Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'തിരുത മീനിൽ' എല്ലാം ഉറപ്പിച്ച കെവി തോമസിന് വിനയായത് അമിത ആത്മവിശ്വാസവും മോദി സ്തുതിയും; മത്സരിച്ചാൽ തോൽപ്പിക്കുമെന്ന വാശിയിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രവർത്തകർ ഒരുമിച്ചത് രാഹുലിനെ ബോധ്യപ്പെടുത്താൻ മുല്ലപ്പള്ളി നന്നേ പാടുപെട്ടു; സീറ്റ് നിഷേധിച്ച ഷോക്കിൽ തോമസ് മാഷ് കാട്ടിക്കൂട്ടിയതൊക്കെ സീറ്റ് നിഷേധം ശരിവയ്ക്കുന്നതായി പ്രവർത്തകർ; സോണിയയുടെ അടുക്കലിൽ പാസില്ലാതെ കയറാൻ അനുമതി ഉണ്ടായിരുന്ന രണ്ട് മലയാളി നേതാക്കളും കണ്ടം ചാടുന്നത് കണ്ട് വിശ്വസിക്കാനാവാതെ കേരള ജനത

'തിരുത മീനിൽ' എല്ലാം ഉറപ്പിച്ച കെവി തോമസിന് വിനയായത് അമിത ആത്മവിശ്വാസവും മോദി സ്തുതിയും; മത്സരിച്ചാൽ തോൽപ്പിക്കുമെന്ന വാശിയിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രവർത്തകർ ഒരുമിച്ചത് രാഹുലിനെ ബോധ്യപ്പെടുത്താൻ മുല്ലപ്പള്ളി നന്നേ പാടുപെട്ടു; സീറ്റ് നിഷേധിച്ച ഷോക്കിൽ തോമസ് മാഷ് കാട്ടിക്കൂട്ടിയതൊക്കെ സീറ്റ് നിഷേധം ശരിവയ്ക്കുന്നതായി പ്രവർത്തകർ; സോണിയയുടെ അടുക്കലിൽ പാസില്ലാതെ കയറാൻ അനുമതി ഉണ്ടായിരുന്ന രണ്ട് മലയാളി നേതാക്കളും കണ്ടം ചാടുന്നത് കണ്ട് വിശ്വസിക്കാനാവാതെ കേരള ജനത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തനായിരുന്നു കെവി തോമസ്. രണ്ടാം യുപിഎയിൽ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാൻ സോണിയാ ഗാന്ധി കണ്ടെത്തിയ പൊതുവിതരണ മന്ത്രി. കുമ്പളങ്ങിയിലെ തിരുത മീനിന്റെ രുചി ഗാന്ധി കുടുംബത്തിന്റെ അടുക്കളയിൽ എത്തിച്ചതും കെ വി തോമസാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയയായിരുന്നപ്പോൾ കെവി തോമസിന് വച്ചടിവച്ചടി കയറ്റമായിരുന്നു. എല്ലാ രാഷ്ട്രീയക്കാരുമായി സൗഹൃദം പാലിക്കുന്ന തോമസ് ഹൈക്കമാണ്ടിലെ വിശ്വാസം കാരണം കേരളത്തിൽ ഗ്രൂപ്പ് കളി മറന്നു. സോണിയയുടെ അടുത്ത് മുൻകൂർ അനുമതി എടുക്കാതെ കടുന്നു ചെല്ലാനും തോമസിന് കഴിയുമായിരുന്നു. ഈ വിശ്വാസമാണ് എറണാകുളത്ത് വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന് തോമസ് കരുതാൻ കാരണം. എന്നാൽ രാഹുൽ ഗാന്ധി അത് വെട്ടി. തോമസിനെ കൊച്ചിയിലേക്ക് തിരിച്ചയയ്ക്കുകയാണ് രാഹുൽ. ഇതോടെ തോമസ് വലിയ പ്രതിസന്ധിയിലാകുന്നു. പാർട്ടി വിടുന്നത് പോലും ചിന്തിക്കുന്നു. അതിനിടെയിലും തോമസിനെ പാർട്ടിയിൽ പിടിച്ചു നിർത്താൻ സോണിയ ശ്രമം തുടങ്ങിയതായാണ് സൂചന.

കേരളത്തിൽ ആഗ്രഹിച്ചിട്ടും രാഹുൽ ഗാന്ധി സീറ്റ് നൽകാത്തത് സോണിയയുടെ വിശ്വസ്തനായ കെവി തോമസിന് മാത്രമാണ്. എറണാകുളത്ത് സിപിഐ പി രാജീവിനെ മത്സരിപ്പിക്കാൻ ഇറക്കിയത് വിജയം മാത്രം ലക്ഷ്യമിട്ടാണ്. കോൺഗ്രസിലെ ഗ്രൂപ്പുകൾ തോമസിന് എതിരാണെന്ന് തിരിച്ചറിഞ്ഞുള്ള കളി. തോമസിനെ എന്ത് വിലകൊടുത്തും തോൽപ്പിക്കാൻ കോൺഗ്രസിലെ ഒരുവിഭാഗം തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി മോദിയെ സ്തുതിച്ചത് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇക്കാര്യങ്ങൾ രാഹുലിനെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു കൊടുത്തു. ഇത്തവണ എറണാകുളത്തെ കൈവിട്ടാൽ പി രാജീവ് അതിനെ കുത്തക സീറ്റാക്കി മാറ്റുമെന്ന് മുല്ലപ്പള്ളി വിശദീകരിക്കുകയും ചെയ്തു. കെസി വേണുഗോപാലും ഇതിനെ ശരിവച്ചു. ഇതോടെ കെവി തോമസ് പുറത്തായി. ഇതിൽ പ്രകോപിതനായി ബിജെപി പാളയത്തിലേക്ക് കണ്ണ് വയ്ക്കുകയാണ് തോമസ്. ഇതോടെ സീറ്റ് നിഷേധിച്ചത് ശരിയായെന്ന് പ്രവർത്തകരും പറയുന്നു. സീറ്റ് കിട്ടാത്ത ഷോക്കിൽ മാധ്യമങ്ങളോട് തോമസ് പറഞ്ഞതെല്ലാം ഗ്രൂപ്പ് മാനേജർമാരെയാണ് സന്തോഷിപ്പിക്കുന്നത്. തോമസിന്റെ സോണിയാ സ്‌നേഹം പൊള്ളയായിരുന്നുവെന്ന് അവർ പറയുന്നു.

സോണിയയ്ക്ക് കേരളത്തിൽ രണ്ട് അതിവിശ്വസ്തരാണ് ഉണ്ടായിരുന്നത്. ടോം വടക്കനും കെവി തോമസും. രാഹുലിന്റെ ഭരണമെത്തിയതോടെ ടോം വടക്കൻ പാർട്ടിയിൽ ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് പോവുകയും ചെയ്തു. അതിന് പിന്നാലെയാണ് കെവി തോമസിനേയും പരസ്യമായി രാഹുൽ കൈവിടുന്നത്. ഇതോടെ സോണിയയുടെ രണ്ടാമത്തെ മലയാളി വിശ്വസ്തനും കോൺഗ്രസിൽ നിന്ന് പുറത്തു പോകുമെന്ന അഭ്യൂഹമാണ് ഉയരുന്നത്. ബിജെപിയിലും തോമസിന് അടുത്ത ബന്ധങ്ങളുണ്ട്. അതുകൊണ്ട് കൂടിയാണ് സംശയം ഉയരുന്നത്. ഈ അഭ്യൂഹത്തെ തോമസ് നിഷേധിച്ചതുമില്ല. അതുകൊണ്ട് തന്നെ മുൻ കേന്ദ്രമന്ത്രിയായ തോമസിന്റെ നീക്കങ്ങൾ ബിജെപിയും വീക്ഷിക്കുന്നുണ്ട്. ടോം വടക്കന് പിന്നാലെ ന്യൂനപക്ഷങ്ങളിൽ സ്വാധീനമുള്ള മറ്റൊരു പ്രമുഖനെ കൂടി കേരളത്തിൽ നിന്ന് റാഞ്ചാനാണ് ബിജെപിയുടെ ശ്രമം. ഇത് മനസ്സിലാക്കി കോൺഗ്രസും തോമസിനെ കൂടെ കൂട്ടാൻ തന്ത്രങ്ങൾ ഒരുക്കുന്നുണ്ട്.

സീറ്റ് നിഷേധിച്ചത് അറിഞ്ഞ് കരയുന്ന മുഖവുമായാണ് കെവി തോമസ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. എറണാകുളത്ത് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിലുള്ള പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചു. സിറ്റിങ് എംപി.മാരിൽ തനിക്കുമാത്രം എന്താണ് അയോഗ്യതയെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം ചോദിച്ചു. പാർട്ടിയുടെ തീരുമാനത്തിൽ താൻ നടുക്കത്തിലാണ്. ഭാവികാര്യങ്ങൾ അടുപ്പമുള്ളവരുമായും അനുയായികളുമായും ആലോചിച്ചു തീരുമാനിക്കും. ബിജെപി.യിലേക്കു പോവുമോയെന്ന് ആവർത്തിച്ചു ചോദിച്ചപ്പോൾ ബിജെപി.യും സിപിഎമ്മും ഉൾപ്പെടെ എല്ലാ പാർട്ടികളിലും തനിക്കു സുഹൃത്തുക്കളുണ്ടെന്നായിരുന്നു മറുപടി. ''മുതിർന്ന നേതാക്കളുമായൊക്കെ ആശയവിനിയമം നടത്തിയിരുന്നു. ആരും സ്ഥാനാർത്ഥിത്വം ഇല്ലെന്നു പറഞ്ഞില്ല. ഒടുവിൽ തീരുമാനം അറിഞ്ഞപ്പോൾ ഞാൻ നടുങ്ങി. സാധാരണ കോൺഗ്രസ് കുടുംബത്തിൽ ജനിച്ചുവളർന്നയാളാണ് ഞാൻ. ഇനിയും ജനങ്ങൾക്കൊപ്പമുണ്ടാവും. ഞാൻ ഡൽഹിരാഷ്ട്രീയം വിട്ടു പോവില്ല. കൊച്ചിയിലും എറണാകുളത്തും കൊച്ചുഗ്രാമമായ കുമ്പളങ്ങിയിലുമൊക്കെയായി ജനങ്ങൾക്കൊപ്പം ഉണ്ടാവും. ആരോടും പരിഭവമില്ല. ആരെങ്കിലും വഞ്ചിച്ചതായി കരുതുന്നുമില്ല''- അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണോ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെടാൻ കാരണമെന്നുചോദിച്ചപ്പോൾ താൻ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടുള്ള ആളല്ലെന്നായിരുന്നു മറുപടി. മണ്ഡലത്തിൽ താൻ തുടങ്ങിവെച്ച ഒട്ടേറെ വികസനപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവേണ്ടതുണ്ട്. അതൊന്നും പാതിവഴിയിൽ ഉപേക്ഷിക്കാനാവില്ല. താൻ രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാവുമെന്നും കെ.വി. തോമസ് വിശദീകരിച്ചു. ഇതിനിടെ തോമസിനെ അനുനയിപ്പിക്കാൻ കോൺഗ്രസും ശ്രമം തുടങ്ങിയിട്ടുണ്ട്. കോൺഗ്രസിൽ സോണിയയുടെ അതിവിശ്വസ്തനായ അഹമ്മദ് പട്ടേൽ തന്നെ തോമസിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളത്ത് ഹൈബി ഈഡൻ ജയിച്ചാൽ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വരും. ഈ സമയം ഇവിടെ തോമസിനെ മത്സരിപ്പിക്കുമെന്ന വാഗ്ദാനമാകും തോമസിന് നൽകുക. എന്നാൽ ഇപ്പോഴത്തെ വാഗ്ദാനം ചതിയായി മാറുമെന്ന് തോമസ് വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ കരുതലോടെയാകും നീക്കങ്ങൾ.

ഗാന്ധി കുടുംബവുമായി കെവി തോമസിന്റെ സ്‌നേഹവും ഭക്തിയുമൊക്കെ അതിന്റെ പാരമ്യത്തിലെത്തിയത് സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ ആയതോടുകൂടിയാണ്. കുമ്പളങ്ങിയിൽ നിന്നുള്ള നല്ല ഫ്രഷ് ആയ തിരുത മൽസ്യം സോണിയയുടെ അടുക്കളയിൽ സ്ഥിരമായി എത്തിച്ചു തുടങ്ങിയതും ഇക്കാലത്തു തന്നെ. കുമ്പളങ്ങിയെ ദേശീയ തലത്തിൽ തന്നെ മാർക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മാത്രം ഇതിനെ കാണുന്നവരുണ്ട്. എന്നാൽ കേന്ദ്രമന്ത്രി പദവിയും പാർട്ടിയിൽ ഉന്നത സ്ഥാനമാനങ്ങളും പ്രതീക്ഷിച്ചിട്ടായിരുന്നുവെന്നു ചിലരൊക്കെ അടക്കം പറഞ്ഞിരുന്നു. ഏവരേയും ഞെട്ടിച്ച് കെവി തോമസ് കേന്ദ്രമന്ത്രിയായി. എന്നാൽ അടുത്തകാലത്തായി തോമസിന് നെഹ്റു കുടുംബത്തോടുള്ള പ്രതിപത്തി വല്ലാതെ കുറഞ്ഞിരിക്കുന്നുവെന്നും മോദിയോടാണ് താൽപ്പര്യമെന്നും വാദമെത്തിയിരുന്നു.

കൊച്ചിയിൽ കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ മാനേജ്‌മെന്റ് സമ്മേളനത്തിന്റെ സമാപന ചടങ്ങിലാണ് തോമാച്ചൻ എല്ലാം മറന്നു മോദി സ്തുതി ചൊരിഞ്ഞത്. സ്വന്തം തീരുമാനങ്ങളെയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന മികച്ച ഭരണാധികാരിയാണ് മോദിയെന്നും സ്വന്തം പാർട്ടിയായ കോൺഗ്രസിന്റെ നേതാക്കളെക്കാൾ താൻ കൂടുതൽ കംഫർട്ടബിൾ ആകുന്നതു മോദിയുമായി ആശയ വിനിമയം നടത്തുമ്പോഴാണെന്നും തോമസ് പറഞ്ഞിരുന്നു. മോദി സ്തുതി വിവാദമായതോടെ എല്ലാവരും ചെയ്യുന്നതുപോലെ പത്രങ്ങളെ പഴിപറഞ്ഞു രക്ഷപ്പെടാനും ശ്രമിച്ചു. മോദിയുടെ വാഗ്ദാനങ്ങളുടെ പൊള്ളത്തരവും ഭരണത്തിലെ വീഴ്ചകളും തുറന്നു കാണിക്കുന്നതിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വേളയിലായിരുന്നു തോമസിന്റെ വിവാദം ഉണ്ടാക്കൽ. ഇതെല്ലാം എ-ഐ ഗ്രൂപ്പുകൾ അവസരമാക്കി മാറ്റി. തോമസിനെ സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്ന് വെട്ടിമാറ്റുകയും ചെയ്തു.

അതിനിടെ തോമസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ശ്രമം തുടങ്ങി. കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും കെ വി തോമസിനെ ടെലഫോണിൽ വിളിച്ച് ചർച്ച നടത്തി. സീറ്റി നിഷേധിച്ചതിന്റെ പേരിൽ കടുത്ത നടപടികളിലേക്ക് പോകരുതെന്ന് ഇരുവരും കെ വി തോമസിനോട് അഭ്യർത്ഥിച്ചു. സീറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് പരസ്യമായി പൊട്ടിത്തെറിച്ച തോമസിന്റെ പ്രതികരണം അറിഞ്ഞ സോണിയ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നികുമായി ചർച്ച നടത്തുകയും, തോമസിനെ ഞായറാഴ്ച വസതിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. മുൻപ്രധാനമന്ത്രി മന്മോഹൻ സിംഗും കെ വി തോമസിനെ ഫോണിൽ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമം നടത്തി. തോമസ് കോൺഗ്രസിനെ വിട്ടു പോകില്ലെന്ന് തന്നെയാണ് സോണിയ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായി ഹൈബി ഈഡൻ എംഎൽഎയെ തീരുമാനിച്ചതിനു പിന്നാലെയിയിരുന്നു പ്രതികരണവുമായി കെ വി തോമസ് രംഗത്തെത്തിയത്. അതിനിടെ കോൺഗ്രസ് പാർട്ടിൽ ഏൽപ്പിച്ച ഉത്തരവാദിത്തം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രതികരിച്ചു. എറണാകുളം മണ്ഡലത്തിൽ കോൺഗ്രസ് മികച്ച വിജയം നേടുമെന്ന് ഉറപ്പാണെന്നും ഹൈബി ഈഡൻ എംഎൽഎ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ കെ.വി തോമസിന്റെ അനുഗ്രഹത്തോടെയായിരിക്കും താൻ പ്രചാരണം ആരംഭിക്കുക എന്ന് ഹൈബി വ്യക്തമാക്കി. അദ്ദേഹം തനിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ഹൈബി പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ സമുന്നതനായ കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് കെ.വി തോമസ്. എറണാകുളത്തിന്റെ വികസനത്തിൽ വലിയ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. കെ. വി തോമസ് ഉറപ്പായും തന്റെ വിജയത്തിന് ഒപ്പം നിൽക്കുമെന്ന് ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP