Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ സർവ്വേകളിലും മുമ്പിൽ നിൽക്കുന്ന കുമ്മനത്തിന് വീണ്ടും മൈലേജ് കൂട്ടി മോദിയുടെ രംഗപ്രവേശം; തലക്കേറ്റ പരിക്ക് മൂലം പ്രചരണത്തിന്റെ ഉഷാറ് കുറഞ്ഞതോടെ തരൂർ ക്യാമ്പിൽ മൗനം കൂടുന്നു; എതിർ സ്ഥാനാർത്ഥിയെ വിലകുറച്ച് കണ്ട് പ്രചരണത്തിന് ഇറങ്ങിയ യുഡിഎഫ് ക്യാമ്പ് അവസാന നിമിഷം വെള്ളം കുടിക്കുമ്പോൾ സൗമ്യതയുടെ പ്രതീകമായി മുന്നേറി കുമ്മനം; ആഗോള പൗരന്റെ ഇമേജ് കൊണ്ട് ഇക്കുറി രക്ഷപ്പെടില്ലെന്ന് ഉറപ്പായതോടെ കുമ്മനത്തെ നേരിടാൻ അവസാന തന്ത്രം തേടി തരൂർ ക്യാമ്പ്

എല്ലാ സർവ്വേകളിലും മുമ്പിൽ നിൽക്കുന്ന കുമ്മനത്തിന് വീണ്ടും മൈലേജ് കൂട്ടി മോദിയുടെ രംഗപ്രവേശം; തലക്കേറ്റ പരിക്ക് മൂലം പ്രചരണത്തിന്റെ ഉഷാറ് കുറഞ്ഞതോടെ തരൂർ ക്യാമ്പിൽ മൗനം കൂടുന്നു; എതിർ സ്ഥാനാർത്ഥിയെ വിലകുറച്ച് കണ്ട് പ്രചരണത്തിന് ഇറങ്ങിയ യുഡിഎഫ് ക്യാമ്പ് അവസാന നിമിഷം വെള്ളം കുടിക്കുമ്പോൾ സൗമ്യതയുടെ പ്രതീകമായി മുന്നേറി കുമ്മനം; ആഗോള പൗരന്റെ ഇമേജ് കൊണ്ട് ഇക്കുറി രക്ഷപ്പെടില്ലെന്ന് ഉറപ്പായതോടെ കുമ്മനത്തെ നേരിടാൻ അവസാന തന്ത്രം തേടി തരൂർ ക്യാമ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള തലസ്ഥാനത്ത് ഹാട്രിക്കാണ് വിശ്വപൗരനെന്ന ശശി തരൂർ ലക്ഷ്യമിട്ടത്. കഴിഞ്ഞ തവണ ബിജെപിയുടെ ഒ രാജാഗോപാൽ കടുത്ത മത്സരം കാഴ്ച വച്ചു. എന്നാൽ പ്രായം 93ആയ രാജഗോപാൽ നേമത്ത് ജയിച്ച് നിയമസഭയിൽ എത്തിയതോടെ തരൂരിന്റെ ആവേശം ഇരട്ടിയായി. ഇനി തനിക്ക് ശക്തനായ സ്ഥാനാർത്ഥിയെ നൽകാനാകില്ലെന്ന് തരൂർ കണക്ക് കൂട്ടി. ഇതിനിടെയാണ് ഗവർണ്ണർ പദവി രാജിവച്ച് മത്സരിക്കാൻ കുമ്മനം രാജശേഖരൻ എത്തിയത്. അപ്പോഴും രാജഗോപാലിനോളം വരില്ല കുമ്മനം എന്നായിരുന്നു കണക്ക് കൂട്ടൽ. പ്രചരണം അവസാന ഘട്ടത്തിലെത്തുമ്പോൾ പ്രതീക്ഷകളെല്ലാം മാറിമറിഞ്ഞുവെന്ന് തിരിച്ചറിയുകയാണ് തരൂർ ക്യാമ്പ്. വിനയത്തിന്റെ ഭാഷയിൽ വോട്ട് ചോദിക്കുന്ന കുമ്മനം തിരുവനന്തപുരത്ത് ഏറെ മുന്നിലെത്തുന്നു. അവസാന ലാപ്പിൽ ഓടിക്കയറാൻ തലയിലെ പരിക്ക് തരൂരിന് വിനയുമാണ്. അതുകൊണ്ട് തന്നെ ത്രികോണ ചൂടിൽ വെന്തുരുകുന്ന തിരുവനന്തപുരത്ത് പ്രചരണം അവസാന ദിവസങ്ങളിൽ കടുകട്ടിയാകും.

കുമ്മനത്തെ തകർക്കാൻ ബ്രഹ്മാസ്ത്രം തേടുകയാണ് തരൂർ ക്യാമ്പ് ഇപ്പോൾ. തരൂർ ഹൈക്കമാണ്ടിന്റെ സ്ഥാനാർത്ഥിയാണ്. അതുകൊണ്ട് തന്നെ എ-ഐ ഗ്രൂപ്പുകൾക്ക് സ്ഥാനാർത്ഥിയോട് താൽപ്പര്യമില്ല. എഐസിസി അധ്യക്ഷന്മാരെ എത്തിച്ച് എല്ലാം ചൂടുപിടിപ്പിച്ചപ്പോഴാണ് ഗാന്ധാരി അമ്മൻ കോവിലിൽ തുലാഭാരത്തിനിടെ ഉണ്ടായ അപകടം. ഇതിൽ വിശ്വാസികൾക്ക് എന്ത് തീരുമാനമാണുള്ളതെന്ന് ആർക്കും അറിയില്ല. തരൂരിന്റെ വോട്ടുകളേയും ഇത് സ്വാധീനിക്കും. അങ്ങനെ തലയിലുണ്ടായ പരിക്കിൽ തരൂർ ആകെ ആശയക്കുഴപ്പത്തിലാണ്. തലക്കേറ്റ പരിക്ക് മൂലം പ്രചരണത്തിന്റെ ഉഷാറ് കുറഞ്ഞതോടെ തരൂർ ക്യാമ്പിൽ മൗനം കൂടുകയാണ്. ആരും തരൂരിന് വേണ്ടി പ്രചരണം ഏറ്റെടുക്കാനും തയ്യാറല്ല. എതിർ സ്ഥാനാർത്ഥിയെ വിലകുറച്ച് കണ്ട് പ്രചരണത്തിന് ഇറങ്ങിയ യുജിഎഫ് ക്യാമ്പ് അവസാന നിമിഷം വെള്ളം കുടിക്കുമ്പോൾ സൗമ്യതയുടെ പ്രതീകമായി മുന്നേറുകയാണ് കുമ്മനം.

ആഗോള പൗരന്റെ ഇമേജ് കൊണ്ട് ഇക്കുറി രക്ഷപ്പെടില്ലെന്ന് ഉറപ്പായതോടെ കുമ്മനത്തെ നേരിടാൻ അവസാന തന്ത്രം തേടി തരൂർ ക്യാമ്പ് നീക്കങ്ങൾ ശക്തമായിട്ടുണ്ട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ദേശീയശ്രദ്ധയാകർഷിച്ച തിരുവനന്തപുരത്ത് ഇക്കുറി പോരാട്ടം തുടങ്ങിയതുതന്നെ തിളനിലയിലാണ്. രാഷ്ട്രീയചരിത്രവും വോട്ടുകണക്കുമൊക്കെ ചികഞ്ഞുനോക്കിയാൽ മൂന്നുമുന്നണിക്കും ജയിക്കാനും തോൽക്കാനുമാവുന്ന മണ്ഡലങ്ങൾ തിരുവനന്തപുരം പോലെ അധികമില്ല. ഇത്തവണ മൂന്നുപേർക്കും ജയിച്ചേതീരൂ.
വിശ്വപൗരൻ എന്ന പ്രതിച്ഛായയുള്ള ശശി തരൂർ യു.ഡി.എഫിനായി മൂന്നാംതവണയാണ് കളത്തിലിറങ്ങുന്നത്. 2009-ൽ ഇവിടെ തന്റെ കന്നിമത്സരത്തിൽ 99,998 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തോടെ അനായാസം ജയിച്ചു. 2014-ൽ ബിജെപി.യിലെ ഒ. രാജഗോപാൽ രണ്ടാംസ്ഥാനത്തെത്തിയ പൊടിപാറിയ ത്രികോണമത്സരത്തിൽ തരൂരിന്റെ ഭൂരിപക്ഷം 15,470 ആയി കുറഞ്ഞു.

കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതേതര രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തനായ വക്താവാണ് തരൂർ. ശബരിമലയിൽ യുവതീപ്രവേശത്തെ എതിർത്ത കേരളത്തിലെ കോൺഗ്രസിന്റെ സമീപനത്തിന് 'താത്ത്വികബലം' നൽകിയതും അദ്ദേഹമാണ്. കഴിഞ്ഞതവണ സാമുദായിക വോട്ടുകളിലൂടെ വിജയം മോഹിച്ച് ഡോ. ബെന്നറ്റ് എബ്രഹാമിനെയാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയാക്കിയത്. അതിനെതിരേ സിപിഐ.യിലുണ്ടായ അന്തച്ഛിദ്രത്തിൽ അമ്പുകൊണ്ടയാളാണ് സി ദിവാകരൻ. പതിവായി സിപിഐ. തോൽക്കുന്നുവെന്ന അപഖ്യാതിയും കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തായതിന്റെ അപമാനവും കഴുകിക്കളയാൻ ഇത്തവണ ശക്തനായ സ്ഥാനാർത്ഥിയെയാണ് അവർ തേടിയത്. ഒടുവിൽ നറുക്കുവീണത് നെടുമങ്ങാട്ടെ എംഎ‍ൽഎ. ദിവാകരനും. എന്നാൽ ഇത്തവണയും കാര്യങ്ങൾ ദിവാകരന് അനുകൂലമല്ലെന്നാണ് വിലയിരുത്തൽ.

പുറത്തു വന്ന സർവ്വേയിൽ എല്ലാം ദിവാകരൻ ഏറെ പിന്നിലാണ്. കുമ്മനവും തരൂരും തമ്മിലാണ് മത്സരം. ഇതിൽ കുമ്മനത്തിനാണ് സർവ്വേകൾ കൂടുതൽ വിജയ സാധ്യത നൽകുന്നത്. കുമ്മനത്തെ ഗൗനിക്കാതെയുള്ള തരൂരിന്റെ പ്രചരണ രീതിയായിരുന്നു ഇതിന് കാരണം. ബിജെപിയിലെ ഒരുവിഭാഗം മോഹിച്ചതുപോലെ നടൻ മോഹൻലാൽ വന്നില്ലെങ്കിലും കുമ്മനം മത്സരിക്കാനെത്തിയതും ജയത്തിൽക്കുറഞ്ഞ മറ്റൊന്നിനുമല്ല. മണ്ഡലത്തിൽ ഉൾപ്പെടുന്ന വട്ടിയൂർക്കാവിൽ 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്തായിരുന്നു കുമ്മനം. കേരളത്തിൽ ബിജെപി. വിജയിച്ച ഏക നിയമസഭാമണ്ഡലമായ നേമവും ഇവിടെയാണ്. സ്ഥാനാർത്ഥി മികച്ചതാണെങ്കിൽ ബിജെപി.ക്ക് തിരുവനന്തപുരത്ത് വോട്ടുകൂടും. ഇതെല്ലാം ബിജെപിക്ക് പ്രതീക്ഷ നൽകുന്നു. ഇതിനെ ആളിക്കത്തിച്ചാണ് പ്രധാനമന്ത്രി മോദിയും മടങ്ങുന്നത്. ഇതോടെ കുമ്മനത്തിന്റെ പ്രചരണത്തിന് പുതിയ മാനം വരികയാണ്. ഹിന്ദുത്വരാഷ്ട്രീയത്തെ എതിർത്തും അനുകൂലിച്ചുമുണ്ടാകാവുന്ന അടിയൊഴുക്കുകളാവും വിജയിയെ നിർണയിക്കുന്നത്. കുമ്മനത്തിന് ശബരിമലയോടുള്ള താൽപ്പര്യം പകൽ പോലെ വ്യക്തവുമാണ്.

ഇരുമുന്നണികളെയും അതിജീവിക്കുന്നവിധം വോട്ടുകിട്ടാനുള്ള സാധ്യത മോദിയുടെ വരവ് കൂട്ടിയെന്നാണ് വലിയിരുത്തൽ. ന്യൂനപക്ഷ വോട്ടുകളിലുണ്ടാകാവുന്ന കുറവ് മറികടക്കാനുള്ള തന്ത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പും ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിമുതൽ കേരളം സന്ദർശിച്ചത് നാലുതവണയാണ്. തിരുവനന്തപുരത്ത് രണ്ടുതവണ പരിപാടികളിൽ മോദി പങ്കെടുത്തു. ആദ്യത്തെ രണ്ടുവരവും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പായിരുന്നു. മൂന്ന് പൊതുചടങ്ങുകൾകൂടി ഉൾപ്പെടുത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പുതന്നെയായിരുന്നു വരവിന്റെ മുഖ്യ അജൻഡ. ജനുവരി 15-ന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിനാണ് ആദ്യമെത്തിയത്. കൊല്ലത്ത് എൻ.ഡി.എ.യുടെ പ്രചാരണത്തുടക്കംകൂടിയായിരുന്നു അന്നുനടന്ന പൊതുസമ്മേളനം. മടക്കയാത്രയിൽ തിരുവനന്തപുരത്തെത്തി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വദേശിദർശൻ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നടത്തി. ഇതെല്ലാം തിരുവനന്തപുരത്തെ ബിജെപി സാധ്യത തിരിച്ചറിഞ്ഞായിരുന്നു.

ആദ്യപരിപാടികളിൽ ശബരിമലവിഷയം തൊട്ടുതൊട്ടില്ലെന്ന മട്ടിലായിരുന്നു മോദിയുടെ പ്രസംഗം. സംസ്ഥാന സർക്കാരിനെ പ്രഹരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാൽ, കോഴിക്കോട്ടെ റാലിയിൽ ആചാരസംരക്ഷണത്തിന് കടുത്ത നിലപാട് സ്വീകരിച്ചു. കേരളത്തിന്റെ പ്രാധാന്യമനുസരിച്ച് ആചാരകാര്യങ്ങളുടെ സംരക്ഷണത്തിന് ഭരണഘടനാപരമായ പരിരക്ഷ ഉറപ്പാക്കുമെന്നുപറഞ്ഞായിരുന്നു മടക്കം. എന്നാൽ, അയൽസംസ്ഥാനങ്ങളിൽ ശബരിമലയെന്നുപറഞ്ഞുതന്നെ പ്രസംഗിച്ചു. ഇന്നലെ തീരുവനന്തപുരത്ത് വീണ്ടും വിഷയം കത്തിച്ചു. ഇതെല്ലാം കുമ്മനത്തിന് വോട്ടായി മാറുമെന്നാണ് വിലയിരുത്തൽ.

ശബരിമല യുവതീപ്രവേശവിധിക്കുശേഷമുണ്ടായ സംഭവങ്ങളെത്തുടർന്ന് ഹൈന്ദവ ഏകീകരണം, വിശ്വാസികളുടെ ഏകീകരണം എന്നിവയിൽ ഉയർന്ന വോട്ടുവിഹിതം മാത്രമല്ല, ഒന്നോ രണ്ടോ മണ്ഡലങ്ങളിൽ വിജയംവരെ പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. തീരപ്രദേശങ്ങളിൽനിന്നടക്കം നൂനപക്ഷ വോട്ട് ലക്ഷ്യംവെച്ച് വലിയ പ്രവർത്തനങ്ങളാണ് എൻ.ഡി.എ. നടത്തിയത്. മുമ്പുണ്ടായിട്ടില്ലാത്തവിധം കുടുംബസംഗമങ്ങളാണ് തിരുവനന്തപുരത്തടക്കം തീരപ്രദേശത്ത് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP