Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ഷാമകാലത്തെ പട്ടിണിയിൽ 1950ൽ പിറന്ന പാർട്ടി; അയുധമെടുത്ത് ബാങ്ക് ക്ലാർക്ക് സൈന്യത്തെ വെല്ലുവിളിച്ച് നേതാവായി; രാജീവ് ഗാന്ധിയുമായി ഉടമ്പടിയുണ്ടാക്കി ആയുധമുപേക്ഷിച്ചപ്പോൾ ലാൽദെങ്ക മുഖ്യമന്ത്രിയായി; ശ്വാസകോശാർബുദം നേതാവിന്റെ ജീവനെടുത്തപ്പോൾ സോറം തങ്ക പിൻഗാമിയായി; പത്തുകൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മിസോ നാഷണൽ ഫ്രണ്ടിന് അധികാരം സ്വന്തം; 95 ശതമാനം ക്രൈസ്തവരുള്ള മിസോറാമിൽ ബിജെപിയും അക്കൗണ്ട് തുറന്നു; നോർത്ത് ഈസ്റ്റ് ഇനി കോൺഗ്രസ് മുക്തം

ക്ഷാമകാലത്തെ പട്ടിണിയിൽ 1950ൽ പിറന്ന പാർട്ടി; അയുധമെടുത്ത് ബാങ്ക് ക്ലാർക്ക് സൈന്യത്തെ വെല്ലുവിളിച്ച് നേതാവായി; രാജീവ് ഗാന്ധിയുമായി ഉടമ്പടിയുണ്ടാക്കി ആയുധമുപേക്ഷിച്ചപ്പോൾ ലാൽദെങ്ക മുഖ്യമന്ത്രിയായി; ശ്വാസകോശാർബുദം നേതാവിന്റെ ജീവനെടുത്തപ്പോൾ സോറം തങ്ക പിൻഗാമിയായി; പത്തുകൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മിസോ നാഷണൽ ഫ്രണ്ടിന് അധികാരം സ്വന്തം; 95 ശതമാനം ക്രൈസ്തവരുള്ള മിസോറാമിൽ ബിജെപിയും അക്കൗണ്ട് തുറന്നു; നോർത്ത് ഈസ്റ്റ് ഇനി കോൺഗ്രസ് മുക്തം

മറുനാടൻ ഡെസ്‌ക്‌

ഐസ്വാൾ: മിസോറമിൽ എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവയ്ക്കുന്ന രീതിയിൽ മിസോ നാഷനൽ ഫ്രണ്ട് മുന്നേറ്റം നടത്തുമ്പോൾ മാറി മറിയുകയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയം. അധികാരം നഷ്ടമായാതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരിടത്തും കോൺഗ്രസ് ഭരണത്തിൽ ഇല്ലാതെയാകും. ഇതോടെ, ബിജെപി അവകാശപ്പെടുന്ന കോൺഗ്രസ് മുക്ത് ഭാരത് എന്ന സങ്കൽപം വടക്കു കിഴക്കൻ മേഖലയിൽ യാഥാർഥ്യമാവുകയും ചെയ്യുകയാണ്.

പത്തുവർഷത്തോളമായി ഭരണപക്ഷത്തിരിക്കുന്ന കോൺഗ്രസിന് കനത്ത തിരിച്ചടിയാണു മിസോറമിലെ ഫലം. മുഖ്യമന്ത്രി ലാൽ തൻഹാവ്ല സൗത്ത് ചമ്പെയ് മണ്ഡലത്തിൽ പരാജയപ്പെട്ടത് കോൺഗ്രസിന് ഇരട്ടി പ്രഹരമായി. കാൽ നൂറ്റാണ്ടിലേറെയായി നിയമസഭാഗമായ തൻഹാവ്ല തന്നെയായിരുന്നു കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയ അഞ്ചു വട്ടവും മുഖ്യമന്ത്രിയും. സൗത്ത് ചമ്പെയ് കൂടാതെ സെർചിപ് മണ്ഡലത്തിലും തൻഹാവ്ല മൽസരിക്കുന്നുണ്ട്. മൂന്നാം തവണയും തുടർ ഭരണം സ്വപ്നം കണ്ടാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നാൽ, സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷം മിസോ നാഷനൽ ഫ്രണ്ടിന്റെ മികച്ച പ്രകടനമാണ് കോൺഗ്രസിനെ തകർത്തെറിയുന്നത്. 1998 ഡിസംബർ മുതൽ 2008 ഡിസംബർ വരെ മിസോറം ഭരിച്ച മിസോ നാഷനൽ ഫ്രണ്ടാണ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷവും പ്രബലമായ പ്രാദേശിക കക്ഷിയും. വികസനമില്ലായ്മ മുതലുള്ള പ്രാദേശിക വിഷയങ്ങൾ ഉന്നയിച്ചാണ് പാർട്ടി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അത് വിജയിക്കുകയാണ്.

ആകെയുള്ള 40 സീറ്റുകളിൽ 34 എണ്ണത്തിലും വിജയിച്ചാണ് കോൺഗ്രസ് കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി ലാൽ തൻഹവ്‌ലയാണ് സംസ്ഥാനത്തെ പാർട്ടിയുടെ മുഖം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കാൻ ബിജെപി രൂപം നൽകിയ നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ ഭാഗമായ മിസോ നാഷനൽ ഫ്രണ്ടിന് സംസ്ഥാനത്ത് നല്ല വേരുകളുണ്ടെങ്കിലും ഒരു സഖ്യം വേണ്ടെന്ന നിലപാടാണ് ബിജെപി നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിലെടുത്തത്. മിസോ നാഷനൽ ഫ്രണ്ടിനും സമാന കാഴ്ചപ്പാടു തന്നെയാണുണ്ടായിരുന്നത്. ഇത് വെറുതെയായില്ല. അവർ ബിജെപിയെ അകറ്റി നിർത്തി ജയിക്കുകയാണ്.

വടക്കു കിഴക്കൻ മേഖലയിൽ ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയുടെ പിടിയിൽ വരാത്ത ഏക സംസ്ഥാനമായിരുന്നു മിസോറാം. കോൺഗ്രസിനെ എക്കാലവും പിന്തുണച്ചിരുന്ന വടക്കു കിഴക്കൻ മേഖല കോൺഗ്രസ രഹിതമാകുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പോടെ വരുന്നത്. മേഖലയിലെ എട്ട് സംസ്ഥാനങ്ങളിലുമായി 25 ലോക്സഭാ സീറ്റുകളുണ്ട്. ഈ സീറ്റുകളിൽ ഏറെയും ജയിക്കാനാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പദ്ധതി. ഇതിന് മിസോറാമിൽ മിസോ നാഷനൽ ഫ്രണ്ട് കൂട്ടു നിൽക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. മിസോറാമിൽ അക്കൗണ്ട് തുറക്കാനായെന്നത് മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാൻ വകയുള്ളത്.

മിസോറം നിയമസഭാ തിരിഞ്ഞെടുപ്പിനു തൊട്ടു മുമ്പു മുതിർന്ന നേതാക്കൾ എതിർചേരിയിലേക്ക് പോകുന്ന സാഹചര്യം മിസോറാമിൽ കോൺഗ്രസിനെ തളർത്തിയിരുന്നു. കൂടുതൽ പേരും പോയത് പ്രധാന പ്രതിപക്ഷമായ മിസോ നാഷനൽ ഫ്രണ്ടിലേക്കായിരുന്നു. മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന ആർ ലാൽസിർലിയാനയെ അടുത്തിടെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. ഇദ്ദേഹം മിസോ നാഷണൽ ഫ്രണ്ട് സ്ഥാനാർത്ഥിയായി താവി മണ്ഡലത്തിൽ മൽസരിക്കുകയും ചെയ്തു. മുൻ മന്ത്രി ലാൽരിൻലിയാന സയ്ലോയും രാജിവച്ച് എംഎൻഎഫിൽ ചേർന്നിരുന്നു. 2016-ൽ അസമിലും 2017-ൽ മണിപ്പൂരിലും 2018-ൽ ത്രിപുരയിലും നേരിട്ട അതേ തരത്തിലുള്ള മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കാണ് മിസോറാമിലും കോൺഗ്രസിനുണ്ടായത്.

ഈ മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലെത്തിയതാണ് ആദ്യമായി ഭരണത്തിലെത്താൻ അവർക്കു കളമൊരുക്കിയത്. എന്നാൽ മിസോറമിൽ വിമത നേതാക്കൾ ബിജെപിയെ ഒഴിവാക്കി എംഎൻഎഫിലാണു ചേക്കേറുന്നതെന്ന വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. കോാൺഗസിലെ കൊഴിഞ്ഞുപോക്കു നേട്ടമാക്കിയാണ് എംഎൻഎഫ്. പത്തു വർഷത്തിനു ശേഷം ഭരണം തിരിച്ചുപിടിക്കുന്നത്. 2008ൽ 32 സീറ്റുണ്ടായിരുന്ന കോൺഗ്രസ് 34 സീറ്റ് നേടിയാണ് മിസോറാമിൽ 2013ൽ വിജയിച്ചത്. ഈ വിജയത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ കോൺഗ്രസിനെയാണ് എം.എൻ.എഫ് പിടിച്ചു നിർത്തിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പിടിക്കാനായി ബിജെപി രൂപീകരിച്ച നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിൽ(എൻ.ഇ.ഡി.എ) സഖ്യകക്ഷിയാണ് എംഎൻഎഫ്. എന്നാൽ മിസോറാമിൽ സഖ്യം തൽക്കാലത്തേക്ക് മറന്ന് ഇരുകക്ഷികളും ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

95 ശതമാനം ക്രിസ്തുമത വിശ്വാസികളുള്ള മിസോറാമിൽ ബിജെപിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. ഇത്തവണയും അത് മാറുകയാണ്. അധികാരം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത് നടന്നില്ലെങ്കിലും നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് ആയെന്ന ആശ്വാസവുമാണ്. ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുമ്മനം രാജശേഖരനെ മിസോറാമിൽ ഗവർണ്ണറാക്കിയത്.

സ്വതന്ത്ര സംസ്ഥാനമായത് 1986ൽ

1889-ൽ ബ്രിട്ടീഷുകാർ മിസോ കുന്നുകൾ തങ്ങളുടെ ഭരണത്തിനു കീഴിലാണെന്നു പ്രഖ്യാപിച്ചിരുന്നു . ലുഷായ് കുന്നുകൾ എന്ന പേരിൽ ഒരു ജില്ല രുപികരിച്ച് ഐസ്വാൾ തലസ്ഥാനമായി അവർ ഭരിച്ചു. ഇന്ത്യയ്ക്കു സ്വത്രന്തൃം കിട്ടിയപ്പോൾ മിസോറം അസമിലെ ഒരു ജില്ല മാത്രമയിരുന്നു. ത്രിപുരയിലെയും മണിപ്പൂരിലെയും മിസോ വംശക്കാർക്കു സ്വാധീനമുള്ള മേഖലകൾ ഉൾപ്പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് 1954-ൽ സംസ്ഥാന പുനർനിർണയ കമ്മിറ്റി മുമ്പാകൊ ജില്ലാ കൗൺസിൽ പ്രതിനിധികളും മിസോ യുണിയനും അവശ്യം മുന്നയിച്ചു. തങ്ങളുടെ അവശ്യം അംഗീകരിക്കാത്ത സംസ്ഥാന പുനർനിർണയ കമ്മിറ്റ തീരുമാനത്തിനെതിരെ 1955-ൽ ഗോത്രവർഗ നേതക്കൾ ഐസ്വാളിൽ ചേർന്ന് ഈസ്‌റേറ്ൺ ഇന്ത്യ ട്രൈബൽ യുണിയൻ എന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ചു. അസമിലെ മലനിരകൾ എല്ലാം ഉൾപ്പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നായിരുന്നു ഇവരുടെ അവശ്യം. എന്നാൽ അവരുടെ ശ്രമങ്ങൾ വിജയം നേടില്ല.

പിന്നീട് 1961 ഒകേടാബർ 22-ന് ലാൽ ഡെകയുടെ നേതൃത്വത്തിൽ മിസോ നാഷണൽ ഫ്രണ്ട് രുപികരിച്ച്‌സ്യംഭരണാവകാശത്തിനുവേണ്ടി പുർവ്വാധികം ശക്തിയോടെ പ്രക്ഷോഭം തുടങ്ങി. 1967-ൽ മിസോ നാഷണൽ ഫ്രണ്ട് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടു. 1971-ൽ മിസോ കൗൺസിൽ പ്രതിനിധി, പ്രധാനമ്രന്തിയായിരുന്ന ഇന്ദിരഗാന്ധിയെ കണ്ട മിസോകൾക്ക് പൂർണ അധികാരമുള്ള സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു. ഇതു പ്രകാരം 1972 ജനുവരി 21-ന് മിസോ കുന്നുകൾ കോന്ദ്രഭരണ്രപവേശമാക്കിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ലോക്സഭയിലും രാജ്യസഭയിലും ഒരോ സീറ്റും അനുവദിച്ചു കേന്ദ്രഭരണ്രപദേശമെന്ന പദവി കൊണ്ട് മിസോ നാഷണൽ ഫ്രണ്ട് തൃപ്തരായില്ല, പ്രക്ഷോഭം തുടർന്നു.

പ്രധാനമ്രന്തിയായ രാജീവ്ഗാന്ധിയുമായി ലാൽ നടത്തിയ ചർച്ചയെത്തുടർന്ന്. ഉണ്ടായ കരാർ പ്രകാരം 1987 ഫെബ്രുവരി 28 ന് മിസോറം സംസ്ഥാനം നിലവിൽ വന്നു. ലാൽ ആദ്യമുഖ്യമ്രന്തിയും ആയി. പിന്നീട് 1998ലും അവർ അധികാരത്തിലെത്തി. പത്തുകൊല്ലത്തിന് ശേഷം കോൺഗ്രസിന് മിസോറാം വഴിമാറി. ഇതാണ് മിസോ നാഷണൽ ഫ്രണ്ട് തിരിച്ചു പിടിക്കുന്നത്.

അധികാരത്തിലെത്തുന്നത് സൈന്യത്തെ വെല്ലുവിളിച്ച പാർട്ടി

മിസോറം സ്വതന്ത്രമാക്കുന്നതിനായി മിസോ നാഷണൽ ഫ്രണ്ട് എന്ന വിഘടനവാദി സംഘടനയെ നയിച്ച് ഇന്ത്യൻ സൈന്യത്തിനെതിരെ കലാപം നയിച്ച പു ലാൽദെങ്ക രാജീവ് ഗാന്ധിയുമായി 1986-ൽ സമാധാന ഉടമ്പടി ഒപ്പുവെച്ച് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. ഐസ്വാളിൽ ഒരു ബാങ്ക് ക്ലർക്ക് ആയിരുന്ന ലാൽദെങ്ക ബ്രിട്ടീഷുകാർ ഏകദേശം സ്വതന്ത്രമായി വിട്ട മിസോകൾ ഇന്ത്യക്കാരല്ല എന്ന വാദഗതിയുടെ വക്താവായിരുന്നു.

1950-കളുടെ അവസാനത്തിലെ ക്ഷാമത്തിനു ശേഷം ആസാം അതിന്റെ കിഴക്കേ അറ്റത്തെ ജില്ലയായ മിസോറമിനു ആവശ്യമായ സാമഗ്രികൾ എത്തിക്കുന്നതിൽ പരാജയപ്പെട്ടു. ഇത് മിസോറമിലെ ജനങ്ങളിൽ കടുത്ത അസംതൃപ്തി വളർത്തി. ലാൽദെങ്കയുടെ മിസോ നാഷണൽ ഫ്രണ്ടിന്റെ ഉദയം ഇവിടെയാണ്. 1966 ഫെബ്രുവരി 28-നു എം.എൻ.എഫ്. മിസോറം ജില്ലയിലെ പ്രധാന പട്ടണങ്ങൾ ആക്രമിച്ചു, സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും മിസോകൾ ഡൽഹിക്ക് എതിരായി അണിനിരക്കാൻ ആഹ്വാനം ചെയ്തു. ഇന്ത്യൻ സർക്കാർ ഇതിനു മറുപടിയായി സൈന്യത്തെ അയക്കുകയും വിമാനസേന ഉപയോഗിച്ച് ബോംബ് വർഷിക്കുകയും ചെയ്തു. മലകളിൽ നിന്ന് ഗ്രാമീണർ കുടിയൊഴിപ്പിക്കപ്പെട്ടു.

കിഴക്കേ പാക്കിസ്ഥാൻ 1971-ൽ സ്വതന്ത്രമായി ബംഗ്ലാദേശ് രാജ്യം രൂപവത്കരിച്ചതിനു പിന്നാലെ ലാൽദെങ്കയുടെ അനുയായികൾ ബർമ്മയിലേക്ക് ചിതറിപ്പോവുകയും ലാൽദെങ്ക പാക്കിസ്ഥാനിലേക്ക് താവളം മാറ്റുകയും ചെയ്തു. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി യൂറോപ്പിൽ വെച്ച് നടന്ന രഹസ്യകൂടിക്കാഴ്ചകൾക്കു ശേഷം അദ്ദേഹം മിസോറം പ്രശ്‌നത്തിനു സമാധാനപരമായ ഒരു പരിഹാരം തേടുവാനായി ഇന്ത്യയിൽ തിരിച്ചുവന്നു. രാജീവ് ഗാന്ധി 1986-ൽ സമാധാന ഉടമ്പടി ഒപ്പുവെച്ചക്കുന്നതുവരെ ചർച്ചകൾ മെല്ലെ പുരോഗമിച്ചു. ഈ സമാധാന ഉടമ്പടി മിസോ ഗറില്ലകൾ ആയുധം വെടിയുന്നതിനു കാരണമായി. മിസോറം ഇന്ത്യയിലെ ഒരു പൂർണ്ണ സംസ്ഥാനമായി. ലാൽദെങ്ക താൽക്കാലിക മുഖ്യമന്ത്രി ആയി സ്ഥാനമേറ്റു.

പിന്നീട് നടന്ന ആദ്യ സംസ്ഥാന നിയമദസഭാതിരഞ്ഞെടുപ്പിൽ എം.എൻ.എഫ്. ഭൂരിപക്ഷം നേടുകയും ലാൽദെങ്ക മുഖ്യമന്ത്രി ആവുകയും ചെയ്തു. എന്നാൽ കൂറുമാറ്റത്തെ തുടർന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്തായി. 1990-ൽ ശ്വാസകോശാർബുദം ബാധിച്ച് 53-ആം വയസ്സിൽ പു ലാൽദെങ്ക മരിച്ചു. അതിന് ശേഷം സോറംതങ്ക നേതാവായി. 1998മുതൽ 2008 വരെ സംസ്ഥാനം ഭരിച്ചു. അതിന് ശേഷം അധികാരം നഷ്ടമായി. സോറംതങ്കയുടെ നേതൃത്വത്തിലാണ് ഇത്തവണയും എംഎൻഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ സോറംതങ്ക വീണ്ടും മീസോറാമിനെ ഭരിക്കാനെത്തുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP