Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലമ്പൂരിൽ ആര്യാടന്റെ മകൻ തന്നെ; ലീഗുകാർ കാലുവാരിയാൽ സരിതയുടെ പട്ടികയിൽ പേരുചേർത്ത അനിൽകുമാർ വണ്ടൂരിൽ വിയർക്കും; തവനൂരും പൊന്നാനിയും ഇടതിന്; താനൂരും തിരൂരും മങ്കടയും പൊരിഞ്ഞ പോരാട്ടം; മറ്റിടങ്ങളിൽ ലീഗുമാത്രം ചിത്രത്തിൽ: മലപ്പുറത്തെ സാധ്യതകൾ അഡ്വ. ജയശങ്കർ വിലയിരുത്തുന്നു

നിലമ്പൂരിൽ ആര്യാടന്റെ മകൻ തന്നെ; ലീഗുകാർ കാലുവാരിയാൽ സരിതയുടെ പട്ടികയിൽ പേരുചേർത്ത അനിൽകുമാർ വണ്ടൂരിൽ വിയർക്കും; തവനൂരും പൊന്നാനിയും ഇടതിന്; താനൂരും തിരൂരും മങ്കടയും പൊരിഞ്ഞ പോരാട്ടം; മറ്റിടങ്ങളിൽ ലീഗുമാത്രം ചിത്രത്തിൽ: മലപ്പുറത്തെ സാധ്യതകൾ അഡ്വ. ജയശങ്കർ വിലയിരുത്തുന്നു

ലപ്പുറം ജില്ല മുസ്ലിം ലീഗിന്റെ ഒരു പൊന്നാപുരം കോട്ടയാണ് എന്ന് പറഞ്ഞാൽ പിന്നെ കൂടുതൽ ചർച്ചക്ക് പ്രസക്തിയില്ല. ജില്ലയിൽ മാർക്‌സിസ്റ്റ് പാർട്ടിക്ക് പ്രമുഖ്യമുള്ളതും ഹിന്ദു സമുദായം കൂടുതലുള്ളതുമായ പ്രദേശങ്ങൾ ഉണ്ട്. ഒപ്പം കുടിയേറ്റക്കാർ കൂടുതലുള്ള പ്രദേശങ്ങളിൽ കോൺഗ്രസിനും പിന്നെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പൊതുവെ ലീഗിനുമാണ് പ്രാമുഖ്യം.

പൊന്നാനി, തവനൂർ ഒരു പരിധി വരെ പെരിന്തൽമണ്ണ, മങ്കട, തിരൂർ തുടങ്ങിയ സ്ഥലങ്ങൾ മാർസിസ്റ്റ് പ്രമുഖ്യമുള്ള പ്രദേശമാണ്. ഇതിൽ തവനൂരും പൊന്നാനിയും പാർട്ടിക്ക് ജയിക്കാവുന്ന സീറ്റാണ്. ജയിക്കാറുള്ള സീറ്റുമാണ്. പെരിന്തൽമണ്ണ, തിരൂർ, മങ്കട എന്നിവിടങ്ങളിൽ അത്ര എളുപ്പമല്ല. നല്ല സ്ഥാനാർത്ഥികളെ നിർത്തിയാൽ ജയിക്കാവുന്നതാണ്. വണ്ടൂർ, നിലമ്പൂർ തുടങ്ങിയ കുടിയേറ്റ കർഷകർ കൂടുതലുള്ള പ്രദേശങ്ങൾ കോൺഗ്രസ് സ്വാധീനമുള്ള സ്ഥലങ്ങളാണ്. തവനൂർ - പൊന്നാനി ഏരിയയിലും കോൺഗ്രസ് ശക്തമാണ്. ബാക്കി മലപ്പുറം ജില്ലയിലെ മിക്ക സ്ഥലങ്ങളും മുസ്ലിം ലീഗിന്റെ ശക്തി മണ്ഡലങ്ങളാണ്. വലിയ ഭൂരിപക്ഷം മുസ്ലിം ലീഗിന് തിരഞ്ഞെടുപ്പുകളിൽ കിട്ടുന്ന സ്ഥലങ്ങളാണ് ഇവയെല്ലാം.

മൊത്തം 16 നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം ജില്ലയിലുള്ളത്. മുൻപ് 12 ആയിരുന്നു. പുനർവിഭനത്തിന് ശേഷമാണിത് 16 ആയത്. വർധിച്ച നാലിൽ 3 സീറ്റും മുസ്ലിം ലീഗ് എടുക്കുകയും തവനൂർ മാത്രം കോൺഗ്രസിന് കൊടുക്കുകയുമാണ് ഉണ്ടായത്. അതിനെച്ചൊല്ലി കഴിഞ്ഞ തവണ വലിയ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ വലിയ സ്പർദ്ധ നിലനിലകുന്ന സ്ഥലമാണ് മലപ്പുറം. മലപ്പുറത്തുകുടി വെറുതെ യാത്ര ചെയ്താൽ അങ്ങിങ്ങ് വലിയ ത്രിവർണ പതാകകൾ, ത്രിവർണ ബോർഡുകൾ തുടങ്ങിയവ കാണാം. അത് കാണുമ്പോൾ തന്നെ മനസിലാകും ഇവിടെ കുറച്ചു കോൺഗ്രസ്സുകാർ ഉണ്ടെന്നുള്ളത്. ചുവന്ന കൊടി പോലെയല്ല ഈ ത്രിവർണ പതാകകൾ. മുസ്ലിം ലീഗിനെതിരായ വലിയ വെല്ലുവിളിയായിട്ടാണ് ഇത് കാണപ്പെടുന്നത്. ഇവിടെ മാർക്‌സിസ്റ്റ് പാർട്ടിയിൽ അധികവും തിയന്മാരും പട്ടികജാതിക്കാരുമാണ്. അവരോടൊപ്പം അത്യാവശ്യം നായന്മാരും നമ്പൂതിരിമാരും ഉണ്ടെന്നു വച്ചോ. പക്ഷെ കോൺഗ്രസ് അങ്ങനെയല്ല. ലീഗ് വിരുദ്ധന്മാരുടെ പാർട്ടിയാണ് ഇവിടെ കോൺഗ്രസ്സ്. ഒപ്പം ഇവിടെ ലീഗ് ഇതര പാർട്ടിയാണ് മാർക്‌സിസ്റ്റ്. അതുമാത്രമല്ല മരിച്ചു മണ്മറഞ്ഞ നേതാക്കളിൽ മലപ്പുറത്തെ കോൺഗ്രസുകാർക്ക് ഏറ്റവും പ്രിയം മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിനോടാണ്. എവിടെ കോൺഗ്രസുകാർ ഉണ്ടോ അവിടെയൊക്കെ ഇദ്ദേഹത്തിന്റെ ഒരു സ്മാരകമുണ്ടാകും. അബ്ദുൾ റഹ്മാൻ സാഹിബ് കോൺഗ്രസിൽ നിന്നുകൊണ്ട് ലീഗിനെതിരായി ശക്തമായി നിലപാടെടുത്ത നേതാവാണ് എന്നതാണ് ഇതിന് കാരണം.

ആറുവർഷം മുൻപ് ആര്യാടൻ മുഹമ്മദ് മുഹമ്മദാലി ജിന്നയെ കഠിനമായി വിമർശിച്ചു കൊണ്ട്, അദ്ദേഹം ജനനത്തീയതി തിരുത്തിയത്തടക്കം പറഞ്ഞുകൊണ്ട് മാതൃഭൂമി പാത്രത്തിൽ ലേഖനമെഴുതി . ജിന്നയോടു ദേഷ്യം ഉണ്ടായിട്ടല്ല മലപ്പുറത്തെ ലീഗിനെ കൊച്ചാക്കാനാണ് ആണ് ആര്യാടൻ ഈ ലേഖനം എഴുതിയത്. ഇവിടുത്തെ മാർക്‌സിസ്റ്റുകാർ എന്നുവച്ചാൽ ഭൂപരിഷ്‌കരണ നിയമം വന്നപ്പോൾ ബഹു സ്വത്തുക്കൾ നഷ്ടപ്പെട്ട നായന്മാരുടെയും നമ്പൂതിരിമാരുടെയും പിന്നെ ജീവിക്കാൻ നിവൃത്തിയില്ലാത്ത തീയന്മാരുടെയും, പട്ടികജാതിക്കാരുടെയും പാർട്ടിയാണ്. ഇവിടെ കോൺഗ്രസ് അങ്ങനെയല്ല. സ്വത്ത് ക്ഷയിച്ച നായർ പ്രമാണിമാർക്ക് ഒപ്പം തന്നെ പണ്ട് കാലത്തു സമ്പന്നരായിരുന്ന മുസ്ലിം പ്രഭുക്കന്മാരുമാണ് ഇവർ. പിന്നെ ഒരു രഹസ്യം കൂടി പറയാം, മാർക്‌സിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികൾക്ക് സിപിഐ(എം), സിപിഐ വോട്ടുകൾ കിട്ടിയില്ലെങ്കിൽ പോലും മലപ്പുറം ജില്ലയിൽ കോൺഗ്രസുകാരുടെ വോട്ടുകൾ ഉറപ്പായും കിട്ടും. ഇതാണ് മലപ്പുറം ജില്ലയുടെ ഒരു ആന്തരിക രാഷ്ട്രീയം.

മാത്രമല്ല കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ നല്ല ഒന്നാന്തരം ഒരു കോൺഗ്രസുകാരനും, കെപിസിസി മെമ്പറുമായിരുന്ന അബ്ദുൾ റഹ്മാൻ ഖദർ ഇട്ടുകൊണ്ട് തന്നെ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു. ഇദ്ദേഹം പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇ ടി മുഹമ്മദ് ബഷീറിന് എതിരെ ശകതമായ മത്സരം നടത്തി. തൃത്താലയിലും, പൊന്നാനിയിലും തവനൂരും അന്ന് അബ്ദുൾ റഹ്മാൻ ലീഡ് ചെയ്തു. അന്ന് തിരൂരങ്ങാടിയിൽ കിട്ടിയ ലീഡ് കൊണ്ടാണ് അന്ന് ബഷീർ ജയിച്ചത്. അന്ന് മുതലാണ് ബഷീറിന് ഒരു വിനയം വന്നത്. അതുവരെ മുസ്ലിം.ലീഗിന്റെ ധിക്കാരം നിറഞ്ഞ സ്വരമാണ് ബഷീറിൽ നിന്ന് കേട്ടുകൊണ്ടിരുന്നത്. സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചയാളാണ് മുഹമ്മദ് ബഷീർ. അഞ്ചാം മന്ത്രി വേണമെന്ന് ലീഗിൽ ഏറ്റവും കൂടുതൽ ഒച്ചവച്ച ആളും ബഷീർ ആയിരുന്നു. അത് പിന്നീട് പ്രവർത്തകർ ഏറ്റെടുത്തു തുടർന്നു. ആര്യാടൻ മുഹമ്മദിന്റെ മുഖവും ഒരു നായയുടെ ഉടലും ചേർത്ത പടങ്ങൾ മലപ്പുറം ജില്ലയിൽ എമ്പാടും സ്ഥാപിക്കുകയും ചെയ്തു. അഞ്ചാം മന്ത്രിയും ആര്യാടനും തമ്മിൽ എന്നതാണ് ബന്ധമെന്നു അറിയില്ല അത് ആര്യാടന്റെ തലയിൽ വക്കാൻ ചിലർ നോക്കി.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ലീഗും തമ്മിലുള്ള വഴക്കു വളരെ വ്യാപകമായിരുന്നു. അത് മാർക്‌സിസ്റ്റുകാർ പരമാവധി മുതലെടുക്കുകയും സാമ്പാർ മുന്നണി ഉണ്ടാക്കുകയും ചെയ്തു. രണ്ടു മുനിസിപ്പാലിറ്റിയിലും ഇരുപതു പഞ്ചായത്തുകളിലും ഈ പരീക്ഷണം നടന്നു. ഒപ്പം പല ഇടങ്ങളിലും മുസ്ലിം ലീഗിനെ അട്ടിമറിക്കാനും ഈ സാമ്പാറുകാർക്ക് കഴിഞ്ഞു. അങ്ങനെ മലപ്പുറം രാഷ്ട്രീയമാകെ കലങ്ങി മറിഞ്ഞു കിടക്കുകയാണിപ്പോൾ. എന്നാൽ വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിലിത് അത്രയധികം ബാധിക്കില്ല. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ കോൺഗ്രസുകാരുടെ വോട്ടില്ലാതെ ലീഗു സ്ഥാനാർത്ഥികൾക്കു ജയിക്കാം എന്നതാണ് കാരണം.

മലപ്പുറത്തെ കോൺഗ്രസ് മണ്ഡലങ്ങൾ

ലീഗുകാരുടെ വോട്ടു കിട്ടില്ലെങ്കിലും നിലമ്പൂരിൽ ജയിക്കുക ആര്യാടൻ ഷൗക്കത്തുതന്നെ

നിലമ്പൂരിൽ ആര്യാടൻ മുഹമ്മദല്ല അദ്ദേഹത്തിന്റെ മകൻ ആര്യാടൻ ഷൗക്കത്താണ് ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥി. ഷൗക്കത്തിന് സീറ്റു കൊടുക്കാതിരിക്കാൻ കോൺഗ്രസ്സിൽ തന്നെ കുറെ ആളുകൾ ആഞ്ഞുപിടിച്ചു. പക്ഷെ നടന്നില്ല, ആര്യാടൻ ഷൗക്കത്തിന് ഒരു കാരണവച്ചാലും ലീഗുകാരുടെ വോട്ടു കിട്ടില്ല. ഒപ്പം ജമാത്തി ഇസ്ലാമി ക്കാരും പോപ്പുലർ ഫ്രണ്ടുക്കാരും മറ്റു മത മൗലികവാദികളും തീവ്രവാദികളും ആര്യാടനെ തോൽപിക്കാൻ ശ്രമിക്കുമെന്നുള്ളത് ഉറപ്പാണ്. ആര്യാടൻ ഷൗക്കത്തിന്റെ എതിർ സ്ഥാനാർത്ഥി പി വി അൻവർ പ്രബലനാണ്. ഏറനാട് മണ്ഡലത്തിൽ മുൻപ് മത്സരിച്ചു തരംഗമുണ്ടാക്കിയ ആളാണ്. നിലമ്പൂർ ബിജെപി ശക്തമായിട്ടുള്ള സ്ഥലമാണ്. നിലമ്പൂർ കോവിലകത്തെ ഭരതൻ തമ്പുരാൻ ജനസംഘത്തിന്റ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. ബിഡിജെഎസിനാണ് ഈ സീറ്റു കൊടുത്തിരിക്കുന്നത്. ഗിരീഷ് മേക്കാട്ട് ആണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. പക്ഷെ ഇതൊക്കെ കഴിഞ്ഞാലും നിലമ്പൂർ മണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്ത് തന്നെ ജയിക്കും.

ലീഗുകാർ മാന്യമായി വോട്ടു ചെയ്താൽ വണ്ടൂരിൽ അനിൽകുമാർ

ണ്ടൂർ മലപ്പുറം ജില്ലയിലെ സംവരണ സീറ്റാണ്. ഇവിടെ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വണ്ടൂരിൽ ലീഗും, കോൺഗ്രസും തമ്മിലുള്ള വഴക്കു രൂക്ഷമായിരുന്നു. കുടിയേറ്റക്കാർ കൂടുതലുള്ള മണ്ഡലമാണ് വണ്ടൂർ. ഇവിടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി മന്ത്രി എ പി അനിൽകുമാറാണ്. അനിൽ കുമാർ സരിതയുടെ ലിസ്റ്റിൽ പേര് വന്നു ആകെ ചീത്തപ്പേരായി നിൽക്കുകയാണ്. ലീഗുകാർ മാന്യമായി വോട്ടു ചെയ്താൽ ഇവിടെ അനിൽകുമാർ ജയിക്കും. അല്ലെക്കിൽ അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാകും. നിഷാന്ത് ആണ് വണ്ടൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി.

തവനൂരിൽ കെ ടി ജലീൽ

ണ്ട് കുഞ്ഞാലിക്കുട്ടിയെ മലർത്തിയടിച്ച ഡോ. കെ ടി ജലീലാണ് തവനൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി. ഹിന്ദു ഭൂരിപക്ഷമാണ് തവനൂരിൽ. മുസ്ലിങ്ങളും ഏതാണ്ട് അത്രത്തോളം തന്നെ ഇവിടെയുണ്ട്. മാർക്‌സിസ്റ്റ് പാർട്ടി ഇവിടെ ശക്തമാണ്. ലീഗ് ബുദ്ധിപൂർവം ഒഴിവാക്കിയ സീറ്റാണിത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി ആയി മത്സരിക്കുന്നതു യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായ പി ഇഫ്തിഖാറുദിൻ ആണ്. 6854 വോട്ടാണ് കഴിഞ്ഞ തവണ ജലീലിന്റെ ഭൂരിപക്ഷം. തവനൂർ പൊന്നാനി മണ്ഡലങ്ങൾ ബിജെപിക്കു ശക്തിയുള്ള മണ്ഡലങ്ങളാണ്. ഇവിടെ ബിജെപി സ്ഥാനാർത്ഥി രവി തേലത്താണ്. ഹിന്ദു ഭൂരിപക്ഷ പ്രദേശമായതുകൊണ്ട് തന്നെ ബിജെപി ശക്തമാണ്. കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ 14000 വോട്ടുകൾ പിടിച്ചു. ഇവിടെ ജലീൽ തന്നെ ജയിക്കും.

പൊന്നാനിയിൽ സാധ്യത ശ്രീരാമകൃഷ്ണന്

പൊന്നാനി ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലമാണ്. കഴിഞ്ഞ തവണ ഇരുമുന്നണികളും മത്സരിപ്പിച്ച അതെ സ്ഥാനാർത്ഥികൾ തന്നെ ഇവിടെ വീണ്ടും മത്സരിക്കുന്നു. സിറ്റിങ് എംഎൽഎയായ ശ്രീരാമകൃഷ്ണനാണിവിടെ സിപിഎമ്മിന്റെ സ്ഥാനാർത്ഥി. കോൺഗ്രസ് സ്ഥാനാർത്ഥി അജയ് മോഹനാണ് എതിർ സ്ഥാനാർത്ഥി. ബിജെപി ഇവിടെ സ്ഥാനാർത്ഥിയായി നിർത്തിയിക്കുന്നത് ബിജെപി സംസ്ഥാന സമിതി അംഗവും പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന ശോഭ സുരേന്ദ്രന്റെ ഭർത്താവുമായ കെ കെ സുരേന്ദ്രനെയാണ്. ശക്തമായ മത്സരം ഉണ്ടാക്കാൻ വേണ്ടിയാണു ബിജെപി ഇവിടെ സുരേന്ദ്രനെ തന്നെ ഇറക്കിയിട്ടുള്ളത്. സാധാരണ പൊന്നാനി ഇടതുപക്ഷത്തെ തുണയ്ക്കുന്ന മണ്ഡലം ആയതുകൊണ്ട് ഇത്തവണയും ശ്രീരാമകൃഷ്ണൻ ഇവിടെ ജയിക്കാനാണ് സാധ്യത.

കോൺഗ്രസ്സ് പോരാട്ടം അവസാനിച്ചു

താനൂരിൽ മേൽക്കൈ രണ്ടത്താണിക്ക്

രു കോൺഗ്രസുകാരൻ മത്സരിക്കുന്ന മണ്ഡലമാണ് താനൂർ. അതാരാണെന്നു ചോദിച്ചാൽ കഴിഞ്ഞ തവണ പൊന്നാനി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിന്ന് ഇ ടി മുഹമ്മദ് ബഷീറിനെ വെള്ളം കുടിപ്പിച്ച അതേ കോൺഗ്രസുകാരൻ വി അബ്ദുൾ റഹ്മാനാണ്. ഇദ്ദേഹം ഇവിടെ സിപിഐ(എം) സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. താനൂറിന്റെ ചരിത്രത്തിൽ ലീഗ് അല്ലാതെ വേറൊരു പാർട്ടിയും ജയിച്ചിട്ടില്ല. ലീഗ് അല്ലാതെ ജയിക്കുകയുമില്ല. നിലവിലുള്ള എംഎൽഎ അബ്ദുൾ റഹ്മാൻ രണ്ടത്താണിയാണ് ഇക്കുറിയും ഇവിടെ ലീഗ് സ്ഥാനാർത്ഥി. അബ്ദുൾ റഹ്മാൻ കോൺഗ്രസ് പിന്തുണയുള്ളയാളും പൈസക്കാരനുമാണ്. രണ്ടത്താണി ജനകീയ എംഎൽഎ യുമാണ്. പക്ഷെ രണ്ടത്താണി മുജാഹിദ് വിഭാഗക്കാരനാണ്. സുന്നി വിഭാഗം വളരെ ശക്തമായുള്ള മലപ്പുറം ജില്ലയിൽ മുജാഹിദുകാരനായ രണ്ടത്താണി നേരിടുന്ന പ്രശ്നം അതാണ്. ഒരു പൊരിഞ്ഞ മത്സരമാണ് ഇവിടെ നടക്കുന്നത്. അതിനാൽ ചിലപ്പോൾ അട്ടിമറികൾ ഇവിടെ പ്രതീക്ഷിക്കാം. സാധാരണഗതിയിൽ ഒരു മേൽകൈ രണ്ടത്താണിക്കാണ്.

പൊരിഞ്ഞ മത്സരം നടക്കുന്ന തിരൂരിൽ സാധ്യത സി മമ്മൂട്ടിക്ക്

തിരൂർ ഹിന്ദു പോപ്പുലേഷൻ ഉള്ള ഒരു സ്ഥലമാണ്. 2006ൽ ഇ ടി മുഹമ്മദ് ബഷീറിനെ തോൽപ്പിച്ച് സിപിഐ(എം) പിടിച്ച സീറ്റാണ് തിരൂർ. കഴിഞ്ഞ തവണ ഈ സീറ്റു ലീഗിന്റെ സി മമ്മുട്ടി തിരിച്ചു പിടിച്ചു. മമ്മുട്ടി തന്നെയാണ് ഇക്കുറിയും യുഡിഎഫ് സ്ഥാനാർത്ഥി. പാർലമെന്റ് ഇലക്ഷനിൽ ലീഗിന് 7000 വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്നു. പി അബ്ദുൾ ഗഫൂർ ആണ് ഇവിടെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി. മലപ്പുറം ജില്ലയിൽ വിജയപ്രതീക്ഷ കുറഞ്ഞ മണ്ഡലങ്ങൾ വ്യവസായികൾക്കും, വിമതന്മാർക്കും തൂക്കി വിൽക്കുന്ന സംവിധാനം വന്നിട്ടുണ്ട്. പണമാണ് അവരുടെ യോഗ്യത. ഇതും അത്തരത്തിൽ ആണ്. ഇവിടെയും പൊരിഞ്ഞ മത്സരം നടക്കാൻ സാധ്യതയുള്ള മണ്ഡലമാണ്. എന്നാലും മമ്മുട്ടിക്കാണ് ഇവിടെ സാധ്യത.

മങ്കടയിൽ സാധാരണ ഊഷ്മാവിൽ ജയസാധ്യത അഹമ്മദ് കബീറിന്

ലീഗ് കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിക്കുന്ന മണ്ഡലമാണ് മങ്കട. മങ്കടയിൽ മുസ്ലിം ആണ് ഭൂരിപക്ഷം എങ്കിലും അതിന്റെ അടുത്തായി ഹിന്ദുക്കളുമുണ്ട്. 2001 ലും, 2006 ലും സിപിഐ(എം) സ്വതന്ത്രനായി മഞ്ഞളാം കുഴി അലി ജയിച്ച സ്ഥലമാണ് മങ്കട. 2006 ൽ ഇദ്ദേഹം തോൽപ്പിച്ചതു വേറെ ആരെയുമല്ല സി എച്ചിന്റെ മകൻ എംകെ മുനീറിനെ യാണ്. ഇപ്പോൾ അലി ലീഗിൽ ചേർന്നു. ഇവിടെ ഇക്കുറി ലീഗ് സ്ഥാനാർത്ഥി സിറ്റിങ് എംഎൽഎ അഹമ്മദ് കബീറാണ്. സിപിഐ(എം) ഇവിടെ ശകതനായ സ്ഥാനാർത്ഥിയെയാണ് ഇറക്കിയിട്ടുള്ളത്. അഡ്വ റാഷിദ് അലി. നല്ല മത്സരമാണ് ഇവിടെ നടക്കുന്നത്. പക്ഷെ മഞ്ഞളാങ്കുഴി അലി ലീഗിൽ ആയതിനാലും, മങ്കട പുള്ളിയുടെ ഏരിയ ആയതുകൊണ്ടും കുഞ്ഞാലിക്കുട്ടിക്കു നീരസം ഉണ്ടായില്ലെങ്കിൽ അഹമ്മദ് കബീർ തന്നെ വീണ്ടും ഇവിടെ ജയിക്കും. ലീഗിൽ അറിയപ്പെടുന്ന കുഞ്ഞാലി വിരുദ്ധൻ കൂടിയാണ് അഹമ്മദ് കബീർ. സാധാരണ ഊഷ്മാവിലും മർദത്തിലും ഇദ്ദേഹത്തിനാണ് സാധ്യത.

പെരിന്തൽമണ്ണയിൽ മഞ്ഞളാംകുഴി അലി

ഞ്ഞളാം കുഴി അലി മത്സരിക്കുന്ന മണ്ഡമാണ് പെരിന്തൽമണ്ണ. ശശികുമാറാണ്‌  സിപിഐ(എം) സ്ഥാനാർത്ഥി. 2006 ൽ ശശി ജയിച്ചു 2011 ൽ തോറ്റ സ്ഥലമാണ് പെരിന്തൽമണ്ണ . ശശികുമാർ
നല്ല സ്ഥാനാർത്ഥിയാണ്. പക്ഷെ അലിക്കാണ് സാധ്യത.

ഇനിയുള്ള മണ്ഡലങ്ങൾ പേര് മാത്രം പറഞ്ഞാൽ മതി. കാരണം ജയാ സാധ്യത ലീഗിന് മാത്രമാണ്

കൊണ്ടോട്ടിയിൽ ടിവി ഇബ്രാഹിം, ഏറനാട്ടിൽ സീതി ഹാജിയുടെ മകൻ പി കെ ബഷീർ, മലപ്പുറത്തു പി ഉബൈദുള്ള, വേങ്ങരയിൽ മഹാനായ പികെ കുഞ്ഞാലിക്കുട്ടി, വള്ളികുന്നിൽ അബ്ദുൾ ഹമിദ് , തിരുരങ്ങാടിൃയിൽ പികെ അബ്ദുൾ റബ്, കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ ഇത്രയും പേരെ സംബന്ധിച്ച് എതിരില്ലാതെ ജയിക്കുന്ന സാഹചര്യമാണുള്ളത്. കാരണം ഇതെല്ലം ലീഗിന്റെ ഉറച്ച സീറ്റുകളാണ്. ഇവിടെ ലീഗ് അല്ലാതെ വേറെ ആരും ജയിക്കില്ല. ജയിക്കേണ്ട സാഹചര്യം എൽഡിഎഫ് ഇവിടെ ഉണ്ടാക്കിയിട്ടുമില്ല. അതുകൊണ്ടു വായിലെ വെള്ളം കളഞ്ഞു. പിന്നെ ശ്രദ്ധേയമായ കാര്യം കൊണ്ടോട്ടിയിലും, വള്ളികുന്നിലും, കോട്ടക്കലും പുതിയ സ്ഥാനർത്ഥികളാണ്.

മലപ്പുറം ജില്ലയിൽ മുസ്ലിങ്ങളുടെ ഇടയിൽ ബിജെപി രണ്ടു മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നു എന്നതാണ് കൗതുകകരമായ വേറൊരു കാര്യം. മലപ്പുറത്തു ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബാദുഷ തങ്ങളാണ് സ്ഥാനാർത്ഥി. പി റ്റി ആലി ഹാജി വേങ്ങരയിൽ കുഞ്ഞാലികുട്ടിക്ക് എതിരായും ഇവിടെ മത്സരിക്കുന്നു. രണ്ടു പേർക്കും താമരയാണ് ചിഹ്‌നം. ഇവിടെ ബിജെപിക്കു ശക്തിയുള്ള പ്രദേശമായ വള്ളികുന്നിൽ ജനസംഘം മുതൽക്കേ കരുത്തനായ ബിജെപി സ്ഥാനാർത്ഥിയായി ജനചന്ദ്രൻ മാഷ് മത്സരിക്കുന്നു പാർലമെന്റ് തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ ബിജെപി ഏറ്റവും കൂടുതൽ വോട്ടു പിടിച്ച സ്ഥലമാണ് വള്ളിക്കുന്ന്. 15987 വോട്ടുകൾ ഇവിടെ ബിജെപിക്ക് ലഭിച്ചു. പൊന്നാനി മണ്ഡലത്തിൽ മത്സരിക്കുന്ന കെ കെ സുരേന്ദ്രനാണ് ശക്തനായ മറ്റൊരു ബിജെപി സ്ഥാനാർത്ഥി.

മലപ്പുറത്ത് ഈ ഇലക്ഷനിൽ മുസ്ലിം ലീഗ് പാർട്ടി ഒറ്റ സീറ്റും സ്ത്രീകൾക്കു കൊടുത്തിട്ടില്ല, പക്ഷെ മുസ്ലിം ലീഗിന്റെ ഏറ്റവും വലിയ കോട്ടയായ മലപ്പുറത്തു മാർക്‌സിസ്റ്റ് പാർട്ടിയും ബിജെപിയും വനിത സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. 1998 ൽ സിപിഐ സ്ഥാനാർത്ഥിയായി പാർലമെന്റിലേക്ക് മത്സരിച്ച മിനു മുംതാസ് ഇത്തവണ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയായി തിരുരങ്ങാടിയിൽ മത്സരിക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും എസ്ഡിപിഐയും, വെൽഫെയർ പാർട്ടിയും, പിഡിപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP