്കുന്നതായിരുന്നു. സുരേഷ് ഗോപിയെ കേരളത്തിലെ ഭാവി പ്രതീക്ഷയായി ബിജെപി ദേശീയ നേതൃത്വം മുന്നിൽ കാണുന്നുണ്ട്. സുരേഷ് ഗോപി രാജ്യസഭാ അംഗമാണ്. സുരേഷ് ഗോപിയെ മന്ത്രിയാക്കാനും സാധ്യതയുണ്ട്.

ബിജെപിക്കായി വൻ നേട്ടമുണ്ടാക്കിയ മറ്റൊരു സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ്. ഏത് സീറ്റിലും മികച്ച വോട്ട് പിടിക്കുന്ന സ്ഥാനാർത്ഥിയാണ് ശോഭാ സുരേന്ദ്രൻ. വടക്കാഞ്ചേരിയിലേയും കൊച്ചിയിലേയും ഉപതെരഞ്ഞെടുപ്പുകളിൽ ഇത് അവർ തെളിയിച്ചു. പാലക്കാട് നിയമസഭയിൽ കഴിഞ്ഞ തവണ രണ്ടാമത് എത്തിയും മികവ് കാട്ടി. എന്നാൽ പാർട്ടിയിലെ ഗ്രൂപ്പിസം ശോഭയെ തളർത്തുകയാണ്. പാലക്കാട് ലോക്‌സഭയിൽ ശോഭയ്ക്ക് മത്സരിക്കാൻ അവസരം കൊടുക്കണമെന്നതായിരുന്നു ദേശീയ നേതൃത്വത്തിന്റെ ആഗ്രഹം. എന്നാൽ ശോഭയെ അവിടെ മത്സരിപ്പിക്കെന്ന നിലപാട് ഗ്രൂപ്പ് നേതാക്കളെത്തി. പാലക്കാട്ടെ പ്രമുഖൻ സി കൃഷ്ണകുമാറിനായി രംഗത്തു വന്നു. കൃഷ്ണകുമാർ പാലക്കാട് ദയനീയമായി മൂന്നാം സ്ഥാനത്തായി. എ ക്ലാസ് മണ്ഡലമൊന്നും മത്സരിക്കാൻ ശോഭാ സുരേന്ദ്രന് നൽകിയതുമില്ല. തീർത്തും പ്രതീക്ഷയില്ലാത്ത ആറ്റിങ്ങലിലേക്ക് അവരെ അയച്ചു. എ്ന്നാൽ തോൽവിയിലും ഞെട്ടിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ ചെയ്തത്. 248081 വോട്ടാണ് ശോഭ നേടിയത്.

തിരുവനന്തപുരത്തിന് തൊട്ട് ചേർന്ന് കിടക്കുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. കുമ്മനത്തിന് വേണ്ടി ഹാലിളക്കി പ്രചരണം നടത്തുന്നതിനിടെയിൽ ശോഭയ്‌ക്കൊപ്പം നേതാക്കളാരും ഉണ്ടായില്ല. ആറ്റിങ്ങലിലെ പ്രാദേശിക നേതാക്കളുമായി പ്രചരണം നടത്തിയാണ് അവർ വോട്ടുയർത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 90,000വോട്ടായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. ഇതിനെയാണ് 248081 വോട്ടാക്കി ശോഭ ഉയർത്തിയത്. അതായത് ഒന്നരലക്ഷത്തോളം വോട്ടുകൾ അവർ ഉയർത്തി. അതും പ്രചരണത്തിൽ പണക്കൊഴുപ്പില്ലാതെ. ആളുകളിലേക്ക് ഇറങ്ങി ചെന്ന് ശോഭ നടത്തിയ ഈ മുന്നേറ്റം നേരത്തെ പാർട്ടിയോ മാധ്യമങ്ങളോ തിരിച്ചറിഞ്ഞിരുന്നില്ല. കുറച്ചു കൂടി പിന്തുണ ശോഭയ്ക്ക് തിരുവനന്തപുരം ജില്ലാ നേതൃത്വം കൊടുത്തിരുന്നുവെങ്കിൽ ശോഭ കുറച്ചു കൂടി മുന്നേറുമായിരുന്നു. അതുകൊണ്ട് തന്നെ സുരേഷ് ഗോപി കഴിഞ്ഞാൽ ശോഭാ സുരേന്ദ്രനാണ് ദേശീയ നേതൃത്വം മാർക്ക് നൽകുന്നത്.

പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ പ്രകടനവും മികച്ചതാണ്. ഒന്നരലക്ഷത്തോളം വോട്ടുകൾ അവിടെ കൂടി. അടൂരും കോന്നിയിലും ആറന്മുളയിലും ഒ്ന്നാം സ്ഥാനം കിട്ടാത്തതാണ് ബിജെപിയെ ഞെട്ടിക്കുന്നത്. തിരുവനന്തപുരത്തും പിടിപ്പുകേടുകൾ വ്യക്തമാണ്. ഇതിനെല്ലാം പി എസ് ശ്രീധരൻ പിള്ള മറുപടി പറയേണ്ടി വരും. ശബരിമല അടക്കം അനുകൂല സാഹചര്യങ്ങൾ വോട്ടാക്കിമാറ്റി അക്കൗണ്ട് തുറക്കുമെന്നു കരുതിയെങ്കിലും ഒരു സീറ്റു പോലും നേടാനാവാതെ ദയനീയാവസ്ഥയിലായി പാർട്ടി. മിസോറം ഗവർണർ പദവി രാജിവച്ചു തലസ്ഥാനത്തു മൽസരിച്ച കുമ്മനം രാജശേഖരൻ മൂന്നു ലക്ഷത്തിലേറെ വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തിയത് ആശ്വാസകരമാണെങ്കിലും ഇവിടെ വിജയത്തിൽ കുറഞ്ഞതൊന്നും ബിജെപി ആഗ്രഹിച്ചിരുന്നില്ല.

17 ദിവസം മാത്രം പ്രചാരണ രംഗത്തുണ്ടായിരുന്ന സുരേഷ് ഗോപി നേടിയത് 2,93,822 വോട്ട്. 2014 ൽ ബിജെപി തൃശൂരിൽ നേടിയതിനേക്കാളും 1,91,141 വോട്ടുകളുടെ വർധന. എറണാകുളത്തു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു 1,37,749 വോട്ടേ നേടാനായുള്ളൂ എങ്കിലും 2014 - നേക്കാൾ നില മെച്ചപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മൂന്നിരട്ടി വോട്ടു കൂടിയ ആലപ്പുഴയാണു ആശ്വാസം പകർന്ന മറ്റൊരു മണ്ഡലം. ഇവിടെ ഡോ. കെ.എസ് രാധാകൃഷ്ണൻ 1,86,278 വോട്ടു നേടി. നിയമസഭാമണ്ഡലങ്ങളിൽ നേമത്തു മാത്രമാണു ബിജെപിക്കു മുന്നിലെത്താൻ കഴിഞ്ഞത്. 2014 -ലെ 10% വോട്ട് എന്നതു 16% ആയി വർദ്ധിച്ചതാണ് നേട്ടമായി ബിജെപി അവതരിപ്പിക്കുന്നത്. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. മോദിയുടെ വികസന-ക്ഷേമപദ്ധതികളേക്കാളും ആയുധമാക്കിയതും ശബരിമല തന്നെ.

ശക്തമായ ത്രികോണ മൽസരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ന്യൂനപക്ഷവോട്ടുകൾക്കൊപ്പം ഭൂരിപക്ഷവോട്ടുകളിലെ ഏറിയ പങ്കും യുഡിഎഫിന് അനുകൂലമായി. എക്‌സിറ്റ് പോളുകളിൽ ബിജെപി ജയിക്കുമെന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായി. ആറന്മുള ഉൾപ്പടെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും ബിജെപി പിന്നിലായി. അടുത്തിടെ എൻഡിഎയിൽ ചേർന്ന പി.സി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിലും പ്രകടനം ദയനീയമായി. ശബരിമല കോൺഗ്രസിനു ഗുണം ചെയ്തതിന്റെ കാരണം ദേശീയനേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരിക്കേണ്ടിവരും. പാർട്ടിയിൽ അഴിച്ചുപണി ഉടനെയുണ്ടായേക്കാമെന്ന സൂചനയും ശക്തമാണ്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും തുഷാർ വെള്ളാപ്പള്ളിക്കുമടക്കം 13 എൻഡിഎ സ്ഥാനാർത്ഥികൾക്കു കെട്ടിവെച്ച തുക നഷ്ടമായി. കണ്ണൂരിൽ സി കെ. പത്മനാഭനാണ് എൻഡിഎ സ്ഥാനാർത്ഥികളിൽ ഏറ്റവും പിന്നിൽ. തൊട്ടു പിന്നിൽ വയനാട്ടിൽ തുഷാർ വെള്ളാപ്പള്ളിയും.

സി.കൃഷ്ണകുമാർ (പാലക്കാട്), സുരേഷ് ഗോപി (തൃശൂർ), പി.സി.തോമസ് (കോട്ടയം), കെ.എസ്.രാധാകൃഷ്ണൻ (ആലപ്പുഴ), കെ.സുരേന്ദ്രൻ (പത്തനംതിട്ട), ശോഭാ സുരേന്ദ്രൻ (ആറ്റിങ്ങൽ), കുമ്മനം രാജശേഖരൻ (തിരുവനന്തപുരം) എന്നിവർക്കു മാത്രമാണ് കെട്ടിവെച്ച തുക ലഭിച്ചത്. പോൾ ചെയ്തതിൽ സാധുവായ വോട്ടിന്റെ ആറിലൊന്നു ലഭിക്കുന്ന സ്ഥാനാർത്ഥിക്കു കെട്ടിവെച്ച തിരികെ ലഭിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP