Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുപിഎയും മഹാസഖ്യവും പൊളിഞ്ഞടുങ്ങി; കാവി തരംഗത്തിൽ തിളങ്ങി ഇന്ത്യ; ലീഡ് നിലയിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച ബിജെപി ഒറ്റയ്ക്ക് 300 കടക്കുമ്പോൾ എൻഡിഎ നടത്തിയത് വമ്പൻ മുന്നേറ്റം; യുപിയിലും മഹാരാഷ്ട്രയിലും ബീഹാറിലും കർണാടകയിലും ബംഗാളിലും ഒഡീഷയിലും അടക്കം എല്ലായിടത്തും ബിജെപിക്ക് വമ്പൻ വിജയം; രാജ്യം കാവി പുതയ്ക്കുമ്പോൾ അന്തിച്ച് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും; മോദി അധികാരത്തിൽ തിരിച്ചെത്തുമ്പോൾ

യുപിഎയും മഹാസഖ്യവും പൊളിഞ്ഞടുങ്ങി; കാവി തരംഗത്തിൽ തിളങ്ങി ഇന്ത്യ; ലീഡ് നിലയിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച ബിജെപി ഒറ്റയ്ക്ക് 300 കടക്കുമ്പോൾ എൻഡിഎ നടത്തിയത് വമ്പൻ മുന്നേറ്റം; യുപിയിലും മഹാരാഷ്ട്രയിലും ബീഹാറിലും കർണാടകയിലും ബംഗാളിലും ഒഡീഷയിലും അടക്കം എല്ലായിടത്തും ബിജെപിക്ക് വമ്പൻ വിജയം; രാജ്യം കാവി പുതയ്ക്കുമ്പോൾ അന്തിച്ച് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും; മോദി അധികാരത്തിൽ തിരിച്ചെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്ക് അപ്പുറം കാര്യങ്ങൾ പോയി. രാജ്യത്ത് വീണ്ടും മോദി തരംഗം അലയടിച്ചു. യുപിയിലും മഹാരാഷ്ട്രയിലും ബീഹാറിലും കർണ്ണാടകയിലും ബംഗാലിലും ഒഡീഷയിലും അത്ഭുത മുന്നേറ്റം നടത്തി ബിജെപി കുതിക്കുകയാണ്. ബിജെപിയുടെ നില കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെടുമെന്നാണ് സൂചന. കോൺഗ്രസിനും അൽപ്പം സീറ്റ് കൂടും. എന്നാൽ മറ്റു കക്ഷികൾക്ക് ബിജെപിയെ തടഞ്ഞു നിർത്താനായില്ല. ഇതോടെ രാജ്യത്ത് വീണ്ടും ബിജെപി ഭരണം എത്തുകായണ്. എൻഡിഎയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയുമുണ്ട്. യുപിഎയും മഹാസഖ്യവും പൊളിഞ്ഞടുങ്ങുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്. എക്‌സിറ്റ് പോളിന് പോലും പ്രവചിക്കാനാകാത്ത മുന്നേറ്റമാണ് ബിജെപി നേടുന്നത്. ഈ സാഹചര്യത്തിലാണ് അഞ്ച് കൊല്ലം മുമ്പത്തേക്കാൾ മോദി തരംഗം രാജ്യത്ത് ദൃശ്യമാണെന്ന വിലയിരുത്തൽ സജീവമാകുന്നത്.

എൻഡിഎ: 325
യുപിഎ: 107
മഹാഗഡ്ബന്ധൻ: 25
മറ്റുള്ളവർ: 85

 

എക്‌സിറ്റ് പോളുകളിൽ ചിലത് എൻഡിഎയ്ക്ക് 330 സീറ്റ് പ്രവചിച്ചിരുന്നു. എന്നാൽ അതും കടക്കുന്ന പ്രകടനം ഉണ്ടാകുമെന്നാണ് സൂചന. ബിജെപിക്ക് കഴിഞ്ഞ തവണ 282 സീറ്റ് കിട്ടി. ഇതും മറികടക്കാനാണ് സാധ്യത. ദേശീയതയിൽ ഊന്നി ബിജെപി നടത്തിയ പ്രചരണം ഫലം കണ്ടു. ബലാക്കോട്ടും സർജിക്കൽ സ്‌ട്രൈക്കുമെല്ലാം ബിജെപിക്ക് വോട്ടുകൾ നൽകി, അങ്ങനെ കേരളത്തിലും പഞ്ചാബിലും ഒഴികെ ഒരിടത്തും കോൺഗ്രസിന് മുന്നേറാനായില്ല. തമിഴ്‌നാട്ടിൽ ഡിഎംകെയും നേട്ടമുണ്ടാക്കി. എന്നാൽ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി തരംഗമായി. ഡൽഹി അടക്കം എല്ലാം പിടിച്ചെടുത്ത് ബിജെപി മുന്നേറി. ഇതോടെ മോദി രണ്ടാമതും തുടർച്ചായി ഭരണത്തിലെത്തുകയാണ്. അഞ്ച് കൊല്ലം ഭരണം പൂർത്തിയാക്കി വീണ്ടും അധികാരത്തിലെത്തുന്ന ആദ്യ കോൺഗ്രസ് ഇതര നേതാവാവുകയാണ് മോദി.

എക്‌സിറ്റ് പോളുകൾ ശരിവയ്ക്കുന്ന തരത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യസൂചനകൾ ഏവരേയും ഞെട്ടിച്ചു. വെല്ലുവിളികളൊന്നും തടസ്സമാകാതെ രാജ്യത്ത് എൻഡിഎ മുന്നേറ്റം വീണ്ടും ദൃശ്യമാവുകയാണ്. രാവിലെ ഒൻപതരയോടെയുള്ള ഫലസൂചനകളിൽ പത്ത് മണിയോടെ തന്നെ 542 ൽ 250 ലേറെ സീറ്റുകളിലേക്ക് എൻഡിഎയുടെ ലീഡ് ഉയർന്നു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഉൾപ്പെടുന്ന യുപിഎ വളരെ പിന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ. ദേശീയതലത്തിൽ 10 ഏജൻസികൾ നടത്തിയ എക്‌സിറ്റ് പോൾ സർവേകളിൽ ഒൻപതിലും എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.

10 സർവേകളുടെയും പൊതുശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 304 സീറ്റ് നേടുമെന്നായിരുന്നു. എന്നാൽ ഇതും മറികടക്കുന്നതാണ് പ്രകടനം. കഴിഞ്ഞദിവസം ഘടകകക്ഷികൾക്ക് ഒരുക്കിയ അത്താഴവിരുന്നിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രകടിപ്പിച്ച സന്തോഷത്തിനു വൻവിജയം വരാനിരിക്കുന്നുവെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അമിത് ഷാ വിളിച്ച വിരുന്നിൽ ആതിഥേയനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യന്തം പങ്കെടുത്തു. വിരുന്നിൽ 39 കക്ഷികളുടെ പിന്തുണ എഴുതി വാങ്ങാനും ബിജെപിക്കായി. 2014ൽ ഭൂരിപക്ഷം എക്‌സിറ്റ് പോൾ സർവേകളും എൻഡിഎ വിജയം പ്രവചിച്ചെങ്കിലും ഒരു ഏജൻസി ഒഴികെ മറ്റെല്ലാവരും പറഞ്ഞതിനേക്കാൾ വലിയ വിജയമാണ് എൻഡിഎ യഥാർഥത്തിൽ നേടിയത്. 2014ൽ രണ്ടു സർവേകൾ മാത്രമാണ് എൻഡിഎക്ക് മുന്നൂറിലേറെ സീറ്റ് പ്രവചിച്ചിരുന്നത്. ഇത്തവണ 6 സർവേകളും.

ഫലം അനുകൂലമാകുമെന്ന നിഗമനത്തിൽ കേന്ദ്രമന്ത്രിമാരെല്ലാം ഡൽഹിയിൽ എത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിരുന്നു. എക്‌സിറ്റു പോളുകൾക്കു പിന്നാലെ കൃതജ്ഞതാ സംഗമം എന്നു പേരിട്ടു പാർട്ടി ആസ്ഥാനത്തു നടത്തിയ ചടങ്ങിലും എൻഡിഎ അധികാരത്തിൽ തുടരുമെന്നു നേതാക്കളുടെ ശരീരഭാഷയിൽ വ്യക്തമായിരുന്നു. ആശംസകളും പൂക്കളുമായി മന്ത്രിമാർ മോദിയെ പൊതിഞ്ഞു. പാർട്ടിയുടെ വക ഭീമൻ ഹാരാർപ്പണവും ഉണ്ടായിരുന്നു. ഇതെല്ലാം ശരിവയ്ക്കുന്നതാണ് പുറത്തു വന്ന ഫലവും. നോട്ടുനിരോധനവും ജിഎസ്ടിയും ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു. ഇതൊന്നും ബിജെപിക്ക് ദോഷം ചെയ്തില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്.

ഉത്തർപ്രദേശിലെ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ ലീഡ് കിട്ടിയിട്ടുണ്ട് കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ്, മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി ശാലിനി യാദവ് എന്നിവരാണ് മോദിക്ക് പിന്നിൽ. 2014 ൽ വാരാണസിയിൽ മോദി 3 ലക്ഷം വോട്ടുകളുടെ ഭൂരപക്ഷത്തിലാണ് വിജയിച്ചത്. ഇതോടൊപ്പം മോദി മത്സരിച്ച മറ്റൊരു മണ്ഡലമായ ഗുജറാത്തിലെ വഡോദരയിലും മികച്ച വിജയം കാഴ്ചവച്ചിരുന്നു. എന്നാൽ ഇത്തവണ വഡോദര ഒഴിവാക്കി വാരാണസിയിൽ മാത്രമാണ് മോദി ജനവിധി തേടിയത്. അതേസമയം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിൽ മത്സരിക്കുന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ അവസാന നിമിഷം പ്രിയങ്കയെ ഒഴിവാക്കി അജയ് റായിയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ബിജെപിക്കെതിരെ രൂപം കൊണ്ട എസ്‌പി-ബിഎസ്‌പി സഖ്യം ബിഹാറിലും ഉത്തർപ്രദേശിലും തകർന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ബംഗാളിലും ബിജെപി മികച്ച ഭൂരിപക്ഷം സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ 10ഓളം ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകളിലും എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. ബിജെപി തനിച്ച് ഭൂരിപക്ഷം നേടുമെന്ന് പല സർവേകളും പ്രവചിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP