സജി ചെറിയാന്റെ വിജയം വൻ തിരിച്ചടിയായത് അവസാന നിമിഷം യുഡിഎഫിനൊപ്പം കൂടിയ കെ എം മാണിക്ക്; ഏറ്റവും വലിയ നേട്ടം രാഷ്ട്രീയ വനവാസത്തിനിടയിൽ താരതിളക്കത്തോടെ വന്ന ശോഭനാ ജോർജ്ജിന്; മുഖം രക്ഷിച്ചത് പരസ്യമായി നിഷ്പക്ഷത പറഞ്ഞ് എൽഡിഎഫിനെ തുണച്ച് വെള്ളാപ്പള്ളി; ചെങ്ങന്നൂർ ലാഭ നഷ്ടക്കണക്കുകൾ എടുക്കുമ്പോൾ
May 31, 2018 | 11:56 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: കെ എം മാണിയുടെ മനസ്സ് ഇടതുപക്ഷത്തേക്കായിരുന്നു. എന്നാൽ കാനം രാജേന്ദ്രന്റെ വിമർശനങ്ങളും പിജെ ജോസഫിന്റെ നിലപാടും മാണിയെ ആശയക്കുഴപ്പത്തിലാക്കി. പികെ കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രം മാണിയെ വെട്ടിലാക്കി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചെത്തിയപ്പോൾ മനസ്സ് ഇടറി. അങ്ങനെ മാണി ഇടത് മോഹങ്ങൾ വിട്ട് വീണ്ടും യുഡിഎഫിനായി വോട്ട് പിടിച്ചു. ചെങ്ങന്നൂരിൽ വിജയകുമാറിനെ ജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ഈ അഭ്യർത്ഥന കൂടിയാണ് വോട്ടർമാർ തള്ളിയത്. അതുകൊണ്ട് തന്നെ പരസ്യ പിന്തുണ പ്രഖ്യാപിക്കാതിരുന്നെങ്കിൽ പോലും ഉണ്ടാകുമായിരുന്ന രാഷ്ട്രീയ കരുത്ത് മാണിക്ക് ഇല്ലാതാവുന്നു. ഇനി ഇടതു മുന്നണിയിലേക്ക് മാണിയെ സിപിഎം വിളിക്കില്ല. യുഡിഎഫ് മാത്രമാണ് ഏക ആശ്രയം. അങ്ങനെ അവസാന നിമിഷത്തെ തീരുമാനം എടുക്കൽ വിലപേശലിനുള്ള മാണിയുടെ കരുത്ത് ചോർത്തുകയാണ്.
ശോഭനാ ജോർജാണ് ഇവിടെ ഉയർത്തേണീറ്റ നേതാവ്. ശോഭനാ ജോർജിനെ ഒപ്പം നിർത്താൻ കോൺഗ്രസും കരുക്കൾ നീക്കി. എംഎം ഹസൻ നേരിട്ട് ശോഭനയുമായി ചർച്ച നടത്തി. എന്നാൽ സിപിഎം ക്യാമ്പിലേക്ക് മാറാനായിരുന്നു ശോഭനയുടെ തീരുമാനം. അങ്ങനെ സജി ചെറിയാന്റെ കൺവെൻഷൻ വേദിയിൽ ശോഭന എത്തി. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടു. ഓർത്തഡോസ്ക് സഭയുടെ പൂർണ്ണ പിന്തുണ സജി ചെറിയാന് അനുകൂലമാക്കാൻ വോട്ട് തേടി ശോഭന നടന്നു. അങ്ങനെ ചെങ്ങന്നൂരിന്റെ മുൻ എംഎൽഎയ്ക്ക് രാഷ്ട്രീയത്തിൽ പുനർജന്മം നൽകുകയാണ് സജി ചെറിയാൻ വിജയം. ഇനി സിപിഎമ്മുമായി ചേർന്ന് പോകാൻ ശോഭനയ്ക്ക് കഴിയും. സജി ചെറിയാന്റെ വിജയത്തിൽ തന്റെ പങ്കും ഉയർത്തിക്കാട്ടാനുമാകും. ഓർത്തഡോക്സ് മേഖലകളിലെ സജി ചെറിയാന്റെ മുന്നേറ്റം കരുതലോടെ കളിച്ച ശോഭനയുടെ കൂടെ വിജയമാണ്. വെള്ളാപ്പള്ളി നടേശനും ഇനി പുഞ്ചിരിക്കാം. ബിജെപിയെ പാഠം പഠിപ്പിച്ച് സിപിഎമ്മിനെ വിജയിപ്പിക്കാനായതാണ് വെള്ളാപ്പള്ളിയെ താരമാക്കുന്നത്.
കോൺഗ്രസ് നേതാക്കൾ സ്നേഹം പകർന്നുനൽകിയപ്പോൾ മനസ്സുമാറിയെന്നായിരുന്നുചെങ്ങന്നൂരിൽ യു.ഡി.എഫ്.സ്ഥാനാർത്ഥി ഡി.വിജയകുമാറിന് പിന്തുണ പ്രഖ്യാപിക്കാൻ ചേർന്ന കേരള കോൺഗ്രസ് സമ്മേളനത്തിൽ കെ എം മാണി പറഞ്ഞത്. കേരള കോൺഗ്രസ് യു.ഡി.എഫ്. വിട്ട് ഇറങ്ങിപ്പോന്നവരാണ്. അതിന് കാരണമുണ്ടായിരുന്നു. അന്ന് സ്നേഹം പങ്കുവച്ചിരുന്നില്ല. സ്നേഹമില്ലാത്ത തറവാടായിരുന്നു. പരസ്?പരവിശ്വാസമോ സഹകരണമോ ഇല്ലാത്ത കുടുംബം. അവിടെ തുടരാൻ ഞങ്ങൾക്ക് പറ്റിയില്ല. ആ നിലയിൽ ഇറങ്ങിപ്പോന്നു. കെപിസിസി.യുടെ അഭിവന്ദ്യരായ നേതാക്കൾ ഇപ്പോൾ പാലായിൽ വന്നു. അവർ സ്നേഹം പകർന്നുതന്നു, വിശ്വാസത്തിലെടുത്തു. അവരുടെ സ്നേഹത്തിനുമുന്നിൽ എന്റെ മനസ്സുമാറി. നമുക്ക് ആ പഴയ സ്നേഹം തിരിച്ചുകിട്ടി. വിശ്വാസം തിരിച്ചുവന്നു. ആ ഒരൊറ്റ സന്തോഷത്തിലാണ് യു.ഡി.എഫിലേക്ക് മടങ്ങിവരാൻ തീരുമാനമെടുത്തതെന്നായിരുന്നു മാണി വിശദീകരിച്ചിരുന്നത്. ചെങ്ങന്നൂരിൽ ഭരണവിരുദ്ധ വികാരം കോൺഗ്രസിനെ തുണയ്ക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ മാറ്റം. ഇതാണ് തെറ്റിയത്.
പാർട്ടി നിയോഗിച്ച സബ് കമ്മിറ്റികൂടി ശുപാർശ കോൺഗ്രസിന് അനുകൂലമായിരുന്നു. പിജെ ജോസഫും മോൻസ് ജോസഫും അടക്കമുള്ളവരായിരുന്നു ഈ ശുപാർശയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. പാർട്ടിയിൽ പിളർപ്പുണ്ടാകുമെന്ന് പറഞ്ഞ് മാണിയെ വെട്ടിലാക്കി. ഒടുവിൽ സിപിഎമ്മിനോട് അടുക്കാൻ ആഗ്രഹിച്ച ജോസ് കെ മാണിയും നിലപാട് മാറ്റി. ഇതോടെയാണ് മാണി കോൺഗ്രസ് ക്യാമ്പിലെത്തിയത്. ചെങ്ങന്നൂരിൽ സിപിഎമ്മിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നുവെങ്കിൽ മാണിയുടെ കൂടെ വിജയമായി ചെങ്ങന്നൂർ മാറുമായിരുന്നു. മാണിയെ ഇടതിനോട് അടുപ്പിച്ച് നിർത്താൻ സജി ചെറിയാൻ നേരിട്ട് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ സിപിഐ നേതാവ് കാനം രാജേന്ദ്രൻ നിരന്തരം മാണിയെ കടന്നാക്രമിച്ചു. ഇതും മാണിയുടെ മനസ്സ് മാറ്റത്തിന് കാരണമായ ഘടകമാണ്. ചെങ്ങന്നൂരിലെ നിലപാട് വിശദീകരണത്തോടെ താമസിയാതെ മാണിക്ക് യുഡിഎഫിലേക്ക് മടങ്ങിയെത്തേണ്ട സാഹചര്യമാണ് ഉള്ളത്.
ചെങ്ങന്നൂരിൽ രണ്ട് തവണ എംഎൽഎയായിരുന്നു ശോഭനാ ജോർജ്. വിവാദങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ എംഎൽഎ പദവി പോയി. ഇടവേളയ്ക്ക് ശേഷം കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും അർഹിക്കുന്ന പരിഗണന ആരും നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ തവണ ശോഭനാ ജോർജ് സ്വതന്ത്ര സ്ഥാനാർത്ഥിയായി. വലിയ വോട്ട് കിട്ടിയില്ലെങ്കിലും വിഷ്ണുനാഥിന്റെ തോൽവിയിൽ ശോഭനാ ജോർജിനും പങ്കുവഹിക്കാനായി. ഈ തെരഞ്ഞെടുപ്പിന് ശേഷം ശോഭന രാഷ്ട്രീയ വനവാസത്തിലായി. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പെത്തിയപ്പോൾ ഓർത്തഡോക്സ് സഭയുടെ കരുത്ത് സിപിഎം തിരിച്ചറിഞ്ഞു. കഴിഞ്ഞ തവണ സഭ പരസ്യമായി തന്നെ ശോഭനയെ പിന്തുണച്ചിരുന്നു. ഇത് മനസ്സിലാക്കി സിപിഎം നേതൃത്വം ശോഭനയോട് സഹായം തേടി. വില പേശലുകൾ നടത്താതെ ശോഭന സജി ചെറിയാനെ പിന്തുണച്ചു. അത് പാഴായില്ല. ചെങ്ങന്നൂരിൽ ഇടത് തരംഗമെത്തി.
യു.ഡി.എഫ്, എൻ.ഡി.എ അനുകൂല മേഖലകളിൽപ്പോലും വ്യക്തമായ മുൻതൂക്കം നേടിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ കുതിക്കുന്നത്. എൽ.ഡി.എഫിന്റെ ചെങ്ങന്നൂരിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് സജി ചെറിയാൻ എത്തിയത്. 1987ൽ മാമ്മൻ ഐപ്പിന് ലഭിച്ച 15703 ആണ് എൽ.ഡി.എഫിന് ചെങ്ങന്നൂരിൽ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം. ഇതാണ് സജി ചെറിയാൻ മറി കടന്നത്. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും സജി ചെറിയാൻ വ്യക്തമായ ഭൂരിപക്ഷം നേടി. ഈ പഞ്ചായത്തുകളിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും സജി ചെറിയാൻ പിന്നോട്ട് പോയില്ല. കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ സ്ഥലങ്ങളാണ് പാണ്ടനാടും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയും. എന്നാൽ പാണ്ടനാട് എൽ.ഡി.എഫ് 548 വോട്ടിന്റേയും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ 753 വോട്ടിന്റേയും ഭൂരിപക്ഷം നേടി. ഇതെല്ലാം ശോഭനയുടെ വോട്ട് പിടിത്തം മൂലമാണെന്ന വാദം അവർ സജീവമാക്കും. എല്ലാത്തിലും ഉപരി ഓർത്തഡോക്സ് സഭാ വോട്ടുകൾ മുഴുവൻ സജി ചെറിയാന് കിട്ടുന്നുവെന്ന് അവർ ഉറപ്പാക്കി. അതുകൊണ്ട് തന്നെ ഇടതുപക്ഷവുമായി ചേർന്ന് പുതിയൊരു ഇന്നിങ്സ് തുടങ്ങാൻ ഇനി ശോഭനാ ജോർജിന് കഴിയും.
സജി ചെറിയാനാണ് മികച്ച സ്ഥാനാർത്ഥിയെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ പറഞ്ഞിരുന്നു. സജി ചെറിയാൻ ചെങ്ങന്നൂർക്കാരനാണ്. അദ്ദേഹം ഒട്ടേറെക്കാര്യങ്ങൾ മണ്ഡലത്തിൽ ചെയ്തിട്ടുള്ളയാളാണ്. ബിജെപിയുടെ സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ള കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ചെങ്ങന്നൂർ് കണ്ടിട്ടില്ല. കോൺഗ്രസ് പരിഗണിക്കുന്ന എം. മുരളി അക്കരെ തോറ്റപ്പോൾ ഇക്കരെ വരുന്നുവെന്നേയുള്ളൂ. എസ്.എൻ.ഡി.പിക്ക് ഒരു സ്ഥാനാർത്ഥിയേയും ചെങ്ങന്നൂരിൽ പിന്തുണയ്ക്കേണ്ട ബാധ്യതയില്ല. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ടു താൻ തട്ടിപ്പു നടത്തിയെന്നു തെളിയിച്ചാൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി സ്ഥാനമൊഴിയാൻ തയാറാണ്. അല്ലാത്ത പക്ഷം, ആരോപണമുയർത്തുന്നവർ വനവാസത്തിനു തയാറുണ്ടോയെന്നും ചോദിച്ചാണ് വെള്ളാപ്പള്ളി ചെങ്ങന്നൂരിൽ ചർച്ച തുടങ്ങിയത്. പതിയെ ബിജെപിയെ പൂർണ്ണമായും തള്ളിപ്പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞതോടെ സജി ചെറിയാനാണ് ജയിക്കുകയെന്നും പറഞ്ഞു. ഇതിലൂടെ താൻ പിന്തുണച്ചത് സജി ചെറിയാനെയാണെന്ന് വരുത്തി തീർക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞു. ഇതിലൂടെ രാഷ്ട്രീയത്തിൽ വീണ്ടും താരമാകാൻ വെള്ളാപ്പള്ളിക്ക് കഴിയുകയാണ്.
പരസ്യമായി ഒരു സ്ഥാനാർത്ഥിക്കും വെള്ളാപ്പള്ളി പിന്തുണ നൽകിയിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ബിജെപിയെ തോൽപ്പിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. ഇതിനെ സിപിഎം ജയിക്കുമ്പോൾ താൻ സജി ചെറിയാന് അനുകൂലമാണെന്ന് വരുത്താൻ വെള്ളാപ്പള്ളിക്ക് കഴിയുകയും ചെയ്തു. അങ്ങനെ ചെങ്ങന്നൂരിനെ നേട്ടമാക്കി സമുദായ നേതാവും മാറ്റുകയാണ്.
