Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുലിന്റെ ഓട്ട പ്രദക്ഷിണവും മോദി വിരുദ്ധ മഹാസഖ്യവും പെട്രോൾ വിലയും കർഷക ദ്രോഹവും നോട്ട് നിരോധനവും ഒക്കെ വെറുതെയായി; എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് രാജ്യത്തെ കാവി പുതപ്പിച്ച് അജയനായി മുമ്പോട്ട്; രണ്ടാം വരവിൽ നോൺസ്റ്റോപ്പ് നമോ! ആയുധങ്ങളെല്ലാം പുറത്തെടുത്ത രാഹുലിനെ പുഷ്പ്പം പോലെ മലർത്തിയടിച്ച് തെരഞ്ഞെടുപ്പ് ഗോദയിലെ മഹാമല്ലനായി നരേന്ദ്ര മോദി; മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പിടിച്ചു കെട്ടാൻ ഇനിയാർക്ക് കഴിയും?

രാഹുലിന്റെ ഓട്ട പ്രദക്ഷിണവും മോദി വിരുദ്ധ മഹാസഖ്യവും പെട്രോൾ വിലയും കർഷക ദ്രോഹവും നോട്ട് നിരോധനവും ഒക്കെ വെറുതെയായി; എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് രാജ്യത്തെ കാവി പുതപ്പിച്ച് അജയനായി മുമ്പോട്ട്; രണ്ടാം വരവിൽ നോൺസ്റ്റോപ്പ് നമോ! ആയുധങ്ങളെല്ലാം പുറത്തെടുത്ത രാഹുലിനെ പുഷ്പ്പം പോലെ മലർത്തിയടിച്ച് തെരഞ്ഞെടുപ്പ് ഗോദയിലെ മഹാമല്ലനായി നരേന്ദ്ര മോദി; മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പിടിച്ചു കെട്ടാൻ ഇനിയാർക്ക് കഴിയും?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഞ്ച് കൊല്ലം അധികാരം പൂർത്തിയാക്കി വീണ്ടും കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന നേതാവാവുകയാണ് നരേന്ദ്ര മോദി. മോദി തരംഗം വീണ്ടും ആഞ്ഞടിക്കുമ്പോൾ ഇത് അമിത് ഷായുടെ കൂടെ വിജയമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ മോദിയുടെ വിശ്വസ്തനായ അമിത് ഷാ ഇന്നും തന്ത്രങ്ങളിലൂടെ നേതാവിനെ വിജയിപ്പിക്കുകയാണ്. പ്രതിപക്ഷം ഒന്നടങ്കം കടന്നാക്രമണം നടത്തിയിട്ടും പതറാതെ മോദി മുന്നോട്ട് നീങ്ങി. ഭരണത്തിൽ മോദി ശ്രദ്ധിച്ചപ്പോൾ പാർട്ടിയെ ആകെ അമിത് ഷാ കൈപ്പിടിയിൽ ഒതുക്കി. മധ്യപ്രദേശിലും രാജസ്താനും ചത്തീസ് ഗഡിലും തോറ്റതോടെ മോദി പ്രഭാവം മങ്ങിയെന്ന വിലയിരുത്തലെത്തി. ഉത്തർ പ്രദേശിൽ സീറ്റ് കുറയുമെന്ന് അമിത് ഷായ്ക്കുറപ്പായിരുന്നു. അതിന് അനുസരിച്ച് തന്ത്രങ്ങൾ നടപ്പാക്കി. അങ്ങനെ വീണ്ടും മോദി അധികാരത്തിൽ. ഇനി നമോയുടെ രണ്ടാം പതിപ്പ്.

റഫാലിലൂടെ അഴിമതിയും നോട്ട് നിരോധനത്തിന്റെ സാമ്പത്തികവും ഏകാധിപത്യത്തിന്റെ രാഷ്ട്രീയവുമാണ് പ്രതിപക്ഷം മോദിക്കെതിരെ ആയുധമാക്കിയത്. ഇതിനെ എല്ലാം ദേശീയതയെന്ന ഒറ്റ മുദ്രാവാക്യത്തിൽ മോദി തകർത്തു. ബലാക്കോട്ടിലെ സർജിക്കൽ സ്‌ട്രൈക്കും മോദിക്ക് പുതിയ ദേശീയ നേതാവിന്റെ ഇമേജ് നൽകി. റാഫേലിന് പകരം ബോഫോഴ്‌സും സിഖ് വിരുദ്ധ കലാപവും ചർച്ചയാക്കി കോൺഗ്രസിനെ ആക്രമിക്കാൻ മോദി തയ്യാറായി. ഇതും വിജയമായി. ഇതിനൊപ്പം ബംഗാളിലും ഒഡീഷയിലും സംഘടന അതിശക്തമായി ചലിപ്പിച്ചും ബിജെപിക്കായി അമിത് ഷാ അണിയറയിൽ തന്ത്രങ്ങളൊരുക്കി. അങ്ങനെ മോദിയും അമിത് ഷായും ചേർന്ന് ബിജെപിയെ വിജയവഴിയിൽ എത്തിക്കുകയാണ്. ശിവസേനയേയും നിതീഷ് കുമാറിനേയും ഒരുമിച്ച് നിർത്തിയായിരുന്നു സഖ്യത്തെ അമിത് ഷാ രക്ഷിച്ചെടുത്തത്.

രാഹുലിന്റെ ഓട്ട പ്രദക്ഷിണവും മോദി വിരുദ്ധ മഹാസഖ്യവും പെട്രോൾ വിലയിലെ വർദ്ധനവും കർഷക ദ്രോഹവും നോട്ട് നിരോധനവും ഒക്കെ ചർച്ചയാക്കിയത് വെറുതെയായി. എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് രാജ്യത്തെ കാവി പുതപ്പിച്ച് അജയനായി മുമ്പോട്ട് കുതിക്കുകയാണ് മോദിയും ബിജെരിയും. രണ്ടാം വരവിൽ നോൺസ്റ്റോപ്പ് നമോയാണ് രാജ്യം കാത്തിരിക്കുന്നത്. ആയുധങ്ങളെല്ലാം പുറത്തെടുത്ത രാഹുലിനെ പുഷ്പ്പം പോലെ മലർത്തിയടിച്ച് തെരഞ്ഞെടുപ്പ് ഗോദയിലെ മഹാമല്ലനായി നരേന്ദ്ര മോദി മാറുകയാണ്. മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പിടിച്ചു കെട്ടാൻ ഇനിയാർക്ക് കഴിയുമെന്നതാണ് ഉയരുന്ന ചോദ്യം.

എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ എൻ.ഡി.എയാണ് മുന്നേറിയത്. നിയമസഭയിൽ തോറ്റ രാജസ്ഥാനും മധ്യപ്രദേശും ചത്തീസ് ഗഡിൽ പോലും ബിജെപി വമ്പൻ തിരിച്ചു വരവ് നടത്തി. തമിഴ്‌നാട്ടിൽ ഡി.എം.കെ സഖ്യത്തിനാണ് ലീഡ്. ബിജെപിയും തൃണമൂൽ കോൺഗ്രസും നേർക്കുനേർ പൊരുതിയ ബംഗാളിലും അമിത് ഷായുടെ തന്ത്രങ്ങൾ ഫലം കണ്ടു. രണ്ട് സീറ്റിൽ നിന്ന് വമ്പൻ കുതിപ്പ് ബംഗാളിൽ ബിജെപി നടത്തി. നോർത്ത് ഈസ്റ്റിൽ പിടിമുറുക്കിയതും ഫലം കണ്ടു. എല്ലാത്തിനും പ്രധാനം ഉത്തർപ്രദേശിൽ കരുത്തരായ സ്ഥാനാർത്ഥികളെ നിർത്തി 50ൽ അധികം സീറ്റ് നേടിയ അമിത് ഷായുടെ നീക്കമാണ് ബിജെപിക്ക് ഗുണകരമായത്. ഉത്തർപ്രദേശ് പിടിച്ചാൽ അധികാരം എന്ന സമവാക്യം വീണ്ടും തെരഞ്ഞെടുപ്പിൽ യാഥാർത്ഥ്യമായി.

തുടർച്ചയായ ഭരണമെന്ന മുദ്രാവാക്യവുമായാണ് മോദി അധികാരം ഏറ്റെടുത്ത്. അത് നേടിയെടുക്കുകയാണ് മോദി. അതിന് തോളോട് തോൾ ചേർന്ന് അമിത് ഷാ നിന്നു. രാഹുൽ ഗാന്ധിയും കൂട്ടരും സർവ്വ ശക്തിയുമെടുത്ത് ആഞ്ഞടിച്ചു. ഉത്തർ പ്രദേശിൽ ബിജെപിയെ പാഠം പഠിപ്പിക്കാൻ എസ് പിയും ബിഎസ്‌പിയും ഒരുമിച്ചു. അപ്പോഴും യുപിയിൽ വിജയം നേടാനായത് ബിജെപിയുടെ കരുത്താണ്. യോഗി ആദിത്യനാഥ് സർക്കാരിന്റെ വിജയമായും ഇതു വിലയിരുത്തപ്പെടും. ബിജെപിക്ക് അധികാരമുള്ളിടത്തെല്ലാം എൻഡിഎ തന്നെ മുന്നിലെത്തി. എന്നാൽ കോൺഗ്രസിന് അധികാരമുള്ള പഞ്ചാബിൽ മാത്രമാണ് ബിജെപിയെ തോൽപ്പിക്കാൻ അവർക്ക് കഴിഞ്ഞത്. ആംആദ്മി പാർട്ടിയുടെ തകർച്ചയും കണ്ടു. ഇടതുപക്ഷവും തോറ്റ് തുന്നമ്പാടി. ബീഹാറിൽ ലല്ലു പ്രസാദ് യാദവിനും ഒന്നും ചെയ്യാനായില്ല.

ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്നും എന്നാൽ എൻഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്നുമായിരുന്നു പ്രവചനങ്ങൾ. എന്നാൽ ഇതെല്ലാം അപ്രസക്തമായി മോദി വീണ്ടും ജയിക്കുമ്പോൾ കേന്ദ്ര ഭരണത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം മോദിക്ക് തന്നെ നൽകുകയാണ് ജനങ്ങൾ. മഹാരാഷ്ട്രയിൽ ശിവസേനയ്ക്കും ബീഹാറിൽ നീതീഷിനും ഇനി ബിജെപിക്ക് മേൽ സമ്മർദ്ദം ചെലുത്താനാകില്ല. മഹാരാഷ്ട്രയിൽ ശിവസേനയേക്കാൾ സീറ്റുകൾ ബിജെപി നേടുന്നുണ്ട്. ബീഹാറിലും ഒപ്പത്തിനൊപ്പം. ബിജെപിയിൽ നിന്ന് കൂടുമാറി കോൺഗ്രസിലെത്തിയ ശത്രുഘനൻ സിൻഹയുടെ പരാജയവും ബിജെപിക്ക് ആഹ്ലാദിക്കാൻ വക നൽകുന്നതാണ്. വിമത പരിവേഷവുമായി മോദിയെ വെല്ലുവിളിച്ചവരെല്ലാം തോറ്റു. തമിഴ്‌നാട്ടിലും കേരളത്തിലും ആന്ധ്രയിലും തെലുങ്കാനയിലും ഒഴികെ എല്ലായിടത്തും മോദി സർവ്വ സൈനാധിപന്റെ സാന്നിധ്യം അറിയിച്ചു.

2014ൽ മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി എത്തിയത് അനുകൂല രാഷ്ട്രീയ അന്തരീക്ഷത്തിലേക്കാണ്. കോൺഗ്രസ് സർക്കാരിനെതിരെയുള്ള അഴിമതി കഥകൾ. നിർഭയ കൂട്ടബലാൽസംഗത്തിനു ശേഷമുള്ള യുവരോഷം. മുസഫർ നഗർ കലാപം ഉയർത്തിയ അപകടകരമായ ധ്രുവീകരണം. എന്നാൽ ഇത്തവണ ഇതെന്നും ബിജെപിക്ക് തുണയായി ഉണ്ടായിരുന്നില്ല. പാർലമെന്റ് കവാടത്തിൽ നമസ്‌കരിച്ച് അകത്ത് കയറിയ മോദി പക്ഷേ പാർലമെന്ററി മര്യാദകൾക്ക് വലിയ വില നല്കിയിവ്വെന്നും അധികാരം തന്നിൽ കേന്ദ്രീകരിക്കുന്ന സംവിധാനത്തിനു രൂപം നല്കിയെന്നും പ്രതിപക്ഷ ആരോപണവുമായി എത്തി. മോദി അമിത് ഷാ കൂട്ടുകെട്ട് എല്ലാം നിർണ്ണയിച്ചു. ഇവരെ പിടിച്ചു കെട്ടാൻ ഇപ്പോഴും കഴിയുന്നില്ല. അങ്ങനെ പ്രതികൂല ഘടകങ്ങളെ അതിജീവിച്ച് ബിജെപി അധികാരത്തിൽ എത്തുകയാണ്.

അവിശ്വസനീയ വിജയങ്ങൾ അഞ്ചുവർഷത്തിൽ മോദി പാർട്ടിക്ക് സമ്മാനിച്ചു. ഉത്തർപ്രദേശ് പിടിച്ചെടുത്തു. രാഷ്ട്പതി കസേരയിൽ ഇതാദ്യമായി ഒരു സംഘപരിവാർ നേതാവിനെ എത്തിച്ചു. എന്നാൽ 2018- അവസാനത്തോടെ മോദി പുറത്തേക്കെന്ന പ്രതീതി ഉണ്ടാക്കി. ഇതു വെറും പ്രതീക്ഷയാണെന്ന് മോദി തെളിയിക്കുകയാണ്. ഹിന്ദുത്വ വികാരവും ദേശീയതയും തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചു. സംസ്ഥാന നിയമസഭകളിലെ മുൻതൂക്കം ഹിന്ദു ഹൃദയഭൂമിയിൽ നിലനിറുത്തി. അങ്ങനെ മോദി വീണ്ടും അധികാരത്തിൽ. അമിത് ഷായുടെ ചടുലമായ തന്ത്രങ്ങളാണ് ബിജെപിയെ രക്ഷിച്ചത്. ഹിന്ദി ഹൃദയഭൂമിയിൽ മികച്ച നേട്ടമാണ് ബിജെപി സ്വന്തമാക്കുന്നത്.

മഹാരാഷ്ട്രയിലും രാജസ്ഥാനിലും മികച്ച നേട്ടമാണ് എൻഡിഎയ്ക്ക് നേടാനാകുന്നത്. രാജസ്ഥാനിൽ ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുത്ത കോൺഗ്രസിന് തിരിച്ചടിയാണ് ലോക്‌സഭ നൽകിയത്. എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റി ശിവസേനയുമായി കൈ കോർത്ത മഹാരാഷ്ട്രയിൽ എൻഡിഎക്ക് തന്നെ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് നേരത്തേ എക്‌സിറ്റ് പോളുകളെല്ലാം പ്രവചിച്ചിരുന്നതാണ്. അത് തന്നെയാണ് സംഭവിക്കുന്നതും. ഇതിന് പിന്നിലും അമിത് ഷായുടെ കരുതലായിരുന്നു. ഇനി കർണ്ണാടകയിലും രാജസ്ഥാനിലും അട്ടിമറികളിലൂടെ അധികാരം പിടിക്കാൻ മോദിയും ബിജെപിയും ശ്രമിക്കും. ബിജെപിക്ക് ഇനി രണ്ട് നേതാക്കളേ ഉള്ളൂ. മോദിയും പിന്നെ അമിത് ഷായും. ആർഎസ്എസ് നിർദ്ദേശങ്ങൾ പോലും ഇവർ എങ്ങനെ ഇനി കൈകാര്യം ചെയ്യുമെന്നതാണ് ഉയരുന്ന വിഷയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP