Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംഎൽഎ ആയത് വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; കള്ളവോട്ട് നേടിയെന്നാരോപിച്ചുള്ള കേസ് ഇപ്പോഴും നടത്തി തോറ്റ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ; മണ്ഡലത്തിന്റെ മനസ്സറിഞ്ഞ എംഎൽഎ അകാലത്തിൽ മരിക്കുമ്പോൾ കെ സുരേന്ദ്രനെ നേരിടാൻ അടിയന്തിരമായി ലീഗിന് നേതാവിനെ കണ്ടെത്തേണ്ടി വരും; ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിൽ നേമത്ത് തുറന്ന അക്കൗണ്ട് മഞ്ചേശ്വരത്തേക്ക് വ്യാപിപ്പിക്കാൻ കരുക്കൾ നീക്കി ബിജെപി

എംഎൽഎ ആയത് വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; കള്ളവോട്ട് നേടിയെന്നാരോപിച്ചുള്ള കേസ് ഇപ്പോഴും നടത്തി തോറ്റ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ; മണ്ഡലത്തിന്റെ മനസ്സറിഞ്ഞ എംഎൽഎ അകാലത്തിൽ മരിക്കുമ്പോൾ കെ സുരേന്ദ്രനെ നേരിടാൻ അടിയന്തിരമായി ലീഗിന് നേതാവിനെ കണ്ടെത്തേണ്ടി വരും; ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിൽ നേമത്ത് തുറന്ന അക്കൗണ്ട് മഞ്ചേശ്വരത്തേക്ക് വ്യാപിപ്പിക്കാൻ കരുക്കൾ നീക്കി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: ശബരിമല സ്ത്രീ പ്രവേശന വിഷയം വിവാദ കൊടുങ്കാറ്റായി മാറുമ്പോൾ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന്റെ കാറ്റ് വീശുകയാണ്. അബ്ദുൾ റസാഖ് എംഎൽഎയുടെ അപ്രതീക്ഷിത വിയോഗത്തിലൂടെ ആറു മാസത്തിനുള്ളിൽ കേരളത്തിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് എത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഇത് നടക്കാനാണ് സാധ്യത. ലോക്‌സഭയിൽ കേരളത്തിൽ നേട്ടമുണ്ടാക്കാഗ്രഹിക്കുന്ന മൂന്ന് മുന്നണികൾക്കും മഞ്ചേശ്വരം അതി നിർണ്ണായകമാണ്. ബിജെപിയുടെ സ്വാധീനമാണ് ഇതിൽ പ്രധാനം. കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് ബിജെപിയോട് അബ്ദുൾ റസാഖ് ജയിച്ചത്‌ 89 വോട്ടിനാണ്. ഇപ്പോഴും കള്ളവോട്ടിൽ ഹൈക്കോടതിയിൽ കേസ് തുടരുന്നു. ഇനി ഈ കേസ് തന്നെ അപ്രസക്തമാണ്. മഞ്ചേശ്വരത്ത് പുതിയ എംഎൽഎ അനിവാര്യമായിരിക്കുകയാണ്.

ചെർക്കളം അബ്ദുള്ള കോട്ടയാക്കിയ മഞ്ചേശ്വരം. ഇടയ്ക്ക് വിള്ളലുണ്ടാക്കി ഇടതു പക്ഷം എത്തിയപ്പോൾ മുസ്ലിം ലീഗ് ആകെ പ്രതിസന്ധിയിലായി. കാസർഗോഡിന്റെ രാഷ്ട്രീയം ലീഗിന് എതിരാകാനുള്ള സാധ്യത പോലും തിരിച്ചറിഞ്ഞു. കേരളത്തിന്റെ വടക്കേ അറ്റത്തെ മഞ്ചേശ്വരത്തിൽ ബിജെപിയും എന്നും കരുത്തരായിരുന്നു. ഈ ത്രികോണ പോരിന്റെ ചൂടിൽ ചെർക്കുളം 2006ൽ മൂന്നാമതായി. ഇതോടെ ലീഗിന് തിരിച്ചടി നേരിട്ടെന്ന് ഏവരും കരുതി. ഈ മൂന്നാം സ്ഥാനത്ത് നിന്ന് മഞ്ചേശ്വരത്തെ പിടിച്ചെടുക്കാൻ ലീഗ് കണ്ടെത്തിയ തുറുപ്പ് ചീട്ടായിരുന്നു അബ്ദുൾ റസാഖ്. മഞ്ചേശ്വരത്തെ സിപിഎം കോട്ടയാക്കിയെന്ന് കരുതിയ ഇടതുപക്ഷത്തെ ഞെട്ടിച്ച് ന്യൂനപക്ഷ വോട്ടുകൾ വീണ്ടും ലീഗ് ചിഹ്നത്തിൽ എത്തി. 5828 വോട്ടിന് വീണ്ടും അതിർത്തി മണ്ഡലത്തെ വലതു പക്ഷത്ത് എത്തിച്ചു. 2016ൽ 89 വോട്ടിനും നിലനിർത്തി.

ഈ സാഹചര്യമാണ് അബ്ദുൾ റസാഖിന്റെ മരണത്തെ രാഷ്ട്രീയമായി ഏറ്റവും ശ്രദ്ധേയമാകുന്നത്. 2011ലും 2016ലും കെ സുരേന്ദ്രനുമായിരുന്നു ബിജെപി സ്ഥാനാർത്ഥി. മഞ്ചേശ്വരത്ത് താമസിച്ച് കന്നഡ പഠിച്ച് അണികളെ ഇളക്കി മറിച്ച് മഞ്ചേശ്വരത്ത് സുരേന്ദ്രൻ നിറഞ്ഞു. ബിജെപിയുടെ തീപ്പൊരി നേതാവ് ജനസ്വാധീനം കൂട്ടി. കർണ്ണാടകയിലെ ആർ എസ് എസും സുരേന്ദ്രന് വേണ്ടി അക്ഷീണം പ്രയത്‌നിച്ചപ്പോൾ 2016ൽ വിജയം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായി. കള്ളവോട്ടിന്റെ കണക്കുകൾ നിരത്തി സുരേന്ദ്രൻ ഹൈക്കോടതിയിൽ എത്തി. കേസിൽ നിർണ്ണായക പരാമർശം കോടതി നടത്തി. മരിച്ചവർ പോലും വോട്ട് ചെയ്തുവെന്ന് തിരിച്ചറിഞ്ഞു. ഗൾഫിലുള്ളവരും കള്ളവോട്ടിൽ സംശയ നിഴലിലായി. സമൻസ് പോലും കൊടുക്കാനാവാതെ ചിലർ കേസ് അട്ടിമറിക്കാനും ശ്രമിച്ചു.

ഇതിനെയെല്ലാം നിയമപോരാട്ടത്തിലൂടെ അതിജീവിക്കാൻ സുരേന്ദ്രൻ കരുക്കൾ നീക്കുമ്പോഴാണ് അബ്ദുൾ റസാഖിന്റെ മരണം. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തെ മറികടക്കാനുള്ള പ്രാദേശിക വോട്ട് ബാങ്ക് ബിജെപിക്കും ഈ മണ്ഡലത്തിലുണ്ട്. പാർട്ടിയിലെ ഗ്രൂപ്പ് പോരുകളാണ് സുരേന്ദ്രന് കഴിഞ്ഞ തവണ തിരിച്ചടിയായത്. മാറിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് എത്തുമ്പോൾ മഞ്ചേശ്വരത്ത് ബിജെപിക്ക് വിജയം അനിവാര്യതയാണ്. സുരേന്ദ്രനെ തന്നെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ തന്നെയാണ് സാധ്യത. ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ നേരിട്ട് തന്നെ മഞ്ചേശ്വരത്തെ നിയന്ത്രിക്കും. നേമത്തിന് ശേഷം വീണ്ടുമൊരു മണ്ഡലം സ്വന്തമാക്കാനുള്ള സുവർണ്ണവസരാണ് ഇതെന്ന് ബിജെപി നേതൃത്വം ഇപ്പോൾ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ സുരേന്ദ്രനെ മാറ്റാൻ ദേശീയ നേതൃത്വവും തയ്യാറാകില്ല.

കർണ്ണാടക തെരഞ്ഞെടുപ്പിൽ മംഗലാപുരം മേഖലയിലെ കാര്യങ്ങൾ ബിജെപിക്കായി നോക്കിയത് സുരേന്ദ്രനായിരുന്നു. എല്ലായിടത്തും വിജയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മഞ്ചേശ്വരത്ത് സുരേന്ദ്രൻ വീണ്ടും മത്സരിക്കാനെത്തുമ്പോൾ കർണ്ണാടകത്തിലെ പരിവാറുകാർ ഒന്നടങ്കം കന്നഡിഗരുടെ മനസ്സ് സുരേന്ദ്രന് അനുകൂലമാക്കാൻ രംഗത്ത് വരും. ഇതു തന്നെയാണ് മുസ്ലിം ലീഗിനും സിപിഎമ്മിനും തിരിച്ചടിയാവുക. ലീഗിന് സ്വന്തം മണ്ഡലം നില നിർത്തിയേ മതിയാകൂ. അതിന് റസാഖിന് പകരക്കാരനെ കണ്ടെത്തുകയാണ് ഏറ്റവും വലിയ വെല്ലുവിളി. 1987മുതൽ മഞ്ചേശ്വരത്ത് ബിജെപിയാണ് രണ്ടാമത്. 2006ൽ ലീഗിനെ മൂന്നമതാക്കി സിപിഎം ജയിച്ചു. പക്ഷേ മഞ്ചേശ്വരത്തെ മതരാഷ്ട്രീയം ഇന്ന് സിപിഎമ്മിന് അനുകൂലമല്ല. അതുകൊണ്ട് തന്നെ മഞ്ചേശ്വരത്ത് സംഘടനാ ദൗർബല്ല്യങ്ങൾ സിപിഎമ്മിന് ഏറെയാണ്.

ഒരുകാലത്ത് കാസർഗോഡ് സിപിഎമ്മിന്റെ കോട്ടയാരുന്നു. ലീഗ് രാഷ്ട്രീയവും ബിജെപിയുടെ കടന്നു കയറ്റവും അതിനും വിള്ളലുണ്ടാക്കി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കരുണാകരൻ കഷ്ടിച്ചാണ് കാസർഗോഡ് നിന്ന് ജയിച്ച് എംഎൽഎയായത്. മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ ലോക്‌സഭയിൽ വോട്ടെടുപ്പ് എത്തും. അതുകൊണ്ട് തന്നെ മഞ്ചേശ്വരത്തെ ഫലം കാസർഗോഡ് ലോക്‌സഭയേയും ബാധിക്കും. കേരളത്തിലുടനീളം ഇത് സ്വാധീനിക്കുകയും ചെയ്യും. അങ്ങനെ മഞ്ചേശ്വരം കേരളാ രാഷ്ട്രീയത്തിൽ അതി നിർണ്ണായകമാണ്. ബിജെപിക്ക് സുരേന്ദ്രൻ വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിക്കുമ്പോൾ ലീഗും സിപിഎമ്മും കരുതലോടെ തന്നെ സ്ഥാനാർത്ഥികളെ കണ്ടെത്തും. അങ്ങനെ വീറും വാശിയും നിറച്ച് ജയിക്കാനാകും മൂവരും ശ്രമിക്കുക.

ഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിലെ പത്ത് സാക്ഷികൾക്ക് പൊലീസ് സംരക്ഷണത്തോടെ സമൻസ് നൽകാൻ ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. ബിജെപി സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രൻ നൽകിയ തെരഞ്ഞെടുപ്പ് ഹർജിയിലായിരുന്നു നടപടി. ഭീഷണി മൂലം കേസിലെ സാക്ഷികളായ വോട്ടർമാർക്ക് സമൻസ് നൽകാനാവുന്നില്ലെന്ന് ഹൈക്കോടതി ജീവനക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നായിരുന്നു കാസർഗോഡ് എസ്‌പിയോട് പൊലീസ് സംരക്ഷണത്തോടെ സമൻസ് നൽകാൻ ഉത്തരവിട്ടത്. മുസ്ലിം ലീഗിലെ അബ്ദുൾ റസാഖിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്താണ് ബിജെപി സ്ഥാനാർത്ഥിയായിരുന്നു കെ.സുരേന്ദ്രൻ കോടതിയെ സമീപിച്ചത്. സ്ഥലത്തില്ലാതിരുന്ന 259 വോട്ടർമാരുടെ പേരിൽ കള്ള വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഹർജിയിലെ ആരോപണം. ഇവരെ നേരിട്ട് വിളിച്ചു വരുത്താനാണ് ഹൈക്കോടതി സമൻസ് അയച്ചത്. 89 വോട്ടുകൾക്കാണ് അബ്ദുൾ റസാഖ് ബിജെപിയിലെ കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ഈ കേസ് അപ്രസക്തമാക്കുന്ന തരത്തിലാണ് അബ്ദുൾ റസാഖിന്റെ മരണം.

ആറുമാസത്തിനകം ഇവടെ ഉപതെരഞ്ഞെടുപ്പ് എത്തണം. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടത്താനും സാധ്യതയുണ്ട്. അങ്ങനെ വന്നാലും കാസർഗോട്ടം രാഷ്ട്രീയ മലക്കം മറിച്ചിലുകളും അടിയൊഴുക്കുകളുമെല്ലാം കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP