Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാവോയിസ്റ്റ് വേട്ടയിൽ ചുവപ്പൻ കോട്ടയായ കണ്ണൂരിലും പിണറായിക്ക് കാലിടറുന്നു; പിണറായി പൊലീസിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ നേതൃത്വം; പൊലീസുകാർക്ക് തന്നിഷ്ടം പോലെ ചുമത്താനുള്ള വകുപ്പല്ല യുഎപിഎ; തിരുത്തണമെന്ന് പി ജയരാജൻ; പൊലീസ് നടപടിയെ ന്യായീകരിക്കേണ്ട പാർട്ടിഘടകം പ്രമേയം പാസാക്കി കുറ്റാരോപിതർക്കൊപ്പം; പിണറായി.. ഡാ വിളിക്കേണ്ട സൈബർ പോരാളികളും പിന്തുണക്കാതെ മാളത്തിൽ ഒളിച്ചു; പാർട്ടിനയത്തിന് വിരുദ്ധമായുള്ള പൊലീസ് നടപടിയിൽ സിപിഎമ്മിൽ ഒറ്റപ്പെട്ട് മുഖ്യമന്ത്രി

മാവോയിസ്റ്റ് വേട്ടയിൽ ചുവപ്പൻ കോട്ടയായ കണ്ണൂരിലും പിണറായിക്ക് കാലിടറുന്നു; പിണറായി പൊലീസിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ നേതൃത്വം; പൊലീസുകാർക്ക് തന്നിഷ്ടം പോലെ ചുമത്താനുള്ള വകുപ്പല്ല യുഎപിഎ; തിരുത്തണമെന്ന് പി ജയരാജൻ; പൊലീസ് നടപടിയെ ന്യായീകരിക്കേണ്ട പാർട്ടിഘടകം പ്രമേയം പാസാക്കി കുറ്റാരോപിതർക്കൊപ്പം; പിണറായി.. ഡാ വിളിക്കേണ്ട സൈബർ പോരാളികളും പിന്തുണക്കാതെ മാളത്തിൽ ഒളിച്ചു; പാർട്ടിനയത്തിന് വിരുദ്ധമായുള്ള പൊലീസ് നടപടിയിൽ സിപിഎമ്മിൽ ഒറ്റപ്പെട്ട് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

 കണ്ണൂർ: സിപിഎം പ്രവർത്തകരായ വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തിൽ സിപിഎമ്മിലും ഇടതു മുന്നണിക്കുള്ളിൽ അമർഷം പുകയുന്നു. പൊലീസിനെ കയറൂരി വിടുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്നാണ് പാർട്ടിക്കുള്ളിൽ പൊതുവികാരം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്വന്തം കണ്ണൂർ കോട്ടയിലും അമർഷം പുകയുകയാണ്. യുഎപിഎക്കെതിരെ സമരം ചെയ്തവരാണ് സിപിഎം. അതേപാർട്ടി ഭരിക്കുമ്പോൾ സിപിഎമ്മുകാരായ രണ്ട് പേർക്കെതിരെ യുഎപിഎ ചുമത്തിയതാണ് കടുത്ത അമർഷത്തിന് ഇടയാക്കുന്നത്. സൈബർ പോരാളികൾ പോലും മുഖ്യമന്ത്രിയെ ഈ വിഷയത്തിൽ പിന്തുണക്കാൻ ഇല്ലെന്നതാണ് വാസ്തവം. പിന്തുണച്ചിരുന്ന ഇടതു പ്രവർത്തകർ പോലും ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരായി നിലപാട് കൈക്കൊണ്ടു.

പൊലീസിന് എതിരെ കടുത്ത വിമർശനവുമായി മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ രംഗത്തെത്തി. പൊലീസ് നടപടി തന്നിഷ്ടപ്രകാരമുള്ളതാണെന്നും സർക്കാർ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആർക്കെതിരെയും ചുമത്താനുള്ള നിയമമല്ല യുഎപിഎയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ നയം മനസ്സിലാക്കാത്ത പൊലീസിനെ തിരുത്തിയാൽ സർക്കാരിന്റെ പ്രതിച്ഛായ വർധിക്കും. ഇപ്പോൾ വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നടത്തുന്ന പ്രചാരണങ്ങൾ നിയമത്തോടുള്ള എതിർപ്പല്ല, ഇടതുപക്ഷ സർക്കാരിനോടുള്ള എതിർപ്പായാണ് അനുഭവപ്പെടുന്നത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്താൽ ക്രിമിനൽ നടപടി ചട്ടം അനുസരിച്ച് കേസെടുക്കാനുള്ള വകുപ്പുണ്ട്. ആ വകുപ്പൊന്നും പോരാ, യുഎപിഎ തന്നെ പ്രയോഗിക്കണമെന്ന് ചില പൊലീസുകാർക്ക് തോന്നലുണ്ട്.

പൊലീസുകാർക്ക് തന്നിഷ്ടം പോലെ ചുമത്താനുള്ള വകുപ്പല്ല അത്. സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ യുഎപിഎ ചുമത്താൻ പാടുള്ളു. ഞങ്ങൾക്ക് അനുമതിയൊന്നും പ്രശ്നമല്ല, കേസുമായി മുന്നോട്ടുപോകും, യുഎപിഎ തന്നെ ചുമത്തും എന്ന നിലപാട് ഒരു പൊലീസ് ഉദ്യോഗസ്ഥനും സ്വീകരിക്കാൻ കഴിയില്ല. ഇത് സംബന്ധിച്ച് എൽഡിഎഫ് സർക്കാരിന്റെ നയസമീപനം വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്ന് സർക്കാറിന്റെ നയമല്ലാത്ത നടപടികൾ ഉണ്ടാകുന്നുണ്ടെന്ന് എം വി ജയരാജനും അഭിപ്രായപ്പെട്ടു. സർക്കാറിന്റെ നയം ജനപക്ഷ പൊലീസിങ്ങാണ്. ആ നയത്തിനനുസരിച്ച് പൊലീസ് മാറുക തന്നെ ചെയ്യണം. യു.എ.പി.എ ചുമത്തിയതിൽ ഉയർന്നുവന്ന പരാതികൾ ഇടതു സർക്കാർ പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ഈ വിഷയത്തിൽ സിപിഎം അറസ്റ്റു ചെയ്തവരെ അനുകൂലിച്ച് പ്രമേയവും പാസാക്കിയിരുന്നു. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. ധൃതിപിടിച്ചാണ് സിപിഎം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത്. ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ് ഉണ്ടായത്. ലഘുലേഖയോ നോട്ടീസോ കൈവശം വച്ചാൽ യു.എ.പി.എ ചുമത്താനാകില്ലെന്നും സിപിഎം പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. ഡിവൈഎഫ്‌ഐയും വിഷയത്തിൽ സിപിഎമ്മിനെതിരെ രംഗത്തുവന്നു.

മാവോയിസ്റ്റ് വേട്ടയും സിപിഎം. പ്രവർത്തകർക്കെതിരേ യു.എ.പി.എ. ചുമത്തി കേസെടുത്തതും ഇടതുമുന്നണിയെ ശരിക്കും ഉളയ്ക്കുന്നുണ്ട്. മാവോയിസ്റ്റ് വധത്തിലെന്നപോലെ സിപിഎമ്മുകാരുടെ അറസ്റ്റിനെതിരേയും പ്രതിഷേധവുമായി രംഗത്തുവന്നതു സിപിഐ. നേതൃത്വമാണ്. യു.എ.പി.എയ്ക്കെതിരേ സിപിഎമ്മും സിപിഐയും ദേശീയതലത്തിൽ സമരത്തിലാണെന്നിരിക്കേ, കേരളത്തിൽ ആ നിയമപ്രകാരം കേസെടുക്കുന്നത് ഇടതുപക്ഷനയമല്ലെന്നു സിപിഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. പറഞ്ഞു.

സിപിഎം. പ്രവർത്തകരെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണ്. ജനാധിപത്യബോധമുള്ളവർക്ക് ഈ നടപടി അംഗീകരിക്കാനാവില്ല. കള്ളക്കഥ മെനഞ്ഞ് മാവോയിസ്റ്റ് വേട്ട നടത്തുകയാണു കേരളാ പൊലീസ്. എൽ.ഡി.എഫിന്റെ വ്യക്തിത്വം ഉയർത്തിപ്പിടിക്കാൻ സിപിഐ. രംഗത്തുവരും. സർക്കാർ നയമല്ല പൊലീസ് നടപ്പാക്കുന്നത്; ബിജെപിയും കോൺഗ്രസും നടപ്പാക്കിയതിന്റെ തുടർച്ചയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഇടതുമുന്നണിയുടെ പ്രഖ്യാപിതനയത്തിനു വിരുദ്ധമായാണു പൊലീസ് പ്രവർത്തിക്കുന്നതെന്ന് എ.ഐ.വൈ.എഫ്. നേതാവ് മഹേഷ് കക്കത്ത് ആരോപിച്ചു. രാഷ്ട്രീയം പ്രചരിപ്പിച്ചാൽ എങ്ങനെയാണു മഹാപാതകമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

സിപിഎമ്മിലും ആഭ്യന്തരവകുപ്പിന്റെ നടപടിക്കെതിരേ വിമർശനമുയർന്നു. പൊലീസ് നടപടിയെ ന്യായീകരിക്കാനും തള്ളാനും പറ്റാത്ത അവസ്ഥയിലാണു നേതൃത്വം. പൊലീസ് നടപടിയിൽ ഞെട്ടിയതു സിപിഎം. കോഴിക്കോട് ജില്ലാനേതൃത്വമാണ്. അറസ്റ്റിലായവർക്കു മാവോയിസ്റ്റ് ബന്ധമുള്ളതായി സൂചന ലഭിച്ചിരുന്നെങ്കിൽ പുറത്താക്കി മുഖം രക്ഷിക്കാൻ സിപിഎമ്മിനു കഴിയുമായിരുന്നു. എന്നാൽ പൊലീസിൽനിന്ന് അത്തരമൊരു സൂചന ലഭിച്ചില്ല.

സർക്കാരിനെതിരേ കടുത്ത നിലപാടിലേക്ക് നീങ്ങാനാണു സിപിഐ. തീരുമാനം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് സിപിഐ കത്തു നൽകും. അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ചക്കണ്ടിയിലെത്തി സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. ഇതു വ്യാജ ഏറ്റമുട്ടലാണന്ന് ഇവർ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു സിപിഐ കത്തു നൽകാൻ തീരുമാനിച്ചത്. വനത്തിനുള്ളിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളായ കാർത്തി, രമ, അരവിന്ദ് എന്നിവർകൊല്ലപ്പെട്ടന്നായിരുന്നു പൊലീസിന്റെ ആദ്യ വിശദീകരണം. പിറ്റേന്നു മുതിർന്ന നേതാവ് മണിവാസകം കൊല്ലപ്പെട്ടു. വെടികൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകില്ലെന്നും വ്യക്തമാക്കി സിപിഐ സംസ്ഥാന കൗൺസിൽ പ്രമേയം പാസാക്കി.

വിഷയം പാർട്ടി അഖിലേന്ത്യാ തലത്തിൽത്തന്നെ ഏറ്റെടുത്തുകഴിഞ്ഞു. സംഭവത്തിൽ പ്രതിഷേധിക്കാൻ സിപിഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ്. സംസ്ഥാന വ്യാപകമായി പ്രതിഷേധ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. കൊച്ചിയിൽ ഈമാസം ആറിനു നടത്തുന്ന പ്രതിഷേധ യോഗം ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. മാവോയിസ്റ്റുകളെ വിചാരണ കൂടാതെ കൊലപ്പെടുത്തുന്നതിനെതിരേയുള്ള സിപിഐയുടെ പ്രഖ്യാപിതനയത്തിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് പാർട്ടി അഖിലേന്ത്യാ നേതൃത്വവും. ഏറെക്കാലമായി ഇരുപാർട്ടികളും തമ്മിൽ നിലനിൽക്കുന്ന ഭിന്നിപ്പ് ഏറ്റവും പ്രകടമായി പുറത്തുവന്നിരിക്കുകയാണ്.

പന്തീരാങ്കാവിൽ രണ്ടു വിദ്യാർത്ഥികളെ യു.എ.പി.എ (അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) പ്രകാരം കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഒളവണ്ണ മൂർക്കനാട് ത്വാഹ ഫസൽ (24) തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ഷുഹൈബ് (20) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പെരുമണ്ണ പാറമ്മൽ അങ്ങാടിക്ക് സമീപം റോന്തുചുറ്റുന്നതിനിടെ മൂന്നു പേരെ സംശയ സാഹചര്യത്തിൽ കണ്ടെന്നും ഒരാൾ ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലീസ് പറയുന്നത്. ഇവരുടെ കൈയിൽ നിന്ന് മാവോവാദി അനുകൂല നോട്ടീസ് പിടിച്ചെടുത്തു. മാവോവാദി വേട്ടക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുക എന്ന തലക്കെട്ടിൽ സിപിഎം മാവോവാദി പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള നോട്ടീസാണ് പിടികൂടിയത്. ഒളവണ്ണയിലെ ത്വാഹയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വേറെയും ലഘുലേഖകളും പോസ്റ്ററുകളും കണ്ടെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP