Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടതു കണ്‍വീനറായി പിണറായി എത്തില്ല? ആരാകും സഭയിലെ ഉപനേതാവ്? അന്തിമ തീരുമാനം സംസ്ഥാന സമിതി എടുക്കും; മുന്നണി വിപൂലീകരണ ചര്‍ച്ചകളും സിപിഎം തുടങ്ങും; അരുവിക്കരയും അജണ്ടയാകും

ഇടതു കണ്‍വീനറായി പിണറായി എത്തില്ല? ആരാകും സഭയിലെ ഉപനേതാവ്? അന്തിമ തീരുമാനം സംസ്ഥാന സമിതി എടുക്കും; മുന്നണി വിപൂലീകരണ ചര്‍ച്ചകളും സിപിഎം തുടങ്ങും; അരുവിക്കരയും അജണ്ടയാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതു മുന്നണി കണ്‍വീനറുടെ റോളില്‍ പിണറായി വിജയന്‍ എത്തില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് വൈക്കം വിശ്വന്‍ ഒഴിവായ സാഹചര്യത്തില്‍ ഇടതു മുന്നണിയ്ക്ക് പുതിയ കണ്‍വീനറെ കണ്ടെത്തേണ്ടതുണ്ട്. ഈ നിലയിലാണ് പിണറായി വിജയന്റെ പേര് ഉയര്‍ന്നു വന്നത്. എന്നാല്‍ മുന്നണി വിപുലീകരണവുമായുള്ള ലക്ഷ്യങ്ങള്‍ സിപിഎമ്മിനുള്ളതിനാല്‍ പിണറായിയെ കണ്‍വീനറാക്കില്ലെന്നാണ് സൂചന. പിണറായി വിജയനും ഈ പദവിയോട് താല്‍പ്പര്യമില്ല.

രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തുടങ്ങും. കഴിഞ്ഞയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം, അംഗങ്ങള്‍ക്കുള്ള സംഘടനാ ചുമതലകള്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്ത് അംഗീകരിക്കും. വീരേന്ദ്രകുമാറുമായി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയും സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യും. ആ വിഷയം സംസ്ഥാന സമിതി ഗൗരവമായി പരിഗണിക്കും. കെ ആര്‍ ഗൗരിയമ്മയുടെ പാര്‍ട്ടിയിലേക്കുള്ള മടങ്ങി വരവും സംസ്ഥാന സമിതി പരിഗണിക്കും. അതിനിടെ അടുത്ത ഇടത് കണ്‍വീനര്‍ ആരായിരിക്കുമെന്നതാണ് ഇന്ന് തുടങ്ങുന്ന സിപിഎം നേതൃയോഗത്തെ ശ്രദ്ധേയമാക്കുന്നത്.

സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇല്ലെങ്കിലും വൈക്കം വിശ്വന്‍ തന്നെ മുന്നണി കണ്‍വീനറായി തുടരട്ടേ എന്ന അഭിപ്രായവും സജീവമാണ്. ഇപി ജയരാജനെ കണ്‍വീനറാക്കാനാണ് പിണറായിയ്ക്ക ്താല്‍പ്പര്യം. എന്നാല്‍ മലബാര്‍ മേഖലയില്‍ നിന്നുള്ള സെക്രട്ടറിയും മുന്നണി കണ്‍വീനറും വേണ്ടെന്ന അഭിപ്രായവും സജീവമാണ്. അങ്ങനെ വന്നാല്‍ തെക്കന്‍ കേരളത്തില്‍ നിന്നോ മധ്യമേഖലയില്‍ നിന്നോ ഉള്ള സെക്രട്ടറിയേറ്റ് അംഗം മുന്നണി കണ്‍വീനറാകും. ജനതാദള്ളിനേയും ആര്‍എസ്പിയേയും മുന്നണിയിലേക്ക് അടുപ്പിക്കണമെന്ന ലക്ഷ്യമുള്ളതിനാല്‍ കൂടിയാണ് ഈ നീക്കം. പിണറായി വിജയനെ കണ്‍വീറാക്കേണ്ടെന്ന അഭിപ്രായമുയര്‍ത്തുന്നവരും ചൂണ്ടിക്കാട്ടുന്നത് ഇതു തന്നെ.

യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കാറാനുള്ള ജനതാദള്‍(യു)വിന്റെ നീക്കത്തിന് ആക്കം കുറഞ്ഞത് പിണറായി വിജയന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ആകുമെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന്. 2009 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാറിന് നിഷേധിച്ചതിനെ തുടര്‍ന്നാണ് വീരേന്ദ്ര കുമാര്‍ എല്‍ഡിഎഫ് വിട്ടത്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയനാണ് വീരേന്ദ്രകുമാറിന് കോഴിക്കോട് സീറ്റ് നല്‍കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. പിണറായിയോട് കൂറ് പുലര്‍ത്തിയിരുന്ന ഡിവൈഎഫ്‌ഐ നേതാവിന് വേണ്ടിയാണ് അന്ന് ജനതാദളിനെ തഴഞ്ഞത്. ഈ സാഹചര്യത്തില്‍ കൂടിയാണ് പിണറായിയെ ഇടത് കണ്‍വീനറാക്കുന്നതിന് പാര്‍ട്ടി പ്രഥമ പരിഗണന നല്‍കാത്തത്.

നിലവില്‍ കൊടിയേരി ബാലകൃഷ്ണനാണ് നിയമസഭയില്‍ സിപിഎം പാര്‍ട്ടിയുടെ ഉപനേതാവ്. സിപിഎം സംസ്ഥാന സെക്രട്ടറിയായ സ്ഥിതിയ്ക്ക് ഈ പദവി കൊടിയേരി ഒഴിയേണ്ടതുണ്ട്. ഇതാണ് പാര്‍ട്ടിയിലെ പതിവ്. ഈ സാഹചര്യത്തിലാണ് പുതിയ ഉപ നേതാവിനെ കണ്ടെത്തേണ്ടി വരുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിയും എംഎല്‍എയാണ്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിലേക്കാണ് ബേബിയുടെ കണ്ണ്. അതുകൊണ്ട് തന്നെ നിയമസഭാ ഉപ നേതൃസ്ഥാനം ബേബി ഏറ്റെടുക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചേക്കും. അങ്ങനെ വന്നാല്‍ തോമസ് ഐസക് ഉള്‍പ്പെടെയുള്ള കേന്ദ്ര കമ്മറ്റി അംഗങ്ങളെ ഉപനേതാവായി പരിഗണിക്കും. തര്‍ക്കമൊഴിവാക്കാന്‍ കൊടിയേരി തന്നെ തല്‍ക്കാലത്തേക്ക് തുടരാനും സാധ്യതയുണ്ട്.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് അന്വേഷണ വിഷയങ്ങള്‍ സമിതി വിലയിരുത്തും. കെഎം മാണിക്കൊപ്പം കെ. ബാബുവിന് എതിരേയും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ സിപിഎം തീരുമാനിച്ചേക്കും. അരുവിക്കര ഉപതെരഞ്ഞെടുപ്പും സംസ്ഥാന സമിതി ചര്‍ച്ച ചെയ്‌തേക്കും. അരുവിക്കര സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്കും തുടക്കമാകും. തിരുവനന്തപുരം ജില്ലയിലെ മുന്നോരൊക്കങ്ങള്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിക്കും. എം വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ പരോക്ഷമായി എതിര്‍ക്കുന്ന രീതിയിലാകും കടകംപള്ളി ജയസാധ്യതകള്‍ വിശദീകരിക്കുകയെന്നാണ് സൂചന.

സംസ്ഥാനത്ത് രാഷ്ട്രീയ മേല്‍കൈ നേടാന്‍ അരുവിക്കരയില്‍ വിജയം അനിവാര്യമാണെന്ന് സിപിഎം കണക്കു കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാവരും ഒന്നിച്ച് ചിട്ടയായ പ്രവര്‍ത്തനം നടത്തണമെന്ന പൊതു വികാരമാകും സംസ്ഥാന സമിതിയില്‍ ഉയരുക. സ്ഥാനാര്‍ത്ഥിയെ സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചിയിക്കണമെന്ന ധാരണയും ഉണ്ടായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP