Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

2014ൽ ബിജെപി നേടിയത് 282 സീറ്റ്; മൂന്നരവർഷം കഴിയുമ്പോൾ ലോക്‌സഭയിലുള്ളത് 274പേരും; ഉത്തരേന്ത്യയിലെ ഉപതെരഞ്ഞെടുപ്പുകളിൽ മോദി പ്രഭാവം ഏൽക്കുന്നില്ല; യുപിയിലെ അഖിലേഷ്-മായാവതി മോഡൽ കർണ്ണാടകയിലും എത്തിയേക്കും; യോഗിയുടെ ഗോരഖ്പൂരിലെ തോൽവിയിൽ ഞെട്ടി അമിത് ഷാ; യുപിയും രാജസ്ഥാനും ഗുജറാത്തും രാജസ്ഥാനും അകലുന്നുവെന്ന തിരിച്ചറിവിൽ ബിജെപി; ഉത്തരേന്ത്യൻ രാഷ്ട്രീയം അനുകൂലമാക്കാൻ വിശാലമുന്നണിക്ക് കോൺഗ്രസും; 2019ൽ ഹൃദയഭൂമി ആരെ തുണക്കും?

2014ൽ ബിജെപി നേടിയത് 282 സീറ്റ്; മൂന്നരവർഷം കഴിയുമ്പോൾ ലോക്‌സഭയിലുള്ളത് 274പേരും; ഉത്തരേന്ത്യയിലെ ഉപതെരഞ്ഞെടുപ്പുകളിൽ മോദി പ്രഭാവം ഏൽക്കുന്നില്ല; യുപിയിലെ അഖിലേഷ്-മായാവതി മോഡൽ കർണ്ണാടകയിലും എത്തിയേക്കും; യോഗിയുടെ ഗോരഖ്പൂരിലെ തോൽവിയിൽ ഞെട്ടി അമിത് ഷാ; യുപിയും രാജസ്ഥാനും ഗുജറാത്തും രാജസ്ഥാനും അകലുന്നുവെന്ന തിരിച്ചറിവിൽ ബിജെപി; ഉത്തരേന്ത്യൻ രാഷ്ട്രീയം അനുകൂലമാക്കാൻ വിശാലമുന്നണിക്ക് കോൺഗ്രസും; 2019ൽ ഹൃദയഭൂമി ആരെ തുണക്കും?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 543 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ലോക്സഭയിലുള്ളത്. ഇതിൽ 272 പേരുടെ പിന്തുണയുണ്ടെങ്കിൽ അധികാരം നേടാം. കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടിയാണ് ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അധികാരം നേടിയത്. ഉത്തരേന്ത്യയിൽ മൊത്തം ആഞ്ഞു വീശിയ മോദി തരംഗത്തിൽ ബിജെപി ജയിച്ചത് 282 സീറ്റിൽ. എന്നാൽ മോദിയുടെ ഭരണം നാലാം കൊല്ലത്തിലേക്ക് കടക്കുമ്പോൾ ചിത്രം മാറുകയാണ്. ഇപ്പോൾ ലോക്സഭയിൽ ബിജെപിക്കുള്ളത് 274 പേരുടെ പിന്തുണ മാത്രം. കേവല ഭൂരിപക്ഷത്തിന് കൈയിലുള്ളത് വെറും മൂന്നു പേരുടെ മാത്രം പിന്തുണ. അതുകൊണ്ട് തന്നെ യുപിയിലെ രണ്ട് തോൽവികൾ ബിജെപിയുടെ കേവല ഭൂരിപക്ഷത്തെ ബാധിക്കുന്നില്ല. പക്ഷേ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ മോദി പ്രഭാവം ചർച്ചയാകുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുമ്പോഴും ഈ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് തോൽവികൾ ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. മറുവശത്ത് വിശാല ബദലിനുള്ള സാധ്യതയാണ് ഗോരഖ് പൂരിലെ തെരഞ്ഞെടുപ്പ് തുറന്നിടുന്നതും.

രാജസ്ഥാനിലെ അജ്മേർ, ആൾവാർ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചതോടെ ലോക്സഭയിലെ പാർട്ടി അംഗബലം 48 ആയി ഉയർന്നിരുന്നു. 2014 പൊതുതിരഞ്ഞെടുപ്പ് ലോക്സഭയിലെ കോൺഗ്രസ് അംഗബലം 44 ആയിരുന്നു. 2015 റത്ലം (മധ്യപ്രദേശ്) ഉപതിരഞ്ഞെടുപ്പു ജയം കോൺഗ്രസ് അംഗബലം 45 സീറ്റ് ആക്കി ഉയർത്തി. ആ സീറ്റ് ബിജെപിയിൽനിന്നു പിടിച്ചെടുക്കുകയായിരുന്നു. 2016 മുഖ്യമന്ത്രി ആയതിനെത്തുടർന്ന് അമരീന്ദർ സിങ് പഞ്ചാബിലെ അമൃത്സറിൽ ലോക്സഭാംഗത്വം രാജിവച്ചു. ഇതോടെ കോൺഗ്രസ് അംഗബലം 44 ആയി. 2017 അമൃത്സർ ഉപതിരഞ്ഞെടുപ്പു വിജയത്തോടെ കോൺഗ്രസ് അംഗബലം 45 ആയി. 2017 ഗുരുദാസ്പുർ (പഞ്ചാബ്) ഉപതിരഞ്ഞെടുപ്പു ജയം കോൺഗ്രസ് അംഗബലം: 46 സീറ്റ് ബിജെപിയിൽനിന്നു പിടിച്ചെടുത്തു രാജസ്ഥാനിലെ അജ്മേർ, ആൾവാർ ഉപതിരഞ്ഞെടുപ്പുകളിൽ ജയത്തോടെ കോൺഗ്രസ് അംഗബലം 48 ആയി ഉയർന്നു. ഈ രണ്ടു സീറ്റും ബിജെപിയിൽനിന്നു പിടിച്ചെടുക്കുകയായിരുന്നു കോൺഗ്രസ്. ഇതോടെയാണ് ലോക്സഭയിൽ ബിജെപിയുടെ അംഗങ്ങളുടെ എണ്ണം കുറയുന്നത്. ഇപ്പോൾ ബിജെപിയുടെ കൈയിലുണ്ടായിരുന്ന രണ്ട് സീറ്റുകൾ എസ് പിയും പിടിച്ചെടുക്കുന്നു. ആർജെഡിയാകട്ടെ ബീഹാറിലെ സീറ്റ് നിലനിർത്തുകയും ചെയ്യുന്നു.

ഈയിടെ രാജസ്ഥാനിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും ബിജെപി തോറ്റു. അതും സിറ്റിങ് സീറ്റുകളിൽ. ഉത്തരേന്ത്യയിൽ പിടിമുറുക്കി വീണ്ടും അധികാരത്തിലെത്താനുള്ള പ്രധാനമന്ത്രിയുടെ മോഹങ്ങൾക്കാണ് ഈ തോൽവികൾ തിരിച്ചടി നൽകിയത്. ഇതിനിടെയിൽ ആത്മവിശ്വാസം കൂട്ടാൻ ത്രിപുരയിലെ വിജയമെത്തി. പക്ഷേ ഈ ആഘോഷം യുപിയിലെ രണ്ട് തോൽവികൾ കെടുത്തുകയാണ്. യുപിയിലെ ബിജെപിയുടെ ശക്തികേന്ദ്രമാണ് ഗോരഖ് പൂർ. അതുകൊണ്ട് തന്നെ എസ് പിയും ബിഎസ്‌പിയും ഒരുമിച്ചതു കൊണ്ടാണ് തോൽവിയെന്ന വാദം നടക്കില്ല. മൂന്ന് ലക്ഷത്തിലധികം വോട്ട് നേടിയാണ് ഗോരഖ് പൂരിൽ യോഗി ആദിത്യനാഥ് കഴിഞ്ഞ തവണ ജയിച്ചത്. ഈ വോട്ട് ചോർച്ച ബിജെപിയെ അമ്പരപ്പിക്കും. ഉത്തരേന്ത്യയിൽ ബിജെപിക്ക് പിടി അയയുകയാണ്. ഭരണവിരുദ്ധ വികാരങ്ങൾ യുപിയിലും ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനും ആഞ്ഞു വീശുന്നു. ഇത് ബിജെപിക്ക് അടുത്ത പൊതു തെരഞ്ഞെടുപ്പിൽ വലിയ പ്രതിസന്ധിയായി മാറും. ത്രിപുരയിലെ വിജയം ഉയർത്തി ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള നീക്കത്തിന് പോലും ഈ പരാജയം തിരിച്ചടിയാകും. ഇനി കണ്ണുകൾ കർണ്ണാടകയിലാണ്. ഇവിടെ കോൺഗ്രസ് അധികാരം നിലനിർത്തിയാൽ കാര്യങ്ങൾ ബിജെപിക്ക് വലിയ തിരിച്ചടിയാകും.

കർണ്ണാടകയിലും യുപി മോഡൽ സംഭവിക്കാൻ സാധ്യതയുണ്ട്. കോൺഗ്രസും ദേവഗൗഡയുടെ ജനതാദളും ഒരുമിച്ചാൽ വോട്ടുകൾ ഭിന്നിക്കുന്നത് തടയാനാകും. ഇതിലൂടെ ബിജെപിയുടെ പ്രതീക്ഷകൾ തകർക്കാം. കോൺഗ്രസുമായി സഹകരിക്കാൻ ദേവഗൗഡയ്ക്ക് പ്രശ്‌നമൊന്നുമില്ല. എന്നാൽ മകൻ കുമാരസ്വാമി അധികാരത്തിന് പിറകെയാണ്. എങ്ങനേയും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന കുമാരസ്വാമി കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. കുമാരസ്വാമി അയഞ്ഞാൽ കർണ്ണാകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ തുടരും. ഇത് പ്രതിപക്ഷത്തിന് ആവേശമാവുകയും ചെയ്യും. അതുകൊണ്ട് തന്നെ മോദി തരംഗം കർണ്ണാടകയിൽ ആവർത്തിക്കാതിരിക്കാൻ എല്ലാ ശ്രമവും കോൺഗ്രസ് നടത്തും. എന്ത് വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ ശ്രമിക്കുമെന്നും ഉറപ്പാണ്.

എൻഡിഎയിലേക്ക് ഉത്തരേന്ത്യയിൽ നിന്ന് പ്രധാന ഘടകക്ഷികളെ ബിജെപിക്ക് നേടാനുമാകുന്നില്ല. ബീഹാറിൽ നിതീഷ് കുമാറിനെ അടർത്തിയെടുത്തുവെങ്കിലും അതും വിജയമാകുന്നില്ല. ഒഡീഷയിലെ നവീൻ പട്‌നായികും ബിജെപിയിൽ നിന്ന് അകലം പാലിക്കുന്നു. ഇതിനൊപ്പം ആന്ധ്രാ പ്രദേശിൽ ചന്ദ്രബാബു നായിഡുവും ബിജെപി മുന്നണി വിട്ടു. ശിവസേനയും പ്രതിഷേധത്തിലാണ്. മഹാരാഷ്ട്രയിൽ അവർ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് മഹാരാഷ്ട്രയിലും തിരിച്ചടിയാകും. അങ്ങനെ വന്നാൽ ബിജെപി അധികാരത്തിലുള്ള 19 സംസ്ഥാനങ്ങളിലും അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകും. അതുകൊണ്ട് തന്നെ വൻ ഭൂരിപക്ഷത്തിൽ മോദിക്ക് വീണ്ടും അധികാരത്തിലെത്തുക അസാധ്യമാകും. ഇതിനുള്ള സാധ്യതകൾ തന്നെയാണ് യുപിയിലെ ഫലങ്ങൾ മുന്നോട്ട വച്ചത്. യുപിയിലെ 80 ലോക്‌സഭയിൽ 72ലും 2014ൽ ബിജെപിയാണ് ജയിച്ചത്. ഈ തോൽവിയോടെ യുപിയിൽ നിന്നുള്ള ബിജെപി ലോക്‌സഭാ അംഗങ്ങളുടെ എണ്ണം 70 ആയി കുറയുകയാണ്.

യുപിയും രാജസ്ഥാനും മധ്യപ്രദേശും ഗുജറാത്തും തൂത്തുവാരിയാണ് ലോക്‌സഭയിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയത്. ഇവിടെ എല്ലാം ഇപ്പോൾ ബിജെപി ഭരണമാണ്. രാജസ്ഥാനിൽ വസുന്ധരയോട് കടുത്ത എതിർപ്പ് ജനങ്ങൾക്കുണ്ട്. ഇതാണ് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ സർക്കാരും പലവിധ വിഷയത്തിൽ പ്രതിക്കൂട്ടിലാണ്. ഈ രണ്ടിടത്തും ഈ വർഷാവസാനം തെരഞ്ഞെടുപ്പെത്തും. ഇവിടെ ഭരണം നഷ്ടമായൽ പിന്നെ കോൺഗ്രസിന് പുതിയൊരു ഊർജ്ജം ലഭിക്കും. അത്ഭുതം കാട്ടാനുള്ള കരുത്ത് ഉണ്ടെന്ന് രാഹുൽ തെളിയിക്കുക കൂടിയാകും ഇതിലൂടെ ചെയ്യുക. ഈ തോൽവികൾ ബിജെപിയുടെ മുൻകാല വിജയങ്ങളെ പോലും അപ്രസക്തമാക്കും. അതുകൊണ്ട് തന്നെ 2019ലെ പൊതു തെരഞ്ഞെടുപ്പ് മോദിക്ക് കടുത്ത വെല്ലുവിളിയാകും. ബിജെപി അധ്യക്ഷൻ അമിത് ഷായും ഇത് തിരിച്ചറിയുന്നു. നോർത്ത് ഈസ്റ്റിലും ദക്ഷിണേന്ത്യയിലും പാർട്ടി വളർന്നതുകൊണ്ട് മാത്രം ബിജെപിക്ക് അധികാരം നിലനിർത്താനാകില്ല. കഴിഞ്ഞ തവണ ഉത്തരേന്ത്യയിലെ 160ൽ 140 സീറ്റും ബിജെപിക്കായിരുന്നു. അവിടെയാണ് പാർട്ടിക്ക് അടിതെറ്റുന്നത്.

കേന്ദ്ര സർക്കാരിന് അടിതെറ്റുന്നത് സാമ്പത്തികത്തിൽ തന്നെയാണ്. പെട്രോൾ-ഡീസൽ വില കുതിക്കുന്നു. നിത്യോപയോഗ സാധനങ്ങളും വിലയിൽ കുതിച്ചു കയറുന്നു. അതിനാൽ പാവപ്പെട്ടവരും ഇടത്തരക്കാരും സർക്കാരിന് എതിരാണ്. അന്താരാഷ്ട്ര തലത്തിലെ നേട്ടങ്ങളൊന്നും മോദിയെ തുണയ്ക്കാത്ത സ്ഥിതിയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഇത്തവണത്തെ ബജറ്റിൽ പലതും പ്രതീക്ഷിച്ചു. അതൊന്നും സംഭവിച്ചതുമില്ല. ഇതോടെ ജനം പൂർണ്ണമായും മോദിയിൽ നിന്ന് അകലുകയാണ്. ഇതാണ് രാജസ്ഥാനിൽ പ്രതിഫലിച്ചത്. അതുകൊണ്ട് തന്നെ വരും നാളുകൾ മോദിക്ക് വെല്ലുവിളി നിറഞ്ഞതാണ്. ഭരണത്തുടർച്ചയിലേക്ക് ബിജെപിയെ നയിക്കാൻ മോദിക്കാകുമോ എന്നത് പരിവാറുകാർ പോലും ആശങ്കയോടെ ചർച്ചയാക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ ചർച്ച പുതിയ തലത്തിലെത്തിക്കുന്നതാണ് യുപിയിലെ ഫലങ്ങൾ.

രാജസ്ഥാനും മധ്യപ്രദേശും ഗുജറാത്തും യുപിയുമാണ് ബിജെപിയുടെ കോട്ടകൾ. ഇതിൽ ഗുജറാത്തിൽ വിള്ളലുകൾ ദൃശ്യമായി കഴിഞ്ഞു. രാജസ്ഥാനിൽ ബിജെപി തകരുകയും ചെയ്യുന്നു. മധ്യപ്രദേശിൽ കൂടി പിടിവിട്ടാൽ ബിജെപി വലിയ പ്രതിസന്ധിയിലാകും. യുപിയിൽ എസ്‌പിയുടേയും ബിഎസ്‌പിയുടേയും നേതൃത്വത്തിൽ വിശാല ഐക്യത്തിനും സാധ്യത കൂട്ടുന്നതാണ് ഗോരഖ്പൂരിലെ വിജയം. അങ്ങനെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് സാധ്യതയൊരുക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. സർക്കാരിന്റെ സാമ്പത്തിക നിയങ്ങൾ ഉത്തരേന്ത്യയെ ബിജെപിയിൽ നിന്ന് അകറ്റുകയാണ്. 19 സംസ്ഥാനങ്ങളിലാണ് നിലവിൽ ബിജെപിയുടേയോ സഖ്യ കക്ഷികളുടേയോ ഭരണമുള്ളത്. ഇവിടെ ഭരണവിരുദ്ധ വികാരം ആളികത്താനും സാധ്യതയുണ്ട്.

അങ്ങനെ 2019ൽ മോദിക്ക് തലവേദന ഏറെയാണ്. ആഗോള നേതാവെന്ന പ്രതിച്ഛായയയിലൂടെ ജയിക്കാനാകില്ലെന്ന് മോദിയും അമിത് ഷായും തിരിച്ചറിയുന്നു. ഇത് തന്ത്രങ്ങളിലൂടെ മുതലെടുക്കാൻ ഇനിയുള്ള ദിനങ്ങളിൽ രാഹുലും ശ്രമിക്കും. രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണവിരുദ്ധ വികാരം അലയടിക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഫെബ്രുവരിയിലെ ഉപതെരഞ്ഞെടുപ്പ് ഫലം നൽകിയത്. രാജസ്ഥാനിൽ വമ്പൻ ലീഡുമായാണ് കോൺഗ്രസ് മുന്നേറ്റം. പ്രതീക്ഷയ്ക്ക് അപ്പുറത്തേക്ക് പോകുന്ന വിജയം. സച്ചിൻ പൈലറ്റെന്ന യുവ നേതാവിനെ വിശ്വാസത്തിലെടുത്താണ് രാജസ്ഥാനിൽ രാഹുൽ തന്ത്രങ്ങൾ ഒരുക്കിയത്. ഇത് വലിയ വിജയത്തിലെത്തുന്നു. അതുകൊണ്ട് തന്നെ മാസങ്ങൾക്കുള്ളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ വിജയം ഉറപ്പിക്കുകയാണ് കോൺഗ്രസ് ക്യാമ്പ്.

അട്ടിമറികളും അത്ഭതവും നടന്നില്ലെങ്കിൽ കോൺഗ്രസ് ജയിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു. മധ്യപ്രദേശിലും മുൻതൂക്കം നേടാൻ കോൺഗ്രസിന് രാജസ്ഥാനിലെ ബിജെപി കോട്ടയിലെ മുന്നേറ്റത്തിലൂടെ കഴിയും. ഗുജറാത്തിൽ ബിജെപിയുടെ അടിത്തറയിൽ ചോർച്ചയുണ്ടാക്കിയാണ് കോൺഗ്രസ് മുന്നേറ്റമുണ്ടാക്കിയത്. രാജസ്ഥാനിൽ ഇത് ബിജെപിയുടെ തകർച്ചയിലേക്ക് കാര്യങ്ങളെത്തിച്ചാൽ മോദിയെ നേരിടാൻ രാഹുലിന് കരുത്ത് കൂടും. കർണ്ണാടകയിലെ ഫലങ്ങളാകും ഇനി നിർണ്ണായകം. കർണ്ണാടക ജയിച്ചാൽ രാജസ്ഥാനിലും മധ്യപ്രദേശിലും ആത്മവിശ്വാസത്തോടെ ഇടപെടലിന് കോൺഗ്രസിന് കഴിയും. രാജസ്ഥാനിലും മധ്യപ്രദേശിലും തോറ്റാൽ ബിജെപിയുടെ കേന്ദ്രത്തിലെ ഭരണതുടർച്ചയെന്ന മോഹം പൊലിയും. അതുകൊണ്ട് തന്നെ ഈ സംസ്ഥാനങ്ങൾക്കൊപ്പം ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP