Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാ കോൺഗ്രസ് പ്രത്യേക ബ്ലോക്കായി ഇരിക്കും; ഉടക്കി നിൽക്കുന്ന മാണിയെ പിടിക്കാൻ ചാക്ക് വിരിച്ച് ബിജെപി; പ്രധാന വാഗ്ദാനം മകന്റെ മന്ത്രിസ്ഥാനം തന്നെ; പദവികൾ ഒന്നും നൽകാതെ മുന്നണിയിൽ എടുക്കാൻ എൽഡിഎഫിനും സമ്മതം: യുഡിഎഫിന് ആശങ്ക പകർന്ന് മാണി നീക്കം തുടരുന്നു

കേരളാ കോൺഗ്രസ് പ്രത്യേക ബ്ലോക്കായി ഇരിക്കും; ഉടക്കി നിൽക്കുന്ന മാണിയെ പിടിക്കാൻ ചാക്ക് വിരിച്ച് ബിജെപി; പ്രധാന വാഗ്ദാനം മകന്റെ മന്ത്രിസ്ഥാനം തന്നെ; പദവികൾ ഒന്നും നൽകാതെ മുന്നണിയിൽ എടുക്കാൻ എൽഡിഎഫിനും സമ്മതം: യുഡിഎഫിന് ആശങ്ക പകർന്ന് മാണി നീക്കം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്താണ് കെഎം മാണിയുടെ മനസ്സിൽ? രാഷ്ട്രീയ കേരളത്തിന് പോയിട്ട് മകൻ കൂടിയായ ജോസ് കെ മാണിക്ക് പോലും ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലെന്നതാണ് വസ്തുത. എന്തും സംഭവിക്കാമെന്നതാണ് വസ്തുത. മാണി മനസ്സ് തുറക്കുന്നില്ലെങ്കിലും കേരളത്തിലെ ബിജെപി വൃത്തങ്ങൾ ആഹ്ലാദത്തിലാണ്. വെള്ളാപ്പള്ളി നടേശന് ശേഷം മറ്റൊരു പ്രമുഖനെ കൂടി എൻഡിഎയിൽ ഘടകകക്ഷിയായി കിട്ടാൻ പോകുന്നുവെന്നാണ് ബിജെപിക്കാർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ദേശീയ അധ്യക്ഷൻ അമിത് ഷാ അതിനുള്ള ചർച്ചകൾ പൂർത്തിയാക്കിയെന്നും പറയുന്നു. ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കിയുള്ള ഫോർമുലയാണ് മുന്നോട്ട് വയ്ക്കുന്നതെന്നും പറയുന്നു. എന്നാൽ ബിജെപി പാളയത്തിൽ കേരളാ കോൺഗ്രസ് പോകില്ലെന്നതാണ് മാണിയുമായി അടുപ്പമുള്ളവർ മറുനാടനോട് പങ്കുവയ്ക്കുന്ന വികാരം.

യുഡിഎഫുമായി മാനസികമായി മാണി സാർ അകന്നു കഴിഞ്ഞു. അടൂർ പ്രകാശിന്റേയും ബിജു രമേശിന്റെ മക്കളുടെ വിവാഹ നിശ്ചയ ചടങ്ങിൽ രഹസ്യമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തത് മാണി സാറിനെ അപമാനിക്കാനാണ്. അതുകൊണ്ട് തന്നെ ചരൽക്കുന്നിൽ കടുത്ത നടപടിയുണ്ടാകും. എന്നാൽ അത് ബിജെപിയിലേക്കുള്ള പോക്ക് ആകില്ല. എല്ലാ സാധ്യതയും കേരളാ കോൺഗ്രസ് പരിഗണിക്കുമെന്നാണ് മാണിയോട് അടുത്ത് നിൽക്കുന്ന കേരളാ കോൺഗ്രസ് നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞത്. ലഭിക്കുന്ന സൂചനകൾ പ്രകാരം യുഡിഎഫിൽ നിന്ന് മാറി പ്രത്യേക ബ്ലോക്കായി നിയമസഭയിൽ കേരളാ കോൺഗ്രസ് ഇരിക്കുമെന്നാണ് സൂചന. ഇതിനുള്ള സാധ്യതയാണ് മാണിയുടെ അടുപ്പക്കാരും പങ്കുവയ്ക്കുന്നത്. ഈ ഫോർമുലയെ പിജെ ജോസഫും അനുകൂലിക്കുമെന്നാണ് റിപ്പോർട്ട്. ഭാവിയിൽ ഇടതുപക്ഷത്തേക്കുള്ള സാധ്യതയാണ് മാണി ലക്ഷ്യമിടുന്നത്. സിപിഎമ്മിനും മാണിയോട് അതീവ താൽപ്പര്യമാണുള്ളതെന്നാണ് സൂചന.

മധ്യകേരളത്തിലെ ക്രൈസ്തവ വോട്ട് ബാങ്കുകളെ അനുകൂലമാക്കാൻ സിപിഐ(എം) ആഗ്രഹിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് അത്ര മികച്ചതായിരുന്നില്ല ഇടതിന്റെ പ്രകടനം. ഈ സാഹചര്യത്തിൽ കൂടിയാണ് നീക്കം. ന്യൂനപക്ഷങ്ങളെ ഈ മേഖലയിൽ സിപിഎമ്മുമായി അടുപ്പിക്കാൻ കേരളാ കോൺഗ്രസിന് കഴിയുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസിനെ മുന്നണിയിൽ ഉൾപ്പെടുത്തും. ഫ്രാൻസിസ് ജോർജിനെ അടർത്തിയെടുത്ത് ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ അത് വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് കെഎം മാണിയെ ഇടതുപക്ഷം ലക്ഷ്യമിടുന്നത്. ഈ നീക്കത്തെ ഗൗരവത്തോടെയാണ് കോൺഗ്രസും കാണുന്നത്. ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും വമ്പൻ ചലനങ്ങൾ ഉണ്ടാക്കാൻ മാണിയുടെ കൂട്ടുകെട്ടിലൂടെ സിപിഎമ്മിന് കഴിയുകയും ചെയ്യും. അതുകൊണ്ടാണ് മാണിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതും.

എന്നാൽ മാണിയുടെ കാര്യത്തിൽ കൂടുതൽ ആത്മവിശ്വസം പുലർത്തുന്നത് ബിജെപിയാണ്. മാണിയെ എൻഡിഎയിലേക്ക് അടുപ്പിക്കാൻ വെള്ളാപ്പള്ളി നടേശനെയാണ് ചുമതലപ്പെടുത്തിയത്. ഈ ചർച്ചകൾ ഫലം കാണുന്നുവെന്നാണ് ബിജെപി പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും മാണിക്കായി ബിജെപി വലവിരിച്ചിരുന്നു. പല റൗണ്ട് ചർച്ചകൾ നടത്തി. മാണിയെ കാണാൻ അമിത് ഷാ കോട്ടയത്തുമെത്തി. എന്നാൽ മാണി ആ സമയത്ത് അനുകൂലമായി പ്രതികരിച്ചില്ല. എന്നാൽ മാറിയ സാഹചര്യത്തിൽ മാണി ബിജെപിയുമായി അടുക്കുമെന്നാണ് പ്രതീക്ഷ. ചാനൽ ചർച്ചകളിലൊന്നും മാണിയെ വിമർശിക്കരുതെന്ന് കേരളത്തിലെ നേതാക്കളോട് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ കരുതലോടെ പ്രതികരിക്കാൻ മാണിയെ സ്വാഗതം ചെയ്യുന്ന പ്രഖ്യാപനങ്ങൾ നടത്താനും നിർദ്ദേശിച്ചു കഴിഞ്ഞു. ജോസ് കെ മാണിയെ എപ്പോൾ വേണമെങ്കിലും മന്ത്രിയാക്കാമെന്ന നിലപാടിലാണ് അമിത് ഷാ.

പക്ഷേ ബിജെപിയുമായി അടുക്കുന്നത് പരമ്പരാഗത വോട്ട് ബാങ്കിൽ വിള്ളലുണ്ടാകുമെന്ന് മാണി കരുതുന്നു. ക്രൈസ്തവ വിഭാഗങ്ങൾ കൈവിട്ടാൽ പാർട്ടിയുടെ അടിത്തറയും ഇളകും. മതേതര പ്രതിച്ഛായയും പൊളിയും. മകനെ മന്ത്രിയാക്കാൻ ആശയങ്ങൾ മറന്ന് നീങ്ങിയെന്ന പേരു ദോഷം മാണി ഭയക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയിലേക്ക് പോകില്ലെന്ന് അടുപ്പമുള്ളവരോട് മാണി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യുഡിഎഫിൽ തുടരാൻ കഴിയില്ല. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ അംഗീകരിക്കുന്നത് സ്വപ്‌നത്തിൽ പോലും ചിന്തിക്കാനാവുന്നില്ലെന്നാണ് നിലപാട്. യുഡിഎഫ് ചെയർമാനായി ഉമ്മൻ ചാണ്ടിയെയാണ് മുന്നണി നിർദ്ദേശിച്ചത്. ഈ സ്ഥാനം ഏകപക്ഷീയമായി രമേശ് ചെന്നിത്തല ഏറ്റെടുത്ത പരിഭവവും മാണിക്ക് വിട്ടുമാറുന്നില്ല. ബാർ കോഴയിൽ തന്നെ കുടുക്കിയത് ചെന്നിത്തലയാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് മാണി. അതുകൊണ്ട് തന്നെ യുഡിഎഫുമായി അകലുമെന്ന് ഉറപ്പാണ്.

കേരളാ കോൺഗ്രസിന് നിലവിൽ ആറ് എംഎൽഎമാരാണുള്ളത്. ബിജെപിയിലേക്ക് പോകുന്നതിനെ പിജെ ജോസഫും മോൻസ് ജോസഫും സിഎഫ് തോമസും അനുകൂലിക്കുന്നില്ല. റോഷി അഗസ്റ്റിനും ജയരാജും ഒപ്പം നിൽക്കുമെന്നാണ് മാണിയുടെ പ്രതീക്ഷ. എന്നാൽ ബിജെപിയിലേക്ക് പോകുന്നതിൽ ഇവർക്കും ആശങ്കയുണ്ട്. ഭാവിയിൽ തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഇതിലൂടെ കഴിയുമോ എന്നതാണ് സംശയം. ജോസ് കെ മാണിയെ മന്ത്രിയാക്കാൻ വേണ്ടി കോട്ടയം, ഇടുക്കി മേഖലയിലെ പരമ്പരാഗത വോട്ടർമാരെ പിണക്കരുതെന്നാണ് ആവശ്യം. അതുകൊണ്ട് കൂടിയാണ് ബിജെപി ബന്ധത്തിന് മാണി മടിക്കുന്നത്. ആറു പേരും ഒരുമിച്ച് നിന്നാൽ മാത്രമേ ബിജെപിയിലേക്ക് കേരളാ കോൺഗ്രസ് ചേക്കേറൂ. അല്ലാത്ത പക്ഷം നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കും. അതിനിടെ ഒരു കാരണവശാലും ബിജെപിയുടെ ഭാഗമാകാനില്ലെന്ന് പിജെ ജോസഫ് വ്യക്തമാക്കിയെന്നും മറുനാടന് സൂചന ലഭിച്ചു. ഈ സാഹചര്യത്തിലാണ് ബിജെപിയിലേക്കുള്ള മാണിയുടെ മാറ്റത്തിനുള്ള സാധ്യത അടയുന്നത്.

അതേസമയം,കേരളാ കോൺഗ്രസിനെ അനുനയിപ്പിക്കാനുള്ള നീക്കം കോൺഗ്രസും തുടങ്ങിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ടെത്തി കെ.എം.മാണിയുമായി ആശയവിനിമയം നടത്തിയെങ്കിലും നിലപാടിൽ അയവു വന്നിട്ടില്ല. കെ.എം മാണിയുമായി മധ്യസ്ഥ ചർച്ചയ്ക്ക് പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെടും. പ്രശ്‌നങ്ങൾ ഒറ്റയ്ക്കും കൂട്ടായും ചർച്ച ചെയ്യും. ഔപചാരിക മധ്യസ്ഥ ചർച്ചയ്ക്ക് ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓരോരുത്തർക്കും അവരുടെ പ്രശ്‌നങ്ങൾ ഗൗരവമുള്ളതാണ്. എന്നാൽ യുഡിഎഫിൽ പ്രതിസന്ധിയില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.എം. മാണി യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണെന്നും മാണിയും കേരളാ കോൺഗ്രസും യു.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ട്. ഇത് തന്നെയാണ് ഉമ്മൻ ചാണ്ടിയും പറഞ്ഞത്. അുത്ത യു.ഡി.എഫ്. യോഗത്തിൽ കെ.എം. മാണി പങ്കെടുക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബാർക്കോഴ ആരോപണത്തിൽ കോൺഗ്രസിലെ ഉന്നതരായ ചില നേതാക്കൾ ഗൂഢാലോചന നടത്തിയെന്നതായിരുന്നു മാണി ഗ്രൂപ്പിന്റെ ആരോപണം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കേരളാ കോൺഗ്രസ് സോണിയാ ഗാന്ധിക്കു പരാതി സമർപ്പിച്ചിരുന്നു.

മാണിയുടെ നിർദ്ദേശ പ്രകാരം യൂത്ത്ഫ്രണ്ടിന്റെ പേരിലാണു പരാതി നൽകിയത്. ഇതേപ്പറ്റി പ്രതികരിക്കാൻ സോണിയാ ഗാന്ധിയോ ദേശീയനേതൃത്വമോ ഇതുവരെ തയാറായില്ലെന്നതും മാണി ഗ്രൂപ്പിനെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ്. യോഗത്തിൽ മാണി ഗ്രൂപ്പ് പങ്കെടുക്കാതിരുന്നത്. രമേശ് ചെന്നിത്തല യു.ഡി.എഫ്. ചെയർമാനായശേഷം ആദ്യമായി നടന്ന യോഗത്തിൽ മാണി ഗ്രൂപ്പ് പ്രതിനിധികൾ പങ്കെടുക്കാതിരുന്നതു കോൺഗ്രസിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. മാണി ഗ്രൂപ്പ് യു.ഡി.എഫ്. വിട്ടുപോകുകയാണെങ്കിൽ പോകട്ടെയെന്ന നിലപാടും കോൺഗ്രസിലെ ചില നേതാക്കൾ ഉന്നയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കെ.എം. മാണിക്കെതിരേ ബാർക്കോഴ ഉൾപ്പെടെയുള്ള കേസുകൾ പരിഗണനയ്ക്കു വരുന്ന സാഹചര്യത്തിൽ മാണി ഗ്രൂപ്പ് യു.ഡി.എഫ്. വിടില്ലെന്ന വിശ്വാസമാണു കോൺഗ്രസ് നേതൃത്വത്തിനുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ കെ.എം. മാണിക്കെതിരായ കേസുകളുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ മാണി ഗ്രൂപ്പിന്റെ ഇടതുമുന്നണി പ്രവേശനം നടക്കില്ലെന്നു വ്യക്തമാണ്. ഈ സാഹചര്യത്തിൽ യു.ഡി.എഫിൽ തന്നെ തുടരാൻ മാണി ഗ്രൂപ്പ് നിർബന്ധിതമാകുമെന്നാണു വിലയിരുത്തൽ.

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റാനാണ് മാണിയുടെ നീക്കമെന്നാണ് കോൺഗ്രസിലെ ഐ ഗ്രൂപ്പിന്റെ പക്ഷം. അതിനപ്പുറം ഒന്നും ഭീഷണിക്കില്ല. ചെന്നിത്തലയെ മാറ്റാനുള്ള നീക്കത്തെ എതിർത്ത് തോൽപ്പിക്കുമെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP