Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടത് പ്രവേശനത്തിന് പിന്തുണ ഉറപ്പാക്കാൻ ഹെലികോപ്ടർ വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് കെഎം മാണി; കുട്ടനാട് സീറ്റ് തോമസ് ചാണ്ടിക്കില്ലെന്ന ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയും മാണിക്ക് വേണ്ടി; കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനത്തെ ജോസഫും അനുകൂലിക്കും; വീരേന്ദ്രകുമാറിന് പിന്നാലെ കെഎം മാണിയും വൈകാതെ എൽഡിഎഫിൽ എത്തുമെന്ന് ഉറപ്പായി; സിപിഐയുടെ പ്രതിരോധം വെറുതെയാകും

ഇടത് പ്രവേശനത്തിന് പിന്തുണ ഉറപ്പാക്കാൻ ഹെലികോപ്ടർ വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് കെഎം മാണി; കുട്ടനാട് സീറ്റ് തോമസ് ചാണ്ടിക്കില്ലെന്ന ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയും മാണിക്ക് വേണ്ടി; കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനത്തെ ജോസഫും അനുകൂലിക്കും; വീരേന്ദ്രകുമാറിന് പിന്നാലെ കെഎം മാണിയും വൈകാതെ എൽഡിഎഫിൽ എത്തുമെന്ന് ഉറപ്പായി; സിപിഐയുടെ പ്രതിരോധം വെറുതെയാകും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയവും ഇടുക്കിയുമാണ് കേരളാ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങൾ. ഈ രണ്ടിടത്തും സിപിഎം ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വികാരം കെ എം മാണിയുടെ പാർട്ടിക്ക് അനുകൂലമായിരുന്നു. മാണിയെ ഇടതുമുന്നണിയിൽ എടുക്കണമെന്ന് രണ്ട് ജില്ലാ സമ്മേളനവും ആവശ്യപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കാര്യങ്ങൾ എളുപ്പമാണ്. താമസിയാതെ തന്നെ കെഎം മാണിയെ ഇടതുപക്ഷത്ത് എത്തിക്കാൻ സിപിഎമ്മിന് കഴിയും. പാർട്ടി സമ്മേളനങ്ങളിൽ ഇടതു മുന്നണിയിലെ രണ്ടാമനായ സിപിഐയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനെ വിമർശിക്കുകയാണ് സമ്മേളനങ്ങൾ. ഇതും മാണിയുടെ കാര്യത്തിൽ സിപിഐയുടെ നിലപാട് സിപിഎം അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചനയാണ്.

കെ.എം.മാണിയുടെ എൽഡിഎഫ് പ്രവേശനനീക്കത്തിൽ അപകടമുണ്ടെന്ന് സംശയിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. ഇടത് ആശയങ്ങളുമായി യോജിക്കുന്നവരെ മാത്രമാണ് മുന്നണിക്ക് ആവശ്യം. മാണിയെ വെള്ളപൂശിക്കൊണ്ടുവരുന്ന കാര്യം ഇടതുമുന്നണി ചർച്ച ചെയ്തിട്ടില്ല. വിഷയം ഇടതുമുന്നണിയിൽ ചർച്ചയ്ക്കു വന്നാൽ വേണ്ടെന്ന നിലപാട് അറിയിക്കും. മാണിയുടെ അഴിമതിക്കെതിരെ നടത്തിയ പ്രസംഗങ്ങൾ മറക്കാൻ സമയമായിട്ടില്ലെന്നും കാനം പറഞ്ഞിരുന്നു. അഴിമതിക്കാരെയും അവസരവാദികളെയും കുത്തിനിറച്ചല്ല മുന്നണി വികസിപ്പിക്കേണ്ടതെന്നും കാനം രാജേന്ദ്രൻ വിശദീകരിച്ചിരുന്നു. എന്നാൽ സിപിഎം നിലപാട് മറിച്ചാണ്. മധ്യ കേരളത്തിൽ ഇടതുപക്ഷത്തിന്റെ കരുത്ത് കൂട്ടാൻ മാണി അനിവാര്യമാണ്.

ഇതിന്റെ പേരിൽ സിപിഐ മുന്നണി വിട്ടു പോയാലും കുഴപ്പമില്ലെന്നാണ് സിപിഎം പക്ഷം. മന്ത്രിസഭയിൽ നിന്നുകൊണ്ട് സിപിഎമ്മിനെ സിപിഐ ഒറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിൽ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നാണ് അവരുടെ വിലയിരുത്തൽ. അതുകൊണ്ടാണ് മാണിയെ എടുക്കാൻ സിപിഎം തീരുമാനിക്കുന്നതും. പാർട്ടി സമ്മേളനങ്ങളിൽ സിപിഐയെ സിപിഎം കടന്നാക്രമിക്കുന്നു. ഓഖി വിഷയം കത്തിച്ചതും സിപിഐയാണെന്ന് സിപിഎം കരുതുന്നു. വിവാദ ഹെലികോപ്ടർ ഉത്തരവ് ചോർന്നത് റവന്യൂമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. മുഖ്യമന്ത്രിയെ മോശക്കാരനാക്കാനാണ് സിപിഐ ഇതിലൂടെ ശ്രമിച്ചതെന്നും സിപിഎം. വിലയിരുത്തുന്നു. ഇതും മാണിക്ക് അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്.

ഇതിനിടെ ഇടതുപക്ഷത്തേക്കാണ് താൻ പോകുന്നതെന്ന വ്യക്തമായ സൂചന മാണിയും നൽകി കഴിഞ്ഞു. തങ്ങൾക്ക് അനുകൂലമായ സിപിഎം നീക്കങ്ങളും പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളാ കോൺഗ്രസ് എമ്മിന്റെ മനസ്സറിഞ്ഞാൽ മാത്രമേ തങ്ങൾക്ക് ആ വിഷയം ചർച്ച ചെയ്യാനാകൂവെന്ന് കോടിയേരി വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ താമസിയാതെ തന്നെ കേരളാ കോൺഗ്രസ് നിലപാട് വ്യക്തമാക്കും. യുഡിഎഫിൽ നിന്ന് വീരേന്ദ്ര കുമാറിന്റെ ജനതാദൾ ഇടതുപക്ഷത്തേക്ക് മാറാനുള്ള തീരുമാനം എടുത്തു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇടതു പ്രവേശനത്തെ രാഷ്ട്രീയമായി ന്യായീകരിക്കാനും കേരളാ കോൺഗ്രസിന് കഴിയും. കോട്ടയം ലോകസഭാ സീറ്റ് ജോസ് കെ മാണിക്ക് ഇടതു പക്ഷം നൽകും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ജയിക്കുകയെന്ന ഇടത് തന്ത്രമാണ് മാണിക്ക് ഗുണകരമായി മാറുന്നത്.

ഹെലികോപ്ടർ വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുകയാണ് മാണി. കേന്ദ്ര സർക്കാരിനേയും കടന്നാക്രമിച്ച് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ സർക്കാരിനൊപ്പം നിൽക്കുകയാണ് മാണി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കു ജിഎസ്ടിയെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നു സർക്കാരിന്റെ കെടുകാര്യസ്ഥതയാണു കാരണമെന്നും കെ.എം. മാണി പറയുന്നു. കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ യാത്രയെ പഴിക്കാനാവില്ല. അത്യാവശ്യ സന്ദർഭങ്ങളിൽ മന്ത്രിമാരും മുഖ്യമന്ത്രിമാരും യാത്രയ്ക്കായി ഹെലിക്കോപ്റ്ററിനെ ആശ്രയിക്കാറുണ്ട്. ദുരിതാശ്വാസ ഫണ്ടിൽനിന്നും തുക എടുത്തിട്ടുണ്ടെങ്കിൽ തിരിച്ചടച്ചാൽ മതി. യാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വാക്കുകളും ഇടതുപക്ഷത്തേക്ക് എത്താൻ മാനസികമായി തയ്യാറെടുത്തുവെന്ന സൂചനകളുമായാണ് മാണി പങ്കുവയ്ക്കുന്നത്. പിജെ ജോസഫും നിലവിൽ മാണിയ്‌ക്കൊപ്പമാണ്. മുന്നണി മാറ്റത്തെ അനുകൂലിക്കുമെന്ന് ജോസഫ്, മാണിക്ക് വാക്ക് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസിൽ പഴയ പ്രശ്‌നങ്ങളൊന്നുമില്ല. മോൻസ് ജോസഫിന്റെ എതിർപ്പ് മാത്രമാണ് ഉള്ളത്. കേരളാ കോൺഗ്രസിന്റെ എല്ലാ സിറ്റിങ് എംഎൽഎമാർക്കും സീറ്റ് ഉറപ്പാണ്. കോട്ടയം ലോക്‌സഭയിൽ ജോസ് കെ മാണിക്ക് സീറ്റുറപ്പിക്കാനാണ് മുന്നണി മാറ്റമെന്ന് വാദിക്കുന്നവർ ഇന്ന് കേരളാ കോൺഗ്രസിൽ ന്യൂനപക്ഷമാണ്.

ഏറ്റുമാനൂരും തിരുവല്ലയും കേരളാ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളാണ്. ഇതിൽ ഏറ്റുമാനൂർ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. തിരുവല്ലയിൽ എംഎൽഎ ജനതാദള്ളിന്റെ മാത്യു ടി തോമസും. ഈ രണ്ട് സീറ്റുകളും മാണിക്ക് വിട്ടുകൊടുക്കാൻ സിപിഎമ്മിന് കഴിയില്ല. ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പ് മൂന്ന് ടേമായി എംഎൽഎയാണ്. ഈ സാഹചര്യത്തിൽ സുരേഷ് കുറുപ്പ് അടുത്ത തവണ മത്സരിക്കാതെ മാറി നിൽക്കും. അപ്പോൾ ഒരു പക്ഷേ ഈ സീറ്റ് മുന്നണി മര്യാധയുടെ പേരിൽ മാണിക്ക് കൊടുത്തേക്കും. എന്നാൽ മാത്യു ടി തോമസിനെ തിരുവല്ലയിൽ നിന്ന് മാറ്റുക പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ കുട്ടനാട് മാണിക്ക് കൊടുക്കും. കുട്ടനാട് ദീർഘകാലം മാണി ഗ്രൂപ്പിന്റെ സീറ്റായിരുന്നു. ഇതിന് വേണ്ട നീക്കങ്ങൾ സിപിഎം തുടങ്ങി കഴിഞ്ഞു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് പാർട്ടിക്ക് കിട്ടിയേ പറ്റൂ എന്നു സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ വ്യക്തമാക്കിയത് ഈ നീക്കത്തിന്റെ ഭാഗമാണ്. എൻസിപിക്കു പകരം സീറ്റ് നൽകുന്ന കാര്യം സംസ്ഥാന കമ്മിറ്റി ആലോചിക്കും. എൻസിപി എൽഡിഎഫിൽ ആയതിനാൽ തോമസ് ചാണ്ടിക്കു വ്യക്തിപരമായി നൽകിയ സീറ്റാണിത്. സിപിഎം സീറ്റ് ഇനി ആർക്കും കൊടുക്കാൻ പറ്റില്ല. സിപിഎമ്മിന്റെ 14 രക്തസാക്ഷികളുള്ള കുട്ടനാട്ടിൽ പാർട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. പാർട്ടിക്കു വൈകാരികമായി ബന്ധമുള്ള കേന്ദ്രം കൂടിയാണിത്. ചെങ്ങന്നൂരും ഹരിപ്പാടും പോലെയല്ല, കുട്ടനാടും വയലാർ സമരഭൂമിയും ഉൾപ്പെടുന്ന ചേർത്തല. ജില്ലയിൽ മുഴുവൻ സീറ്റിലും പാർട്ടി മത്സരിക്കണമെന്നാണ് ആഗ്രഹമെങ്കിലും മുന്നണി സംവിധാനത്തിൽ അതു നടക്കില്ല സജി ചെറിയാൻ വ്യക്തമാക്കി. ആലപ്പുഴയിൽ മാണിക്ക് സീറ്റ് കൊടുക്കാനുള്ള തന്ത്രമാണ് ഈ നീക്കത്തിന് പിന്നിൽ.

കുട്ടനാട് സീറ്റിൽ കേരളാ കോൺഗ്രസാണ് മൂന്ന് ടേം മുമ്പ് വരെ ജയിച്ചിരുന്നത്. അന്ന് ഇടതു മുന്നണിയിലായിരുന്നു പിജെ ജോസഫ്. ജോസഫിന്റെ വിശ്വസ്തനായ ഡോ കെസി ജോസഫായിരുന്നു 1982 മുതൽ എംഎൽഎ. എന്നാൽ സജി ചെറിയാന്റെ വാക്കു കേട്ടാൽ കുട്ടനാട് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പോലെയാണ്. ഇത് വ്യക്തമായ തന്ത്രത്തിന്റെ ഭാഗമാണ്. തോമസ് ചാണ്ടിക്ക് ഇനി കുട്ടനാട് ഇല്ലെന്ന സൂചന മാത്രമാണ് ഇതിലുള്ളത്. മാണിക്ക് കുട്ടനാട് നൽകും. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനായിരുന്നു വളരെ കാലം എംഎൽഎ. എന്നാൽ കഴിഞ്ഞ തവണ സീറ്റ് ഇടതുപക്ഷം പിടിച്ചെടുത്തു.

ഈ സീറ്റ് കേരളാ കോൺഗ്രസിന് ആഗ്രഹമുള്ളതാണ്. സീറ്റ് കിട്ടിയില്ലെങ്കിൽ ഉണ്ണിയാടൻ മുന്നണി മാറ്റത്തെ പിന്തുണയ്ക്കില്ല. ഈ വിഷയത്തിന് പരിഹാരമുണ്ടാക്കാനുള്ള ചർച്ചകൾ തുടരുകയാണ്. അതു കൂടി കഴിഞ്ഞാൽ ഇടതു പ്രവേശനത്തിൽ മാണി നിലപാട് വ്യക്തമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP