Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസ് കെ മാണിയുടെ കേരള യാത്ര നടക്കുമ്പോൾ തലസ്ഥാനത്ത് പ്രത്യേക പരിപാടി ഒരുക്കിയത് പഴയ ജോസഫുകാരെ ഒരുമിപ്പിക്കാൻ; കോട്ടയം ഉമ്മൻ ചാണ്ടിക്ക് നൽകി ഇടുക്കി എടുക്കണമെന്ന് വാശി കാട്ടുന്നത് മകൻ അപ്പുവിനെ മത്സരിപ്പിക്കാൻ; ലയനം കൊണ്ട് ഗുണം ഉണ്ടായില്ല എന്ന പ്രഖ്യാപനം സൂചിപ്പിക്കുന്നത് ജനാധിപത്യ കേരളാ കോൺഗ്രസുകാരേയും കൂട്ടി ഇടത് പാളയത്തിലേക്ക് ചേക്കേറുമെന്ന് തന്നെ; കേരളാ കോൺഗ്രസിൽ വീണ്ടും പിളർപ്പിന്റെ വാളൊരുങ്ങുന്നു

ജോസ് കെ മാണിയുടെ കേരള യാത്ര നടക്കുമ്പോൾ തലസ്ഥാനത്ത് പ്രത്യേക പരിപാടി ഒരുക്കിയത് പഴയ ജോസഫുകാരെ ഒരുമിപ്പിക്കാൻ; കോട്ടയം ഉമ്മൻ ചാണ്ടിക്ക് നൽകി ഇടുക്കി എടുക്കണമെന്ന് വാശി കാട്ടുന്നത് മകൻ അപ്പുവിനെ മത്സരിപ്പിക്കാൻ; ലയനം കൊണ്ട് ഗുണം ഉണ്ടായില്ല എന്ന പ്രഖ്യാപനം സൂചിപ്പിക്കുന്നത് ജനാധിപത്യ കേരളാ കോൺഗ്രസുകാരേയും കൂട്ടി ഇടത് പാളയത്തിലേക്ക് ചേക്കേറുമെന്ന് തന്നെ; കേരളാ കോൺഗ്രസിൽ വീണ്ടും പിളർപ്പിന്റെ വാളൊരുങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന പാർട്ടി എന്നാണ് സ്വന്തം പാർട്ടിയായ കേരള കോൺഗ്രസിനെ കെ എം മാണി തന്നെ വിശേഷിപ്പിക്കുന്നത്. ആ ആപ്തവാക്യം പാർട്ടിയിലെ സഹപ്രവർത്തകർ ഇപ്പോഴും അനുകരിക്കും. വളരും തോറും പിളരുക, പിളർന്ന് തന്നെ വളരുക. പിളർന്നാൽ മാത്രമേ എല്ലാവർക്കും മന്ത്രിയാകാൻ കഴിയൂവെന്ന രാഷ്ട്രീയ തന്ത്രമാണ് പിളർപ്പുകളിലൂടെ കേരളാ കോൺഗ്രസുകാർ നടപ്പിൽ വരുത്തിയത്. ഇപ്പോഴിതാ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വീണ്ടും കേരളാ കോൺഗ്രസ് പിളർപ്പിന്റെ വക്കിലാണ്. കെ എം മാണിയെ പിജെ ജോസഫ് ഉപേക്ഷിക്കുമെന്നാണ് സൂചന. ഇടത് പാളയത്തിൽ ചേക്കേറാനാണ് ജോസഫിന്റെ ശ്രമം. ഇതാണ് പാർട്ടി വിരുദ്ധ പ്രസ്താവനകളിലൂടെ ജോസഫ് ചർച്ചയാക്കുന്നത്.

കേരളകോൺഗ്രസി(എം)ൽ അഭിപ്രായഭിന്നത വെളിവാക്കി വർക്കിങ് ചെയർമാൻ കൂടിയായ പി.ജെ.ജോസഫ് രംഗത്ത് വരുന്നത് വ്യക്തമായ പദ്ധതിയുടെ ഭാഗമാണ്. വൈസ് ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'കേരള യാത്ര' പാർട്ടിയിൽ മതിയായ ചർച്ച കൂടാതെയാണെന്നു ജോസഫ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടാമതൊരു സീറ്റ് കേരളകോൺഗ്രസിനു കിട്ടിയേ തീരൂവെന്നും ജോസഫ് വ്യക്തമാക്കി. ജോസ് കെ. മാണിയുടെ യാത്രയ്ക്കു പാർട്ടിയിൽ നിന്ന് കാര്യമായ പിന്തുണ കിട്ടുന്നില്ലെന്ന ആരോപണം ശ്രദ്ധയിൽപെടുത്തിയപ്പോഴാണു വേണ്ടത്ര ചർച്ച ചെയ്യാതെയാണു യാത്ര സംഘടിപ്പിച്ചതെന്ന പരാതി പലരും ഉയർത്തിയിട്ടുണ്ടെന്നു ജോസഫ് അഭിപ്രായപ്പെട്ടത്.

കേരള യാത്ര നടക്കുന്നതിനിടെ പി.ജെ. ജോസഫ് ചെയർമാനായ ഗാന്ധിജി സ്റ്റഡി സെന്ററിന്റ നേതൃത്വത്തിൽ തിരുവനന്തപുരത്തു പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചതും ഭിന്നതയുടെ തെളിവായി ചൂണ്ടിക്കാട്ടുന്നവരുണ്ട്. രണ്ടു മുതൽ അഞ്ചു വരെ പാളയം രക്തസാക്ഷി മണ്ഡപത്തിലാണു പ്രാർത്ഥനാ യജ്ഞം. ഡൽഹി ഗാന്ധി പീസ് മിഷൻ ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഈ യോഗത്തിൽ എല്ലാ പിജെ ജോസഫ് അനുകൂലികളും പങ്കെടുക്കും. ഫ്രാൻസിസ് ജോർജിനെ തന്റെ പ്രധാന ശിഷ്യനായി ജോസഫ് കണ്ടിരുന്നു. ഫ്രാൻസിസ് ജോർജ് ഇപ്പോൾ ഇടതുപക്ഷത്താണ്. ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസിനൊപ്പം ചേരാനാണ് പ്രാർത്ഥനാ യജ്ഞമെന്നാണ് വിലയിരുത്തൽ. ഇതിന് ശേഷം മാണിയെ തള്ളിപ്പറഞ്ഞ് ഇടതിലേക്ക് ജോസഫ് കാലുമാറും. ഇതോടെ പിണറായി സർക്കാരിൽ മന്ത്രിയാകാനുള്ള സാധ്യതയും തെളിയും. ഈ രാഷ്ട്രീയ മലക്കം മറിച്ചിലോടെ ഇടതുമുന്നണയിൽ ഇടുക്കി സീറ്റിന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അർഹരാകും. ഈ സീറ്റിൽ ജോസഫിന്റെ മകൻ അപ്പു മത്സരിക്കാനും സാധ്യതയുണ്ട്.

അതിനിടെ ഇടുക്കിയിൽ ജോസഫ് മത്സരിക്കണമെന്ന ആഗ്രഹവും കേരളാ കോൺഗ്രസിൽ സജീവമാണ്. ജോസഫിന്റെ ശിഷ്യരാണ് ഇതിന് പി്ന്നിൽ. കോട്ടയത്താണ് കേരളാ കോൺഗ്രസിന് നിലവിൽ സീറ്റുള്ളത്. കോട്ടയത്ത് ഉമ്മൻ ചാണ്ടിക്ക് മത്സരിക്കാൻ അവസരമൊരുക്കി ഇടുക്കി യുഡിഎഫിൽ നിന്ന് വാങ്ങണമെന്നാണ് ജോസഫ് പക്ഷത്തിന്റെ ആവശ്യം. എന്നാൽ കോട്ടയം വിട്ടുകൊടുത്തൊരു കളിക്ക് മാണി തയ്യാറല്ല. പാർട്ടിയുടെ കൂടുതൽ ശക്തി കേന്ദ്രം കോട്ടയമാണെന്നാണ് മാണിയുടെ നിലപാട്. ഈ തർക്കം കേരളാ കോൺഗ്രസിനെ വീണ്ടും പിളർത്തും. എന്നാൽ മകൻ അപ്പുവിന് വേണ്ടിയാണ് ജോസഫ് കരുക്കൾ നീക്കുന്നത്. ജോസ് കെ മാണിയെ കേരളാ കോൺഗ്രസിന്റെ അടുത്ത നേതാവായി മാണി ഉയർത്തിക്കാട്ടുന്നതും ജോസഫിനെ ചൊടിപ്പിച്ചിട്ടുണ്ട്.

കേരളാ കോൺഗ്രസിലെ പിളർപ്പിന്റെ സാധ്യത ജോസഫും തള്ളിക്കളയുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് പാർട്ടിക്കു ലഭിക്കണം. കോട്ടയം സീറ്റിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണം. കേരളകോൺഗ്രസി(എം)ൽ തങ്ങൾ ലയിച്ചതിന്റ പ്രയോജനം കിട്ടാത്തപക്ഷം പരാതികളുണ്ടാകും. ജനാധിപത്യ കേരള കോൺഗ്രസടക്കം പുറത്തുള്ള ഘടകങ്ങളുമായി കൈകോർക്കുമോയെന്ന ചോദ്യത്തിനു കേരള കോൺഗ്രസുകാർ ലയിക്കുകയും പിളരുകയും ചെയ്യുന്നതു പതിവാണന്നും സാധ്യത തള്ളിക്കളയാനാകില്ലെന്നുമായിരുന്നു മറുപടി. 2010 തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് കാലത്താണ് 23 വർഷത്തെ ശത്രുത വെടിഞ്ഞ് ജോസഫ് ഗ്രൂപ്പ് മാണിയുടെ കേരള കോൺഗ്രസിൽ ലയിച്ച് പാർട്ടി ഒന്നായത്. അത് വീണ്ടും രണ്ടായി തന്നെ പിരിയുമ്പോൾ പി.ജെ.ജോസഫ് അവർക്കൊപ്പമില്ല എന്നതായിരുന്നു ആ പിളർപ്പിന്റെ പ്രധാന സവിശേഷത. പഴയ ജോസഫ് വിഭാഗത്തിലെ സിറ്റിങ് എംഎ‍ൽഎമാരായ മോൻസ് ജോസഫും, ടി.യു കുരുവിളയും ഈ പിളർപ്പിലും ജോസഫിനൊപ്പം ഐക്യമുന്നണിയിൽ തന്നെ ഉറച്ചു നിന്നു. ഫ്രാൻസിസ് ജോർജിനൊപ്പം ആന്റണി രാജു, പി.സി ജോസഫ്, കെ.സി ജോസഫ് എന്നീ നേതാക്കളാണ് പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക് പോയത്. ഇവർ ഇപ്പോൾ ഇടതുപക്ഷത്തെ ഘടകകക്ഷികളാണ്. ഇവർക്കൊപ്പം ചേരാനും മകനെ രാഷ്ട്രീയത്തിൽ സജീവമാക്കാനുമാണ് ജോസഫിന്റെ പുതിയ പിളർപ്പു നീക്കം.

ലോക്‌സഭാ സീറ്റിനെചൊല്ലി കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. ലയനത്തിന്റെ ഗുണം തനിക്കൊപ്പം നിൽക്കുന്നവർക്ക് ലഭിച്ചില്ലെന്ന് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് ഇന്ന് തുറന്നടിച്ചത് മറ്റു പല രാഷ്ട്രീയ നീക്കങ്ങളും മുന്നിൽകണ്ടാണെന്ന സംശയം ശക്തമായി. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പാർട്ടിക്ക് രണ്ട് സീറ്റ് കിട്ടണമെന്ന നിലപാടിൽ മാറ്റിമില്ലെന്ന നിലപാട് ആവർത്തിക്കാനാണ് ജോസഫിന്റെ നീക്കം. പക്ഷേ കോൺഗ്രസുമായി കൊമ്പുകോർക്കുന്ന ഒരു നിലപാടും പാടില്ലെന്ന നിലപാടിലാണ് കെ എം മാണിയും കൂട്ടരും. അതിനാൽ ജോസഫിന്റെ ഈ നീക്കങ്ങൾക്ക് മാണി വിഭാഗത്തിന്റെ പിന്തുണയില്ലെന്നുറപ്പാണ്. അതേസമയം ജോസഫിന്റെ പുതിയ നീക്കങ്ങൾക്ക് പിന്നിൽ പി സി ജോർജിന്റെ പിന്തുണ ഉണ്ടെന്നാണ് റിപ്പോർട്ടുണ്ട്. മാണി ഗ്രൂപ്പിലെ മുൻപ് തോറ്റുപോയി സ്ഥാനങ്ങൾ കിട്ടാതെ അസംതൃപ്തരായി നിൽക്കുന്ന ഏതാനും പേരുടെ പിന്തുണയും ജോസഫിന്റെ ഈ നീക്കത്തിന് പിന്നിലുണ്ട്.

മാണി ഗ്രൂപ്പ് പിളർന്ന് വേറെ പാർട്ടിയായി യു ഡി എഫിൽ തുടരുന്നതിനുള്ള സാധ്യത പി ജെ ജോസഫ് മുൻപ് ആരാഞ്ഞിരുന്നു. ഈ ആവശ്യവുമായി എ കെ ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലികുട്ടി തുടങ്ങിയ നേതാക്കളെ കഴിഞ്ഞ മാസം ജോസഫ് സന്ദർശിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിന് പിന്തുണ നൽകാനാകില്ലെന്ന നിലപാടായിരുന്നു നേതാക്കൾ ഒന്നടങ്കം സ്വീകരിച്ചത്. ഇതോടെയാണ് പിജെ ജോസഫ് മറ്റു മാർഗങ്ങൾ തേടുന്നത്. മകനെ രാഷ്ട്രീയത്തിൽ സജീവമാക്കുകയാണ് ലക്ഷ്യം. മാണിയുടെ കേരളാ കോൺഗ്രസിലെ അടുത്ത നേതാവ് ജോസ് കെ മാണിയാണെന്ന തിരിച്ചറിയവാണ് ഇതിന് കാരണം. ഇടുക്കി സീറ്റ് കിട്ടിയാൽ അവിടെ മത്സരിച്ച് യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ മന്ത്രിയാകുകയെന്നതാണ് ജോസഫിന്റെ ഒരു ലക്ഷ്യം. അത് സാധ്യമായില്ലെങ്കിൽ തൊടുപുഴയിൽ നിന്നും രാജിവച്ചു ഉപതെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി ഇടതുമുന്നണിയിൽ വീണ്ടും മന്ത്രിയാകാമെന്ന മറ്റൊരു നീക്കവും പരിഗണിക്കുന്നു.

1963 ഡിസംബർ എട്ടിന് ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി.ചാക്കോയുടെ കാർ തൃശൂരിൽ അപകടത്തിൽ പെട്ടപ്പോൾ അതിനുള്ളിൽ ഒരു സ്ത്രീയുണ്ടായിരുന്നിടത്ത് തുടങ്ങിയ വിവാദവും കെട്ടുകഥകൾക്കുമൊടുവിലാണ് പി.ടി ചാക്കോയുടെ മരണവും കേരള കോൺഗ്രസിന്റെ ആവിർഭാവവും. 1964 ലിൽ കോൺഗ്രസുമായി തെറ്റി കെ.എം ജോർജും, ബാലകൃഷ്ണപിള്ളയും അടക്കമുള്ളവർ രൂപവത്കരിച്ച കേരള കോൺഗ്രസ് 60 വർഷം പിന്നിടുന്നതിനിടയിൽ പത്തിലധികം തവണ പിളർന്നു. പിളർന്ന് മാറിയവർ തിരിച്ചെത്തി ലയിക്കുന്നതും പലതവണ കേരളം സാക്ഷിയായി. ഇത് ഇനിയും തുടരുമെന്ന സൂചനയാണ് ജോസഫിന്റെ നീക്കങ്ങൾ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP