Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു മീറ്റിങ്ങിൽ പങ്കെടുത്ത് കഴിയുമ്പോൾ രണ്ട് വിദേശ യാത്ര നടത്തി ക്ഷീണം തീർക്കുന്ന രാഹുൽ ഗാന്ധിയെ ആർക്കും വിശ്വാസമില്ല; മോദി വിരുദ്ധ മുന്നണിക്ക് നേതൃത്വം കൊടുക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് താൽപ്പര്യം മമതാ ബാനർജിയെ; പ്രാദേശിക പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് അനുനയത്തിന് ശ്രമിച്ച് സോണിയയും; നിർണ്ണായക സമയത്ത് രാഹുൽ സ്ഥലം കാലിയാക്കിയതിൽ അമ്മയ്ക്ക് പോലും അമർഷം

ഒരു മീറ്റിങ്ങിൽ പങ്കെടുത്ത് കഴിയുമ്പോൾ രണ്ട് വിദേശ യാത്ര നടത്തി ക്ഷീണം തീർക്കുന്ന രാഹുൽ ഗാന്ധിയെ ആർക്കും വിശ്വാസമില്ല; മോദി വിരുദ്ധ മുന്നണിക്ക് നേതൃത്വം കൊടുക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് താൽപ്പര്യം മമതാ ബാനർജിയെ; പ്രാദേശിക പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് അനുനയത്തിന് ശ്രമിച്ച് സോണിയയും; നിർണ്ണായക സമയത്ത് രാഹുൽ സ്ഥലം കാലിയാക്കിയതിൽ അമ്മയ്ക്ക് പോലും അമർഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അമ്മൂമ്മയ്ക്ക് സർപ്രൈസ് വിസിറ്റ് കൊടുക്കാൻ ട്വിറ്ററിൽ പോസ്റ്റിട്ടു പോയ നേതാവാണ് രാഹുൽ ഗാന്ധി. ത്രിപുരയിലും മറ്റും വോട്ടെണ്ണൽ നടക്കുമ്പോൾ പാർട്ടിയുടെ നിലപാടുകൾ തീരുമാനിക്കാനും നീക്കങ്ങൾ ഏകോപിപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യത്തിൽ. ഹോളി ആഘോഷമില്ലാത്ത ഇറ്റലിയിൽ അമ്മുമ്മയ്‌ക്കൊപ്പമായിരുന്നു രാഹുൽ.

ഇതോടെ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും രാഹുലിൽ വിശ്വാസം പോവുകയാണ്. ഇങ്ങനെ പോയാൽ കോൺഗ്രസ് പ്രാദേശിക പാർട്ടിയായി മാറുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. ഇതോടെ അമ്മ സോണിയാ ഗാന്ധി വീണ്ടും രാഷ്ട്രീയത്തിൽ സജീവമാവുകയാണ്. രാഹുൽ ഈ പോക്ക് തുടർന്നാൽ കോൺഗ്രസിന് പ്രതിപക്ഷത്തെ ഒന്നാം നമ്പർ സ്ഥാനവും നഷ്ടമാകുമെന്ന് സോണിയ തിരിച്ചറിയുന്നു.

അതിനിടെ അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുൻപായി പ്രതിപക്ഷ നേതൃത്വത്തിലെത്താൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കരുനീക്കം ഊർജിതമാക്കി. പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ ഏകോപനവുമായി ബന്ധപ്പെട്ടു മമത ചർച്ചകൾ ആരംഭിച്ചു. ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിനുമായും തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് മേധാവിയുമായ കെ.ചന്ദ്രശേഖർ റാവുവുമായും മമത ചർച്ച നടത്തി.

ദേശീയ നേതാവായി മാറി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബദലുണ്ടാക്കുകായണ് ലക്ഷ്യം. കോൺഗ്രസിനേയും ഇടതുപക്ഷത്തേയും മാറ്റി നിർത്തി പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയാണ് മമതയുടെ ലക്ഷ്യം. മോദിക്ക് ബദലായി മാറുക തന്നെയാണ് മമതയുടെ ലക്ഷ്യം. ഇതിനുള്ള കരുത്ത് മമതയ്ക്കുണ്ടെന്ന് ബംഗാളിലെ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് ജയങ്ങളും വ്യക്തമാക്കുന്നു. ഇത് മനസ്സിലായതോടെയാണ് കോൺഗ്രസിന് വേണ്ടി സോണിയയും രംഗത്ത് വന്നത്. യുപിഎ അധ്യക്ഷ എന്ന പദവി ഉപയോഗിച്ചാണ് ഇടപെടൽ.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ വിദേശത്തായിരുന്ന രാഹുലിന്റെ 'വിപണിമൂല്യം' വീണ്ടും ഇടിഞ്ഞിരിക്കുന്നു. ആരോഗ്യം മെച്ചമല്ലെങ്കിലും വീണ്ടും രംഗത്തിറങ്ങാൻ സോണിയ മുതിരുന്നത് അതുകൊണ്ടാണ്. അതിനിടെ രാഹുൽ ഗാന്ധി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ ഇറ്റലിയിൽ പോയതിനു രാഹുലിനെതിരെ വിമർശനമുയർന്നിരുന്നു. ഇത് മുഖവിലയ്‌ക്കെടുക്കാതെയാണ് പുതിയ യാത്ര. സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളാണു രാഹുൽ സന്ദർശിക്കുന്നത്. എട്ടിനു സിംഗപ്പൂരിൽ എത്തുന്ന രാഹുൽ രണ്ടു ദിവസത്തെ പര്യടനത്തിനുശേഷം പത്തിനു മലേഷ്യയിൽ ഇറങ്ങും. രണ്ടു രാജ്യങ്ങളിലും ഇന്ത്യൻ വംശജരുടെ സമ്മേളനങ്ങളിൽ രാഹുൽ സംസാരിക്കും. ഇതെല്ലാം പാർട്ടിക്ക് ഗുണമുണ്ടാക്കിലെന്ന് നേതാക്കൾ പറയുന്നു. ഈ സാഹചര്യത്തിലാണ് സോണിയയെ വീണ്ടും സജീവമായി രാഷ്ട്രീയത്തിൽ ഇടപെടുപ്പിക്കാൻ നീക്കം നടക്കുന്നത്.

ഇതിന്റെ ഭാഗമായി സോണിയ ഗാന്ധി പ്രതിപക്ഷ കക്ഷി നേതാക്കളെ ചൊവ്വാഴ്ച അത്താഴത്തിനു ക്ഷണിച്ചു. മമതയ്ക്കും ചന്ദ്രശേഖർ റാവുവിനും ക്ഷണമുണ്ട്. മോദിക്കെതിരെ വിശാല ബദലാണ് സോണിയയുടെ ലക്ഷ്യം. ഇതിനുള്ള നീക്കങ്ങൾ സോണിയ തന്നെ നടത്തണമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട്. യുപി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ ഒരുക്കിയത് രാഹുലായിരുന്നു. ഇത് അമ്പേ പരാജയമായി. ഗുജറാത്തിൽ നേട്ടമുണ്ടാക്കിയെങ്കിലും ത്രിപുരയോടെ എല്ലാം തകർന്നു. കർണ്ണാടകയിൽ കൂടി കോൺഗ്രസ് തോറ്റാൽ വെറും രണ്ട് സംസ്ഥാനത്ത് മാത്രമുള്ള പാർട്ടിയായി കോൺഗ്രസ് മാറും. ഇത് വലിയ ഭീഷണിയാണ്. ഈ സാഹചര്യത്തിലാണ് സോണിയ ഇടപെടൽ നടത്തുന്നത്. പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കുന്നതും പരിഗണനയിൽ ഉണ്ട്.

ഇതിനിടെയാണ് മമതയെ ഇറക്കി ദേശീയ രാഷ്ട്രീയം പിടിക്കാൻ തൃണമൂൽ ശ്രമം. കാൽ നൂറ്റാണ്ടോളം എംപിയായിരുന്ന, പലവട്ടം കേന്ദ്ര മന്ത്രിപദം വഹിച്ച, രണ്ടാം വട്ടം മുഖ്യമന്ത്രിയായിരിക്കുന്ന പരിചയസമ്പന്നയായ നേതാവാണ് മമത. ഇത്തരത്തിലൊരു നേതാവിനെയാണു തങ്ങൾ പ്രതിപക്ഷത്തിനു മുന്നിൽ അവതരിപ്പിക്കുന്നതെന്നു തൃണമൂൽ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ബദൽ മമത ബാനർജി എന്ന മുദ്രാവാക്യം അവർ തൽക്കാലം ഉയർത്തുന്നില്ല.

പ്രതിപക്ഷ മുന്നണിയുടെ നേതാവാര്, പൊതു മിനിമം പരിപാടിയെന്ത് തുടങ്ങിയ കാര്യങ്ങൾ പൊതു തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കേണ്ടതാണെന്നു തൃണമൂൽ നേതാവ് ഡെറക് ഒ ബ്രയൻ പറഞ്ഞു. പരിചയസമ്പന്നയായ നേതാവിനു ചുറ്റും മറ്റു പ്രതിപക്ഷ കക്ഷികൾ ഒത്തുചേർന്നു തുടങ്ങുന്നതു സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടികൾക്കും മമതയോടെ താൽപ്പര്യം ഏറെയാണ്. ത്രിപുരയിൽ തകർന്ന് അടിഞ്ഞതോടെ അഭിപ്രായം പറയാനുള്ള കരുത്ത് ഇടതിന് ചോർന്നു. അതുകൊണ്ട് തന്നെ സിപിഎമ്മിനെ തകർത്തെറിഞ്ഞ മമതയ്ക്ക് നേതൃസ്ഥാനത്തേക്ക് കടന്നുവരാൻ തടസ്സങ്ങളുമില്ല.

മുന്നണിക്കു രൂപം നൽകുന്നതിനു പകരം, ഭാവി രാഷ്ട്രീയത്തിന് ഉതകുംവിധം മമതയുടെ പ്രതിച്ഛായ വളർത്തിയെടുക്കുകയാണു തൃണമൂലിന്റെ അടിയന്തര ലക്ഷ്യം. മറ്റു കക്ഷികളുമായി സീറ്റു ധാരണയുണ്ടാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലില്ല. ബംഗാളിൽ തങ്ങൾ പരമാവധി സീറ്റു പിടിക്കാം, യുപിയിൽ എസ്‌പിയും ബിഎസ്‌പിയും മുന്നേറുക, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബിജെപിയെ തോൽപിക്കുകയെന്ന ദൗത്യം കോൺഗ്രസും നിർവ്വഹിക്കണം. അങ്ങനെ വന്നാൽ മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാമെന്നതാണ് മമതയുടെ ഫോർമുല.

യുപിയിലെ ഉപതെരഞ്ഞെടുപ്പിലെ എസ് പി - ബി എസ് പി സഖ്യത്തേയും പ്രതീക്ഷയോടെയാണ് കാണുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിനു പിന്നാലെ, രാഹുൽ പ്രതീക്ഷ നൽകിത്തുടങ്ങി എന്ന് അഭിപ്രായപ്പെട്ട ഒരു നേതാവ്, ആ നിലപാടു തിരുത്തുന്നുവെന്ന പ്രസ്താവനയോടെയാണു കഴിഞ്ഞ ദിവസം പാർലമെന്റിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP