Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഗ്രഹിച്ചത് ഫട്‌നാവിസിന് രണ്ടര കൊല്ലം മാത്രം നൽകി ശിവസേനയെ ചേർത്ത് നിർത്താൻ; ഭരണം പങ്കിടില്ലെന്ന ഫട്‌നാവിസിന്റെ വാക്കുകളിൽ കോപിഷ്ടനായി മൗനത്തിലേക്ക് മടക്കം; വിട്ടുകൊടുക്കരുതെന്ന മോദിയുടെ മനസ് അറിഞ്ഞ് രണ്ടാം അങ്കത്തിന് വിശ്വസ്തൻ എത്തിയത് രണ്ടും കൽപ്പിച്ച്; നടപ്പാക്കിയത് അജിത് പവാറിനെ അടുപ്പിക്കുകയെന്ന പ്ലാൻ ബി തന്ത്രം; ചിദംബരത്തിന്റെ ഗതി വരുമെന്ന ഭീഷണിയിൽ ഇളയച്ഛനെ കൈവിട്ട പിന്നിൽ നിന്ന് കുത്തൽ; മഹാരാഷ്ട്രയിലെ 'മഹാ നാടകത്തിലെ' ക്ലൈമാക്‌സിൽ അമിത് ഷായ്ക്ക് പിഴക്കുമോ?

ആഗ്രഹിച്ചത് ഫട്‌നാവിസിന് രണ്ടര കൊല്ലം മാത്രം നൽകി ശിവസേനയെ ചേർത്ത് നിർത്താൻ; ഭരണം പങ്കിടില്ലെന്ന ഫട്‌നാവിസിന്റെ വാക്കുകളിൽ കോപിഷ്ടനായി മൗനത്തിലേക്ക് മടക്കം; വിട്ടുകൊടുക്കരുതെന്ന മോദിയുടെ മനസ് അറിഞ്ഞ് രണ്ടാം അങ്കത്തിന് വിശ്വസ്തൻ എത്തിയത് രണ്ടും കൽപ്പിച്ച്; നടപ്പാക്കിയത് അജിത് പവാറിനെ അടുപ്പിക്കുകയെന്ന പ്ലാൻ ബി തന്ത്രം; ചിദംബരത്തിന്റെ ഗതി വരുമെന്ന ഭീഷണിയിൽ ഇളയച്ഛനെ കൈവിട്ട പിന്നിൽ നിന്ന് കുത്തൽ; മഹാരാഷ്ട്രയിലെ 'മഹാ നാടകത്തിലെ' ക്ലൈമാക്‌സിൽ അമിത് ഷായ്ക്ക് പിഴക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ തുടക്കത്തിൽ ബിജെപി പിന്നോട്ട് വലിഞ്ഞതിന് കാരണം ദേവേന്ദ്ര ഫട്‌നാവിസിനോടുള്ള അമിത് ഷായുടെ താൽപ്പര്യക്കുറവോ? ശിവസേനയെ ഒപ്പം നിർത്തണമെന്നായിരുന്നു അമിത് ഷായുടെ ആഗ്രഹം. എന്നാൽ ശിവസേനയുമായി അധികാരം പങ്കിടില്ലെന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കടുംപിടുത്തമാണ് പ്രതിസന്ധിക്കു കാരണമെന്ന് അമിത്ഷായുടെ നിഗമനം. അതിനാൽ പ്രശ്‌നപരിഹാരത്തിന് അമിത് ഷാ മടിച്ചു. ഭരണം വീതിച്ചു നൽകി സഖ്യം നിലനിർത്തണമെന്നായിരുന്നു അമിത് ഷായുടെ നിലപാട്. എന്നാൽ മഹാരാഷ്ട്രയിൽ എന്ത് വില കൊടുത്തും അട്ടിമറി വേണമെന്ന നിലപാട് പ്രധാനമന്ത്രി മോദി എടുത്തതോടെ അമിത് ഷാ മുന്നിലേക്ക് വന്നു. അങ്ങനെ തന്ത്രങ്ങൾ ഒരുങ്ങി. ഇരു ചെവിയറിയാതെ ഫട്‌നാവീസ് മുഖ്യമന്ത്രിയുമായി.

എന്നാൽ ഇനിയും മഹാരാഷ്ട്രയിൽ ഭൂരിപക്ഷം ഉണ്ടാകുമോ എന്ന് ബിജെപിക്കുറപ്പില്ല. കളികൾക്ക് അമിത് ഷാ മനസ്സിലാ മനസോടെ ഇങ്ങിയതാണ് ഇതിനെല്ലാം കാണം. നിയമസഭയിൽ ഭൂരിപക്ഷമുണ്ടാക്കുക അത്ര എളുപ്പമല്ലെന്ന് അമിത് ഷായ്ക്കും അറിയാം. എങ്ങനേയും ശിവസേന സർക്കാരുണ്ടാക്കുന്നത് തടയാനായിരുന്നു ഫട്‌നാവീസിനെ അതിവേഗം മുഖ്യമന്ത്രിയാക്കിയത്. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഇത് അറിഞ്ഞിരുന്നത്. മഹാരാഷ്ട്രയിലെ ബിജെപിക്കാർ ആരും ഒന്നും അറിഞ്ഞില്ല. ഒറ്റരാത്രികൊണ്ടു സർക്കാർ രൂപീകരണം സാധ്യമാക്കിയത് അമിത് ഷായുടെ നടപടികളാണ്. തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി ഭുപീന്ദർ യാദവാണ് ഷായുടെ നിർദ്ദേശപ്രകാരം മുബൈയിൽ കരുക്കൾ നീക്കിയത്. ഇവർ രണ്ടു പേരെയും അജിത് പവാർ നേരിട്ടു കണ്ടു ചർച്ച നടത്തി. അങ്ങനെ അധികാരത്തിലേക്ക് വീണ്ടും ഫട്‌നാവീസും.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ. ഇവിടെ ശിവസേന അധികാരത്തിലെത്തുന്നത് മോദിക്ക് ഒരു തരത്തിലും അംഗീകരിക്കാനാവുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അമിത് ഷാ കളികൾക്ക് ഇറങ്ങിയത്. മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന നേതാവും കേന്ദ്ര മന്ത്രിയുമായ നിഥിൻ ഗഡ്ഗരി പോലും കളികളൊന്നും അറിഞ്ഞിരുന്നില്ല. ചില സൂചനകൾ ആർ എസ് എസിന് നൽകുകയും ചെയ്തു. എല്ലാം രഹസ്യമായി ഒരുക്കിയ തിരക്കഥയായിരുന്നു. കോൺഗ്രസും ശിവസേനയും കൈകോർക്കുന്നതിനാൽ എന്തു ചെയ്താലും ധാർമികത പ്രശ്‌നം വില്ലനാകില്ലെന്നും കരുതി. അതുകൊണ്ടാണ് അർദ്ധരാത്രിയിലെ അട്ടിമറിക്ക് അമിത് ഷാ തന്ത്രങ്ങളൊരുക്കിയത്.

ശിവസേനയുമായുള്ള ചർച്ചകൾ ഫലം കാണാതെ വന്നപ്പോഴാണ് സർക്കാർ രൂപീകരണ ശ്രമത്തിൽനിന്ന് ബിജെപി പിന്മാറിയത്. ഫട്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയാവുന്നത് അമിത് ഷാ താൽപര്യപ്പെട്ടില്ലെന്നും മറിച്ചായിരുന്നെങ്കിൽ സേനയുമായുള്ള തർക്കം അന്ന് തന്നെ പരിഹരിക്കപ്പെടുമായിരുന്നു. എന്നാൽ താൻ തന്നെ മുഖ്യമന്ത്രിയെന്ന് ഫട്‌നാവീസ് ഉറച്ച നിലപാട് എടുത്തു. ഇതോടെ എല്ലാം പൊളിഞ്ഞു. ഇതോ ഷാ മഹാരാഷ്ട്രയിൽ ഇടപെടാതെയായി. എന്നാൽ, മോദി ഇടപെട്ടതോടെ ഷാ രണ്ടും കൽപ്പിച്ചിറങ്ങി. ശിവസേനയും എൻസിപിയും കോൺഗ്രസുമായുള്ള ചർച്ച മുന്നോട്ടുപോകില്ലെന്നും സേന മടങ്ങിവരുമെന്നുമുള്ള പ്രതീക്ഷകൾ നഷ്ടമായതോടെയാണ് ഇത്.

ശിവസേനയുമായി സഹകരിക്കുന്നതിൽ കോൺഗ്രസിലെ എതിർപ്പുകൾ ഇല്ലാതാകുന്നതിന്റെ സൂചന കണ്ടതോടെ അജിത് പവാറിനെ ഷാ ബിജെപിയിലേക്ക് അടുപ്പിച്ചു. അജിത് പവാറിനെ അടുപ്പിക്കുകയെന്ന പ്ലാൻ ബി. ഇതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസുകളും ഉയർത്തി ഭീഷണിപ്പെടുത്തി. രണ്ടു കേസുകളിൽ അന്വേഷണം പുരോഗമിക്കവെ, അവയിൽ നിന്നു തലയൂരാൻ അജിത് പവാറും ആഗ്രഹിച്ചു. ചിദംബരത്തെ പോലെ ജയിലിൽ കിടക്കാൻ താൽപ്പര്യമില്ലാത്തതു കൊണ്ടായിരുന്നു അത്.

മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിതിയിൽ ഒന്നര മാസം മുൻപ് ശരദ് പവാറിനും അജിത്തിനുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്് (ഇഡി) കേസെടുത്തതിനു പിന്നാലെ അജിത് എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നാഴ്ച ശേഷിക്കെയായിരുന്നു അത്. ശരദ് പവാറിനെതിരെ കേസെടുത്തതിൽ മനംനൊന്താണു രാജിയെന്നു പ്രഖ്യാപിച്ച അജിത് രാഷ്ട്രീയം വിടുമെന്നും സൂചന നൽകി. ശരദ് പവാറുമായുള്ള ഭിന്നതയെത്തുടർന്നാണു രാജിയെന്നു വ്യാഖ്യാനിക്കപ്പെട്ടെങ്കിലും വീണ്ടും ബാരാമതിയിൽ മൽസരിച്ചു. ജയിക്കുകയും ചെയ്തു. ശരദ് പവാറിനോടു ചോദിക്കാതെയായിരുന്നു രാജി. അതു തന്റെ അണികൾക്ക് സീറ്റുകൾ ഉറപ്പാക്കാനുള്ള തന്ത്രമായിരുന്നെന്നാണു വിലയിരുത്തൽ. മൊത്തം 95,000 കോടി രൂപയുടെ അഴിമതിക്കേസുകളാണ് അജിത് പവാറിനെതിരെയുള്ളത്. ഇതിൽ 70,000 കോടി രൂപയുടെ അഴിമതി ആരോപണം അജിത് പവാർ അടക്കം എൻസിപി മന്ത്രിമാർക്കെതിരെ ദേവേന്ദ്ര ഫഡ്‌നാവിസ് ഉയർത്തിക്കൊണ്ടുവന്നതാണ്. 25,000 കോടി രൂപയുടെ മഹാരാഷ്ട്ര സഹകരണ ബാങ്ക് കുംഭകോണമാണ് അജിത്തിനെതിരെയുള്ള മറ്റൊരു പ്രധാന കേസ്.

അജിത് പവാറിനൊപ്പമുള്ള എൻസിപി എംഎൽഎമാരെ കൂടെചേർത്ത് സർക്കാർ രൂപീകരിച്ച ബിജെപിക്ക് തിരിച്ചടി നേരിടാനാണ് സാധ്യത. നേരത്തെ അജിത് പവാറിനൊപ്പമുണ്ടായിരുന്ന എംഎൽഎമാരിൽ ചിലർ എൻസിപിയിലേക്ക് തിരിച്ചുപോയതായാണ് പുറത്തുവരുന്ന വാർത്തകൾ. പിടിഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഒൻപത് എംഎൽഎമാരാണ് അജിത് പവാറിനുള്ള പിന്തുണ പിൻവലിച്ചിട്ടുണ്ട്. അതേസമയം, അജിത് പവാറിനെ എൻസിപി നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കി. അജിത് പവാറിന് പകരം ജയന്ത് പാട്ടീലിനെ നിയമസഭാ കക്ഷി നേതാവായി എൻസിപി തിരഞ്ഞെടുത്തു. കുതിരക്കച്ചവടത്തിന് സാധ്യതകൾ ഉള്ളതിനാൽ കോൺഗ്രസ്, എൻസിപി എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോൺഗ്രസ് എംഎൽഎമാരെ ജയ്പൂരിലേക്ക് കൊണ്ടുപോയി. എൻസിപി എംഎൽഎമാരെയും കഴിഞ്ഞ ദിവസം റിസോർട്ടിലേക്ക് മാറ്റി.

ടെലിവിഷനിൽ ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ കണ്ട ഉടൻ ശിവസേനയുമായി സഖ്യരൂപീകരണത്തിനായി ചുമതലപ്പെടുത്തി അയച്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഹൈക്കമാൻഡ് ബന്ധപ്പെട്ടപ്പോഴാണ് മുംബൈയിലുള്ള കെ.സി. വേണുഗോപാൽ പോലും വിവരമറിയുന്നത്. തലേരാത്രി ഒൻപതു മണി വരെ തങ്ങൾക്കൊപ്പം സഖ്യചർച്ചയിൽ പങ്കെടുത്ത അജിത് പവാർ ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രിയായെന്ന വാർത്ത മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളെ നടുക്കി. ഉദ്ധവ് താക്കറെയും ശരദ് പവാറും മാധ്യമങ്ങളെ കണ്ട ശേഷം മാത്രമായിരുന്നു മഹാരാഷ്ട്ര വിഷയത്തിൽ ഔദ്യോഗിക നിലപാട് പറയാൻ കോൺഗ്രസ് തയ്യാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP