Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭൂരിപക്ഷ സമുദായത്തിലെ പാവപ്പെട്ടവർക്കും സംവരണം വേണം; ന്യൂനപക്ഷങ്ങളിലെ സമ്പന്നരെ വിദ്യാഭ്യാസ സംവരണത്തിൽ നിന്നും ഒഴിവാക്കണം; കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തടയാൻ അടിസ്ഥാന നിലപാടുകളിൽ പൊളിച്ചെഴുത്ത് നടത്താൻ ഇടതുപക്ഷം

ഭൂരിപക്ഷ സമുദായത്തിലെ പാവപ്പെട്ടവർക്കും സംവരണം വേണം; ന്യൂനപക്ഷങ്ങളിലെ സമ്പന്നരെ വിദ്യാഭ്യാസ സംവരണത്തിൽ നിന്നും ഒഴിവാക്കണം; കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തടയാൻ അടിസ്ഥാന നിലപാടുകളിൽ പൊളിച്ചെഴുത്ത് നടത്താൻ ഇടതുപക്ഷം

കെ വി നിരഞ്ജൻ

കോഴിക്കോട്: അരുവിക്കര തെരഞ്ഞെടുപ്പിലെ തോൽവി കേരളത്തിലെ ഇടതു പ്രസ്ഥാനങ്ങളെ സംബന്ധിച്ചടത്തോളം ഏറെ ചിന്തിപ്പിച്ച കാര്യമാണ്. ബിജെപിയുടെ കടന്നുകയറ്റം ഏറ്റവും അലോസരപ്പെടുത്തുന്നത് സിപിഐ(എം) അടക്കമുള്ള പാർട്ടികളെ തന്നെ. എന്നാൽ, ഇപ്പോഴുണ്ടായ തോൽവിയിൽ നിന്നും പാഠമുൾക്കൊണ്ട് പുതിയ ആശയങ്ങൾ സ്വീകരിച്ച് വളരാൻ ഒരുങ്ങുകയാണ് ഇടതുപാർട്ടികൾ. തോൽവിയെ തുടർന്ന് സമുദായിക വിഷയത്തിലും സംവരണ വിഷയത്തിലും പുനർവിചിന്തനം നടത്തുകയാണ് സിപിഐ(എം) അടക്കമുള്ള പാർട്ടികൾ.

ഭൂരിപക്ഷ വോട്ടുകളിൽ ഒരു വിഭാഗം പ്രത്യേകിച്ച് പുതുതലമുറ പാർട്ടിയിൽനിന്ന് അകലുകയാണെന്ന സത്യം സിപിഎമ്മും, സിപിഐയും ഇപ്പോൾ തിരച്ചറിയുന്നുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ഇക്കാര്യം വെട്ടിത്തുറന്ന് പറയുകയും ചെയ്തു. മതന്യൂനപക്ഷങ്ങളുടെ താൽപര്യസംരക്ഷണം മാത്രമായി ഇടതുപക്ഷം ചുരുങ്ങിപ്പോയതായി ഭൂരിപക്ഷത്തിന് ധാരണയുണ്ടെന്ന് കാനം വ്യക്തമാക്കി.

ഇടതുപാർട്ടികളുടെ മാറുന്ന മനസ്സാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിപിഐ(എം) ആകട്ടെ ഒരുകാലത്ത് ഇ.എം.സ് ഉയർത്തിക്കൊണ്ടുവന്ന സാമ്പത്തിക സംവരണമടക്കമുള്ള വിഷയങ്ങൾ വീണ്ടും തിരിച്ചുകൊണ്ടു വരാൻ നീക്കം നടത്തുന്നുണ്ട്. കേരളത്തിന്റെ മാറുന്ന സാമുദായിക-സാമ്പത്തിക സ്ഥിതി ഇടതുബുദ്ധിജീവികളും പണ്ഡിതരും വിശകലനം ചെയ്തുവരികയാണ്.

1925ൽ രൂപവത്കരിച്ചതുമുതൽ രണ്ടു സമാന്തരരേഖകളായി സഞ്ചരിക്കുന്ന ആർ.എസ്.എസും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള അകലം ചെറുതാവുന്നുണ്ടോയെന്ന് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് പറഞ്ഞുകൊണ്ട്, കാനം രാജേന്ദ്രൻ ഈ വിഷയത്തിൽ സംവാദത്തിന് തുടക്കമിട്ടുകഴിഞ്ഞു. ഇന്നലെ തലശ്ശേരിയിൽ എൻ.ഇ. ബാലറാം, പി.പി. മുകുന്ദൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തവയെണാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

'ഇടതുപക്ഷ വോട്ടർമാർ മാറിച്ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന ചർച്ചയാണ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്നത്. നിയമസഭാ ഉപതെരഞ്ഞെടുപ്പുവച്ച് ഇത് വിലയിരുത്താനാവില്ല. എന്നാൽ, രണ്ടു ചിന്താധാരകൾ തമ്മിലുള്ള അകലം ചെറുതാവുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. ഒരു പാർട്ടിവിട്ട് മറ്റേതിലേക്കും തിരിച്ചും ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. പണ്ട് അങ്ങനെ ആയിരുന്നില്ല. പുതിയ സാഹചര്യത്തിൽ ഈ അവസ്ഥ അപഗ്രഥിക്കാൻ ഇടതുപക്ഷം തയാറാകണം. മതന്യൂനപക്ഷങ്ങളുടെ താൽപര്യസംരക്ഷണം മാത്രമായി ഇടതുപക്ഷം ചുരുങ്ങിപ്പോയതായി ഭൂരിപക്ഷത്തിന് ധാരണയുണ്ടായാൽ അതിനെ തെറ്റുപറയാൻ പറ്റില്ല'.കാനം കൂട്ടിച്ചേർത്തു.

ഇടതുപക്ഷം നാട്ടുകാരുടെ പ്രശ്‌നങ്ങളിൽനിന്ന് അകന്നതാണ് അരുവിക്കരയിലെ തോൽവിക്ക് കാരണമെന്ന് ചടങ്ങിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യൻ രവീന്ദ്രനും വ്യക്തമാക്കി.നേരത്തെ തെരഞ്ഞെടുപ്പിൽ പറഞ്ഞ കണക്ക് പ്രകാരം വോട്ടുകൾ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴങ്ങനെ അല്ല. ഇത് കമ്യൂണിസ്റ്റ് പാർട്ടികളുടെ വേരിന് ശക്തിയില്ലാതെയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാനത്തിന്റെ വാക്കുകൾ കേരളത്തിലെ ഇടതുപക്ഷത്തിന്റെ മൊത്തത്തിലുള്ള തിരിച്ചറിവിൽ നിന്നുണ്ടായതാണെന്ന വിലയിരുത്തുന്നവർ ഏറെയാണ്. സംവരണം അടക്കമുള്ള വിഷയങ്ങളിൽ ഇടപെട്ട് പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ വെട്ടിപ്പിടിക്കുകയാണ് ഇടതുപക്ഷം വേണ്ടതെന്ന് വാദിക്കുന്നവരും ഏറെയാണ്. എസ്്.ഇ എസ്.ടി സംവരണംമാത്രമാണ് കേരളത്തിന്റെ നിലവിലുള്ള സാമുദായിക ഘടനയനുസരിച്ച് നിലനിർത്തേണ്ടതെന്നാണ് പ്രമുഖരായ ഇടതുപക്ഷ ബുദ്ധിജീവികളിൽ ചിലരുടെ അഭിപ്രായം. സ്വകാര്യമേഖലയും ഗാൾഫും മറ്റുമായ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾ സാമ്പത്തികമായി തെറ്റില്ലാത്ത വിധത്തിൽ ഉയർന്നുകഴിഞ്ഞു. ഇത്തരക്കാരെ വിദ്യാഭ്യാസ സംവരണത്തിൽ നിന്നെങ്കിലും മാറ്റിനിർത്തിയാൽ ആ സമുദായത്തിലെ അർഹിക്കുന്നവർക്ക് കൂടുതൽ പരിഗണന കിട്ടും.

അതോടൊപ്പം ഭൂരിപക്ഷ വിഭാഗത്തിൽപെടുന്ന പാവപ്പെട്ടവർക്കും കൂടുതൽ പരിഗണനകിട്ടും. മുന്നോക്ക സമുദായങ്ങളിലെ പിന്നാക്കക്കാർക്കും 5 ശതമാനം സംവരണം വേണമെന്ന ഇ.എം.സിന്റെ വാദവും ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ചർച്ചകൾ അനൗദ്യോഗികമായി പലവഴിക്കും നടക്കുന്നുണ്ടെങ്കിലും സിപിഐ (എം) ഔദ്യോഗികമായി ഈ വിഷയത്തിൽ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. നവംബർ അവസാനം കൊൽക്കൊത്തയിൽ ചേരുന്ന പാർട്ടി പഌനത്തിൽ സംഘടനാപ്രശ്‌നങ്ങൾകൊപ്പം കേരളത്തിലെ സാമുദായിക സാമ്പത്തിക ഘടനയും ചർച്ചയാവുന്നുണ്ട്.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ബംഗാളിൽ പ്രതീക്ഷ പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇനി ഏക പ്രതീക്ഷ കേരളത്തിൽ മാത്രമാണ്. ഏതാനും നാളുകളായി സിപിഐ(എം) ന്യൂനപക്ഷങ്ങളെ അമിതമായി ലാളിക്കുന്നു എന്ന ആക്ഷേപം കേരളത്തിലെ ഭൂരിപക്ഷങ്ങൾക്കിടയിൽ ശക്തമാണ്. ഇതിന്റെ അനുരണനമാണ് അരുവിക്കരയിൽ ഉണ്ടായതെന്നും പാർട്ടി വിലയിരുത്തുന്നു. പാർട്ടിയുടെ ഏറ്റവും അടിസ്ഥാന വിഭാഗമായിരുന്ന ഈഴവ സമുദായം പാർട്ടിയിൽ നിന്നും ഏറെ അകന്നു കഴിഞ്ഞു. ഇങ്ങനെയുള്ള സാഹചര്യത്തിൽ സമുദായ സംവരത്തിൽ ഉപരിയായി സാമ്പത്തിക സംവരണം എന്ന നിലപാട് സ്വീകരിച്ചാൽ ജാതിമത വ്യത്യാസമാല്ലാതെ പിന്തുണ കിട്ടുമെന്നും ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP