Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൃശ്ശൂർ കൂടുതൽ ഇടത്തോട്ട് ചെരിയാം; കോവളവും കാട്ടാക്കടയും കുണ്ടറയും വലത്തോട്ട് ചെരിയാം; എം ടി രമേശിന് വോട്ട് പിടിക്കുന്നത് കുറഞ്ഞാൽ വീണാ ജോർജ്ജ് വീഴാം: മറുനാടൻ സർവേയിലെ ചില ആശയക്കുഴപ്പങ്ങളുടെ കഥ

തൃശ്ശൂർ കൂടുതൽ ഇടത്തോട്ട് ചെരിയാം; കോവളവും കാട്ടാക്കടയും കുണ്ടറയും വലത്തോട്ട് ചെരിയാം; എം ടി രമേശിന് വോട്ട് പിടിക്കുന്നത് കുറഞ്ഞാൽ വീണാ ജോർജ്ജ് വീഴാം: മറുനാടൻ സർവേയിലെ ചില ആശയക്കുഴപ്പങ്ങളുടെ കഥ

ടീം മറുനാടൻ

തിരുവനന്തപുരം: യങ് മീഡിയ കോഴിക്കോടുമായി ചേർന്ന് മറുനാടൻ മലയാളി നടത്തിയ സർവേയിൽ ഇടതു ഭരണം വരുമെന്നാണ് പ്രവചനം. 79 സീറ്റുകൾ വരെ എൽഡിഎഫിന് ലഭിക്കാമെന്ന് പ്രവചിക്കുമ്പോൾ തന്നെ ചില ജില്ലകളിൽ ഇടതു തരംഗവും ചില മണ്ഡലങ്ങളിൽ പ്രതീക്ഷിക്കാത്ത അട്ടിമറികളുമുണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. വടക്കൻ മലബാറിൽ ഇടതുപക്ഷം മികച്ച നേട്ടം കൊയ്യുമെന്നാണ് സർവേഫലം വ്യക്തമാക്കുന്നത്. കാസർകോടും കോഴിക്കോടും എൽഡിഎഫ് മികച്ച വിജയം തന്നെ കരസ്ഥമാക്കിയേക്കും. അതേസമയം ഇവിടുങ്ങളിലേക്കാൾ തിളക്കമാർന്ന വിജയം ഇടതുമുന്നണി പ്രതീക്ഷിക്കുന്ന രണ്ട് ജില്ലകൾ കൂടിയുണ്ട്. പാലക്കാടും, തൃശ്ശൂരും. തൃശ്ശൂരിൽ പ്രത്യക്ഷത്തിൽ തുല്യനിലയിലാണ് ഇരു മുന്നണികളുമെന്ന് തോന്നുമെങ്കിലും ഇടതുപക്ഷത്തിനാണ് ജില്ലയിൽ കൂടുതൽ മുൻതൂക്കം.

മലപ്പുറത്ത് യുഡിഎഫ് തരംഗത്തിന് തന്നെ സാധ്യതയുള്ളപ്പോഴാണ് തൃശ്ശൂർ ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയായി മാറിയേക്കുമെന്നാണ് സൂചന. മറുനാടൻ സർവേയിൽ തൃശ്ശൂരിൽ 12 സീറ്റുകളിൽ ഏഴിടത്തും ഇടതുമുന്നണിയുടെ വിജയമാണ് പ്രവചിക്കുന്നത്. എന്നാൽ, ഇതിലും മെച്ചപ്പെട്ട വിജയം മുന്നണി കൈവരിച്ചേക്കുമെന്ന സൂചനയാണ് സർവേയ്ക്ക് ശേഷമുള്ള വിലയിരുത്തലുകളിലും വ്യക്തമാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതു മുന്നേറ്റം പ്രകടമായിരുന്നു. ഇവിടെ സിപിഎമ്മിന് അടുത്തകാലത്ത് അടിത്തറ വിപുലപ്പെടുത്തിയിരുന്നു. കൂടാതെ യുഡിഎഫിലെ തമ്മിലടികളും ഫലത്തിൽ ഇടതിന് നിയമസഭാ തെരഞ്ഞെടുപ്പിലും മുൻതൂക്കം നൽകി.

തൃശ്ശൂർ ജില്ലകളിൽ യുഡിഎഫ് ഇഞ്ചോടിച്ച് പോരാട്ടത്തിന് ഒടുവിൽ തിരിച്ചു പിടിക്കുമെന്ന് പറയപ്പെടുന്ന സീറ്റാണ് കുന്ദംകുളം. ഇവിടെ സിഎംപിയുടെ സി പി ജോൺ യുഡിഎഫിന് വേണ്ടി മത്സരത്തിന് ഇറങ്ങുമ്പോൾ സിപിഎമ്മിന് വേണ്ടി ജില്ലാ സെക്രട്ടറി എ സി മൊയതീനാണ് ഇവിടെ മത്സരിക്കുന്നത്. ഈ മണ്ഡലം ആർക്കൊപ്പം നിൽക്കുമെന്നത് പ്രവചനാതീതമാണെന്ന് പറയേണ്ടി വരും. കാരണം എ സി മൊയ്തീൻ എംഎൽഎയായി വിജയിച്ച വേളയിൽ വടക്കാഞ്ചേരിയിലെ ചില പഞ്ചായത്തുകൾ കൂടി കുന്ദംകുളത്തിന്റെ ഭാഗമായി കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മൊയ്തീൻ സ്ഥാനാർത്ഥിയാകുമ്പോൾ ഇവിടങ്ങളിൽ ഇടതുമുന്നണി കൂടുതൽ വോട്ട് പ്രതീക്ഷിക്കുന്നു. മറുനാടൻ സർവേയിൽ സിപി ജോണിനാണ് സാധ്യത കൂടതൽ നൽകിയതെങ്കിലും ഭരണവിരുദ്ധ വികാരവും മണ്ഡലത്തിലെ ഇപ്പോഴത്തെ യുഡിഎഫ്എൽഡിഎഫ് നില പരിശോധിക്കുമ്പോഴും ഇവിടെ സിപിഐ(എം) സ്ഥാനാർത്ഥിക്ക് വിജയിച്ചാലും അതിൽ അത്ഭുതപ്പെടാനില്ല.

അതുപോലെ തന്നെയാണ് ഒല്ലൂർ, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ നിലയും. നിലവിൽ എംഎൽഎയായ ഐ പി വിൻസന്റ് ഒല്ലൂരിൽ സിപിഐ സ്ഥാനാർത്ഥിയിൽ നിന്നും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. പുത്തൂർ, നടത്തറ, മാടക്കത്തറ, പാണഞ്ചേരി എന്നീ നാലു പഞ്ചായത്തുകളും തൃശൂർ കോർപറേഷൻ പരിധിയിലെ പതിനൊന്നു ഡിവിഷനുകളുമാണ് ഒല്ലൂർ മണ്ഡലത്തിലുള്ളത്. കഴിഞ്ഞ തദ്ദേശ ഭരണതെരഞ്ഞെടുപ്പിൽ ഈ നാലു പഞ്ചായത്തുകളും എൽ.ഡി.എഫ്. പിടിച്ചെടുത്തു. 27 കൊല്ലം തുടർച്ചയായി യു.ഡി.എഫ്. ഭരിച്ചിരുന്ന നടത്തറ പഞ്ചായത്തിലും എൽ.ഡി.എഫ്. ഭൂരിപക്ഷം നേടി. ഇങ്ങനെയാണ് തദ്ദേശത്തിലെ നില എങ്കിലും ഐപി വിൻസന്റ് വിജയിക്കുമെന്നതായിരുന്നു മറുനാടൻ സർവേയിൽ വ്യക്തമായത്. എന്നാൽ, ഇവിടെ കെ രാജനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ എൽഡിഎഫ് മുൻതൂക്കം നേടിയെന്ന വിലയിരുത്തലുമുണ്ട്. ബിജെപി വലിയ തോതിൽ ഇവിടെ മുൻതൂക്കമുണ്ടാക്കിയെങ്കിലും അത് സിപിഐ(എം) മുന്നേറ്റത്തിന് തദ്ദേശത്തിൽ ക്ഷീണമായിരുന്നില്ല.

മറുനാടൻ സർവേ സാമ്പിൾ പരിശോധിക്കുമ്പോൾ ഒല്ലൂരിനൊപ്പം തന്നെ വടക്കാഞ്ചേരിയിലും ശക്തമായ മത്സരമാണ് നടക്കുന്നത്. വടക്കാഞ്ചേരിയിൽ ഇടതു സ്ഥാനാർത്ഥി മേരി ജോർജ്ജാണ്. യുഡിഎഫിന് വേണ്ടി അനിൽ ഐക്കരയും മത്സരിക്കുമ്പോൾ മുൻതൂക്കം അനിലനാണെങ്കിലും തദ്ദേശത്തിലെ ഇടതു മുന്നേറ്റവും ബിജെപിയുടെ വോട്ടുകളും ഇവിടുത്തെ ചിത്രങ്ങൾ മാറ്റിമറിച്ചേക്കാം.

മറുനാടൻ മലയാളി സർവേയിൽ എൽഡിഎഫ് ആധികാരികമായി വിജയിക്കുമെന്നന്ന സൂചന പുറത്തുവന്ന മണ്ഡലങ്ങളാണ് കോവളവും, കാട്ടാക്കടയും കുണ്ടറയും. എന്നാൽ, ഇവിടങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾ പിടിക്കുന്ന വോട്ടുകൾ നിർണ്ണായകമായി മാറുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് നാടാർ അംഗമായ എൻ നീലലോഹിതദാസ് നാടാരുടെ ഭാര്യയും ഈഴ സമുദായംഗവുമായ ജമീലാ പ്രകാശമാണ് മത്സരിക്കുന്ത്. ലത്തീൻ നാടാർ സമുദായക്കാരനായ എം വിൻസെന്റ് ആണ് യുഡിഎഫ് സ്ഥാനാർത്ഥി. ടി എൻ സുരേഷ് ആണ് എൻഡിഎ സ്ഥാനാർത്ഥി. ശക്തനായ സ്ഥാനാർത്ഥിയാണ് ടിഎൻ സുരേഷ് എന്നതിനാൽ ഈഴവ വോട്ടുകൾ ഈ മണ്ഡലങ്ങളിൽ എൽഡിഎഫിൽ നിന്നും അകന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം ഉണ്ടാകുന്ന ഘട്ടവും ഒരു പക്ഷേ ഉണ്ടായേക്കാം. നാടാർ വോട്ടുകൾ വിൻസന്റിലേക്ക് പോകാനുള്ള സാഹചര്യവും ജമീലാ പ്രകാശത്തിന് ഭീഷണിയാണ്.

രാജ്‌മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമാണ് കുണ്ടറയിൽ അദ്ദേഹം പിന്നിട്ടു നിൽക്കുന്നു എന്നായിരുന്നു മറുനാടൻ സർവേ ഫലം. ഇവിടെ മേഴ്‌സിക്കുട്ടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഎമ്മിന്റെ സിറ്റിങ് മൺലമാണെങ്കിലും സമുദായ വോട്ടുകൾ ഇവിടെയും വിധി നിർണ്ണയിക്കുന്ന അവസ്ഥ വരും. എൻഡിഎ സ്ഥാനാർത്ഥി കൂടുതൽ ഹിന്ദുവോട്ടുകൾ പിടിച്ചാൽ മണ്ഡലത്തിൽ ക്ഷീണം സംഭവിക്കുക രാജ്‌മോഹൻ ഉണ്ണിത്താനാകും. മറിച്ചാണെങ്കിൽ ഉണ്ണിത്താന് വിജയസാധ്യത കൂടുതലാണ് താനും.

ശക്തമായ ത്രികോണ മത്സരം നടത്തുന്ന കാട്ടാക്കടയിലും സമുദായ വോട്ടുകളുടെ ഭിന്നിപ്പ് എൻ ശക്തന് തുണയാകുമെന്ന വിലയിരുത്തലുണ്ട്. ശക്തനെതിരെ ഐബി സതീഷിനെയാണ് സിപിഐ(എം) സ്ഥാനാർത്ഥിയാക്കിയത്. ബിജെപി പികെ കൃഷ്ണദാസിനെയും. ഇവിടെ കൃഷ്ണദാസ് ഇവിടെ നായർ വോട്ടുകൾ തൂത്തുവാരാൻ സാധ്യതയുണ്ട്. ഒപ്പം ഈഴവ വോട്ടുകളും ഇയാളിൽ കേന്ദ്രീകരിച്ചാൽ ന്യൂനപക്ഷ നാടാർ വോട്ടുകളുടെ ബലത്തിൽ ശക്തൻ വെന്നിക്കൊടി പാറിച്ചേക്കാം. സമാനമായ സാധ്യതയാണ് ആറന്മുളലയിലുമുള്ളത്. ഇവിടെ വീണാ ജോർജ്ജ് വിജയിക്കണമെങ്കിൽ നായർ വോട്ടുകൾ കൂടുതലായി ബിജെപി സ്ഥാനാർത്ഥി എം ടി രമേശ് പിടിക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകളുടെ കൂടെ ക്രൈസ്തവ വോട്ടുകളുടെയും ബലത്തിൽ വീണയ്ക്ക് കാര്യങ്ങൾ അനുകൂലമാകും. മറിച്ചാണ് കാര്യങ്ങളെങ്കിൽ ശിവദാസൻ നായർ തന്നെ വിജയവഴിയിൽ എത്തിയേക്കമെന്ന സൂചനയുമുണ്ട്.

മറുനാടൻ സർവേയിൽ നടക്കുന്നതിന് ശേഷമാണ് കാന്തപുരം വിഭാഗം നിലപാട് പ്രഖ്യാപിച്ചത്. മണ്ണാർക്കാട് ലീഗ് സ്ഥാനാർത്ഥിയെ തോൽപ്പിക്കണമെന്നും പരസ്യമായി ആഹ്വാനം ചെയ്തു. എ പി വിഭാഗത്തിന്റെ മനം മാറ്റം മലബാറിലെ പല മണ്ഡലങ്ങളിലെയും വിധിയെ മാറ്റിമറിച്ചേക്കാമെന്ന വിലയിരുത്തലുകളുമുണ്ട്. ഇകെ വോട്ടുകളുകളിൽ ഭിന്നിപ്പുണ്ടാകാതെ ലീഗിന് വേണ്ടി ഒരുമിക്കുമ്പോൾ എ പി വോട്ടുകൾ എൽഡിഎഫിലേക്ക് തന്നെയാണ് തിരിയുന്നത്. ഇതിന്റെ പ്രതിഫലനം എത്രത്തോളം ഉണ്ടാകുമെന്ന് അറിയണമെങ്കിൽ മെയ് 19 വരെ കാത്തിരിക്കേണ്ടി വരും. മധ്യതിരുവിതാം കൂറിലും ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾ ചില മണ്ഡലങ്ങളിൽ നടക്കുന്നുണ്ട്. പെരുമ്പാവൂർ, കുന്നത്തുനാട് തുടങ്ങിയ മണ്ഡലങ്ങളുടെ പ്രവചനങ്ങളും എളുപ്പമല്ല.

ഏറ്റവും അധികം പേരെ സംഘടിപ്പിച്ചുകൊണ്ടുള്ള സർവേയുടെ ഫലമാണ് മറുനാടൻ പുറത്തുവിട്ടത്. ഓരോ മണ്ഡലങ്ങളിൽ നിന്നും 200 പേരെയെങ്കിലും സർവേയിൽ പങ്കെടുപ്പിക്കാൻ സാധിച്ചു. അതുകൊണ്ട് തന്നെ യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്നത് തന്നെയാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP