Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാനം ജോസഫിനെ തള്ളിയത് ഗ്രൂപ്പുകാർ ഒന്നടങ്കം എതിരായതോടെ; മാണിയുടെ തട്ടകത്തിൽ റിബലായാൽ നാണക്കേടാകുമെന്ന ഭയം കൊണ്ട് ഇനിയെന്ത് ചെയ്യണമെന്ന കാര്യത്തിൽ ജോസഫിന് ആശയക്കുഴപ്പം; പഴയ ജോസഫ് ഗ്രൂപ്പ് പുനർജീവിപ്പിക്കാനുള്ള നീക്കവുമായി മോൻസ് ജോസഫ്; എപ്പോഴും മറുകണ്ടം ചാടുന്നുവെന്ന പേരുദോഷം ഒഴിവാക്കാൻ യുഡിഎഫിൽ തന്നെ തുടരാൻ ജോസഫിന്റെ നീക്കം; മാണിയും ജോസഫും തമ്മിൽ തല്ലുമ്പോൾ വിജയം ഉറപ്പിക്കാൻ വിഎൻ വാസവനും; യുഡിഎഫിന് ഉറച്ച കോട്ടയിൽ ഇക്കുറി കാലിടറുമോ?

അവസാനം ജോസഫിനെ തള്ളിയത് ഗ്രൂപ്പുകാർ ഒന്നടങ്കം എതിരായതോടെ; മാണിയുടെ തട്ടകത്തിൽ റിബലായാൽ നാണക്കേടാകുമെന്ന ഭയം കൊണ്ട് ഇനിയെന്ത് ചെയ്യണമെന്ന കാര്യത്തിൽ ജോസഫിന് ആശയക്കുഴപ്പം; പഴയ ജോസഫ് ഗ്രൂപ്പ് പുനർജീവിപ്പിക്കാനുള്ള നീക്കവുമായി മോൻസ് ജോസഫ്; എപ്പോഴും മറുകണ്ടം ചാടുന്നുവെന്ന പേരുദോഷം ഒഴിവാക്കാൻ യുഡിഎഫിൽ തന്നെ തുടരാൻ ജോസഫിന്റെ നീക്കം; മാണിയും ജോസഫും തമ്മിൽ തല്ലുമ്പോൾ വിജയം ഉറപ്പിക്കാൻ വിഎൻ വാസവനും; യുഡിഎഫിന് ഉറച്ച കോട്ടയിൽ ഇക്കുറി കാലിടറുമോ?

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ അതിനിർണ്ണായക തീരുമാനമാണ് കെ എം മാണി ഇന്നലെ എടുത്തത്. കോട്ടയം ലോക്‌സഭാ സീറ്റിൽ മത്സരിക്കണമെന്ന പിജെ ജോസഫിന്റെ വാശി തള്ളിക്കളഞ്ഞത് മാണിയുടെ തന്ത്രപരമായ നീക്കമാണ്. കോട്ടയത്തെ കേരളാ കോൺഗ്രസ് നേതാക്കളുടെ മനസ്സ് ജോസഫിന് എതിരാണെന്ന് വരുത്തിയുള്ള നീക്കം. പിജെ ജോസഫ് പോലും ഇത്തരമൊരു രാഷ്ട്രീയ നീക്കം പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ തന്ത്രപരമായി കേരളാ കോൺഗ്രസിന്റെ കടിഞ്ഞാൺ മാണി പൂർണ്ണമായും ഏറ്റെടുക്കുകയാണ്. ഇതിന് കരുത്താകുന്നത് കോട്ടയത്തെ പ്രവർത്തകരുടെ മനസ്സാണ്. അങ്ങനെ കോട്ടയത്ത് യുഡിഎഫിലെ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടൻ എത്തുകയാണ്. കേരളാ കോൺഗ്രസിലെ തമ്മിലടിയുടെ ഗുണം കിട്ടുമെന്ന പ്രതീക്ഷയിൽ ഇടത് സ്ഥാനാർത്ഥിയായ സിപിഎം നേതാവ് വിഎൻ വാസവനും കോട്ടയത്ത് കളം നിറയുന്നു. അങ്ങനെ യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ സിപിഎമ്മിന് പ്രതീക്ഷയാവുകയാണ് കേരളാ കോൺഗ്രിസിലെ തമ്മിലടി.

പിജെ ജോസഫിനെ സ്ഥാനാർത്ഥിയാക്കി പാർട്ടി ചെയർമാൻ സ്ഥാനം ജോസ് കെ മാണിക്ക് ഉറപ്പിക്കാൻ മാണി തന്നെ നീക്കം നടത്തിയിരുന്നു. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ കേന്ദ്രമന്ത്രിപദം മോഹിക്കരുതെന്ന വ്യവസ്ഥയും ഉണ്ടാക്കി. കോട്ടയത്തോ ഇടുക്കിയിലോ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ച് തൊടുപുഴയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മകനെ സ്ഥാനാർത്ഥിയായി ജയിപ്പിച്ചെടുക്കുകയായിരുന്നു ജോസഫിന്റെ ആഗ്രഹം. ഈ ഫോർമുലയെ അട്ടിമറിച്ചത് കേരളാ കോൺഗ്രസിലെ കോട്ടയത്തെ നേതാക്കളാണ്. ഇടുക്കിയിൽ താരമായ ജോസഫിനെ കോട്ടയത്ത് അംഗീകരിക്കില്ലെന്ന് നേതാക്കൾ തുറന്നു പറഞ്ഞു. ഇതോടെ ജോസഫിനെ മാറ്റി വിശ്വസ്തനെ സ്ഥാനാർത്ഥിയാക്കാൻ മാണിയും ജോസ് കെ മാണിയും തീരുമാനിച്ചു. എന്നാൽ ഇതും ചില നേതാക്കളുടെ എതിർപ്പ് മൂലം നടക്കാതെ പോയി.

കടുത്തുരുത്തിയിലെ മുൻ എംഎൽഎ സറ്റീഫൻ ജോർജിനോടായിരുന്നു മാണിയുടെ താൽപ്പര്യം. യുത്ത് ഫ്രണ്ടിന്റെ പ്രിൻസ് ലൂക്കോസായിരുന്നു രണ്ടാമൻ. എന്നാൽ തോമസ് ചാഴിക്കാടൻ തന്നെ സ്ഥാനാർത്ഥിയാകണമെന്ന് സിഎഫ് തോമസ് നിർബന്ധം പിടിച്ചു. ഇതിന മാണി വഴങ്ങി. ഇങ്ങനെയാണ് കോട്ടയത്തെ സർവ്വ സമ്മതനായ ചാഴിക്കാടന് മത്സരിക്കാൻ നറുക്ക് വീഴുന്നത്. അപ്പോഴും സീറ്റ് ജോസഫിന് കൊടുക്കാത്തത് നേട്ടമായെന്നാണ് മാണിയുടെ വിലയിരുത്തൽ. പിളരും തോറും വളരുമെന്ന പഴയ സിന്താദ്ധം കോട്ടയത്ത് നടക്കില്ലെന്നും തിരിച്ചറിഞ്ഞു. ഇത് ജോസഫിന് വലിയ തിരിച്ചടിയാണ്. എങ്ങനേയും മത്സരിക്കാൻ കച്ചകെട്ടിറങ്ങിയ നേതാവിന്റെ അടുത്ത നീക്കങ്ങൾ നിർണ്ണായകമാണ്. യുഡിഎഫിൽ ഉറച്ചു നിന്നുള്ള പോരാട്ടത്തിനാണ് ജോസഫ് തയ്യാറെടുക്കുന്നത്. കോൺഗ്രസ് നേതാക്കളുമായി ജോസഫ് ചർച്ച തുടങ്ങിയിട്ടുണ്ട്. കേരളാ കോൺഗ്രസിലെ ഉൾപാർട്ടി പ്രശ്‌നങ്ങളിൽ കണ്ണുവച്ച് സിപിഎം കോട്ടയം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ്.

കേരള കോൺഗ്രസിലെ സീറ്റ് തർക്കത്തിൽ ഇടപെട്ട് കോൺഗ്രസ് ചില നീക്കങ്ങൾ നടത്തിയിരുന്നു. കോട്ടയം സീറ്റ് ജോസഫിന് വാങ്ങി നൽകാനായിരുന്നു ശ്രമം. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് മാണിയോട് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. പി.ജെ. ജോസഫിനെ പൂർണമായ അവഗണിക്കാനുള്ള നീക്കം ഒഴിവാക്കണം. പിളർപ്പിലേക്ക് നീങ്ങരുതെന്നും നേതാക്കൾ മാണിയോട് ആവശ്യപ്പെട്ടു. ഇതെല്ലാം തള്ളിയായിരുന്നു മാണിയുടെ പ്രഖ്യാപനം. ഇതിൽ ജോസഫ് നിരാശനാണ്. ഇപ്പോഴും കോൺഗ്രസ് ഇടപെടലിലാണ് പ്രതീക്ഷ. സ്ഥാനാർത്ഥിത്വം സംബന്ധിച്ചു ശുഭാപ്തി വിശ്വാസത്തിലാണെന്നു പി.ജെ. ജോസഫ് പറഞ്ഞു. സീറ്റില്ലെന്ന അറിയിപ്പൊന്നും ഇതു വരെ തനിക്കു ലഭിച്ചിട്ടില്ല. അനുകൂല തീരുമാനമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നവെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് നിരാശയുടെ വാക്കുകളാണ്. കോട്ടയത്ത് റിബലായി നിന്നാൽ വലിയ മെച്ചമുണ്ടാകില്ലെന്ന് ജോസഫിന് അറിയാം. കോട്ടയത്ത് മാണിയുടെ വിഭാഗത്തിനാണ് പ്രാമുഖ്യം. അതിനാൽ സ്വതന്ത്രനായി മത്സരിച്ച് നാണംകേടാനും താൽപ്പര്യമില്ല.

ഈ സാഹചര്യത്തിലാണ് കോട്ടയത്തെ സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് പി.ജെ.ജോസഫിന്റെ പുറപ്പുഴയിലെ വീട്ടിൽ ജോസഫ് വിഭാഗം നേതാക്കൾ യോഗം ചേർന്നു. മോൻസ് ജോസഫ് എംഎൽഎ, ടി.യു. കുരുവിള, ഇടുക്കി ജില്ലാ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കെ.എം.മാണിയുടെ കത്തുമായി ദൂതൻ പി.ജെ. ജോസഫിന്റെ വീട്ടിലെത്തി. ജോസഫ് പിന്മാറണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കത്താണിതെന്നാണ് സൂചന. ഈ കത്ത് കിട്ടിയപ്പോൾ മാത്രമാണ് മാണിയുടെ മനസ്സ് വ്യക്തമായത്. നിമിഷങ്ങൾക്ക് അകം തന്നെ തോമസ് ചാഴിക്കാടനാണഅ സ്ഥാനാർത്ഥിയെന്ന് കാട്ടിയുള്ള കത്തും കിട്ടി. ഇതോടെ ജോസഫ് ഗ്രൂപ്പിലെ തിരിക്കട്ട ചർച്ചകൾക്ക് പുതിയമാനവും വന്നു. ജോസഫിന് കേരള കോൺഗ്രസ് ലോക്‌സഭാ സീറ്റ് നൽകാത്ത സാഹചര്യത്തിലാണ് തിരക്കിട്ട ചർച്ചകൾ.

കോട്ടയം സീറ്റിൽ പി.ജെ.ജോസഫ് സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരിക്കെ കോട്ടയം ജില്ലാ ഘടകം എതിർപ്പുമായി രംഗത്തെത്തിയതാണ് ജോസഫിന് വിനയായത്. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ജോസഫിനോടുള്ള എതിർപ്പ് പരസ്യമാക്കി. ഇതിനിടെ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി മാണി വിഭാഗം നേതാക്കളെ ഫോണിൽ ബന്ധപ്പെട്ടു. കുഞ്ഞാലിക്കുട്ടിയോട് പാർട്ടിക്കാരുടെ മനസ്സ് ജോസഫ് വിശദീകരിച്ചു. കോട്ടയം സീറ്റ് ജോസഫിന് നൽകിയാൽ തന്റെ രാഷ്ട്രീയം തന്നെ പ്രതിസന്ധിയിലാകും. അതുകൊണ്ട് കോട്ടയത്തെ പാർട്ടിക്കാരുടെ മനസ്സ് അറിഞ്ഞി തീരുമാനം എടുക്കുമെന്നും വിശദീകരിച്ചു. ഇതിന് ശേഷമാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കിയത്. അതേസമയം സ്ഥാനാർത്ഥി നിർണയത്തിന് യുഡിഎഫിൽ നിന്ന് സമ്മർദമില്ലെന്ന് പാർട്ടി വ്യക്തമാക്കി.

വാർത്താക്കുറിപ്പിലൂടെയാണ് പാർട്ടി ചെയർമാൻ കെ.എം മാണി പ്രഖ്യാപനം നടത്തിയത്. പി.ജെ.ജോസഫിന് സീറ്റ് നൽകാനാകില്ലെന്ന നിലപാടിൽ മാണിവിഭാഗം ഉറച്ചുനിന്നു. നാലു തവണ ഏറ്റുമാനൂർ എംഎൽഎയായിരുന്നു തോമസ് ചാഴിക്കാടൻ. നീതിപൂർവമായ തീരുമാനമല്ല പാർട്ടി എടുത്തതെന്നു പി.ജെ.ജോസഫ് പറഞ്ഞു. കേട്ടുകേൾവിയില്ലാത്ത വിധമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. അവഗണിച്ചതിൽ കടുത്ത അമർഷമുണ്ട്. മുന്നണിയിലെ മറ്റു കക്ഷികളുടെ അഭിപ്രായം പോലും പരിഗണിച്ചില്ല. ജില്ലയ്ക്ക് പുറത്തുനിന്നൊരാൾ മത്സരിക്കാൻ പാടില്ലെന്നത് അംഗീകരിക്കാനിവില്ല. റോഷി അഗസ്റ്റിൻ ഇടുക്കിയിൽ മത്സരിച്ചത് ജില്ല മാറിയല്ലേയെന്നു ജോസഫ് ചോദിച്ചു. പിണക്കത്തിനിടയിലും യുഡിഎഫിൽ തുടരാനാണ് ജോസഫിന് താൽപ്പര്യം. മന്ത്രികസേരയ്ക്ക് വേണ്ടി ഇപ്പോഴും കൂറുമാറുന്ന നേതാവെന്ന പേരുദോഷം ഒഴിവാക്കാൻ കൂടി വേണ്ടിയാണ് ഇത്.

തീരുമാനം പാർട്ടി തിരുത്തുമെന്നാണ് പ്രതീക്ഷ. താൻ യുഡിഎഫിലെ ശക്തനായ ആളാണ്. യുഡിഎഫുമായി കൂടിയാലോചിച്ച് തുടർതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും പി.ജെ.ജോസഫുമായി പറഞ്ഞു. അതായത് യുഡിഎഫ് വിടില്ലെന്ന് ജോസഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടതുപക്ഷത്തുള്ള ഫ്രാൻസിസ് ജോർജിനേയും കൂട്ടി പഴയ ജോസഫ് ഗ്രൂപ്പെന്ന പാർട്ടി സജീവമാക്കാൻ മോൻസ് ജോസഫ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന് ശേഷം മാണിയുമായി പൂർണ്ണമായും പിണങ്ങി പുതിയ പാർട്ടിയായി ജോസഫ് ഗ്രൂപ്പ് യുഡിഎഫിൽ തുടരും. മറ്റ് സാധ്യതകളും തേടും. അതേസമയം, കേരള കോൺഗ്രസ് ഒന്നാകെ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് തോമസ് ചാഴികാടൻ പ്രതികരിച്ചു. യുഡിഎഫിന് ജയം ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, സീറ്റില്ലെന്ന അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ജോസഫ് പറഞ്ഞിരുന്നു. കേരള കോൺഗ്രസിലെ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് മാണിയോട് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. പി.ജെ.ജോസഫിനെ പൂർണമായി അവഗണിക്കാനുള്ള നീക്കം ഒഴിവാക്കണം. പിളർപ്പിലേക്ക് നീങ്ങരുതെന്ന് നേതാക്കൾ മാണിയോട് ആവശ്യപ്പെട്ടു. ഇതും മാണി മുഖവിലയ്‌ക്കെടുത്തില്ല. കോട്ടയം മാണിയുടെ സ്വന്തം തട്ടകമാണ്. ഇവിടെ ആരെ നിർത്തിയാലും ജയിക്കാമെന്നാണ് പാർട്ടിയുടെ നിലപാട്. കോൺഗ്രസിലെ ഒരു വിഭാഗം വോട്ട് മറിക്കാതിരിക്കാൻ കൂടിയാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കിയത്. കോൺഗ്രസുകാർക്കും ചാഴിക്കാടൻ പ്രിയങ്കരനാണ്. അതുകൊണ്ട് തന്നെ യുഡിഎഫ് വിജയത്തിനായി കോൺഗ്രസ് കൂടെ നിൽക്കുമെന്നാണ് മാണി വിഭാഗത്തിന്റെ കണക്ക് കൂട്ടൽ.

അതിനിടെ ജോസഫിനെ റിബലായി നിർത്താൻ സിപിഎമ്മും ശ്രമം നടത്തുന്നുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറിയായ വിഎൻ വാസവന്റെ വിജയം സിപിഎമ്മിന് അനിവാര്യതയാണ്. ന്യൂനപക്ഷങ്ങളിൽ സിപിഎമ്മിനുള്ള സ്വാധീനം കൂടിയെന്ന് തെളിയിക്കാൻ കൂടിയാണ് കോട്ടയത്ത് വാസവനെ തന്നെ സ്ഥാനാർത്ഥിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP