Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വോട്ടെടുപ്പ് 59 മണ്ഡലങ്ങളിൽ മാത്രം അവശേഷിക്കവെ ഒറ്റക്ക് കേവല ഭൂരിപക്ഷ പ്രതീക്ഷ നഷ്ടപ്പെട്ട് ബിജെപി; സഖ്യകക്ഷികളെ കണ്ടെത്താൻ നീക്കം; ഉത്തർപ്രദേശിൽ എസ്‌പി-ബിഎസ്‌പി സഖ്യം വരുത്തുന്ന ക്ഷീണം ഒഡീഷയിലും ബംഗാളിലും നികത്താമെന്ന പ്രതീക്ഷയിൽ അമിത്ഷാ; രാജീവ് ഗാന്ധിക്കെതിരെ ആക്രമണം നടത്തിയും സിഖ് കൂട്ടക്കൊല ചർച്ചയാക്കിയും തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിച്ചത് മോദി; 200ലധികം സീറ്റുകൾ ബിജെപി ഒറ്റയ്ക്ക് നേടിയാൽ മോദി സർക്കാറുണ്ടാക്കും; 150 സീറ്റിൽ കോൺഗ്രസ് വിജയിച്ചാൽ മാത്രം രാഹുലിന് പ്രതീക്ഷ

വോട്ടെടുപ്പ് 59 മണ്ഡലങ്ങളിൽ മാത്രം അവശേഷിക്കവെ ഒറ്റക്ക് കേവല ഭൂരിപക്ഷ പ്രതീക്ഷ നഷ്ടപ്പെട്ട് ബിജെപി; സഖ്യകക്ഷികളെ കണ്ടെത്താൻ നീക്കം; ഉത്തർപ്രദേശിൽ എസ്‌പി-ബിഎസ്‌പി സഖ്യം വരുത്തുന്ന ക്ഷീണം ഒഡീഷയിലും ബംഗാളിലും നികത്താമെന്ന പ്രതീക്ഷയിൽ അമിത്ഷാ; രാജീവ് ഗാന്ധിക്കെതിരെ ആക്രമണം നടത്തിയും സിഖ് കൂട്ടക്കൊല ചർച്ചയാക്കിയും തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിച്ചത് മോദി; 200ലധികം സീറ്റുകൾ ബിജെപി ഒറ്റയ്ക്ക് നേടിയാൽ മോദി സർക്കാറുണ്ടാക്കും; 150 സീറ്റിൽ കോൺഗ്രസ് വിജയിച്ചാൽ മാത്രം രാഹുലിന് പ്രതീക്ഷ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറുഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ ആർക്കാണ് മുൻതൂക്കമെന്ന ചോദിച്ചാൽ ബിജെപിക്കാണ് നേരിയ മുൻതൂക്കമെന്ന് പറയേണ്ടി വരും. ഇങ്ങനെ പറയാനുള്ള കാരണം തെരഞ്ഞെടുപ്പ് രംഗത്ത് അജണ്ട സൃഷ്ടിച്ചതും പ്രചരണത്തെ മുന്നോട്ടു കൊണ്ടുപോയതും മോദിയായിരുന്നു. വോട്ടെടുപ്പ് നടക്കാനുള്ളത് ഇനി 59 മണ്ഡലങ്ങളിൽ മാത്രമാണ്. അതേസമയം കഴിഞ്ഞ തവണത്തേതു പോലെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാമെന്ന പ്രതീക്ഷ ബിജെപിക്കില്ല. എന്നാൽ, ഏറ്റവും വലിയ ഒറ്റകക്ഷി ആയാൽ യുപിഎയിലെയും മറ്റ് പ്രാദേശിക കക്ഷികളെയും ഒപ്പം കൂട്ടി രണ്ടാമതും എൻഡിഎ ഭരണമുണ്ടാക്കാം എന്നാണ് മോദിയുടെയും ബിജെപിയുടെയും പ്രതീക്ഷ. അവസാനവട്ട തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ തന്നെ സഖ്യസാധ്യതകളിലേക്ക് ബിജെപി കടന്നിട്ടുണ്ട്.

അതേസമയം ബിജെപി ഭരണത്തിന്റെ വികസനവും മറ്റ് വിഷയങ്ങളുമൊന്നുമല്ല അവസാന റൗണ്ടിലും ചർച്ചയാകുന്ന ലക്ഷണമില്ല. വ്യക്തിപരമായ ചരിത്രം ചൂണ്ടിക്കാട്ടിയാണ് അവസാന ഘട്ടത്തിൽ പരസ്പ്പരം രാഷ്ട്രീയപാർട്ടികൾ കൊമ്പു കോർക്കുന്നത്. സിഖ് കൂട്ടക്കൊല പോലെ കഴിഞ്ഞത് കഴിഞ്ഞുവെന്ന മറുപടിയാണ് എല്ലാ അഴിമതിക്കേസുകളിലും കോൺഗ്രസിന് പറയാനുള്ളതെന്ന പരിഹാസവുമായി നരേന്ദ്ര മോദി രംഗത്തെത്തി. അവസാന റൗണ്ടിലെ 59 മണ്ഡലങ്ങളിലും ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പ്രചാരണങ്ങൾ കൊഴുക്കുകയാണ്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ കോൺഗ്രസിനെതിരെ ഹുവാ തൊ ഹുവ പരിഹാസവുമായി മോദി രംഗത്തെത്തി. സിഖ് കൂട്ടക്കൊലയെക്കുറിച്ച് കഴിഞ്ഞത് കഴിഞ്ഞുവെന്ന് പറഞ്ഞ അതേ മറുപടിയാണ് എല്ലാ അഴിമതിക്കേസുകളുടെ കാര്യത്തിലും കോൺഗ്രസിന്റെ മറുപടിയെന്ന് മോദി പരിഹസിച്ചു.

അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാഷ്ട്രീയ ക്യാമ്പുകളിൽ കണക്കുകൂട്ടലുകളും സഖ്യ രൂപീകരണ ചർച്ചകളും സജീവമാണ്. 2014ൽ അഞ്ച് സംസ്ഥാനങ്ങളിൽ മുഴുവൻ സീറ്റും മറ്റ് പലയിടത്തും 80 ശതമാനത്തിലധികം സീറ്റും ബിജെപി നേടിയിരുന്നു. എന്നാൽ, ഇത്തവണ ഈത്രയും സീറ്റുകളിൽ വിജയിക്കാമെന്ന പ്രതീക്ഷ ബിജെപിക്കില്ല. ബിജെപിയെ എതിർക്കാൻ രൂപം കൊണ്ട രാഷ്ട്രീയ സഖ്യങ്ങൾ ബിജെപി വോട്ടുകൾ കൃത്യമായി ഭിന്നിപ്പിക്കാൻ പര്യാപ്തമായതാണ്. യു.പിയിലെ എസ്‌പി-ബി.എസ്‌പി സഖ്യം, ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിനുണ്ടായ വളർച്ചയും എല്ലാം ആശ്രയിച്ചാകും ബിജെപിയുടെ മുന്നോട്ടുള്ള പ്രയാണം.

യു.പിയിൽ 55ൽ കൂടുതൽ സീറ്റുകൾ നേടാനാകില്ലെന്നാണ് ബിജെപിയുടെ തന്നെ ആഭ്യന്തര വിലയിരുത്തൽ. ഇതിലും കുറഞ്ഞാലും അതിൽ അതിശയോക്തിയില്ലെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ മുന്നണിയിലേക്ക് കൂടുതൽ പാർട്ടികളെ ചേർത്ത് നിർത്തി അധികാരം നിലനിർത്താനാണ് ബിജെപി നീക്കം. വാജ്‌പേയിയുടെ കാലത്ത് ഏറ്റവും നന്നായി സഖ്യ സർക്കാരിനെ നയിച്ച പാരമ്പര്യമുള്ള പാർട്ടിയാണ് ബിജെപിയെന്ന നരേന്ദ്ര മോദിയുടെ പ്രസംഗം നൽകുന്ന സൂചനയും അതാണ്. ഒഡിഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ സീറ്റുകളിൽ വിജയിച്ചു കയറാമെന്നാണ് ബിജെപി കണക്കു കൂട്ടൽ. ബംഗാളിലെയും മധ്യപ്രദേശിലും രാജസ്ഥാനിലും ഉണ്ടാകുന്ന നഷ്ടം അവർക്ക് ഇവിടങ്ങളിൽ നികത്താമെന്നാണ് കണക്കു കൂട്ടൽ.

തൃണമൂൽ കോൺഗ്രസിനെ ലക്ഷ്യം വെച്ച് മോദി നടത്തിയ പരാമർശങ്ങൾ ഇതിനകം ശ്രദ്ധ നേടിയിരുന്നു. അതേസമയം കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രതീക്ഷയിലാണ് ഇത്തവണ കോൺഗ്രസ്. സഖ്യ രൂപീകരണത്തിനുള്ള ചർച്ചകൾ ഇതിനകം കോൺഗ്രസിന്റെ നേതൃത്വത്തിൽ തുടങ്ങിയിട്ടുമുണ്ട്. ഇതിലുള്ള 21 പാർട്ടികൾ ഏഴാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരണത്തിന് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാനും തീരുമാനിച്ചിരുന്നു.

ബിജെപി കേന്ദ്രങ്ങളിൽ ആത്മവിശ്വാസം

കണക്കു കൂട്ടലുകൾ പലവിധത്തിലാണെങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കുമെന്നാണ് ബിജെപി അധ്യക്ഷൻ അമിത്ഷായുടെ ആത്മവിശ്വാസം. മോദിയുടെ ഇമേജും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് ഷാ പറയുന്നത്. 2014ൽ നേടിയതിനേക്കാൾ 55 സീറ്റുകൾ ബിജെപി അധികം നേടും എന്നാണ് അമിത് ഷായുടെ പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുള്ള 543 ലോക്സഭാ സീറ്റുകളിൽ 282 സീറ്റുകളാണ് ബിജെപി നേടിയത്. ഇക്കുറി അതിലും മികച്ച വിജയമുണ്ടാകുമെനനാണ് അമിത് ഷായുടെ പ്രതീക്ഷ.. സഖ്യകക്ഷികളുടെ സഹായമില്ലാതെ തന്നെ ഇക്കുറി ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം തികയ്ക്കാൻ സാധിക്കും. സാധിക്കും. ബിജെപിക്ക് പൊതുവേ ശക്തിയില്ലാത്ത കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത് ഇത്തവണ മികച്ച വിജയം നേടിത്തരുമെന്നാണ് കണക്കുകൂട്ടൽ.പശ്ചിമ ബംഗാളിൽ ആകെയുള്ള 42 ലോക്‌സഭാ സീറ്റുകളിൽ 23 എണ്ണം ബിജെപി നേടുമെന്ന് അമിത് ഷാ പറയുന്നു.

നിലവിൽ ബിജെപിക്ക് ഇവിടെ വെറും രണ്ട് സീറ്റുകൾ മാത്രമാണ് ഉള്ളത്. തൃണമൂൽ കോൺഗ്രസാണ് കഴിഞ്ഞ തവണ സംസ്ഥാനത്ത് വൻ നേട്ടമുണ്ടാക്കിയത്. ഒഡിഷയിലെ ആകെയുള്ള 21 ലോക്‌സഭാ സീറ്റുകളിൽ 13 മുതൽ 15 വരെ സീറ്റുകളാണ് ബിജെപിക്ക് അമിത് ഷാ കണക്ക് കൂട്ടുന്നത്. നിലവിൽ ഇവിടെ വെറും ഒരു സീറ്റ് മാത്രമാണ് ബിജെപിക്കുള്ളത്2014ൽ ബിജെപിക്ക് നഷ്ടപ്പെട്ട 120 സീറ്റുകളിൽ ഇത്തവണ വിജയ സാദ്ധ്യത ഉണ്ടെന്നും അമിത് ഷാ പറഞ്ഞു. അതിൽ 55ൽ വിജയം ഉറപ്പാണ്. ഉത്തർ പ്രദേശിൽ ഇത്തവണ കൂറ്റൻ വിജയം ബിജെപി നേടുമെന്നും ഷാ പറഞ്ഞു. ആകെയുള്ള 80ൽ 73 സീറ്റുകളും ബിജെപി തൂത്തുവാരും. ഉത്തർപ്രദേശിലെ ജനവികാരം മായാവതിക്കും അഖിലേഷിനും ഒപ്പം അല്ലെന്നും അത് മോദിക്ക് ഒപ്പമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

ബിജെപിക്ക് സ്വന്തം അക്കൗണ്ടിൽ 250 സീറ്റിൽ അധികം നേടാനായാൽ മോദി പ്രധാനമന്ത്രിയായി എൻ.ഡി.എയുടെ രണ്ടാം സർക്കാരിന് തടസ്സമുണ്ടാകില്ല. ഇരുന്നൂറ്റി ഇരുപതിനോടടുത്ത് സീറ്റ് ലഭിച്ചാലും ബിജെപി സഖ്യകക്ഷികൾക്കൊപ്പം സർക്കാറുണ്ടാക്കും. സഖ്യകക്ഷികൾക്കും കൂടി ഉണ്ടായിരുന്നത് 341 സീറ്റാണ്. യു.പി.എ-യെ നയിക്കുന്ന കോൺഗ്രസിന് കഴിഞ്ഞ തവണ കിട്ടിയത് വെറും 45 സീറ്റ്.യു.പിയിലെയും ബീഹാറിലെയും പ്രാദേശിക സഖ്യങ്ങളും ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ശക്തി പ്രകടിപ്പിക്കും. ബിജെപിക്ക് സീറ്റ് 140-ലും കുറഞ്ഞാൽ, കോൺഗ്രസും മറ്റു കക്ഷികളും ഈ തിരഞ്ഞെടുപ്പിൽ നിർണായകമായ അളവിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് വ്യക്തം. പ്രാദേശിക കക്ഷികളുടെ കൂടി പിന്തുണയോടെ കോൺഗ്രസ് അധികാരത്തിലെത്തുന്ന ഈ സാഹചര്യത്തിൽ ബിജെപിക്ക് പ്രതിപക്ഷത്തിരിക്കാനേ യോഗമുണ്ടാകൂ.

കോൺഗ്രസ് പ്രതീക്ഷ 150 സീറ്റുകൾ നേടിയാൽ മാത്രം

150 സീറ്റുകളിൽ എങ്കിലും വിജയിച്ചാൽ മാത്രമേ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഇക്കുറി പ്രതീക്ഷയ്ക്ക് വകയുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ വികാരം അത്രത്തോളം ശക്തമാണെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. കഴിഞ്ഞ തവണ പ്രതിപക്ഷ പാർട്ടികൾക്ക് എല്ലാവർക്കും കൂടി ലോക്സഭയിൽ 204 ആയിരുന്നു അംഗബലം. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം കാര്യമായ മുന്നേറ്റമുണ്ടാക്കാനായെങ്കിലേ കോൺഗ്രസിന്റെ ഈ സ്വപ്നം ഫലം കാണൂ. എന്നാൽ, ഇവിടങ്ങളിൽ എത്ര മുന്നേറാൻ സാധിക്കുമെന്ന ചോദ്യം അവശേഷിക്കുന്നു.

120 സീറ്റുകൾ നേടിയാൽ പ്രാദേശിക കക്ഷികളുടെ കൂടി പിന്തുണയോടെ മൂന്നാം യുപിഎ സർക്കാരിന് വഴി തെളിയും. എന്നാൽ, പ്രധാനമന്ത്രി ആരാകും എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. കോൺഗ്രസ് നൂറു സീറ്റിൽ ഒതുങ്ങുകയും, ബിജെപി ഒരിക്കൽക്കൂടി നിർണായക മുന്നേറ്റം നടത്തുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ മറ്റു പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ പോലും കോൺഗ്രസിന് സർക്കാർ രൂപീകരണം സാദ്ധ്യമാകില്ല. മൂന്നാം മുന്നണി സാധ്യതകൾ എത്രത്തോളം ഉണ്ടെന്ന സംശയവും നിലനിൽക്കുന്നുണ്ട്. അതേസമയം അവസാന രണ്ട് ഘട്ടത്തിൽ കോൺഗ്രസ് പിന്നിൽ പോയെന്നാണ് വിശകലന വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇത് വീണ്ടും മോദി സർക്കാറിനുള്ള സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP