Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

40,000 രൂപ വരെ ഫീസ് കുറയ്ക്കാമെന്ന് പോയിന്റ് ബ്ലാങ്കിൽ പറഞ്ഞ ഫസൽ ഗഫൂർ മുഖ്യമന്ത്രിയെ കണ്ടപ്പോൾ മിണ്ടാതിരുന്നു; പ്രതിപക്ഷത്തിന് മുമ്പിൽ മുട്ടുമടക്കില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രിയും; സമവായത്തിന് പ്രത്യേകം ഫോർമുല വെക്കാനാകാതെ യുഡിഎഫും; സ്വാശ്രയ മെഡിക്കൽ വിഷയം വരും ദിവസങ്ങളിലും പ്രക്ഷുബ്ധമാകും

40,000 രൂപ വരെ ഫീസ് കുറയ്ക്കാമെന്ന് പോയിന്റ് ബ്ലാങ്കിൽ പറഞ്ഞ ഫസൽ ഗഫൂർ മുഖ്യമന്ത്രിയെ കണ്ടപ്പോൾ മിണ്ടാതിരുന്നു; പ്രതിപക്ഷത്തിന് മുമ്പിൽ മുട്ടുമടക്കില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രിയും; സമവായത്തിന് പ്രത്യേകം ഫോർമുല വെക്കാനാകാതെ യുഡിഎഫും; സ്വാശ്രയ മെഡിക്കൽ വിഷയം വരും ദിവസങ്ങളിലും പ്രക്ഷുബ്ധമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വാർത്താ ചാനലിലെ പരിപാടിയിലൂടെ എംഇഎസ് പ്രസിഡന്റ് നടത്തിയ പ്രസ്താവന വലിയ ചർച്ചയായിരുന്നു. സ്വാശ്രയ കോളേജ് പ്രവേശന വിഷയം കത്തിനിൽക്കെയായിരുന്നു എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിന്റെ പ്രസ്താവന.

മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് ഫീസിളവ് നൽകാൻ തയ്യാറാണെന്നായിരുന്നു ഫസൽ ഗഫൂറിന്റെ പ്രസ്താവന. വിദ്യാർത്ഥികൾക്കു 40,000 രൂപവരെ ഇത്തരത്തിൽ കുറച്ചു കൊടുക്കാൻ തയ്യാറാണ് എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്ക് പരിപാടിയിൽ ഫസൽ ഗഫൂർ പറഞ്ഞിരുന്നത്.

എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിയ ഫസൽ ഗഫൂർ ഇക്കാര്യത്തിൽ ഒരു പ്രതികരണവും നടത്താൻ തയ്യാറായില്ല. മാനേജ്‌മെന്റ് കോളേജ് പ്രതിനിധികളുമായി സർക്കാർ നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങളെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു ഫസൽ ഗഫൂർ ഉൾപ്പെടെയുള്ളവർ.

ഫീസിൽ കുറവു വരുത്താൻ മാനേജ്‌മെന്റുകൾ തയ്യാറാണെന്ന വാദം ഉയർത്തിക്കാട്ടി പ്രതിപക്ഷ നേതാക്കൾ സർക്കാരിനെതിരെ കഴിഞ്ഞ ദിവസം ആഞ്ഞടിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്നു നടന്ന ചർച്ചയിൽ ഫീസിളവിന്റെ കാര്യത്തിൽ സർക്കാരിനോട് ഒന്നും മിണ്ടാതെ മാനേജ്‌മെന്റുകൾ മടങ്ങിയപ്പോൾ പ്രതിപക്ഷത്തിനാണു കനത്ത തിരിച്ചടിയായത്.

സമരം ഒന്നു കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നുള്ള സമ്മർദത്തിന്റെ ഫലമായാണു കഴിഞ്ഞ ദിവസം ഫസൽ ഗഫൂർ പ്രസ്താവന നടത്തിയതെന്ന ആരോപണമാണുയരുന്നത്. പ്രതിപക്ഷത്തെ പ്രമുഖരായ നേതാക്കളുടെ നിർബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള പ്രസ്താവന വന്നത്. എന്നാൽ, ഇന്നു നടത്തിയ ചർച്ചയിൽ മാനേജ്‌മെന്റുകളുടെ ഭാഗത്തുനിന്ന് ഇത്തരമൊരു കാര്യം പരാമർശിക്കുക പോലുമുണ്ടായില്ലെന്നാണു വിവരം.

ചർച്ചയ്ക്കുശേഷം പുറത്തിറങ്ങിയ പ്രതിനിധികൾക്കൊപ്പമുണ്ടായിരുന്ന ഫസൽ ഗഫൂർ ഇക്കാര്യത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞിരുന്നില്ല. ചാനൽ മൈക്കുകൾക്കും ക്യാമറകൾക്കും മുന്നിൽ നിന്ന് അകലം പാലിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

ഫീസിളവും സ്‌കോളർഷിപ്പും നൽകാൻ മാനേജ്‌മെന്റുകൾ തയാറാകുമെന്ന തരത്തിലായിരുന്നു രാവിലെ വാർത്തകൾ പുറത്തുവന്നത്. എന്നാൽ, അത്തരം നിർദ്ദേശം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ മാനേജ്‌മെന്റുകൾ മുന്നോട്ടുവച്ചില്ല. മൂന്നുവട്ടം ആരോഗ്യമന്ത്രിയുമായും ഒരു വട്ടം മുഖ്യമന്ത്രിയുമായും അസോസിയേഷൻ പ്രതിനിധികൾ ചർച്ച നടത്തി. സ്വാശ്രയ പ്രവേശനം സംബന്ധിച്ച് ഇനി ഒരു ചർച്ചയുമില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിക്കുകയും ചെയ്‌തോടെ വെട്ടിലായതു പ്രതിപക്ഷമാണ്.

ഇന്നത്തെ ചർച്ച കൂടി കഴിഞ്ഞതോടെ സമരം എങ്ങനെ അവസാനിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണു പ്രതിപക്ഷം. ഇനി എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്നോ എങ്ങനെ സമരം തീർക്കുമെന്നോ ഉള്ള ചിന്തയാണു പ്രതിപക്ഷത്തെ അലട്ടുന്നത്. സമരത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ആക്രമിച്ചു മുന്നോട്ടുള്ള നീക്കങ്ങൾ കൊഴുപ്പിക്കാനാണു പ്രതിപക്ഷത്തിന്റെ നീക്കം. പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തലയുടെ ഇന്നത്തെ പ്രസ്താവനയും അത്തരമൊരു സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നത്. പ്രശ്‌നം വഷളാക്കുന്നതും ഇന്നതെത ചർച്ച അലസിപ്പോകാൻ കാരണവും മുഖ്യമന്ത്രി പിണറായി വിജയനാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന. ചർച്ചയ്ക്കു വന്നവരെ കടുത്ത ഭാഷയിൽ പിണറായി വിമർശിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

നിലവിൽ സഭയ്ക്കുള്ളിൽ നിരാഹാരം നടത്തിയിരുന്ന ഷാഫി പറമ്പിലും ഹൈബി ഈഡനും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. പെട്ടെന്ന് സമരം എങ്ങനെ അവസാനിപ്പിക്കും എന്നറിയാതെ കുഴങ്ങിയ യുഡിഎഫ് നിരാഹാര സമരം തുടരാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഫലമായി എംഎൽഎമാരായ വി ടി ബൽറാമും റോജി എം ജോണും നിരാഹാരം തുടങ്ങുകയും ചെയ്തു. ലീഗ് എംഎൽഎ മാരായ ടി വി ഇബ്രാഹിമും പി ഉബൈദുള്ളയും അനുഭാവസമരത്തിലാണ്. നിരാഹാരത്തിനൊരുങ്ങിയ വി ടി ബൽറാമിട്ട ഫേസ്‌ബുക്ക് പോസ്റ്റും മുഖ്യമന്ത്രിയെ കടന്നാക്രമിച്ചാണ്. 'ജനവികാരത്തെ അവഗണിച്ച് സ്വയം തോന്നലുകളിൽ അഭിരമിക്കുന്ന ഭരണാധികാരിയെ യാഥാർത്ഥ്യബോധത്തിന്റെ തുറവിയിലേക്ക്, ജനാധികാരത്തിന്റെ പച്ചമണ്ണിലേക്ക്, കൈപിടിച്ച് കൊണ്ടുവരാൻ നിങ്ങളെല്ലാമുണ്ടാവണം' എന്നാണു ബൽറാം കുറിച്ചത്. 'പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. ജനാധിപത്യ സമരങ്ങളെ പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിനെതിരെ, ന്യായമായ പരിഹാരങ്ങൾ പോലും അംഗീകരിക്കില്ലെന്ന അധികാര ധാർഷ്ട്യത്തിനെതിരെ, ജനകീയ പ്രശ്‌നങ്ങളിലെ ധാർമ്മികതയുടെ കരുത്തുമായി ഇനിയും നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ട്, ജനവിരുദ്ധ നയങ്ങളെ തിരുത്തിക്കേണ്ടതുണ്ട്.' എന്നും ബൽറാം കുറിച്ചു. പ്രതിപക്ഷത്തിന്റെ പൊതുനിലപാടു മുഖ്യമന്ത്രിയെ കടന്നാക്രമിക്കുക എന്നതാണെന്നാണു ബൽറാമിന്റെ പോസ്റ്റും വ്യക്തമാക്കുന്നത്.

അതുകൊണ്ടു തന്നെ യുഡിഎഫിന്റെ സ്വാശ്രയസമരം വെറും രാഷ്ട്രീയ സമരമാണെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കുകയും ചെയ്തു. വിദ്യാർത്ഥികളോ രക്ഷിതാക്കളോ സമരത്തിൽ പങ്കെടുക്കുന്നില്ല. ഫീസ് കുറയ്ക്കാൻ മാനേജ്‌മെന്റുകൾ തയ്യാറെന്ന് പറഞ്ഞതു യുഡിഎഫുകാരാണ്. എന്നാൽ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് അവർ ചർച്ചയിൽ പറഞ്ഞതെന്നും കോടിയേരി പ്രതികരിച്ചു.

ദുരഭിമാനം വെടിഞ്ഞ് സമരം അവസാനിപ്പിക്കാൻ കോൺഗ്രസ് തയ്യാറാകണം. നിയമസഭ ആരംഭിക്കുമ്പോൾ മറ്റ് വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ തുടങ്ങിയ സമരമാണിത്. യുഡിഎഫ് ശിഥിലമായി കിടക്കുന്നു. ഒരു ഘടകകക്ഷിയായ മാണി വിഭാഗം പ്രത്യേക ബ്‌ളോക്ക് ആയി നിൽക്കുന്നു.യുഡിഎഫ് മന്ത്രിമാർ നടത്തിയ അഴിമതികളിൽ ശക്തമായ അന്വേഷണം നടക്കുന്നു. എൽഡിഎഫ് നേതൃത്വത്തിൽ സുശക്തമായ ഭരണം നടക്കുന്നു. ഇതൊന്നും സഭയിൽ ചർച്ചയ്ക്ക് വരാതിരിക്കാനുള്ള തന്ത്രമാണ് കോൺഗ്രസിന്റേത്. സ്വാശ്രയ കരാറിലൂടെ കുറഞ്ഞ ഫീസിൽ കൂടുതൽ കുട്ടികൾക്ക് പഠിക്കാനുള്ള അവസരമാണ് സർക്കാർ ഉണ്ടാക്കിയത്. തലവരിക്കെതിരെ കർശന നിലപാട് സ്വീകരിച്ചു. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. അത് പോര, ക്രൈംബ്രാഞ്ച് അന്വേഷണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോൾ അതും പ്രഖ്യാപിച്ചു.

ക്രമക്കേട് നടത്തിയ രണ്ട് കോളേജുകളുടെ പ്രവേശനം റദ്ദാക്കി. ഇത്രയും ശക്തമായ നിലപാട് എടുത്തതുകൊണ്ട് തന്നെ സമരത്തിൽ വിദ്യാർത്ഥികളില്ല. വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ പൊതുസമൂഹത്തിനോ വേണ്ടാത്ത സമരമായി മാറി. സമരത്തിൽ പങ്കെടുത്തവരുടെ ഫോട്ടോ കാണുമ്പോൾ തന്നെ അത് വ്യക്തമാണ്. മാനേജ്‌മെന്റുകൾ ഫീസ് കുറക്കാൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവും മുന്മുഖ്യമന്ത്രിയുമെല്ലാം ചെന്ന് മുഖ്യമന്ത്രിയെക്കണ്ട് പറഞ്ഞു. അതിനായി മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. അതും ചെയ്തു. യോഗത്തിനെത്തിയപ്പോൾ ഫീസ് കുറക്കാമെന്ന് പറഞ്ഞില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിക്കുകയായിരുന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി. അപ്രായോഗികമായ നിലപാട് സ്വീകരിച്ച് പ്രതിപക്ഷം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. യാഥാർഥ്യബോധത്തോടെ പ്രശ്‌നത്തെ സമീപിച്ച് സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറാകണം. സ്വാശ്രയ കോളേജുകൾ യുഡിഎഫിന്റെ സൃഷ്ടിയാണ്. ഈസൃഷ്ടികളാണ് ഓരോ വർഷവും പ്രശ്‌നമുണ്ടാക്കുന്നത്. ഈ അപകടം ഞങ്ങൾ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ നിയമ നിർമ്മാണം കൊണ്ടുവന്നപ്പോൾ അത് സുപ്രീംകോടതി വരെ എത്തി. ഇനിയും ശാശ്വത പരിഹാരം കാണണമെന്നാണ് സിപിഐ എം നിലപാട്. അതിന് സുപ്രീംകോടതി മാർഗനിർദ്ദേശമനുസരിച്ച് നിയമനിർമ്മാണം കൊണ്ടുവരണം. അതിനായി എല്ലാവരും യോജിച്ച് നിൽക്കുകയും അഭിപ്രായ സമന്വയത്തിൽ എത്തുകയും വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP