Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്തും മാവേലിക്കരയിലും ചാലക്കുടിയിലും വടകരയിലും ഇഞ്ചോടിഞ്ച് പോരാട്ടം; പത്തനംതിട്ടയിലെ ബിജെപി മുന്നേറ്റം ഇരുമുന്നണികൾക്കും തലവേദന; ആലപ്പുഴയിൽ അപ്രതീക്ഷിത എൽഡിഎഫ് മുന്നേറ്റം; പാലക്കാട്ടും ആറ്റിങ്ങലും അട്ടിമറിക്കാനാവാത്ത എൽഡിഎഫ് കരുത്ത്; എൽഡിഎഫിന് 38 ശതമാനം വോട്ടും യുഡിഎഫിന് 43ശതമാനം വോട്ടും വീതിച്ച മനോരമാ സർവ്വേ യാഥാർത്ഥ്യത്തോട് ഏതാണ്ട് അടുത്ത് നിൽക്കുന്നതാവുന്നത് ഇങ്ങനെ

തിരുവനന്തപുരത്തും മാവേലിക്കരയിലും ചാലക്കുടിയിലും വടകരയിലും ഇഞ്ചോടിഞ്ച് പോരാട്ടം; പത്തനംതിട്ടയിലെ ബിജെപി മുന്നേറ്റം ഇരുമുന്നണികൾക്കും തലവേദന; ആലപ്പുഴയിൽ അപ്രതീക്ഷിത എൽഡിഎഫ് മുന്നേറ്റം; പാലക്കാട്ടും ആറ്റിങ്ങലും അട്ടിമറിക്കാനാവാത്ത എൽഡിഎഫ് കരുത്ത്; എൽഡിഎഫിന് 38 ശതമാനം വോട്ടും യുഡിഎഫിന് 43ശതമാനം വോട്ടും വീതിച്ച മനോരമാ സർവ്വേ യാഥാർത്ഥ്യത്തോട് ഏതാണ്ട് അടുത്ത് നിൽക്കുന്നതാവുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്നതാണഅ യുഡിഎഫിനു മുൻതൂക്കം പ്രവചിക്കുന്ന മനോരമ ന്യൂസ് കാർവി അഭിപ്രായ സർവേ. 4 മണ്ഡലങ്ങളിൽ ഇഞ്ചോടിച്ചാണു പോരാട്ടം പ്രവചിക്കുന്ന സർവ്വേ 20 മണ്ഡലങ്ങളിലെ 8616 വോട്ടർമാരെ നേരിൽ കണ്ട് ഫെബ്രുവരി 23 മുതൽ മാർച്ച് 7 വരെയാണ് സർവേ നടന്നത്. അതിനുശേഷം നടന്ന സ്ഥാനാർത്ഥി പ്രഖ്യാപനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വോട്ടർമാരുടെ ചിന്തകളിൽ മാറ്റമുണ്ടാക്കാൻ സാധ്യതയുണ്ട്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും എത്തി. അതുകൊണ്ട് തന്നെ യുഡിഎഫ് തരംഗം കൂടുതൽ ശക്തമാണ്. ഈ സാഹചര്യത്തിലും മനോരമയുടെ പ്രവചനം യാഥാർത്ഥ്യത്തോട് അടുത്ത് നിൽകുന്നതാണ്. തിരുവനന്തപുരം, ചാലക്കുടി, വടകര, മാവേലിക്കര മണ്ഡലത്തിലെ പോരാട്ട ചൂട് അതിശക്തം തന്നെയാണ്. ചാലക്കുടിയിലും മാവേലിക്കരയിലും യുഡിഎഫും വടകരയിൽ എൽഡിഎഫും തിരുവനന്തപുരത്ത് എൻഡിഎയും മുന്നിലാണെങ്കിലും വോട്ടു വ്യത്യാസം ഒരു ശതമാനം മാത്രമാണ്. ജയസാധ്യത നിർണയിക്കാനാവില്ല.

ആകെയുള്ള 20 മണ്ഡലങ്ങളിൽ 13ലും യുഡിഎഫിനാണ് മേൽക്കൈ. 3 സീറ്റുകളിൽ മാത്രമാണ് ഇടതുമുന്നണിക്ക് മുൻതൂക്കം. 4 സീറ്റുകളിൽ ഫലം പ്രവചനാതീതമായ രീതിയിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് യുഡിഎഫും എൻഡിഎയും തമ്മിലാണ് മൽസരമെന്നും സർവേ പറയുന്നു. വടകര, ചാലക്കുടി, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിൽ ഫോട്ടോഫിനിഷ് ആകുമെന്നാണു പ്രവചനം. യുഡിഎഫിന് 43 ശതമാനവും ഇടതുപക്ഷത്തിന് 38 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്. ബിജെപി മുന്നണിക്ക് 13 ശതമാനവും. മറ്റുള്ളവർക്ക് 6 ശതമാനം കിട്ടുമെന്നാണ് പ്രവചനം. ആലത്തൂരിൽ യുഡിഎഫിന്റെ രമ്യാ ഹരിദാസിനാണ് സർവ്വേ മുൻതൂക്കം നൽകുന്നത്. തിരുവനന്തപുരത്തെ ത്രികോണ ചൂടും വരച്ചു കാട്ടുന്നു. സർവ്വേ ഫലം കൂടുതൽ ആത്മവിശ്വാസം നൽകുന്നത് കോൺഗ്രസിനാണ്. രാഹുലിന്റെ വരവ് കൂടുതൽ മികച്ച വിജയം സമ്മാനിക്കുമെന്നാണ് അവരുടെ പക്ഷം. ആലുപ്പഴയിൽ എംഎ ആരിഫിനെ സ്ഥാനാർത്ഥിയാക്കിയ ഇടത് നീക്കത്തിന് കൈയടി കിട്ടിയിരുന്നു. ഇതും ശരിയാണെന്ന് സർവ്വേ വിശദീകരിക്കുന്നു.

വോട്ടുവിഹിതത്തിൽ 3% മാത്രം വ്യത്യാസമുള്ള ആലപ്പുഴയിൽ ശക്തമായ പോരാട്ടമാണ്. ഇവിടെ എൽഡിഎഫിനാണ് മുൻതൂക്കം. കോഴിക്കോടും തൃശൂരും യുഡിഎഫിനാണ് മുൻതൂക്കമെങ്കിലും വോട്ടുവിഹിതത്തിലുള്ള അന്തരം 4 ശതമാനം വരെ മാത്രമായതിനാൽ ഇവിടെയും ശക്തമായ മത്സരമാണ്. ശക്തമായ മത്സരമുള്ള മണ്ഡലങ്ങളിലും തിരുവനന്തപുരം, ചാലക്കുടി, വടകര, മാവേലിക്കര എന്നീ ഫോട്ടോ ഫിനിഷ് മണ്ഡലങ്ങളിലും ഫലം അനുകൂലമായാൽ യുഡിഎഫ് 17 സീറ്റ് വരെ നേടാം. ഇവ എൽഡിഎഫിനെയാണ് തുണയ്ക്കുന്നതെങ്കിൽ അവർക്ക് 6 സീറ്റു വരെ കിട്ടാം. എൻഡിഎയ്ക്ക് തിരുവനന്തപുരവും. പത്തനംതിട്ടയിൽ ബിജെപിക്ക് വേണ്ടി കെ സുരേന്ദ്രൻ നടത്തുന്ന തേരോട്ടവും നിർണ്ണായകമാണ്. ഇതും സർവ്വേ ഫലത്തെ മാറ്റിമറിക്കാൻ സാധ്യതയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഇടത് സിറ്റിങ് സീറ്റുകളായ തൃശൂർ, ആലത്തൂർ, ഇടുക്കി, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിലെന്നും കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, പൊന്നാനി, വയനാട്, കോഴിക്കോട്, പത്തനംതിട്ട മണ്ഡലങ്ങൾ യുഡിഎഫ് നിലനിർത്തുമെന്നും സർവേ പ്രവചിക്കുന്നു. പാലക്കാടും ആറ്റിങ്ങലും എൽഡിഎഫ് നിലനിർത്തുമെന്നാണ് പ്രവചനം. തിരുവനന്തപുരത്ത് യുഡിഎഫ് രണ്ടാമതും എൽഡിഎഫ് മൂന്നാമതുമാണെന്നും സർവേ പ്രവചിക്കുന്നു.ുഡിഎഫിന് 2014 ലേതിനെക്കാൾ ഒരു ശതമാനം ജനസമ്മതി കൂടുമ്പോൾ ഇടതുമുന്നണിക്ക് 2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. എൻഡിഎ 10.82 ശതമാനത്തിൽ നിന്ന് 13 ൽ എത്തുമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 2 ശതമാനം കുറയും.

ഇത്തവണ യുപിഎ അധികാരത്തിലെത്തുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമുള്ള നിലപാടിനാണ് ഭൂരിപക്ഷം. എൻഡിഎ സർക്കാരിന്റെയും പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ പ്രവർത്തനം ശരാശരിയിലും താഴെയെന്നും സർക്കാരിനേക്കാൾ യുപിഎ നേതൃത്വത്തിലുള്ള പ്രതിപക്ഷം മികച്ചുനിൽക്കുന്നെന്നും സർവേ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യവിഷയം വിലക്കയറ്റമാണ്. ശബരിമലയെന്ന് പറഞ്ഞവർ 4 % മാത്രം. വിലക്കയറ്റം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 20 ശതമാനം പേർ പ്രതികരിച്ചു. ഇതേസമയം, ബിജെപി സ്വാധീനം കൂടുതലുള്ള തിരുവനന്തപുരത്ത് 23 ശതമാനവും പാലക്കാട്ടും തൃശൂരിലും 6 ശതമാനവും ശബരിമല നിർണായകമാവുമെന്ന് വിശ്വസിക്കുന്നു.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്നാണ് 63% പേരുടെയും നിലപാട്. ശബരിമല വിധിയോടുള്ള സർക്കാർ സമീപനവും യുവതീപ്രവേശത്തിന്റെ പേരിൽ നടന്ന അക്രമങ്ങളേയും ഒരേപോലെ ജനം തള്ളിക്കളയുന്നു. ഹിന്ദുക്കളിൽ 65% പേരും മുസ്ലിംകളിൽ 64% പേരും ക്രിസ്ത്യാനികളിൽ 60% പേരും യുവതീപ്രവേശത്തിന് എതിരാണ്. ശബരിമല പ്രശ്‌നം സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ തൃപ്തിയില്ലെന്നാണ് 36% പേരുടെ നിലപാട്. രാഷ്ട്രീയക്കൊലപാതകങ്ങൾ സിപിഎമ്മിന് തിരിച്ചടിയാകുമെന്നും പ്രളയാനന്തര ദുരിതാശ്വാസപ്രവർത്തനങ്ങളിലും പുനർനിർമ്മാണത്തിലും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം തൃപ്തികരമായിരുന്നുവെന്നുമാണ് മറ്റൊരു വിലയിരുത്തൽ. അടുത്ത മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഒരു ശതമാനത്തിന്റെ നേരിയ മുൻതൂക്കം ഉമ്മൻ ചാണ്ടിക്കാണ്. 11 മണ്ഡലങ്ങൾ പിണറായിയെ പിന്തുണയ്ക്കുമ്പോൾ ഉമ്മൻ ചാണ്ടിയെ പിന്തുണയ്ക്കുന്നത് 9 മണ്ഡലങ്ങളാണ്.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാഗ്രഹിക്കുന്നവർ 12 ശതമാനമാണ്. വി എസ്.അച്യുതാനന്ദന് 8 ശതമാനത്തിന്റെ പിന്തുണയുണ്ട്. ഒ.രാജഗോപാൽ മുഖ്യമന്ത്രിയായിക്കാണാൻ 6 % പേർ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ പ്രവർത്തനം നല്ലതെന്ന് 37 ശതമാനവും ശരാശരിയെന്ന് 36 ശതമാനവും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP