Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുധീരനെ വെട്ടി നേട്ടമുണ്ടാക്കാൻ എയും ഐയും ഒന്നിച്ചു; അഴിമതിയുടെ തുറുപ്പ് ചീട്ട് പുറത്തെടുത്ത് കെപിസിസി അധ്യക്ഷനും; ഹോപ്‌സിന് സർക്കാർ ഭൂമി തീറെഴുതിയ ഉത്തരവ് പിൻവലിക്കണമെന്ന എഫ്ബി പോസ്റ്റ് ചാണ്ടി-ചെന്നിത്തല കൂട്ടുകെട്ടിനുള്ള താക്കീതോ?

സുധീരനെ വെട്ടി നേട്ടമുണ്ടാക്കാൻ എയും ഐയും ഒന്നിച്ചു; അഴിമതിയുടെ തുറുപ്പ് ചീട്ട് പുറത്തെടുത്ത് കെപിസിസി അധ്യക്ഷനും; ഹോപ്‌സിന് സർക്കാർ ഭൂമി തീറെഴുതിയ ഉത്തരവ് പിൻവലിക്കണമെന്ന എഫ്ബി പോസ്റ്റ് ചാണ്ടി-ചെന്നിത്തല കൂട്ടുകെട്ടിനുള്ള താക്കീതോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ വി എം.സുധീരനെതിരെ എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത യോഗം. അതിന് മറുപടിയായി സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി വി എം സുധീരനും. അങ്ങനെ കോൺഗ്രസിനുള്ളിൽ പുതിയ ചേരിതിരിവും അതിന് സുധീരന്റെ തിരിച്ചടിയും പരസ്യമാകുന്നു. ഇന്ന് മന്ത്രി കെ.സി.ജോസഫിന്റെ ഔദ്യോഗിക വസതിയായി കവടിയാർ ഹൗസിലാണ് ഗ്രൂപ്പുകളുടെ സംയുക്ത യോഗം നടന്നത്. ഈ യോഗം നടക്കുമ്പോൾ തന്നെയാണ് ഹോപ്‌സ് ഗ്രൂപ്പിന് ഭൂമി തീറെഴുതിയ നടപടി ഫേസ്‌ബുക്കിലൂടെ സുധീരൻ ചർച്ചയാക്കിയത്.

ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ ഹോപ് പ്ലാന്റേഷൻ കൈയടക്കി വച്ചിരിക്കുന്ന മിച്ചഭൂമി സർക്കാരിന് നഷ്ടമാകുന്ന സാഹചര്യം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും അയച്ച കത്ത് എന്ന് വിശദീകരിച്ചാണ് ഫേസ്‌ബുക്കിൽ കത്ത് തന്നെ സുധീരൻ പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും റവന്യൂമന്ത്രി അടൂർ പ്രകാശിനും വനംമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി കത്തെഴുതിയത്. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഈ ഉത്തരവിന്റെ മറവിൽ വൻ അഴിമതി നടന്നിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അ്ച്യുതാനന്ദൻ നേരത്തെ ആരോപിച്ചിരുന്നു. ഈ വിഷയം വീണ്ടും പൊടി തട്ടിയെടുക്കുകയാണ് ഈ കത്തിലൂടെ വി എം സുധീരൻ. മെത്രാൻ കായലിലും ഇതേ നിലപാട് തന്നെയാണ് സർക്കാരിനെതിരെ സുധീരൻ സ്വീകരിച്ചത്.

ഗ്രൂപ്പുകളുടെ സംയുക്ത യോഗം തുടങ്ങി തൊട്ടടുത്ത മണിക്കൂറിലാണ് ഇത്തരമൊരു കത്ത് സുധീരൻ ഫെയ്‌സ് ബുക്കിലിട്ടത്. ഗ്രൂപ്പുകളുടെ സഹകരണം അഴിമതിക്ക് വേണ്ടിയാണെന്ന സന്ദേശമാണ് സുധീരൻ നൽകുന്നതെന്ന വിലയിരുത്തലാണ് ഉയരുന്നത. സുധീരനെതിരെ ശക്തമായ തീരുമാനങ്ങളുമായാണ് എ-ഐ സംയുക്ത ഗ്രൂപ്പ് യോഗങ്ങൾ നടന്നത്. ഇരു ഗ്രൂപ്പിലേയും മുതിർന്ന നേതാക്കളായ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സുധാകരൻ, വി.ഡി.സതീശൻ, തമ്പാനൂർ രവി, ബെന്നി ബഹനാൻ, എം.എം.ഹസൻ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കെ.സി.ജോസഫിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. തെരഞ്ഞെടുപ്പ് സമിതി ഇന്നു ചേരാനിരിക്കെയാണ് യോഗം എന്നതും ശ്രദ്ധേയമാണ്.

സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് ഉറപ്പിക്കുന്നതിനും ചില സീറ്റുകൾ പരസ്പരം വച്ചുമാറുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്‌തെന്നും റിപ്പോർട്ടുണ്ട്. അടുത്തിടെ റവന്യൂ വകുപ്പിനും സർക്കാരിനുമെതിരെ സുധീരൻ സ്വീകരിച്ച നിലപാടുകൾ ഗ്രൂപ്പ് യോഗത്തിൽ ചർച്ച ചെയ്തു. സുധീരന്റെ ഇടപെടലുകളിൽ ഇരു ഗ്രൂപ്പുകൾക്കും കടുത്ത അതൃപ്തിയാണ്. മന്ത്രിമാർ ഇക്കാര്യം മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെടുകയും ചെയ്തിരുന്നു. നേതൃനിരയിലേയ്ക്ക് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പുറമേ സുധീരനും കൂടി ഉയർന്നു വരുന്നതിൽ ഗ്രൂപ്പകൾ അസ്വസ്ഥരാണ്. സുധീരൻ പാർട്ടിയിൽ പിടിമുറുക്കുന്നത് ഒഴിവാക്കാൻ ഒന്നിച്ചു നീങ്ങാൻ നേരത്തെ ഇരു ഗ്രൂപ്പുകളും യോഗം ചേർന്നു തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ സുധീരൻ അനുകൂലികൾക്ക് കൂടുതൽ സീറ്റ് ലഭിക്കാതിരിക്കാൻ ഒന്നിച്ചു നീങ്ങാനും നേതാക്കൾ തീരുമാനിച്ചു.

സുധീരനെ കൂടുതൽ സ്വതന്ത്രനാക്കി വിടുന്നത് അപകടമാണെന്ന് അറിയാവുന്ന ഗ്രൂപ്പുകൾ ഹൈക്കമാന്റിനെ കൂടി ഇതിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള നീക്കങ്ങൾക്കാണ് ശ്രമം തുടരുന്നത്. ഇരു ഗ്രൂപ്പുകളും സീറ്റ് വീതം വച്ചെടുക്കുന്ന നിലപാടിനെതിരെ സുധീരൻ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സീറ്റ് വിഭജനത്തിൽ സുധീരൻ ഇടപെടുമെന്ന് ഉറപ്പാണ്. ഇതിനു തടയിടാൻ എങ്ങനെ നീങ്ങാമെന്ന് യോഗം ചർച്ച ചെയ്തു. യോഗത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തില്ല. ഈ യോഗം നടക്കുമ്പോൾ തന്നെയാണ് ഹോപ്‌സ് ഗ്രൂപ്പിന് ഭൂമി തീറെഴുതിയ നടപടി ഫേസ്‌ബുക്കിലൂടെ സുധീരൻ ചർച്ചയാക്കിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് ഫണ്ടുണ്ടാക്കാൻ സർക്കാർ ഭൂമിയെല്ലാം സ്വകാര്യവ്യക്തികൾക്ക് എഴുതി നൽകിയതിന്റെ നേർ ദൃഷ്ടാന്തമാണ് ഹോപ്‌സ് ഇടപാടെന്ന് ആക്ഷേപം ഉയർന്നിരുന്നു. ആന്റണി-വി എസ് മന്ത്രിസഭകളും ലാന്റ് ബോർഡും സർക്കാരിലേയ്ക്ക് കണ്ടുകെട്ടാൻ ഉത്തരവിട്ട 750 ഓളം ഏക്കർ മിച്ചഭൂമിയാണ് സർക്കാർ സ്വകാര്യ പ്ലാന്റേഷൻ കമ്പനിയുടമയ്ക്ക് ഉമ്മൻ ചാണ്ടി സർക്കാർ പതിച്ചു നൽകിയത്. ഇടുക്കി പീരുമേട് താലൂക്കിൽ 40 വർഷമായി സർക്കാരും പ്ലാന്റേഷൻ ഉടമയുമായി സുപ്രീംകോടതിയിൽ വരെ കേസ് നടന്നുകൊണ്ടിരിക്കുന്ന ഭൂമിയാണ് കൈമാറിയത്. ഇതിൽ നിന്ന് തന്നെ നിയമവിരുദ്ധത ഉറപ്പാവുകയാണ്. സുപ്രീംകോടതിയിൽ കേസ് തോൽക്കുന്ന അവസ്ഥയിലായിരുന്നു ഹോപ് പ്ലാന്റേഷൻ കമ്പനിയുടമ തോമസ് മാത്യു. അപ്പോഴാണ് മന്ത്രിസഭയുടെ അനുഗ്രഹാശിസുകളോടെ ഭൂമി ഹോപ് പ്ലാന്റേഷന് സ്വന്തമാകുന്നത്. ഈ ഭൂമി ഹോപ് പ്ലാന്റേഷന് വിട്ടുനൽകി കഴിഞ്ഞമാസം 20 നാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഫെബ്രുവരി 17 ന് ചേർന്ന മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണിത്. ഇടപാടിന് പിന്നിൽ കോടികളുടെ അഴിമതി നടന്നതായും ആരോപണമുയർന്നു.

വിറക് ആവശ്യത്തിന് മരങ്ങൾ വെക്കുന്നതിന് 60 വർഷം മുമ്പ് തരിശായിക്കിടന്ന 1303 ഏക്കർ ഭൂമി ഹോപ് പ്ലാന്റേഷന് നൽകിയതാണ്. ഇതിൽ 250 ഏക്കറോളം ഭൂമി പിന്നീട് മിച്ചഭൂമിയായി വിതരണം ചെയ്തു. എന്നാൽ വിറക് ആവശ്യത്തിന് മരങ്ങൾ വെക്കാൻ വിട്ടുനൽകിയ ഭൂമിയിൽ ഏലവും തേയിലയും കൃഷി ചെയ്ത് പ്ലാന്റേഷന്റെ ഭാഗമാക്കി. ഇതു സംബന്ധിച്ച പരാതിയിൽ 1976 ൽ താലൂക്ക് ലാന്റ് ബോർഡ്, കമ്പനിക്ക് വിട്ടുനൽകിയ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു. ലാന്റ് ബോർഡ് തീരുമാനത്തിനെതിരെ തോട്ടം ഉടമ സ്റ്റേ സമ്പാദിച്ചു. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സുപ്രീംകോടതി കേസ് തീർപ്പാക്കുന്നതിന് സർക്കാരിന്റെ തന്നെ പരിഗണനയ്ക്ക് വിട്ടു. 2004 ഡിസംബർ 24 ന് എകെ ആന്റണി മന്ത്രിസഭ മിച്ചഭൂമി ഏറ്റെടുക്കാൻ ഉത്തരവ് ഇറക്കിയെങ്കിലും തോട്ടം ഉടമ സ്റ്റേ വാങ്ങി.

2009 ൽ പരാതിക്കാരന്റെ ഭാഗം കേട്ടശേഷം തീരുമാനമെടുക്കാൻ സർക്കാരിന് നിർദ്ദേശം ലഭിച്ചു. പരാതിക്കാരന്റെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി 2010 ഓഗസ്റ്റ് മൂന്നിന് അച്യുതാനന്ദൻ മന്ത്രിസഭ ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കി. ഇതിനെതിരെ കമ്പനി വീണ്ടും സ്റ്റേ വാങ്ങി. 2014 ഓഗസ്റ്റ്് 24 ന് കേസ് തീർപ്പാക്കുകയും ആറ് മാസത്തിനകം ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിന് ശേഷം മുഴുൻ കള്ളകളിയായിരുന്നു. റവന്യൂ വകുപ്പിൽ ഫയൽ ആരോ പൂഴ്്ത്തി. മന്ത്രിയാണെന്നാണ് ആരോപണം. മന്ത്രിസഭയുടെ കാലാവധി അവസാനിക്കാറായപ്പോൾ ഭൂമി തോട്ടം ഉടമയ്ക്ക് വിട്ടുകൊടുക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. മെത്രാൻ കായൽ സ്‌റ്റൈലിൽ മുഖ്യമന്ത്രിയുടെ ഇടപെടലും ഹോപ്‌സിന് തുണയായി.

പ്ലാന്റേഷനിൽ ജോലി ചെയ്യുന്ന 10000 തൊഴിലാളികളുടെ താൽപര്യം പരിഗണിച്ച് ഭൂമിക്ക് ഭൂപരിഷ്‌ക്കരണ നിയമത്തിൽ നിന്ന് ഇളവ് നൽകുന്നെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയ ന്യായം. 560 കോടി രൂപ വില വരുന്ന ഭൂമിയും 250 കോടി രൂപയുടെ തടിയും ഈ ഉത്തരവിലൂടെ സർക്കാരിന് നഷ്ടപ്പെട്ടതായുമാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP