Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളാപ്പള്ളിയെ പ്രലോഭിപ്പിച്ച അതേ മാർഗ്ഗം ഉപയോഗിച്ച് മാണിയെ വീഴ്‌ത്താൻ ബിജെപി; വാഗ്ദാനം ചെയ്തത് ഗവർണ്ണർ പദവിയും സഹമന്ത്രി സ്ഥാനവും; ഉപ രാഷ്ട്രപതിയാക്കാൻ സാധ്യമല്ലേയെന്ന് ചോദിച്ച് മാണിയും; രണ്ട് കൊല്ലം പിടിച്ച് നിന്നാൽ ഇടത് മുന്നണിയിലെടുക്കാമെന്ന സൂചന നൽകി സിപിഎമ്മും; മനസ്സ് തുറക്കാതെ രണ്ട് കൂട്ടരേയും മോഹിപ്പിച്ച് മാണിയുടെ നീക്കങ്ങൾ

വെള്ളാപ്പള്ളിയെ പ്രലോഭിപ്പിച്ച അതേ മാർഗ്ഗം ഉപയോഗിച്ച് മാണിയെ വീഴ്‌ത്താൻ ബിജെപി; വാഗ്ദാനം ചെയ്തത് ഗവർണ്ണർ പദവിയും സഹമന്ത്രി സ്ഥാനവും; ഉപ രാഷ്ട്രപതിയാക്കാൻ സാധ്യമല്ലേയെന്ന് ചോദിച്ച് മാണിയും; രണ്ട് കൊല്ലം പിടിച്ച് നിന്നാൽ ഇടത് മുന്നണിയിലെടുക്കാമെന്ന സൂചന നൽകി സിപിഎമ്മും; മനസ്സ് തുറക്കാതെ രണ്ട് കൂട്ടരേയും മോഹിപ്പിച്ച് മാണിയുടെ നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വെള്ളാപ്പള്ളി നടേശനെ ഗവർണ്ണറും തുഷാർ വെള്ളാപ്പള്ളിയെ സഹമന്ത്രിയാക്കാമെന്നമുള്ള മോഹവലയത്തിൽ വീഴ്‌ത്തിയാണ് എസ്എൻഡിപിയെ ബിജെപി പക്ഷത്തേക്ക് അമിത് ഷാ അടുപ്പിച്ചത്. അതിന്റെ ഗുണം ബിജെപിക്ക് കിട്ടിയെങ്കിലും വെള്ളാപ്പള്ളിക്കും മകനും പേരു ദോഷമായിരുന്നു ഫലം. സിപിഎമ്മിന്റെ എതിർപ്പ് കാരണം മൈക്രോഫിനാൻസ് കേസുകൾ കാരണം വെള്ളാപ്പള്ളി ആകെ പ്രതിസന്ധിയിലുമായി. ഇതേ തന്ത്രമാണ് കെഎം മാണിയെ എൻഡിഎയുമായി അടുപ്പിക്കാൻ അമിത് ഷാ പുറത്തെടുത്തത്. ലോക്‌സഭാ അംഗമായ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാം. കെ എം മാണിയെ ഗവർണ്ണറുമാക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ രാഷ്ട്രീയം നന്നായി അറിയാവുന്ന മാണിയുടെ ചോദ്യത്തിന് മുന്നിൽ ബിജെപിയുടെ ദേശീയ അധ്യക്ഷന് ഉത്തരം മുട്ടി. തന്നെ ഉപരാഷ്ട്രപതിയും മകനെ കേന്ദ്രമന്ത്രിയും പിജെ ജോസഫിനെ ഗവർണ്ണറുമാക്കണമെന്നാണ് മാണി മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങൾ. ഇക്കാര്യത്തിൽ ഉടൻ ഉത്തരം പറയാൻ അമിത് ഷായ്ക്ക് കഴിയാത്ത അവസ്ഥ. അതുകൊണ്ട് തന്നെ ബിജെപിയുമായി ഇനിയും സഹകരണ സാധ്യത മാണി നിലനിർത്തി. ഇതിനൊപ്പമാണ് ഇടതു പക്ഷത്തേക്കുള്ള നോട്ടവും. അങ്ങനെ ആർക്കും പിടികൊടുക്കാതെ വിലപേശൽ രാഷ്ട്രീയത്തിന്റെ എല്ലാ സാധ്യതയും തുറന്നിടുകയാണ് മാണി.

കേരളാ കോൺഗ്രസ് ബിജെപിയുമായി അടുത്താൽ മധ്യകേരളത്തിൽ അടിത്തറ തകരുമെന്ന് കോൺഗ്രസിന് അറിയാം. ക്രൈസ്തവ സഭാ വോട്ടുകളെ ആകർഷിക്കാനുള്ള മാണിയുടെ കഴിവിൽ ആർക്കും സംശയമില്ല. അതുകൊണ്ട് തന്നെ മാണിയെന്ന നേതാവിന്റെ രാഷ്ട്രീയ കരുത്ത് ഇടതു പക്ഷം നന്നായി തിരിച്ചറിയുന്നു. ബിജെപിയുമായി സഹകരിക്കാൻ മാണിയെ വിട്ടുകൊടുക്കാൻ അവർ തയ്യാറുമല്ല. എന്നാൽ മുഖ്യമന്ത്രിയാകണമെന്ന മോഹവുമായി നടന്ന മാണിക്ക് ഇനിയതിനുള്ള സാധ്യതയില്ലെന്ന് വ്യക്തമായി അറിയാം. ബാർ കോഴക്കേസും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിന് കിട്ടിയ മൃഗീയ ഭൂരിപക്ഷവും മുഖ്യമന്ത്രി പദ മോഹങ്ങൾ തല്ലിതകർത്തു. ഇടതുമുന്നണിയിലെ രണ്ടാമനായ സിപിഐ പിണങ്ങിയാൽ പോലും ചെറു കക്ഷികളുമായി മുഖ്യമന്ത്രി കസേരയിൽ തുടരാനുള്ള കരുത്ത് പിണറായി വിജയനുണ്ട്. അതുകൊണ്ട് കൂടിയാണ് മുഖ്യമന്ത്രിയേക്കാൾ മുകളിലുള്ള പദവികളിലേക്ക് മാണി ലക്ഷ്യം വയ്ക്കുന്നത്. 50 കൊല്ലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള തന്നെ ഗവർണ്ണറായി ഒതുക്കി കേരളാ കോൺഗ്രസിനെ ഒപ്പം കൂട്ടാനുള്ള ബിജെപി നീക്കം നടക്കില്ലെന്ന് അദ്ദേഹം വ്യക്തമായ സൂചന എൻഡിഎ ക്യാമ്പിന് നൽകി കഴിഞ്ഞു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമൊക്കെയാകാനുള്ള മികവ് തനിക്കുണ്ടെന്ന് മാണി വിശ്വസിക്കുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് 2017ലാണ് നടക്കുക. പിന്നാലെ ഉപരാഷ്ട്രപതിയേയും തെരഞ്ഞെടുക്കും. എൽ കെ അദ്വാനി രാഷ്ട്രപതിയാകാൻ കരുക്കൾ നീക്കുന്നുവെന്ന് മാണിക്ക് അറിയാം. ഇത് മുന്നിൽ കണ്ട് ന്യൂനപക്ഷത്തെ ഉപരാഷ്ട്രപതിയാക്കിയുള്ള രാഷ്ട്രീയ നേട്ടത്തിന്റെ സാധ്യതയാണ് ബിജെപിക്ക് മുമ്പിൽ മാണി തുറന്നിടുന്നത്. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് അബ്ദുൾ കലാമിനെ രാഷ്ട്രപതിയാക്കിയത് മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു. എന്നാൽ അവർ ബിജെപിയുമായി ഇനിയും അടുത്തിട്ടില്ല. ക്രൈസ്തവ ബിഷപ്പുമാരുമായി പ്രധാനമന്ത്രി മോദിക്ക് നല്ല ബന്ധവുമുണ്ട്. ഗോവയിൽ ബിജെപിയെ അധികാരത്തിൽ നിലനിർത്തുന്നത് ക്രൈസ്തവ പിന്തുണയുടെ തെളിവുമാണ്. ഇതേ ഫോർമുല കേരളത്തിൽ അവതരിപ്പിക്കാൻ കേരളാ കോൺഗ്രസിന്റെ പിന്തുണയിലൂടെ കഴിയുമെന്നാണ് ബിജെപിയെ മാണി ബോധ്യപ്പെടുത്തുന്നത്. എസ്എൻഡിപിക്കുള്ളത് സമുദായ വോട്ടുകളാണ്. അത് മുഴുവനായി രാഷ്ട്രീയപരമായി ആകർഷിക്കുക പ്രയാസമാണ്. എന്നാൽ കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ വോട്ടുകൾ ആകർഷിക്കാനായാൽ കേരളത്തിൽ ബിജെപി നേട്ടമാകും. പക്ഷേ തന്നെ ഉപരാഷ്ട്രപതിയും മകനെ കേന്ദ്ര സഹമന്ത്രിയും ആക്കണം. പിജെ ജോസഫ് പിണങ്ങിപോകാതിരിക്കാൻ അദ്ദേഹത്തെ ഗവർണ്ണറും. വലിയ രാഷ്്ട്രീയ വിലപേശലനാണ് മാണി നടത്തുന്നതും.

മാണിയുമായുള്ള രാഷ്ട്രീയബന്ധത്തെക്കുറിച്ചുള്ള ആലോചന ആദ്യം കേന്ദ്രതലത്തിൽ നടത്താമെന്നു ബിജെപി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. കേരളത്തിലെ ചർച്ചകളിലൂടെ ഫലപ്രാപ്തിയിലെത്തിക്കാവുന്ന കാര്യമായി ഇതിനെ കേന്ദ്രം കരുതുന്നില്ല. മാണിയും അതുകൊണ്ടു തൃപ്തനാകില്ല. അതിനാൽ മാണി കൂടി മനസ്സ് തുറക്കുന്നതനുസരിച്ചു കേന്ദ്രം മുൻകയ്യെടുക്കും. അതു തിരക്കിട്ട് ഉണ്ടാകുകയുമില്ല. 23ന് കോർ കമ്മിറ്റി അംഗങ്ങളെ അമിത് ഷാ ഡൽഹിയിൽ വിളിപ്പിച്ചിട്ടുണ്ട്. ഇതിൽ മാണിയുടെ കാര്യത്തിൽ ആശയവിനിമയം നടക്കും. കേന്ദ്രം നേരിട്ടാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബിജെപി പാളയത്തിലെത്തിച്ചത്. ഇരുമുന്നണികളിൽ കേന്ദ്രീകൃതമായ സംസ്ഥാന രാഷ്ട്രീയത്തിൽ എൻഡിഎയ്ക്കു വിള്ളലുകൾ വീഴ്‌ത്താൻ പര്യാപ്തമായാണു മാണി യുഡിഎഫ് വിട്ടതിനെ ബിജെപി വിലയിരുത്തുന്നത്. ഒറ്റയ്ക്കു നിന്നു ശക്തി തെളിയിച്ചു വിലപേശലിന് ഒരുങ്ങുകയാണ് മാണി എന്ന വിലയിരുത്തലാണു സംസ്ഥാന ബിജെപിക്കുള്ളത്. മാണിക്കു സ്വാധീനമുള്ള മധ്യതിരുവിതാംകൂറിലെ പല സീറ്റുകളിലും 25000–30000 വോട്ട് വരെ എൻഡിഎ നേടിയ കാര്യമാണു ബിജെപി നേതാക്കൾ ഓർമിക്കുന്നത്. ആ വോട്ടും മാണിയുടെ വോട്ടും കൂടി ചേർന്നാൽ ജയസാധ്യതയില്ലേ എന്നാണ് അവർ ചോദിക്കുന്നത്. സെപ്റ്റംബറിലെ ദേശീയ കൗൺസിൽ യോഗത്തിനായേ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കേരളത്തിലെത്തൂ. മോദി സെപ്റ്റംബർ 24ന് ഉച്ചമുതൽ 25നു വൈകിട്ടു വരെ ഇതിനായി കോഴിക്കോട്ടുണ്ടാകും. ഷാ മൂന്നു ദിവസവും. ഈ സമയത്ത് മാണിയുമായി ധാരണയുണ്ടാക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം.

ദേശീയ പദവിയിലെ കണ്ണ് മാത്രമാണ് ഇടത് മുന്നണിയിലേക്ക് ചേക്കേറാൻ മാണി മടിക്കുന്നതിന് കാരണം. ഏത് സമയവും സ്വാഗതം ചെയ്ത് ദേശാഭിമാനിയിൽ സിപിഐ(എം) മുഖപ്രസംഗവും എഴുതി. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും അറിവോടെയാകും മുഖപ്രസംഗം വന്നതെന്നതിലും മാണിക്ക് സംശയമൊന്നുമില്ല. യുഡിഎഫിൽ പ്രതീക്ഷ പോയവർക്ക് നിരാശവേണ്ടെന്ന് പറയുന്നത് കേരളാ കോൺഗ്രസിനെ ലക്ഷ്യമിട്ടാണെന്ന് മാണിക്ക് അറിയാം. സിപിഐ എതിർത്താലും മാണിയെ പിണറായി കൈവിടില്ലെന്നും കരുതുന്നു. ഇത് മനസ്സിലാക്കിയാണ് ബിജെപിയുമായി പരസ്യ വിലപേശലിന് മാണി തയ്യാറാകാത്ത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷമുണ്ട്. അപ്പോൾ ബിജെപി നിലപാട് വ്യക്തമാകും. അതുവരെ ഒരു മുന്നണിയിലും ചേരാതെ സ്വതന്ത്ര നിലപാടിൽ മാണി തുടരും. പിജെ ജോസഫും മോൻസ് ജോസഫും സിഎഫ് തോമസും കേരളാ കോൺഗ്രസ് വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. അതിന് വേണ്ടിയാണ് സിപിഎമ്മുമായി ചർച്ച തുടരുന്നത്. അതുകൊണ്ട് തന്നെ നിയമസഭയിൽ പിണറായി സർക്കാരിനെ അനുകൂലിക്കുന്ന നിലപാട് മാത്രമേ മാണി എടുക്കൂവെന്നാണ് സൂചന. ഇങ്ങനെ എല്ലാ സാധ്യതയും തുറന്നിട്ട് മുന്നോട്ട് പോകാൻ തന്നെയാണ് കേരളാ കോൺഗ്രസ് ചെയർമാന്റെ തീരുമാനം.

യുഡിഎഫിനെ ദുർബ്ബലപ്പെടുത്തുകയാണ് ലക്ഷ്യമെങ്കിലും മുസ്ലിം ലീഗുമായി ചർച്ചകൾ തുടരുകയും ചെയ്യും. ഇതിലൂടെ ബിജെപിയും സിപിഎമ്മും കൈവിട്ടാൽ യുഡിഎഫ് ക്യാമ്പിലുമെത്താം. പക്ഷേ അതിന്റെ ആവശ്യം വരില്ലെന്നാണ് മാണിയുടെ കണക്ക് കൂട്ടൽ. ബിജെപിയുമായി മാണി അടുക്കുന്നതിനെ ബിഡിജെഎസ് ആശങ്കയോടെയാണ് കാണുന്നത്. ഇതു കൊണ്ട് കൂടിയാണ് മാണിയെ അടുപ്പിക്കാനുള്ള ഇടനിലക്കാരായി എത്താൻ തുഷാർ ശ്രമിക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വവുമായി തനിക്ക് അമിത് ഷായുമായി ബന്ധമുണ്ടെന്ന് വരുത്താനാണ് ശ്രമം.  ജോസ് കെ മാണി കേന്ദ്രമന്ത്രിയാകാൻ യോഗ്യനാണെന്ന് തുഷാർ പറഞ്ഞത് ഇതുകൊണ്ട് കൂടിയാണ്. ജോസ് കെ മാണിയെ കേന്ദ്രമന്ത്രിസഭയിലെടുക്കാൻ പ്രധാനമന്ത്രിയോട് സംസാരിക്കും. കെ.എം മാണിയെ എൻ.ഡി.എ.യിലേക്ക് സ്വാഗതം ചെയ്യുന്നവെന്നും തുഷാർ വെള്ളാപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു. ജോസ് കെ മാണി മന്ത്രിയാകാൻ തയാറാണെങ്കിൽ ബിജെപി നേതൃത്വത്തോട് ഇക്കാര്യം ചർച്ച ചെയ്യാം.കെ.എം മാണിക്കെതിരെ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ അദ്ദഹേം കുറ്റക്കാരനാണെന്ന് കരുതുന്നില്ലന്നെും മാണിക്ക് താത്പര്യം ഉണ്ടെങ്കിൽ എൻ.ഡി.എയിലേക്ക് വരാമെന്നും തുഷാർ വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.

ഇതെല്ലാം കേരളത്തിലെ ബിജെപി നേതാക്കാൾ ബന്ധം തനിക്കാണെന്ന് വരുത്താനാണ് തുഷാർ ശ്രമിക്കുന്നത്. ഇത് സംസ്ഥാന ഘടകത്തിനും അറിയാം. പക്ഷേ കേരളാ കോൺഗ്രസുമായി നടത്തുന്ന ചർച്ചകളുടെ വിശദാംശങ്ങൾ പോലും കേരളത്തിലെ നേതാക്കൾക്ക് വ്യക്തമല്ല. മാണിയെ കടന്നാക്രമിക്കരുതെന്ന് മാത്രമേ ദേശീയ നേതൃത്വത്തിൽ നിന്ന് ബിജെപി കേരള ഘടകത്തിന് നിർദ്ദേശം കിട്ടിയിട്ടുള്ളൂ. ഈ ചർച്ചകൾ മനസ്സിലാക്കിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും വിശയത്തിൽ പ്രതികരിച്ചത്. കേരളാ കോൺഗ്രസ് (എം) മുന്നണി വിട്ടതോടെ യുഡിഎഫിന്റെ തകർച്ച പൂർണമായെന്ന് പിണറായി വിജയൻ പറയുന്നു. യുഡിഎഫിന്റെ സ്ഥാപക നേതാവായ കെ.എം. മാണി തന്നെ മുന്നണി വിടുകയാണെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ യുഡിഎഫ് തകർച്ച പൂർണമായെന്നും യുഡിഎഫിന്റെ തകർച്ച പണ്ടേ എൽഡിഎഫ് പറഞ്ഞിട്ടുള്ളതാണെന്നും പിണറായി വിജയൻ പറഞ്ഞു. യുഡിഎഫ് വിട്ട സാഹചര്യത്തിൽ എൻഡിഎയിൽ നിന്നും മാണി എന്തെങ്കിലും നന്മ പ്രതീക്ഷിക്കുന്നത് നാശത്തിന് വഴിവെക്കുമെന്നും മുന്നറിയിപ്പും നൽകി. ഇതിന് പിന്നാലെയാണ് ദേശാഭിമാനി മുഖപ്രസംഗവുമായി അസംതൃപ്തരെ സിപിഐ(എം) സ്വാഗതം ചെയ്യുന്നതും.

ബാർ കോഴയിലെ ആരോപണങ്ങൾ സിപിഐ(എം) ഗൗരവത്തോടെ കാണുന്നു. അതുകൊണ്ട് അൽപം കാത്തിരിക്കണമെന്ന സന്ദേശമാണ് സിപിഐ(എം) മാണിക്ക് നൽകുന്നത്. അതിന് മുമ്പ് ബാർകോഴയിലെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കും. ഈ കേസിൽ മാണിയെ കുടുക്കാനൊന്നും കിട്ടില്ലെന്ന് തന്നെയാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP