Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നായർ സർവീസ് സൊസൈറ്റിക്ക് ബദലായി സമസ്ത നായർ സൊസൈറ്റി രൂപീകരിക്കാൻ മുന്നിൽ നിന്നത് പകയായി; കുമ്മനത്തിന് എൻ.എസ്.എസ് നൽകിയത് നായർ ഐക്യം തകർക്കാൻ നടത്തിയതിനുള്ള ശിക്ഷയോ? പണികിട്ടുമെന്ന് മണത്തറിഞ്ഞുള്ള പാർട്ടിയുടെ അനുനയ ശ്രമങ്ങളും പാളി; തിരുവനന്തപുരത്തെ കുമ്മനത്തിന്റെ തോൽവിക്ക് കാരണം എൻ എസ് എസ് നിസ്സഹകരണമെന്ന് ബിജെപിയും

നായർ സർവീസ് സൊസൈറ്റിക്ക് ബദലായി സമസ്ത നായർ സൊസൈറ്റി രൂപീകരിക്കാൻ മുന്നിൽ നിന്നത് പകയായി; കുമ്മനത്തിന് എൻ.എസ്.എസ് നൽകിയത് നായർ ഐക്യം തകർക്കാൻ നടത്തിയതിനുള്ള ശിക്ഷയോ? പണികിട്ടുമെന്ന് മണത്തറിഞ്ഞുള്ള പാർട്ടിയുടെ അനുനയ ശ്രമങ്ങളും പാളി; തിരുവനന്തപുരത്തെ കുമ്മനത്തിന്റെ തോൽവിക്ക് കാരണം എൻ എസ് എസ് നിസ്സഹകരണമെന്ന് ബിജെപിയും

പി വിനയചന്ദ്രൻ

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വിജയപ്രതീക്ഷയിൽ ഒന്നാമതായിരുന്ന കുമ്മനം രാജശേഖരൻ എങ്ങനെ തോറ്റു..? ഏറെ തലപുകഞ്ഞ് ആലോചിച്ച ശേഷം ബിജെപി ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തി. മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് ജനസേവകനാകാൻ രംഗത്തിറങ്ങിയ കുമ്മനം ദയനീയമായി പരാജയപ്പെടാൻ കാരണം നായർ സർവീസ് സൊസൈറ്രിയാണെന്നാണ് കണ്ടെത്തൽ. സംഗതി സത്യമാണ്. സ്വയംസേവകനായിരുന്ന കാലത്ത് കുമ്മനം സമുദായ വിരുദ്ധ പ്രവർത്തനം നടത്തിയതിനുള്ള ശിക്ഷയാണ് എൻ.എസ്.എസ് ഈ തിരഞ്ഞെടുപ്പിൽ നൽകിയതെന്നാണ് ബിജെപിയുടെ കണ്ടെത്തൽ.

ഏറെക്കാലം മുൻപുള്ള സംഭവമാണ്. നായർ സർവീസ് സൊസൈറ്റിക്ക് ബദലായി സമസ്ത നായർ സൊസൈറ്റി രൂപീകരിക്കാൻ മുന്നിൽ നിന്നത് കുമ്മനമായിരുന്നു. നായർ ഐക്യം തകർക്കാൻ ശ്രമിച്ച കുമ്മനത്തിനുള്ള മറുപടിയായിരുന്നു ഈ തിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് നൽകിയത്. നായർ ഐക്യം തകർക്കാൻ ശ്രമിച്ച കരിങ്കാലിയാണ് കുമ്മനമെന്നാണ് പല നേതാക്കളും പറഞ്ഞത്. സ്ഥാനാർത്ഥിയായ ശേഷം കുമ്മനം കാണാൻ ശ്രമിച്ചിട്ടും പെരുന്നയിൽ നിന്ന് അനുമതി ലഭിച്ചിരുന്നില്ല. സമാന്തര സംഘടനയുണ്ടാക്കി എൻ.എസ്.എസിനെ തകർക്കാൻ ശ്രമിച്ച കുമ്മനവുമായി ഒരു നീക്കുപോക്കിനും തയ്യാറല്ലെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനമെന്നും ബിജെപി ജില്ലാ നേതൃത്വം വിലയിരുത്തുന്നു.

ഈ തീരുമാനം എൻ.എസ്.എസ് അതിന്റെ കീഴ് ഘടകങ്ങളിൽ കൃത്യമായി അറിയിച്ചില്ല, പകരം മറ്റൊന്ന് പറഞ്ഞു. എൻ.എസ്.എസ് ബിജെപിക്ക് വോട്ട് ചെയ്താൽ സിപിഎം ജയിച്ചുകയറും. നമ്മുടെ ഒന്നാം ശത്രു പിണറായിയാണ്. അവരെ തോൽപ്പിക്കുകയെന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ദൗത്യം. വിശ്വാസികളെ അപമാനിച്ച സിപിഎമ്മിനെ തരിപ്പണമാക്കുകയാണ് എൻ.എസ്.എസിന്റെ ഏറ്റവും വലിയ ലക്ഷ്യം. അതിനാൽ വോട്ട് വിവേകത്തോടെ ചെയ്യണം. ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ ജയിപ്പിക്കുന്നതിനേക്കാൾ, യു.ഡി.എഫിന് വോട്ട് ചെയ്ത് സിപിഎമ്മിനെ തറപറ്റിക്കുന്നതാണ് നല്ലത്. ഈ സന്ദേശമാണ് എൻ.എസ്.എസ് താഴേക്ക് നൽകിയതെന്നും ബിജെപി ജില്ലാ കമ്മറ്റി ആരോപിക്കുന്നു.

ഈ സന്ദേശം മണത്തറിഞ്ഞ് കുമ്മനം എൻ.എസ്.എസ് നേതൃത്വത്തെ നേരിൽകണ്ട് അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എൻ.എസ്.എസിന്റെ അഭിപ്രായഭിന്നതയുടെ ഫലമാണ് കുമ്മനത്തിന്റെ തോൽവിയിൽ കലാശിച്ചതെന്നാണ് ബിജെപി വിലയിരുത്തിയത്. വർഷങ്ങൾക്ക് മുൻപ് നായർ ഐക്യം തകർക്കാൻ കുമ്മനം നടത്തിയ ശ്രമം എൻ.എസ്.എസ് ഓർത്തുവച്ച് പണികൊടുക്കുകയായിരുന്നു. മാത്രമല്ല യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരാകട്ടെ, എൻ.എസ്.എസ് നേതൃത്വത്തെ കണ്ട് അഭിപ്രായഭിന്നതകൾ മാറ്റി. വി എസ്.ശിവകുമാറിന്റെ നേതൃത്വത്തിൽ എൻ.എസ്.എസിനെ അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും വിജയം കണ്ടതോടെ കുമ്മനത്തിന്റെ പരാജയം ഉറപ്പാവുകയായിരുന്നു.

ഉറച്ച വിജയ പ്രതീക്ഷ ഉണ്ടായിരുന്ന തിരുവനന്തപുരത്ത് അപ്രതീക്ഷിത തോൽവി ഏറ്റ് വാങ്ങിയതിന്റെ ആഘാതത്തിലാണ് ബിജെപി ക്യാമ്പ് ഇപ്പോഴും. മൂന്നാം ഊഴത്തിനിറങ്ങുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനെ തറപറ്റിക്കാനുറപ്പിച്ചാണ് കുമ്മനത്തെ ബിജെപി കളത്തിലിറക്കിയത്. എന്നാൽ വിജയം ഉറപ്പിച്ച് ഇറങ്ങിയ ത്രികോണമത്സരത്തിൽ വലിയ തിരിച്ചടിയാണ് കുമ്മനം നേരിട്ടത്. ഈ സാഹചര്യത്തിലാണ് എൻ എസ് എസ് വോട്ടുകൾ കൈവിട്ടതാണ് തോൽവിക്ക് കാരണമായി ബിജെപി വിലയിരുത്തുന്നത്. കപ്പിനും ചുണ്ടിനുമിടയിലാണ് 2014ൽ ബിജെപിക്ക് തിരുവനന്തപുരം നഷ്ടമായത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്തും ലീഡ് ചെയ്ത ഒ രാജഗോപാൽ അവസാന നിമിഷമാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഏഴ് മണ്ഡലങ്ങളിൽ നഗര പ്രദേശത്തെ നാലിടത്ത് ഒന്നാംസ്ഥാനത്തെത്തിയിരുന്നു ബിജെപി. കഴക്കൂട്ടം വട്ടിയൂർകാവ് തിരുവനന്തപുരം നേമം എന്നിവിടങ്ങളിലായിരുന്നു ഒ രാജഗോപാലിന് ലീഡെങ്കിൽ കുമ്മനത്തിന് ലീഡ് നൽകിയത് നേമം മാത്രമാണ്.

കഴക്കൂട്ടവും വട്ടിയൂർകാവും അടക്കം ശക്തികേന്ദ്രങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് ആയില്ല. കഴിഞ്ഞ തവണ പതിനെട്ടായിരം വോട്ടിന്റെ ലീഡ് ഉണ്ടായുന്ന നേമത്ത് പകുതി വോട്ട് മാത്രം ലീഡ് പിടിക്കാനെ കുമ്മനത്തിനായുള്ളു. തിരുവനന്തപുരത്തും ശശി തരൂരിനോട് ഫലപ്രദമായി എതിരിടാൻ കുമ്മനത്തിന് കഴിഞ്ഞില്ല. പാറശാല നെയ്യാറ്റിൻകര മേഖലയിൽ വൻ വോട്ട് വ്യത്യാസം ശശി തരൂർ ഉറപ്പാക്കിയതോടെയാണ് ബിജെപി തലസ്ഥാനത്തെ പിടി വിട്ടത്. ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ് തിരുവനന്തപുരം. തൊട്ട് പിന്നിൽ നാടാർ സമുദായം തിരുവനന്തപുരം നഗരത്തിലും വട്ടിയൂർകാവ് നേമം നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ നായർ വോട്ടുകളാണ് നിർണ്ണായകം. പാറശാല നേമം കോവളം നെയ്യാറ്റിൻകര പ്രദേശങ്ങളിൽ നാടാർ സമുദായത്തിനും സ്വാധീനം ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP