Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഴയ ജാതിക്കളി ഇനി നടപ്പില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്; വോട്ടുബാങ്കായി ഒതുങ്ങാതെ ക്രോസ് വോട്ടുചെയ്യാൻ ഉത്തരേന്ത്യൻ ജാതി സംഘടനകൾ പോലും പഠിച്ചിരിക്കുന്നു; കർഷകരും ഖനിത്തൊഴിലാളികളും കച്ചവടക്കാരും ഐക്യപ്പെട്ടത് അവരുടെ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിൽ; രാഹുൽ ഗാന്ധി പോലും പലയിടത്തും പുറത്തെടുത്തത് തനി ഹിന്ദുത്വ അജണ്ട; ജാതിയെ മതം വെച്ച് വെട്ടാനുറച്ച് ബിജെപി; 2019ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാന അജണ്ടയായി ഉയരുക രാമക്ഷേത്രം തന്നെ

പഴയ ജാതിക്കളി ഇനി നടപ്പില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്; വോട്ടുബാങ്കായി ഒതുങ്ങാതെ ക്രോസ് വോട്ടുചെയ്യാൻ ഉത്തരേന്ത്യൻ ജാതി സംഘടനകൾ പോലും പഠിച്ചിരിക്കുന്നു; കർഷകരും ഖനിത്തൊഴിലാളികളും കച്ചവടക്കാരും ഐക്യപ്പെട്ടത് അവരുടെ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിൽ; രാഹുൽ ഗാന്ധി പോലും പലയിടത്തും പുറത്തെടുത്തത് തനി ഹിന്ദുത്വ അജണ്ട; ജാതിയെ മതം വെച്ച് വെട്ടാനുറച്ച് ബിജെപി; 2019ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാന അജണ്ടയായി ഉയരുക രാമക്ഷേത്രം തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ കാഞ്ച ഐലയ്യ, ഇന്ത്യൻ ജാതികളെ കുറിച്ച് പറയുമ്പോൾ ഉപയോഗിക്കാറുള്ള ഒരു ഉദാഹരണമുണ്ട്. രാജസ്ഥാനിലെ മീണ, ഗുജ്ജാർ സമുദായങ്ങളെ കുറിച്ചാണത്. ഒരിക്കലും ഇവർ ഒരേ പാർട്ടിക്ക് വോട്ട് ചെയ്യാറില്ലത്രേ. പട്ടികജാതി വിഭാഗക്കാരായ മീണകൾ കോൺഗ്രസിനാണ് വോട്ടുചെയ്യുകയെങ്കിൽ ഗുജ്ജാറുകൾ ബിജെപിക്കൊപ്പം. ഗുജ്ജാറുകൾ കോൺഗ്രസിന് ഒപ്പമാണെങ്കിൽ മീണകൾ ബിജെപിക്ക് കണ്ണും പൂട്ടി കുത്തും. ഈ രീതിയിലുള്ള ജാതി -ഉപജാതി കളികൾ കൊണ്ട് സമ്പന്നമാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ്. ആദിവാസികളും ദലിതരും ഒരുപാർട്ടിക്ക്, യാദവർ മറ്റൊരു പാർട്ടിക്ക്, പട്ടേലുമാർ വേറൊരു പാർട്ടിക്ക്, മുസ്ലീങ്ങളടക്കമുള്ളവർ വേറെയും. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ എറ്റവും വലിയ ചളിക്കുണ്ടായി സാമൂഹിക നിരീക്ഷകർ കാണുന്നതും ഈ ജാതിയും മതവും തിരിച്ചുള്ള വോട്ടുബാങ്കുകളെയാണ്.

എന്നാൽ ഇത്തവണത്തെ തെരെഞ്ഞെടുപ്പിൽ താൽക്കാലികമായെങ്കിലും ഈ ജാതിക്കളിക്ക് ചെറിയ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് മാധ്യമ പ്രവർത്തകനും സാമൂഹിക നിരീക്ഷകനുമായ വെങ്കിടേഷ് രാമകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾ അവരുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്ന കാലം വിദൂരമല്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. ജാതി മാറി കർഷകൻ, തൊഴിലാളി എന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സമൂഹം വോട്ടുചെയ്യാൻ ഒരുങ്ങുന്നുവെന്നത് വലിയ അത്ഭുദമാണ്.- അദ്ദേഹം പ്രതികരിച്ചു.

ചില ജാതിസമൂഹങ്ങളെ ലക്ഷ്യമിട്ട് ഇറങ്ങിയ അജിത്-ജോഗി മായാവതി സഖ്യത്തിന് അത്തരം മണ്ഡലങ്ങളിൽ പോലും യാതൊരു നേട്ടവും ഉണ്ടാക്കാനായിട്ടില്ല. പരമ്പരാഗതമായ വോട്ടുബാങ്കായ രജപുത്രരും കുർമികളും രാജസ്ഥാനിൽ ബിജെപിയെ കൈവിടുകയാണ് ചെയ്തത്. കർണിസേന ബിജെപിക്കെതിരെ പരസ്യമായ നിലപാട് എടുത്തിരുന്നു. അവസാനവട്ടം അമിത്ഷാ അനുനയിപ്പിക്കാൻ എത്തിയിട്ടും കാര്യമായ ഫലമുണ്ടായിട്ടില്ല. ഛത്തീസ്‌ഗഡിലെ ഖനി മേഖലയിലും സമാനമായ അവസ്ഥയാണ്. കൽക്കരി ഖനി സ്വകാര്യവത്ക്കരണത്തിൽ ജോലിപോയവരുടെയും, കാർഷിക വിലത്തകർച്ചമൂലം നടുവൊടിഞ്ഞ കർഷരുടെയും വികാരം ജാതിക്കതീതമായി ഭരണവിരുദ്ധമായി.

എന്നാൽ ജാതിയെ മതംവെച്ച് വെട്ടുകയെന്ന അതിലുമോശം കളിയാണ് ബിജെപിയും കോൺഗ്രസും പുറത്തെടുത്തതെന്ന് എഴുത്തുകാരനും സാംസ്കാരിക വിമർശകനുമായ ഷാജഹാൻ മാടമ്പാട്ട് അഭിപ്രായപ്പെടുന്നു.'അവസാന നിമിഷത്തിൽ അയോധ്യാവികാരം പൊടിതട്ടിയെടുത്തില്ലായിരുന്നെങ്കിൽ ബിജെപിയുടെ നില ഇതിലും പരുങ്ങലിൽ ആവുമായിരുന്നു. ഇത് മനസ്സിലാക്കിക്കൊണ്ടെന്നോണം മൃദുഹിന്ദുത്വ കാർഡാണ് ഇത്തവണ കോൺഗ്രസും പുറത്തെടുത്തത്. രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനത്തിലും ഗോപൂജയിലുമെല്ലാം കാര്യങ്ങൾ വ്യക്തമാണ്. മധ്യപ്രദേശിലൊന്നും ആൾക്കൂട്ട ആക്രമണങ്ങളും ഗോരക്ഷകരുടെ ആക്രമണങ്ങളുമൊന്നും ഒരു കാമ്പയിനായി കോൺഗ്രസ് എടുത്തിട്ടില്ല. പകരം അവർ ഗോ സംരക്ഷകരാവാൻ മൽസരിക്കയായിരുന്നു.'- ഷാജഹാൻ ചൂണ്ടിക്കാട്ടി.

മാത്രവുമല്ല സച്ചിൽ പൈലറ്റിനെപ്പോലുള്ള രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾ ജാതി രാഷ്ട്രീയത്തെയും നന്നായി ചൂഷണം ചെയ്തിട്ടുണ്ട്. ഗുജ്ജാർ വിഭാഗക്കാരനായ സച്ചിൻ പൈലറ്റ് മീണ സമുദായക്കാരുടെ പിന്തുണ നേരിട്ട് അഭ്യർത്ഥിച്ചും കുറച്ചുപേരെ സ്ഥാനാർത്ഥികളാക്കിയുമാണ് ഈ പരമ്പരാഗത വൈരത്തെ മറികടന്നത്. മുൻ കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായിരുന്ന ഫാറൂഖ് അബ്ദുല്ലയുടെ മകൾ സാറ അബ്ദുല്ലയാണ് സച്ചിന്റെ പത്നി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി പ്രചാരണം നടത്തിയപ്പോൾ മുസ്ലിം കേന്ദ്രങ്ങളിൽ ഭാര്യയെ പ്രചാരണത്തിന് ഇറക്കി അവരുടെ പിന്തുണകൂടി നേടുകയാണ് സച്ചിൻ ചെയ്തത്.

പക്ഷേ ജാതിക്കളിയെ സാധ്യതകളും അപകടവും നന്നായി തിരച്ചറിഞ്ഞ ബിജെപി ജാതിക്ക് പകരം മതത്തെയാണ് പ്രമോട്ട് ചെയ്യുന്നത്. ഈ തിരഞ്ഞെടുപ്പ് തിരിച്ചടിയോടെ ഒരു കാര്യം ഉറപ്പാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ രാമക്ഷേത്രം തന്നെ ആയിരിക്കും ബിജെപിയുടെ പ്രധാന അജണ്ടയെന്നും ഏതാണ്ട് ഉറപ്പായിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP