Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ നടന്നാൽ പേരുദോഷമുണ്ടാകുമെന്ന് അമിത് ഷായ്ക്ക് പേടി; കേരളത്തിൽ പരിവർത്തനത്തിന് ബിജെപി സജ്ജമായിട്ടില്ലെന്ന് ദേശീയ അധ്യക്ഷൻ; അഴിമതിക്കാരെ സംരക്ഷിക്കുന്നത് തിരിച്ചടിയാകുമെന്നും വിലിയിരുത്തൽ; കേരള യാത്ര മാറ്റി വയ്ക്കാനുള്ള തീരുമാനത്തിൽ ഞെട്ടി ഔദ്യോഗിക പക്ഷം; കുമ്മനത്തെ ഉടൻ മാറ്റാൻ സാധ്യത

കണ്ണൂരിൽ നടന്നാൽ പേരുദോഷമുണ്ടാകുമെന്ന് അമിത് ഷായ്ക്ക് പേടി; കേരളത്തിൽ പരിവർത്തനത്തിന് ബിജെപി സജ്ജമായിട്ടില്ലെന്ന് ദേശീയ അധ്യക്ഷൻ; അഴിമതിക്കാരെ സംരക്ഷിക്കുന്നത് തിരിച്ചടിയാകുമെന്നും വിലിയിരുത്തൽ; കേരള യാത്ര മാറ്റി വയ്ക്കാനുള്ള തീരുമാനത്തിൽ ഞെട്ടി ഔദ്യോഗിക പക്ഷം; കുമ്മനത്തെ ഉടൻ മാറ്റാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാ വിഭാഗത്തിനേയും ഒരുമിച്ച് കൊണ്ടു പോകാനാണ് കുമ്മനം രാജശേഖരനെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാക്കിയത്. മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ബാലശങ്കറിന് വേണ്ടിയായിരുന്നു പികെ കൃഷ്ണദാസും എംടി രമേശും നിലയുറപ്പിച്ചത്. ബാലശങ്കറിനൊപ്പം നടന്ന രഹസ്യ ഗ്രൂപ്പ് യോഗം അമിത് ഷായുടെ കണ്ണിൽപെടുകയും ചെയ്തു. ഇതോടെയാണ് ആർഎസ്എസ് പ്രചാരകനായ കുമ്മനം രാജശേഖരനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാക്കിയത്. ബാലശങ്കറിനെ വെട്ടാൻ കുമ്മനത്തെ പിന്തുണച്ച വി മുരളീധരൻ ഇപ്പോൾ വെട്ടിലായി. കുമ്മനം പക്ഷം പ്രധാനമായും ശ്രമിക്കുന്നത് മുരളീധര പക്ഷത്തെ വെട്ടിനിരത്താനാണ്. മെഡിക്കൽ കോഴയിലെ റിപ്പോർട്ട് ചോർച്ചയിൽ വി മുരളീധരനെതിരെ നടപടിയെടുക്കാനും കുമ്മനം ശ്രമിക്കുന്നുണ്ട്. എംടി രമേശിന് വേണ്ടി നടത്തുന്ന ഈ നീക്കത്തിന്റെ ഭാഗമായാണ് ബിജെപി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് വിവി രാജേഷിനെ മാറ്റിയത്. ഇതെല്ലാം അമിത് ഷായെ ചൊടിപ്പിച്ചിട്ടുണ്ട്.

സംഘടനയ്ക്ക് ചേരാത്ത വിധമാണ് കുമ്മനത്തിന്റെ പ്രവർത്തനം. മെഡിക്കൽ കോഴയിൽ ബിജെപിയുടെ പ്രതിച്ഛായ കേരളത്തിൽ നഷ്ടമായി. അതുകൊണ്ട് തന്നെ കേരളത്തിൽ പരിവർത്തനം ഉണ്ടാകാൻ സാധ്യതയില്ലെന്ന് അമിത് ഷാ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ദിവസങ്ങൾ കേരളത്തിനായി മാറ്റി വയ്ക്കാൻ അമിത് ഷാ തയ്യാറല്ല. കുമ്മനം നയിക്കുന്ന കേരള യാത്രയുടെ കണ്ണൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നേതൃത്വം നൽകാൻ അമിത് ഷാ എത്തുമെന്നായിരുന്നു സൂചന. ആർഎസ്എസ് നേതൃത്വം ഇക്കാര്യത്തിൽ ഇടപെടൽ നടത്തുകയും ചെയ്തു. ഇതിനിടെയാണ് മെഡിക്കൽ കോഴ ചർച്ചയായത്. ഇതോടെ യാത്ര ഒരു വട്ടം മാറ്റി വച്ചു. എന്തുവന്നാലും സെപ്റ്റംബറിൽ യാത്ര നടക്കുമെന്ന പ്രഖ്യാപനും വന്നു. ഈ യാത്രയെ കുറിച്ച് ചർച്ച ചെയ്യാൻ തൃശൂരിൽ ചേർന്ന യോഗത്തിൽ വി മുരളീധര പക്ഷം നിസ്സഹകരണം അറിയിക്കുകയും ചെയ്തു. വിവി രാജേഷിനെതിരായ നടപടി ഏകപക്ഷീയമായിരുന്നുവെന്ന് മുരളീധരൻ പറയുന്നു. അതുകൊണ്ട് യാത്രയുമായി എങ്ങനെ സഹകരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

മെഡിക്കൽ കോഴയുടെ വിജിലൻസ് അന്വേഷണത്തിൽ കുമ്മനം കൊടുത്ത മൊഴിയും ബിജെപിക്ക് തലവേദനയാണ്. പ്രസ്തുത അന്വേഷണ റിപ്പോർട്ട് കണ്ടില്ലെന്നാണ് കുമ്മനം പറയുന്നത്. ഇത് പലരേയും രക്ഷിക്കാനാണ്. തെറ്റ് ചെയ്തവരെ എന്തിന് കുമ്മനം രക്ഷിക്കുന്നു. വിവി രാജേഷിനെതിരെ നിരത്താൻ ഒരു തെളിവുമില്ല. എന്നിട്ടും വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കി. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോഴയിലെ കള്ളന്മാരെ രക്ഷിക്കാനുള്ള നീക്കം ചർച്ചയാകുന്നത്. മെഡിക്കൽ കോഴയിൽ പരാതി കിട്ടിയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഒരു പരാതിയുമില്ലെന്ന് ഇപ്പോൾ പറയുന്നു. ആർ എസ് വിനോദിനേയും സതീഷ് നായരേയും രക്ഷിക്കാനാണ് ശ്രമം. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ പക്ഷം.

രാജേഷിനെതിരെ ആരോപണം ഉയർന്നപ്പോൾ സ്ഥാനത്ത് നിന്നും മാറ്റി നിർത്തി. എംടി രമേശിനെതിരെ ആക്ഷേപം വന്നപ്പോൾ ആവോളം പിന്തുണയും. ജൻ ഔഷധിയിൽ കുടുങ്ങിയ എഎൻ രാധാകൃഷ്ണനും എന്തുമാകാം. രാധാകൃഷ്ണനെതിരെ തെളിവുകൾ സഹിതം ആരോപണം ഉയർന്നിട്ടും സംസ്ഥാന പ്രസിഡന്റ് ഒന്നും അറിയുന്നില്ല. മെഡിക്കൽ റിപ്പോർട്ടിലെ ചോർച്ചയിൽ ആലോസരമുയർത്തുന്നവർ മറ്റു പലതും കണ്ടില്ലെന്ന് നടിക്കുന്നുവെന്നും മുരളീധര പക്ഷത്തിന് അഭിപ്രായമുണ്ട്. കോഴിക്കോട്ടെ ആശുപത്രിയിൽ നിന്നും കെ സുരേന്ദ്രൻ കോഴ വാങ്ങിയെന്ന ആരോപണം ചർച്ചയാക്കിയത് കുമ്മനത്തിന്റെ ഓഫീസിലെ പ്രമുഖനാണ്. ഈ ആക്ഷേപം തെറ്റാണെന്ന് സുരേന്ദ്രൻ തെളിയിച്ചു. ഇത്തരത്തിലൊരു വാർത്ത എങ്ങനെ പത്രത്തിൽ വന്നുവെന്ന് കുമ്മനം അന്വേഷിക്കാത്തത് എന്താണെന്നും ചോദ്യം ഉയരുന്നു. സ്വന്തം ഓഫീസിലെ ചിലരെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനത്തിനെതിരെ ആരോപണം ഉയരുന്നു.

ഈ പരാതികളെല്ലാം മുരളീധര പക്ഷം സജീവമാക്കുന്നതായി അമിത് ഷായ്ക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് വീണ്ടും കേരള യാത്രയ്ക്ക് വരാൻ മടി കാണിക്കുന്നതും. എല്ലാവരേയും ഒരുമിച്ച് നിർത്തിയിട്ട് കേരളത്തെ പരിവർത്തനം ചെയ്താൽ മതിയെന്ന സന്ദേശമാണ് അമിത് ഷാ നൽകുന്നത്. നിലവിലെ അവസ്ഥയിൽ ഇത്തരമൊരു യാത്ര നടത്തിയാൽ അഴിമതി ആരോപണ വിധേയർക്കൊപ്പം തനിക്കും നടക്കേണ്ടി വരും. അത് ദേശീയ തലത്തിൽ തന്നെ പാർട്ടിയെ ബാധിക്കും. ഈ സാഹചര്യത്തിൽ കൂടിയാണ് പിന്മാറ്റം. അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപി തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഈ തിരക്കിനിടെയിൽ കേരളത്തിലേക്ക് സമയം മാറ്റിവയ്ക്കുന്നത് വെറുതെയാകുമെന്നും അമിത് ഷാ വിലയിരുത്തുന്നു. അതുകൊണ്ട് കൂടിയാണ് പിന്മാറ്റം. ഒക്ടോബറിലും യാത്രയ്ക്ക് അമിത് ഷാ എത്തുമെന്ന് ആർക്കും ഉറപ്പില്ല.

സെപ്റ്റംബർ ഏഴിന് നടത്താനിരുന്ന പദയാത്ര നിലവിൽ ഒക്ടോബർ മാസത്തേക്കാണ് മാറ്റിയത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര 11 ജില്ലകളിലാണ് പര്യടനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അമിത് ഷായുടെ അസൗകര്യം മൂലമാണ് യാത്ര മാറ്റിയതെന്ന് ബിജെപി വിശദീകരിക്കുന്നു. എന്നാൽ മെഡിക്കൽ കോഴയെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ അവസാനിക്കാത്തതാണ് യാത്ര മാറ്റിവെയ്ക്കാനിടയാക്കിയതെന്നാണ് പിന്നാമ്പുറ വിവരം. കുമ്മനം നയിക്കുന്ന ജനരക്ഷായാത്രയിൽ പങ്കെടുക്കാൻ 13 ബിജെപി മുഖ്യമന്ത്രിമാരും അഞ്ച് ഉപമുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉൾപ്പെടുന്ന വൻസംഘം കേരളത്തിൽ എത്തുമെന്നായിരുന്നു പ്രചാരണം. എന്നാൽ എത്രയധികം മുഖ്യമന്ത്രിമാരെ യാത്രയ്ക്ക് കിട്ടാനും സാധ്യതയില്ല. അതിന്റെ ആവശ്യമില്ലെന്ന നിലപാടിൽ അമിത് ഷാ എത്തിയതാണ് ഇതിന് കാരണം. വലിയ ബഹളമില്ലാതെ യാത്ര നടത്താൻ കുമ്മനത്തെ അമിത് ഷാ നിർദ്ദേശിക്കാനും സാധ്യതയുണ്ട്. അതിന് ശേഷം തിരുവനന്തപുരത്തെ സമാപനത്തിൽ മാത്രം പങ്കെടുക്കാൻ അമിത് ഷാ എത്തും. അതിന് അപ്പുറത്തേക്ക് ഒരു പങ്കാളിത്തം അമിത് ഷായുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല.

ബിജെപിയെ കേരളത്തിൽ എങ്ങനെ മാറ്റിയെടുക്കാനാവുമെന്ന സാധ്യത ആരാഞ്ഞു പരിവാർ പ്രസ്ഥാനങ്ങളിലെ പ്രമുഖരെ ബിജെപി കേന്ദ്രനേതൃത്വം നേരിട്ടു ബന്ധപ്പെടാൻ തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായ കശ്യപ വേദാശ്രമം മേധാവി ആചാര്യ എം.ആർ.രാജേഷിനെ ഇതിന്റെ ഭാഗമായി ബിജെപി പ്രസിഡന്റ് അമിത് ഷാ ഡൽഹിക്ക് അടിയന്തരമായി വിളിപ്പിച്ച് ചർച്ച നടത്തി. ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന മുൻ പത്രപ്രവർത്തകൻ കൂടിയായ ആചാര്യ രാജേഷ് പഴയ എബിവിപി നേതാവുമാണ്. ബിജെപി കേരളത്തിൽ കരകയറാനുള്ള നിർദ്ദേശങ്ങളാണു ഷാ തേടിയത്. ബിജെപിയിൽ സജീവമായിരുന്നശേഷം വിട്ടുപോയവരെ തിരികെ കൊണ്ടുവരാനുള്ള നിർദ്ദേശവും ഉയർന്നു. ഏതാനും മാസം മുൻപ് ആർഎസ്എസ് നേതാവ് കെ.കെ.ബൽറാമിനെയും ഷാ വിളിപ്പിച്ചിരുന്നു. അമിത് ഷാ പങ്കെടുക്കുന്ന ബിജെപിയുടെ ജനരക്ഷാ യാത്രയ്ക്കു മുന്നോടിയായിക്കൂടിയായിരുന്നു് ഇത്തരം ചർച്ചകൾ. ഇതിന് ശേഷമാണ് യാത്ര നീട്ടിവയ്ക്കാൻ അമിത് ഷാ നിർദ്ദേശിച്ചത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ജനരക്ഷായാത്ര ഈ വിവാദങ്ങളെല്ലാം മായ്ച്ചുകളയുമെന്ന ആഗ്രഹത്തിലാണു പാർട്ടി. പ്രതിദിനം 12 കിലോമീറ്ററാണു നടക്കേണ്ടത്. ബാക്കി സമയം വാഹനത്തിലായിരിക്കും. വി.മുരളീധരന്റെ നേതൃത്വത്തിൽ എ.എൻ.രാധാകൃഷ്ണൻ, കെ.സുരേന്ദ്രൻ, എം ടി.രമേശ് എന്നിവർക്കാണു മൂന്നു മേഖലകളുടെ ഏകോപനച്ചുമതല. യാത്രയുടെ പ്രതികരണം കൂടി വിലയിരുത്തി സംഘടനാതല നടപടികളാണു കേന്ദ്രനേതൃത്വം ഉദ്ദേശിക്കുന്നത്. ബിജെപിയുമായി അടുപ്പമുള്ളവരും സംഘടനാ തലത്തിലെ വീഴ്ച അമിത് ഷായെ അറിയിച്ചിട്ടുണ്ട്. കുമ്മനത്തിന് പാർട്ടിയെ വേണ്ട രീതിയിൽ നയിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ മാറ്റണമെന്നതാണ് ചർച്ചകളിൽ നിന്ന് അമിത് ഷായ്ക്ക് കിട്ടുന്ന പൊതു വികാരം. എന്നാൽ കുമ്മനത്തിന് പകരക്കാരനെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കുമ്മനം തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP