Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി ഭരണത്തിന് കീഴിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നു; കേന്ദ്രത്തിൽ തുടർഭരണം ഉറപ്പ്; നോട്ടു പിൻവലിക്കൽ ഭരണത്തിലെ ഏറ്റവും മികച്ച തീരുമാനം; ന്യൂനപക്ഷങ്ങളും ഭരണത്തിൽ തൃപ്തർ; മൂന്ന് വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി മോദിക്കും സർക്കാറിനും ഡിസ്റ്റിങ്ഷൻ നൽകി മറുനാടൻ വായനക്കാർ: സർവേഫലം പുറത്തുവിടുന്നു

മോദി ഭരണത്തിന് കീഴിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നു; കേന്ദ്രത്തിൽ തുടർഭരണം ഉറപ്പ്; നോട്ടു പിൻവലിക്കൽ ഭരണത്തിലെ ഏറ്റവും മികച്ച തീരുമാനം; ന്യൂനപക്ഷങ്ങളും ഭരണത്തിൽ തൃപ്തർ; മൂന്ന് വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി മോദിക്കും സർക്കാറിനും ഡിസ്റ്റിങ്ഷൻ നൽകി മറുനാടൻ വായനക്കാർ: സർവേഫലം പുറത്തുവിടുന്നു

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്രഭരണത്തിൽ മൂന്ന് വർഷം പിന്നിടുന്ന ബിജെപി സർക്കാറിനെ വിലയിരുത്താൻ മറുനാടൻ മലയാളി നടത്തിയ സർവേ പൂർണമാകുമ്പോൾ ഭരണത്തിനും സർക്കാറിനും ഡിസ്റ്റിങ്ഷൻ നൽകി മറുനാടൻ വായനക്കാർ. കേന്ദ്രത്തിലെ ബിജെപി ഭരണവും പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ പ്രവർത്തനങ്ങളും വളരെ മികച്ചു നിൽക്കുന്നതാണെന്നാണ് സർവേഫലം വ്യക്തമാക്കുന്നത്. 13811 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ ഭൂരിപക്ഷം പേരും മോദിക്കും കേന്ദ്രസർക്കാറിനും അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തി. കേന്ദ്രത്തിന്റെ പരിഷ്‌ക്കരണ നടപടികൾക്ക് പിന്തുണ നൽകുന്നതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിൽ പുറത്തുവന്ന ഫലം വ്യക്തമാക്കുന്നതു മോദിയുടെ ജനപ്രീതിയാണെന്ന് സർവേയിൽ പങ്കെടുത്ത വോട്ടർമാർ വിധിയെഴുതി.

രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് പോലും ബിജെപി ഭരണം ഗുണപ്രദമായെന്നും മോദിയുടെ നേതൃത്വത്തിലുള്ള ഭരണം കേരള സർക്കാറിന് പോലും ഗുണകരമായി എന്നുമാണ് സർവേഫലം വ്യക്തമാക്കുന്നത്. ചുരുക്കത്തിൽ ഭരണത്തിൽ പോരായ്മ്മകൾ പലതുണ്ടെങ്കിലും മോദിയുടെ ജനപ്രീതി ഇനിയും കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സർവേഫലം. 16 ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് മറുനാടൻ സർവേ സംഘടിപ്പിച്ചത്. മൂന്ന് ദിവസം നീണ്ടു നിന്ന വോട്ടെടുപ്പിന് ശേഷമാണ് ഫലം ഇന്ന് പ്രസിദ്ധീകരിക്കുന്നത്.

മറുനാടൻ സർവേയിലെ ആദ്യ ചോദ്യമായിരുന്നു മോദി സർക്കാറിനെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്നത്. സർവേയിൽ പങ്കെടുത്തവരിൽ 50.1 ശതമാനം പേരാണ് മോദി സർക്കാറിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചത് എന്ന് ഈ ചോദ്യത്തോട് പ്രതികരിച്ച് അഭിപ്രായം ഉന്നയിച്ചത്. 16.7 ശതമാനം പേർ മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ ശരാശരിയെന്ന് 11.2 ശതമാനം പേർ വ്യക്തമാക്കി. മോശമാണെന്ന് 9.3 ശതമാനം പേരും വളരെ മോശമാണെന്ന് 12.6 ശതമാനം പേരും അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ പ്രവർത്തനം എങ്ങനെ എന്നതായിരുന്നു സർവേയിൽ മറ്റൊരു പ്രധാനപ്പെട്ട ചോദ്യം. മോദിയുടെ ജനപ്രീതയിയിൽ ഇടിവു തട്ടിയോ എന്നറിയുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ഈ ചോദ്യത്തോടും അനുകൂലമായ അഭിപ്രായമാണ് സർവേയിൽ പങ്കെടുത്തവർ രേഖപ്പെടുത്തിയത്. വളറെ മികച്ച പ്രവർത്തനം പ്രധാനമന്ത്രി മോദി കാഴ്‌ച്ചവെച്ചു എന്ന 60.1 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ മികച്ചത് എന്ന അഭിപ്രായം 9.9 ശതമാനം പേർ രേഖപ്പെടുത്തി. 11.1 ശതമാനം പേർ ശരാശരി എന്ന് രേഖപ്പെടുത്തിയപ്പോൾ മോശം എന്ന് 7.8 ശതമാനം പേർ മോശമെന്ന് അഭിപ്രായപ്പെട്ടപ്പോൾ വളരെ മോശമെന്ന് 11.1 ശതമാനവും പറഞ്ഞു.

കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ഏറ്റവും ശ്രദ്ധിക്കപ്പെട്ടതായ നടപടി 500, 1000 നോട്ടുകളുടെ നിരോധനമായിരുന്നു. അപ്രതീക്ഷിതമായ നോട്ട് പിൻവലിക്കൽ ജനകോടികളെ ശരിക്കും വലച്ചു. എന്നാൽ, കള്ളപ്പണക്കാർക്കെതിരായ സർജിക്കൽ സ്‌ട്രൈക്ക് തന്നെയായിരുന്നു ഇത്. കള്ളപ്പണക്കാർക്കും കള്ളനോട്ടുകാർക്കും കനത്ത പ്രഹരമായി മാറി കേന്ദ്രസർക്കാറിന്റെ അപ്രതീക്ഷിതമായ ഈ നീക്കം. നോട്ടു പിൻവലിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും പ്രധാനമന്ത്രിക്ക് ഒപ്പം നിൽക്കുന്ന നിലപാടാണ് സർവേയിലുണ്ടായത്. നോട്ട് നിരോധനത്തിന്റെ ഫലം രാജ്യത്തിന് ലഭിച്ചുവെന്ന് 41.7 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഒരു പരിധി വരെ എന്ന് 26.5 ശതമാനം പേരും അഭിപ്രായപ്പെട്ടപ്പോൾ രാജ്യത്തിന് ഇതുകൊണ്ട് പ്രയോജനം ലഭിച്ചില്ലെന്ന് 16 ശതമാനം പേർ പറഞ്ഞു. തിരിച്ചടിയായെന്ന് 15.8 ശതമാനവും അഭിപ്രായപ്പെട്ടു.

മോദി സർക്കാറിന്റെ ഏറ്റവും മികച്ച തീരുമാനം ഏതെന്ന ചോദ്യത്തിനും നോട്ടുപിൻവലിക്കലാണെന്നാണ് ഭൂരിപക്ഷാഭിപ്രായം. 37.4 ശതമാനം പേരാണ് ഈ വിഷയം തിരഞ്ഞെടുത്തത്. ജൻധൻ യോജനയെ 7.2 ശതമാനം പേരും സ്വച്ഛ് ഭാരതിനെ9.9 ശതമാനം പേരും പിന്തുണച്ചു. ജിഎസ്ടി നടപ്പിലാക്കാനുള്ള തീരുമാനത്തിനും മികച്ച പിന്തുണ ലഭിച്ചു. 30.2 ശതമാനം പേർ ഈ തീരുമാനത്തെ അനുകൂലിച്ചപ്പോൾ 15.2 ശതമാനം പേർ പാക്കിസ്ഥാനെതിരായ മിന്നലാക്രമണമാണ് ഏറ്റവും മികച്ച നടപടിയായി അഭിപ്രായപ്പെട്ടത്.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ മോദി സർക്കാറിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് 55.8 ശതമാനം പേർ പറഞ്ഞത്. 20.5 ശതമാനം അല്ലെന്നും 15.6 ശതമാനം പേർ ആയിരിക്കാം എന്നും അഭിപ്രായപ്പെട്ടു. സ്വാധീനിച്ചില്ലെന്ന് അഭിപ്രായപ്പെട്ടത് 7.9 ശതമാനം പേരാണ്. അതേസമയം കാർഷിക മേഖലയിലാണ് ഈ സർക്കാറിന് ഏറ്റവും അധികം വീഴ്‌ച്ച പറ്റിയതായി സർവേയിൽ അഭിപ്രായം ഉണ്ടായത് കാർഷിക മേഖലയിൽ തന്നെയാണ്. 41.3 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തി. ഭീകരവാദത്തെ ചെറുക്കുന്നതിൽ സർക്കാറിന് വീഴ്‌ച്ച പറ്റിയെന്ന് 28.1 ശതമാനം പേരും ധനകാര്യത്തിൽ വീഴ്‌ച്ചയെന്ന് 15.2 ശതമാനവും അഭിപ്രായപ്പെട്ടു. അഴിമതി നിർമ്മാർജ്ജം ചെയ്യുന്നതിൽ വീഴ്‌ച്ചയെന്ന് 12.7 ശതമാനവും അഭിപ്രായപ്പെട്ടു.

മോദി ഭരണത്തിൽ ന്യൂനപക്ഷങ്ങൾ അരക്ഷിതരാണെന്ന വാദം ശക്തമായി ഉയരുമ്പോൾ തന്നെ സർവേയിലെ ഫലം മറ്റൊന്നാണ്. ന്യൂനപക്ഷങ്ങൾ മോദിയുടെ ഭരണത്തിൽ തൃപ്തരാണെന്നാണ് 36.7 ശതമാനതത്തിന്റെ അഭിപ്രായം. ഒരു പരിധിവരെയെന്ന് 28 ശതമാനം പേരും തൃപ്തരല്ലെന്ന് 14.7 ശതമാനവും ഭീതിയിൽ എന്ന് 20.6 ശതമാനം വോട്ടർമാരും അഭിപ്രായപ്പെട്ടു.

മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നു എന്നാണ് സർവേയിൽ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. 65.3 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തി. മെച്ചപ്പെട്ടെന്ന് 12 ശതമാനവും ഇല്ലെന്ന് 22.7 ശതമാനവും അഭിപ്രായപ്പെട്ടു. മോദിക്ക് തന്നെ ഭരണ തുടർച്ച ഉണ്ടാകുമെന്നാണ് സർവേയിലെ മറ്റൊരു അഭിപ്രായം. 63.6 ശതമാനം ഇനിയും ബിജെപി തന്നെ അധികാരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.20.3 ശതമാനം പേർ സാധ്യതയുണ്ടെന്നും പറയുമ്പോൾ ഇല്ലെന്ന് അഭിപ്രായപ്പെടുന്നത് 8.8 ശതമാനം പേരാണ്. ഒരിക്കലുമില്ലെന്ന് 7.3 ശതമാനം പേരും അഭിപ്രായപ്പെട്ടു.

മോദി സർക്കാറിന് എത്രമാർക്കു നൽകാം എന്നതായിരുന്നു മറുനാടൻ സർവേയിൽ ഉൾപ്പെടുത്തിയ ഒരു ചോദ്യം. 80 ശതമാനത്തിന് മുകളിൽ നൽകി ഡിസ്റ്റിങ്ഷൻ നൽകാമെന്ന് അഭിപ്രായപ്പെട്ടത് 55.9 ശതമാനം പേരാണ്. 60-80 മാർക്ക് നൽകാമെന്ന് 10.8 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 50-60 മാർക്ക് നൽകാമെന്ന് 7.9 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. 50ൽ താഴെ മാർക്ക് നൽകാൻ 25.4 ശതമാനം പേരും അഭിപ്രായപ്പെട്ടു.\

മൂന്നു ദിവസം നീണ്ട മറുനാടൻ മലയാളി സർവേയ്ക്ക് ഒടുവിലാണ് കേന്ദ്രസർക്കാറിനെ കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നത്. കേന്ദ്രത്തിൽ പ്രതിപക്ഷം ദുർബലമായി വരികയും മോദി ശക്തിപ്രാപിക്കുകയും ചെയ്യുന്നു എന്ന വസ്തുത വ്യക്തമാക്കുന്നതാണ് മറുനാടൻ സർവേ ഫലം. രണ്ട് വർഷത്തിന് ശേഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ അധികാരം തന്നെ ലക്ഷ്യമിട്ടാണ് മോദിയുടെ അമിത് ഷായും ഇപ്പോഴും കരുക്കൾ നീക്കുന്നത്. ഇപ്പോഴത്തെ നിലയിൽ എൻഡിഎ തന്ന വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് പൊതുവിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP