Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈബി ഈഡൻ സ്ഥാനാർത്ഥിയായതോടെ പി രാജീവിനെ പേടിച്ച് മാളത്തിൽ ഒളിച്ച പ്രവർത്തകർ ഉഷാറായി; രാത്രി തന്നെ ചുവരെഴുത്തും പോസ്റ്ററുകളും നിറഞ്ഞു; ഞെട്ടിക്കുന്ന സ്ഥാനാർത്ഥിയെ കിട്ടിയതോടെ സിപിഎമ്മിന്റെ രാഷ്ട്രീയ കൊലപാതകം ചർച്ചയാക്കി വിജയിക്കാൻ കാസർഗോട്ടുകാർ; രമ്യയുടെ പ്രസംഗം വൈറലാക്കി ആലത്തൂരുകാർ; കഴിഞ്ഞ തവണത്തെ തെററിന് പരിഹാരം കാണാൻ ഇടുക്കിയും; പ്രതാപനിലൂടെ പ്രതാപം വീണ്ടെടുക്കാൻ തൃശൂരും; നിരാശപ്പെടുത്താത്ത സ്ഥാനാർത്ഥി ലിസ്റ്റിന്റെ ആവേശത്തിൽ കോൺഗ്രസ് പ്രവർത്തകർ

ഹൈബി ഈഡൻ സ്ഥാനാർത്ഥിയായതോടെ പി രാജീവിനെ പേടിച്ച് മാളത്തിൽ ഒളിച്ച പ്രവർത്തകർ ഉഷാറായി; രാത്രി തന്നെ ചുവരെഴുത്തും പോസ്റ്ററുകളും നിറഞ്ഞു; ഞെട്ടിക്കുന്ന സ്ഥാനാർത്ഥിയെ കിട്ടിയതോടെ സിപിഎമ്മിന്റെ രാഷ്ട്രീയ കൊലപാതകം ചർച്ചയാക്കി വിജയിക്കാൻ കാസർഗോട്ടുകാർ; രമ്യയുടെ പ്രസംഗം വൈറലാക്കി ആലത്തൂരുകാർ; കഴിഞ്ഞ തവണത്തെ തെററിന് പരിഹാരം കാണാൻ ഇടുക്കിയും; പ്രതാപനിലൂടെ പ്രതാപം വീണ്ടെടുക്കാൻ തൃശൂരും; നിരാശപ്പെടുത്താത്ത സ്ഥാനാർത്ഥി ലിസ്റ്റിന്റെ ആവേശത്തിൽ കോൺഗ്രസ് പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ ത്രികോണത്തിന് സാധ്യതയുള്ളത് തിരുവനന്തപുരത്ത് മാത്രമാണ്. ബാക്കി എല്ലായിടത്തും ഇടതും വലയും തമ്മിലെ പോരാട്ടമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ മത്സര ചിത്രം ഏതാണ് ഇന്നലെയോടെ വ്യക്തമാവുകയാണ്. നാലിടത്ത് ഒഴികെ ബാക്കിയെല്ലായിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അലയൊലികൾ ഉയരുമ്പോഴും എല്ലാ സീറ്റിലും ഏറ്റവും മികച്ച സ്ഥാനാർത്ഥിയെയാണ് ഗ്രൂപ്പ് മാനേജർമാർ അവതരിപ്പിച്ചത്. ഗ്രൂപ്പിനുള്ളിൽ നീതി നടപ്പാക്കിയതാണ് ഇതിന് കരാണം. ഗ്രൂപ്പുകൾക്ക് അതീതരായവും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സമ്മർദ്ദത്തിലൂടെ പട്ടികയിൽ ഇടം നേടി. വിജയസാധ്യതയാണ് എല്ലാത്തിനും കാരണമായി എടുത്തത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചേർന്നെടുത്ത തീരുമാനത്തിൽ എല്ലാവരും സന്തുഷ്ടരാണ്. സീറ്റ് നഷ്ടമായവർ പരാതി പറയുമ്പോഴും പ്രവർത്തകർ ആവേശത്തോടെ പ്രചരണം തുടങ്ങുകയാണ്. എറണാകുളത്തും തൃശൂരിലും കാസർഗോഡും എല്ലാം സ്ഥാനാർത്ഥികളുടെ മികവ് വിജയമൊരുക്കുമെന്ന് കോൺഗ്രസ് കരുതുന്നു.

സിറ്റിം എംപിമാരിൽ കെ വി തോമസിന് മാത്രമാണ് ആഗ്രഹിച്ചിട്ടും സീറ്റ് നൽകാത്തത്. എറണാകുളത്ത് ജയിച്ചേ മതിയാകൂവെന്നതാണ് കോൺഗ്രസിന്റെ അവസ്ഥ. കുത്തക മണ്ഡലത്തിൽ പ്രചരണം ആളിക്കത്തിക്കണം. അതിന് കെവി തോമസിന് കഴിയുമോ എന്ന ആശങ്ക ശക്തമായിരുന്നു. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സിപിഎമ്മിനായി പി രാജീവ് എത്തിയതോടെയായിരുന്നു ഇത്. എസ് എഫ് ഐക്കാലത്തെ പോരാട്ടവീര്യവും രാജ്യസഭയിലെ മിന്നും പ്രകടനവും പി രാജീവ് എറണാകുളത്ത് ചർച്ചയാക്കിയപ്പോൾ തോമസ് മാഷിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു. ഇതോടെയാണ് എറണാകുളത്തിന്റെ സ്വന്തം പയ്യൻ ഹൈബി ഈഡനിലേക്ക് ചർച്ചയെത്തിയത്. പ്രളയകാലത്ത് ഉൾപ്പെടെ എറണാകുളത്തിന്റെ കണ്ണീരൊപ്പാൻ ഓടി നടന്ന ഹൈബിയുടെ ജനകീയ പ്രതിച്ഛായ വിജയമൊരുക്കുമെന്ന് കോൺഗ്രസ് കരുതുന്നു. ലത്തീൻ കത്തോലിക്കരുടെ വോട്ട് ഉറപ്പിച്ച് നിന്ന് രാഷ്ട്രീയതര വോട്ടെല്ലാം കൈപ്പത്തിക്ക് അനുകൂലമാക്കാനുള്ള തന്ത്രമായിരുന്നു ഹൈബിയുടെ സ്ഥാനാർത്ഥിത്വം.

ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കാസർകോട്ട് രാജ്‌മോഹൻ ഉണ്ണിത്താനും ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട്ട് വി.കെ. ശ്രീകണ്ഠനും കോൺഗ്രസ് സ്ഥാനാർത്ഥികളാകുമ്പോൾ എല്ലായിടത്തും പ്രവർത്തകർ ആവേശത്തിലാണ്. ആറ്റിങ്ങൽ, ആലപ്പുഴ, വയനാട്, വടകര സ്ഥാനാർത്ഥികളും ദുർബലരാകില്ലെന്നാണ് സൂചന. താമസിയാതെ ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളും എത്തും. 4 സിറ്റിങ് എംപിമാർക്ക് വീണ്ടും അവസരം; 2 പേർ സ്വയം പിന്മാറി. കഴിഞ്ഞ തവണ 8 സീറ്റാണ് കേരളത്തിൽ കോൺഗ്രസിനു ലഭിച്ചത്. ഇതിൽ എം.ഐ. ഷാനവാസ് (വയനാട്) അന്തരിച്ചു. സിറ്റിങ് സീറ്റുകളെല്ലാം നിലനിർത്താനാണ് കോൺഗ്രസിന്റെ ശ്രമം. ഇതിൽ ആലപ്പുഴയിലും വടകരയിലും പോരാട്ടം കടുക്കും. ആലപ്പുഴയിൽ കെ സി വേണുഗോപാലിന്റെ അസാന്നിധ്യം വലിയ ചർച്ചയാകും. വടകരയിൽ മുല്ലപ്പള്ളിയാണ് മികച്ചത്. എന്നാൽ കെപിസിസി അധ്യക്ഷൻ മത്സരിക്കാതെ മാറി നിൽക്കുന്നു. അതുകൊണ്ട് തന്നെ ഇടുക്കിയും തൃശൂരും കാസർഗോഡും കോൺഗ്രസിന് നിർണ്ണായകമാമ്.

ശശി തരൂർ (തിരുവനന്തപുരം), ആന്റോ ആന്റണി (പത്തനംതിട്ട), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), എം.കെ. രാഘവൻ (കോഴിക്കോട്) എന്നിവർക്കാണ് വീണ്ടും സീറ്റ്. സിറ്റിങ് എംപിമാരായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സംഘടനാ ചുമതലകൾ കാരണം മൽസരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. തൃശൂരിൽ പ്രതാപൻ ഉജ്ജ്വല സ്ഥാനാർത്ഥിയാണ്. നാട്ടികയുടെ മുൻ എംഎൽഎ ഡിസിസിയുടെ അധ്യക്ഷനും. അതുകൊണ്ട് തന്നെ സംഘടന ഒന്നടങ്ങം പ്രതാപനൊപ്പം നിൽക്കും. ജനകീയ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന പ്രതാപന്റെ അഴിമതി വിരുദ്ധ ഇമേജും ചർച്ചയാക്കും. കോൺഗ്രസിന്റെ ഉറച്ച കോട്ടയായി വീണ്ടും തൃശൂരിനെ മാറ്റുകയാണ് ലക്ഷ്യം. സിപിഐയിൽ ഗ്രൂപ്പ് പ്രശ്‌നങ്ങളുണ്ട്. സിറ്റിങ് എംപിയായ സിഎൻ ജയദേവന് സീറ്റ് നൽകിയതുമില്ല. ഇതെല്ലാം രാജാജി മാത്യു തോമസിനെതിരെ പ്രതാപന് തുണയാകുമെന്നാണ് പ്രതീക്ഷ. വി എം സുധീരന്റെ പിന്തുണയും പ്രതാപന് കരുത്തായി. ഇതെല്ലാം പരിഗണിച്ചാണ് കെപി ധനപാലന്റെ പേരിനെ വെട്ടി പ്രതാപനെ തൃശൂരിലെ സ്ഥാനാർത്ഥിയാക്കിയത്.

അപ്രതീക്ഷിതമായാണ് രാജ്‌മോഹൻ ഉണ്ണിത്താൻ കാസർഗോട്ടെത്തുന്നത്. ചില പ്രാദേശിക നേതാക്കൾ ഇതിനെ എതിർക്കുന്നുണ്ടെങ്കിലും സിപിഎമ്മിന്റെ കുത്തക മണ്ഡലത്തിൽ ഉണ്ണിത്താൻ സാധ്യത ഏറെയാണ്. പെരിയയിലെ ഇരട്ടകൊലപാതകം ചർച്ചകളിൽ നിറയ്ക്കാൻ കരുത്തുള്ള നോവാണ് ഉണ്ണിത്താൻ. മുമ്പ് തലശ്ശേരിയിൽ സാക്ഷാൽ കോടിയേരി ബാലകൃഷ്ണനെ വിരട്ടിയ നേതാവാണ് രാജ്‌മോഹൻ. അതുകൊണ്ട് തന്നെ കാസർഗോട്ട് പ്രചരണത്തിൽ അക്രമ രാഷ്ട്രീയത്തെ ആളക്കത്തിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയെ തന്നെ കോൺഗ്രസ് അവതരിപ്പിച്ചിരിക്കുന്നു. പ്രചരണത്തിൽ രാജ്‌മോഹൻ സജീവമാകുമ്പോൾ പ്രവർത്തകർ ഒന്നടങ്കം രാജ്‌മോഹന് പിന്നിൽ അണിനിരക്കും. അങ്ങനെ കടന്നപ്പള്ളി രാമചന്ദ്രനും രാമയ്യറേയ്ക്കും ശേഷം കാസർഗോഡിനെ വലത്തോട്ട് രാജ്‌മോഹൻ എത്തിക്കുമെന്നാണ് പ്രതീക്ഷ.

കാസർഗോഡ് കോൺഗ്രസിന് ബാലികേറാമലയല്ല. നയനാരേയും കോൺഗ്രസ് തോൽപ്പിച്ചിട്ടുണ്ട്. കടന്നപ്പള്ളി നായനാർക്കെതിരെ നേടിയതിനേക്കാൾ വലിയ അട്ടിമറി വിജയമാണ് രാജ്‌മോഹന്റെ മനസ്സിലുള്ളത്. കാസർകോട് യു.ഡി.എഫിന് ബാലികേറാമലയല്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രഖ്യാപിക്കുന്നത് .കടന്നപ്പള്ളിയുടെ കോൺഗ്രസ് ടിക്കറ്റിലെ വിജയത്തെ ഓർമിപ്പിച്ചാണ്. തികഞ്ഞ വിജയപ്രതീക്ഷയാണ് കാസർകോടുള്ളത്. അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തായിരിക്കും മണ്ഡലത്തിൽ. കാസർകോടിനു തന്നെ നന്നായറിയാം. മലബാറിന്റെ സ്‌നേഹം ആവോളം അനുഭവിച്ച വ്യക്തിയാണ് താൻ. വിജയിച്ച് എംപിയായി താൻ പാർലമെന്റിൽ പോയിരിക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശനം കാസർകോടിനെ ഇളക്കി മറിച്ചിരിക്കുകയാണ്. 50 വർഷത്തെ തന്റെ രാഷ്ട്രീയപ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണിതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വിശദീകരിക്കുന്നു.

ആലത്തൂരിൽ രമ്യാ ഹരിദാസാണ് സ്ഥാനാർത്ഥി. സിപിഎമ്മിന്റെ കോട്ടയിൽ സിറ്റിങ് എംപി പികെ ബിജുവിനെ രമ്യാ ഹരിദാസിന് തളയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. കത്തിക്കയറുന്ന പ്രസംഗത്തിലൂടെ യൂത്ത് കോൺഗ്രസിന്റെ മുഖമായി മാറിയ രമ്യയ്ക്ക ആളുകളുമായി സംവധിക്കാനും കഴിയും. ഇത് രണ്ടും യുവ നേതാവിനെ പാർലമെന്റിലെത്തിക്കുമെന്നാണ് പ്രതീക്ഷ. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. സീറ്റുറപ്പിക്കാൻ ഡൽഹിക്കോ തിരുവനന്തപുരത്തേക്കോ വണ്ടികയറാൻ നിൽക്കാതെ സ്വന്തം പ്രദേശത്ത് എം.കെ. രാഘവനുവേണ്ടി പ്രചാരണം തുടങ്ങി. സീറ്റ് കിട്ടിയാൽ സന്തോഷം, ഇല്ലെങ്കിലും പരിഭവമില്ലെന്നായിരുന്നു ആലത്തൂർ മണ്ഡലത്തിലെ കോൺഗ്രസ് സാധ്യതാപ്പട്ടികയിൽ ഉൾപ്പെട്ട രമ്യയുടെ പ്രതികരണം. എന്നാൽ രമ്യയ്‌ക്കൊപ്പമായിരുന്നു ഗ്രൂപ്പിന് അതീതമായി നേതാക്കൾ നിലയുറപ്പിച്ചത്. ഇതോടെ ആലത്തൂരിൽ സ്ഥാനാർത്ഥിയുമായി. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ആറുവർഷംമുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ടായിരുന്നു കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പി.പി. ഹരിദാസന്റെയും രാധയുടെയും മകളുടെ തലവരമാറ്റിയത്. നാലുദിവസമായി നടന്ന ടാലന്റ് ഹണ്ടിൽ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ തിളങ്ങിയപ്പോൾ രാഹുൽ അവരിലെ നേതൃപാടവം തിരിച്ചറിഞ്ഞു. അതും വീണ്ടും ആലത്തൂരിലെ സ്ഥാനാർത്ഥിത്വത്തിലൂടെ അംഗീകരിക്കപ്പെടുകയാണ്. രമ്യാ ഹരിദാസിന്റെ രാഷ്ട്രീയ പ്രസംഗമെല്ലാം സൂപ്പർ ഹിറ്റാണ്. ഈ വിഡീയോകൾ വൈറലാക്കുകയാണ് പ്രവർത്തകർ. ബിജുവിനെ ആലത്തൂരിൽ രമ്യ പിടിച്ചു കെട്ടുമെന്നാണ് പ്രതീക്ഷ.

ഇടുക്കിയിലും പോരാട്ടം കടുക്കും. കഴിഞ്ഞ തവണ ഡീൻ കുര്യാക്കോസായിരുന്നു സ്ഥാനാർത്ഥി. എന്നാൽ കസ്തൂരി രംഗൻ റിപ്പോർട്ട് കോൺഗ്രസിന് തിരിച്ചടിയായി. ജോയിസ് ജോർജ് ഇടത് സ്വതന്ത്രനായി ജയിച്ചു. എന്നാൽ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. ഇന്ന് ഇടുക്കിയിൽ കോൺഗ്രസ് വിരുദ്ധ തരംഗമില്ല. ജോയിസിനോട് സഭാ നേതൃത്വത്തിനും പഴയ താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ ഇടുക്കിയിൽ മുൻതൂക്കം യുഡിഎഫിനാണ്. കഴിഞ്ഞ തവണ തോൽപ്പിച്ച വോട്ടർമാർ ഡീനിനെ ഇത്തവണ കൈവിടില്ലെന്നാണ് ഇടുക്കിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. അതുകൊണ്ടു തന്നെ ഉറച്ച ജയസാധ്യതയുള്ള മണ്ഡലത്തിലേക്കാണ് ഡീൻ ഇത്തവണ മത്സരിക്കാനെത്തുന്നത്.

ഇനി നാല് സീറ്റിലാണ് സ്ഥാനാർത്ഥികൾ ആകാനുള്ളത്. വടകരയും വയനാട്ടും ആലപ്പുഴയും ആറ്റിങ്ങലും. ഇതിൽ വയനാട് കോൺഗ്രസിന്റെ ഉറച്ച സീറ്റാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപറേഷൻ കൗൺസിലറുമായ വിദ്യ ബാലകൃഷ്ണനെയാണ് വടകരയിൽ സജീവമായി പരിഗണിച്ചത്. വയനാട്ടിൽ എ - ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പോര് മുറുകിയതാണു സീറ്റ് നിർണയം സങ്കീർണമാക്കിയത്. എ ഗ്രൂപ്പ് പ്രതിനിധിയായി ടി. സിദ്ദീഖും ഐ ഗ്രൂപ്പിന്റെ ഷാനിമോൾ ഉസ്മാൻ, കെ.പി. അബ്ദുൽ മജീദ് എന്നിവരുമാണു പരിഗണിക്കപ്പെട്ടത്. കെ. മുരളീധരൻ, പി.എം. നിയാസ് എന്നിവരെയും പരിഗണിച്ചു. വയനാട് വിടില്ലെന്ന് ഇരുപക്ഷവും ഉറച്ച നിലപാടെടുത്തതോടെ, പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം തീരുമാനമെടുക്കാനാവാതെ കുഴങ്ങി. ഷാനിമോളെ ആലപ്പഴയിലേക്കും പരിഗണിച്ചു. എ.എ. ഷുക്കൂറിന്റെ പേരും ആലപ്പുഴയുടെ സാധ്യതാ പട്ടികയിൽ ഇടം പിടിച്ചു. ആറ്റിങ്ങലിൽ സാധ്യതാ പട്ടികയിൽ മുന്നിലുണ്ടായിരുന്ന അടൂർ പ്രകാശിനെയും ആലപ്പുഴയിൽ പരിഗണിച്ചു. വടകരയിൽ സിപിഎമ്മിലെ മുതിർന്ന നേതാവ് പി.ജയരാജനെ നേരിടാൻ കരുത്തുറ്റ സ്ഥാനാർത്ഥി വേണമെന്നു ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടി.

കോൺഗ്രസ് സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: ശശി തരൂർ
പത്തനംതിട്ട: ആന്റോ ആന്റണി
മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്
ഇടുക്കി: ഡീൻ കുര്യാക്കോസ്
എറണാകുളം: ഹൈബി ഈഡൻ
ചാലക്കുടി: ബെന്നി ബഹനാൻ
തൃശൂർ: ടി.എൻ. പ്രതാപൻ
ആലത്തൂർ: രമ്യ ഹരിദാസ്
പാലക്കാട്: വി.കെ. ശ്രീകണ്ഠൻ
കോഴിക്കോട്: എം.കെ. രാഘവൻ
കണ്ണൂർ: കെ. സുധാകരൻ
കാസർകോട്: രാജ്‌മോഹൻ ഉണ്ണിത്താൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP