Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ ആഞ്ഞടിച്ച് ലീഗ്; ഇങ്ങനെ പോയാൽ സമദൂരത്തിലേക്ക് തങ്ങൾക്കും അധിക ദൂരമില്ലെന്ന് ഭീഷണി; മാണിക്കെതിരെ ആഞ്ഞടിക്കാനെത്തിയ കോൺഗ്രസ് നേതാക്കൾ ആയുധം താഴെയിട്ടു; മാണിയോട് സംയമനമെന്ന നിലപാട് എടുത്തത് ലീഗിനെ പേടിച്ച്

കോൺഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ ആഞ്ഞടിച്ച് ലീഗ്; ഇങ്ങനെ പോയാൽ സമദൂരത്തിലേക്ക് തങ്ങൾക്കും അധിക ദൂരമില്ലെന്ന് ഭീഷണി; മാണിക്കെതിരെ ആഞ്ഞടിക്കാനെത്തിയ കോൺഗ്രസ് നേതാക്കൾ ആയുധം താഴെയിട്ടു; മാണിയോട് സംയമനമെന്ന നിലപാട് എടുത്തത് ലീഗിനെ പേടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിലെ പടലപ്പിടക്കങ്ങളുടെ അനന്തരഫലമാണ് മാണിയുടെ മുന്നണി വിട്ടുപോക്കലിന് കാരണമെന്ന മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദിന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയായിരുന്നു. കെ.എം. മാണി എന്തു കാരണങ്ങൾ മൂലമാണു മുന്നണി വിട്ടതെന്ന വ്യക്തമാക്കാതെ കോൺഗ്രസിനു മേൽ കുറ്റം ആരോപിക്കുന്നത് ശരിയല്ലെന്നു രമേശ് ചെന്നിത്തല മറുപടി നൽകിയെങ്കിലും കേരളാ കോൺഗ്രസ് വിഷയത്തിൽ ഐ ഗ്രൂപ്പ് തീർത്തും പ്രതിരോധത്തിലായി. മാണിയെ അനുനയിപ്പിക്കാൻ ശ്രമിക്കുമെന്ന് യുഡിഎഫ് യോഗത്തിന് ശേഷം രമേശ് ചെന്നിത്തലയ്ക്ക് തുറന്ന് പറയേണ്ടിയും വന്നു. പുകഞ്ഞ കൊള്ളി പുറത്തെന്ന ഐ ഗ്രൂപ്പ് നിലപാടാണ് ഇതിലൂടെ മാറി മറിഞ്ഞ്. ഇനിയാരും ലീഗിനെ വിമർശിക്കരുതെന്ന ലീഗിന്റെ ആവശ്യത്തിന് മുന്നിൽ കോൺഗ്രസ് പതറി. അങ്ങനെ കേരളാ കോൺഗ്രസിനെ പുറത്താക്കാനായി ചേർന്ന യുഡിഎഫ് യോഗം ആന്റി ക്ലൈമാക്‌സിൽ അവതരിപ്പിച്ചു.

അങ്ങനെ കെ.എം. മാണി മടങ്ങിവരുമെന്ന പ്രതീക്ഷയിലേക്ക് കോൺഗ്രസും യുഡിഎഫും. തദ്ദേശസ്ഥാപനങ്ങളിൽ നിലവിലെ സ്ഥിതി തുടരാൻ കേരള കോൺഗ്രസ് തീരുമാനിച്ചതാണ് യുഡിഎഫിൽ പ്രതീക്ഷ നിലനിർത്തുന്നത്. അതിനാൽ തത്കാലം മാണിയെ പ്രകോപിപ്പിക്കേണ്ടെന്ന നിലപാടാണ് യുഡിഎഫ് യോഗത്തിൽ കോൺഗ്രസും മറ്റ് ഘടകകക്ഷികളും സ്വീകരിച്ചത്. മാണിയില്ലാത്ത ആദ്യ യുഡിഎഫ് യോഗമാണ് നടന്നതെങ്കിലും മാണിയുടെ അഭാവം അനുഭവപ്പെടാതിരിക്കാനുള്ള തന്ത്രങ്ങളാണ് നേതാക്കൾ പുലർത്തിയത്. മുന്നണി വിട്ട തീരുമാനം മാണി പുനപ്പരിശോധിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. അതിനാൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന മാണിയുടെ നിലപാടിനോട് പ്രതികരിക്കേണ്ട. ഒത്തുതീർപ്പു ചർച്ചകളുമായി മാണിയുടെ പുറകെ പോകണ്ട. എന്നാൽ കേരള കോൺഗ്രസ് ചർച്ചയ്ക്കു തയ്യാറായാൽ കോൺഗ്രസ് പിന്നോട്ടു പോകില്ല. മാണിയുമായി സാഹചര്യങ്ങൾക്കനുസരിച്ച് ചർച്ച നടത്താൻ മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയോടാണ് യുഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്. മാണിയെ അനുനയിപ്പിക്കാൻ ഉമ്മൻ ചാണ്ടിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

മാണിക്കെതിരെ നിലപാട് കടുപ്പിച്ചാൽ മറ്റുള്ള ഘടകകക്ഷികളും മുന്നണിവിടുമെന്ന ഭീഷണിയാണ് യോഗത്തിൽ ആദ്യം മുതലേ ഉയർന്നത്. യുഡിഎഫിലെ മൂന്നാം കക്ഷിയായിരുന്ന മാണി മുന്നണി വിട്ടതിന്റെ ഉത്തരവാദിത്തം കോൺഗ്രസിന് മാത്രമാണെന്ന് ലീഗ് ആഞ്ഞടിച്ചു. ഇതോടെ നിലവിൽ അസ്വാരസ്യങ്ങളുണ്ടായിരുന്ന ജെഡിയുവും കേരള കോൺഗ്‌സ് ജേക്കബ് ഗ്രൂപ്പും കോൺഗ്രസിനെതിരെ രംഗത്തെത്തി. മുന്നണിമര്യാദ പാലിക്കുന്നതിൽ പലപ്പോഴും കോൺഗ്രസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് രണ്ടുകക്ഷികളും വാദിച്ചു. മാണിക്കുവേണ്ടി ഉമ്മൻ ചാണ്ടി രംഗത്തെത്തിയെങ്കിലും മാണിവിഭാഗത്തോട് ഒരു ദാക്ഷ്യണ്യവും കാണിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ സ്വീകരിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ മുന്നണിബന്ധവും മുറിക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. ഇതിനെ ഉമ്മൻ ചാണ്ടി എതിർത്തതോടെ കോൺഗ്രസാണ് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുന്നതെന്ന് പറഞ്ഞു ലീഗ് ഇടപെടുകയായിരുന്നു. കേരളാ കോൺഗ്രസിനെ പോലെ സമദൂരത്തിലേക്ക് തങ്ങൾക്കും പോവേണ്ട സാഹചര്യം ഉണ്ടെന്ന ലീഗ് പറയാതെ പറയുകയാണ്.

പ്രശ്‌നപരിഹാരത്തിന് കോൺഗ്രസിൽ തന്നെ ഒരു അഭിപ്രായ സമന്വയമില്ലെന്നും ഇത് തുടരാനാണ് ഭാവമെങ്കിൽ തങ്ങൾക്ക് തനതായ വഴി നോക്കേണ്ടി വരുമെന്നും ലീഗ് നേതാവ് കെ പി എ മജീദ് വ്യക്തമാക്കി. കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങളാണ് സ്ഥിതിഗതികൾ വഷളാക്കിയത്. അത് പരിഹരിക്കാൻ നേതൃത്വത്തിനാകാത്തത് വീഴ്ചയാണ്. താഴേത്തട്ടിൽ യുഡിഎഫ് സംവിധാനമേ ഇല്ല. നിലവിലെ യുഡിഎഫ് സംവിധാനം ഉടച്ചുവാർക്കണമെന്നും യോഗത്തിൽ കെ പി എ മജീജ് തുറന്നടിച്ചു. ഇതോടെ മറ്റുകക്ഷികളും ലീഗിനെ പിന്തുണച്ചു. തുടർന്ന് തദ്ദേശ സ്ഥാപനങ്ങളിലെ മുന്നണിസംവിധാനം തുടരാൻ കോൺഗ്രസ് നിർബന്ധിതമായി. കെഎം മാണിക്കും കൂട്ടർക്കും തിരിച്ചുവരാനുള്ള സാധ്യത നിലനിർത്തണമെന്ന് യോഗത്തിൽ ഘടകകക്ഷികൾ നിലപാടെടുത്തു. കോൺഗ്രസിലെ ഐ ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ് ഇത്. രമേശ് ചെന്നിത്തലയെ പ്രതിക്കൂട്ടിലാക്കാൻ മാണി ശ്രമിക്കുന്നതു കൊണ്ട് ഇനി കേരളാ കോൺഗ്രസ് വേണ്ടെന്നായിരുന്നു ഐ ഗ്രൂപ്പിന്റെ പക്ഷം.

ചർച്ചകൾക്ക് മുൻകൈ എടുക്കില്ലെങ്കിലും മുന്നണി വിടാനെടുത്ത തീരുമാനം കേരള കോൺഗ്രസ് പുനഃപരിശോധിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടതും ചെന്നിത്തലയ്ക്കാണ് തിരിച്ചടിയാവുന്നത്. യുഡിഎഫിന്റെ നീതികേടിനെതിരെ പ്രതിഷേധിച്ചാണ് മാണികോൺഗ്രസ് യുഡിഎഫ് വിട്ടത്. ഇതൊരു മൂന്നറിയിപ്പാണെന്ന് ജെഡിയുവും മാണിവിഷയത്തിൽ കോൺഗ്രസ് നേതാക്കളുടെ ധാഷ്ട്ര്യം ശരിയല്ലെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും നിലപാട് എടുത്തതും ചെന്നിത്തല പക്ഷത്തെ ഞെട്ടിച്ചു. ഈ സാഹചര്യത്തിലാണ് യോഗത്തിനു ശേഷം യുഡിഎഫ് വാതിലുകൾ മാണിക്കു വേണ്ടി തുറന്നിട്ടിരിക്കുന്നു എന്ന തരത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചത്. തദ്ദേശസഹകരണ സ്ഥാപനങ്ങളിലെ ഐക്യം തുടരുമെന്ന മാണിയുടെ പ്രഖ്യാപനം കോൺഗ്രസ് അതേപടി അംഗീകരിച്ചു. മാണി ബന്ധം അവസാനിപ്പിച്ചിട്ടും എന്താണു കോൺഗ്രസ് കൃത്യമായ നിലപാട് എടുക്കാത്തതെന്ന ചോദ്യങ്ങളോടൊന്നും ചെന്നിത്തല കൃത്യമായ മറുപടി നൽകിയില്ല. മാണി മുന്നണി വിട്ടതിന്റെ കാരണങ്ങൾ വ്യക്തമല്ലെന്നും അദ്ദേഹം ഇപ്പോഴും മുന്നണിയുടെ ഭാഗം തന്നെയാണെന്നാണു കരുതുന്നതെന്നുമായിരുന്നു ചെന്നിത്തലയുടെ മറുപടി.

തദ്ദേശ സ്ഥാപനങ്ങളിലും ഭരണം പോയാൽ അതത് ജില്ലകളിലെ യുഡിഎഫ് അടിത്തറ പൂർണമായി തകരും.നേട്ടം ബിജെപിക്കായിരിക്കും ലഭിക്കുക. ഇതാണ് മാണിയെ പ്രകോപിപ്പിക്കാതെ മുന്നോട്ടു പോകാൻ കോൺഗ്രസിനെയും യുഡിഎഫിനെയും പ്രേരിപ്പിക്കുന്ന ം ഘടകം. മാണി, കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്നാണ് യുഡിഎഫ് യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചനും പറഞ്ഞത്. മാണിക്കെതിരായ തങ്ങളുടെ ആദ്യ പ്രതികരണങ്ങളെ വൈകാരികമായി മാത്രം കണ്ടാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു. ഇത് കോൺഗ്രസിന്റെ നിലപാട് മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്. യുഡിഎഫിനുള്ളിലെ ജെഡിയുവും മുന്നണി മാറ്റത്തിന് തയ്യാറെടുക്കുന്നതായി സൂചനയുണ്ട്. ജെഡിയുവിനും ആർഎസ്‌പിക്കും എപ്പോൾ വേണമെങ്കിലും ഇടതുപക്ഷത്തേക്ക് വരാമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യമായി പറഞ്ഞു. യുഡിഎഫിനെ തകർക്കുകയാണ് സിപിഐ(എം) ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തവുമാണ്. അതിനാൽ കരുതലോടെ നീങ്ങാനാണ് കോൺഗ്രസിലെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP