Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിപക്ഷ ഐക്യത്തിന് ചൂട് പിടിപ്പിക്കാൻ ഒരുക്കിയ അവിശ്വാസം ഗുണം ചെയ്തത് മോദിക്കും ബിജെപിക്കും; മോദി വിരുദ്ധരായ ശിവസേനയെ പോലും ഒപ്പം നിർത്താനാവാതെ കോൺഗ്രസ്; അണ്ണാ ഡിഎംകെയുടെ പിന്തുണ ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തും; ഐക്യം പൊളിച്ചത് അമിത് ഷായുടേയും മോദിയുടേയും നീക്കങ്ങൾ; മോദി വിമർശനം കൊണ്ട് നേടിയ കൈയടിയുടെ തിളക്കവും തകർത്ത് മറുപടി പ്രസംഗം

പ്രതിപക്ഷ ഐക്യത്തിന് ചൂട് പിടിപ്പിക്കാൻ ഒരുക്കിയ അവിശ്വാസം ഗുണം ചെയ്തത് മോദിക്കും ബിജെപിക്കും; മോദി വിരുദ്ധരായ ശിവസേനയെ പോലും ഒപ്പം നിർത്താനാവാതെ കോൺഗ്രസ്; അണ്ണാ ഡിഎംകെയുടെ പിന്തുണ ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തും; ഐക്യം പൊളിച്ചത് അമിത് ഷായുടേയും മോദിയുടേയും നീക്കങ്ങൾ; മോദി വിമർശനം കൊണ്ട് നേടിയ കൈയടിയുടെ തിളക്കവും തകർത്ത് മറുപടി പ്രസംഗം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒന്നര മണിക്കൂർ ബോളിവുഡ് സിനിമ പോലെ ആയിരുന്നു. പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഏവരേയും ഞെട്ടിച്ചു. ഇതിനെ സിനിമാ അഭിനയമെന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ച തെലുങ്കുദേശം പാർട്ടിക്കാർ പറഞ്ഞ്. എന്നാൽ അവിശ്വാസ പ്രമേയ ചർച്ചയിലെ മറുപടി പ്രസംഗത്തിലൂടെ അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രചരണം തുടങ്ങുകയായിരുന്നു പ്രധാനമന്ത്രി മോദി. തന്റെ സർക്കാരിന്റെ വികസന നേട്ടങ്ങൾ ഓരോന്നായി എടുത്ത് കാട്ടി. പ്രതിപക്ഷത്തെ ഐക്യമില്ലായ്മ പുതിയ തലത്തിലെത്തിക്കാൻ പഴയ പലതും പറഞ്ഞ് കോൺഗ്രസിനെ ഒറ്റപ്പെടുത്തി. സൈനികരെ അപമാനിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ആക്രമിച്ച് രാജ്യ സ്നേഹവും ഉയർത്താൻ ശ്രമിച്ചു. ചർച്ചയ്ക്കിടെ കെട്ടിപ്പിടിക്കാനെത്തിയ രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കലുർത്തി അതിനെ കളിയാക്കുകയും ചെയ്തു. ഇതിന് ശേഷം അവിശ്വാസത്തെ മോദി അതിജീവിച്ചത് പ്രതിപക്ഷം പോലും കരുതാത്ത ഭൂരിപക്ഷത്തോടെയാണ്.

സഭയിൽ ബിജെപിക്കുള്ളത് 273 പേരുടെ പിന്തുണയാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272ഉം. എൻഡിഎയ്ക്കുള്ളത് 300ഓളം അംഗങ്ങൾ. കടുത്ത മോദി വിരോധികളായി ശിവസേന മാറിയിട്ടുണ്ട്. എന്നാൽ ശിവസേനയെ ഒപ്പം കൂട്ടാൻ കോൺഗ്രസിനായില്ല. അപ്പോഴും മോദിക്ക് വോട്ട് ചെയ്യാതെ വിട്ടു നിൽക്കാൻ ശിവസേന തീരുമാനിച്ചു. അതുകൊണ്ട് തന്നെ ബിജെപിക്ക് വോട്ട് കുറയുമെന്ന് ഏവരും കരുതി. എന്നാൽ തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ രക്ഷയ്ക്കെത്തി. അവർ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ 314 വോട്ടുകൾ ബിജെപി നേടുമെന്ന് വിലയിരുത്തലെത്തി. എന്നാൽ അന്തിമ ചിത്രത്തിൽ കിട്ടിയത് 325 വോട്ടും. ഇതോടെ തെലുങ്കാനയിലെ ടിആർഎസും മോദിക്ക് അനുകൂലമായി വോട്ട് ചെയ്തുവെന്നാണ് വിലയിരുത്തൽ. ഇതോടെ പ്രതിപക്ഷത്ത് വീണ്ടും ചോർച്ച. ഇത് കോൺഗ്രസിന്റേയും രാഹുൽ ഗാന്ധിയുടേയും പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്.

പ്രസംഗത്തിന് ശേഷമെത്തി മോദിയെ കെട്ടിപ്പിടിച്ച രാഹുലിന്റെ നീക്കം ഏവരേയും ഞെട്ടിച്ചു. എന്നാൽ പ്രസംഗ ശേഷം കണ്ണിറുക്കി കാട്ടി ഇതു വെറുമൊരു നമ്പരായിരുന്നുവെന്ന ചർച്ചകൾക്ക് കോൺഗ്രസ് അധ്യക്ഷൻ തന്നെ തുടക്കമിട്ടു. ഇത് ബിജെപിക്ക് ഗുണകരമായി. റാഫേൽ ഇടപാടിൽ ഫ്രാൻസിനെ കൊണ്ടു തന്നെ പ്രസ്താവന ഇറക്കി. റാഫേൽ കരാർ രാജ്യങ്ങൾ തമ്മിലാണെന്നും അതിന് പിന്നിൽ കമ്മീഷന് സാധ്യതയില്ലെന്നും ഫ്രഞ്ച് ഭരണാധികാരി മാക്രോൺ പരസ്യമായി പറഞ്ഞു. സൈനിക കരാറിനെ അപമാനിക്കുന്ന പ്രതിപക്ഷ നിലപാടിൽ മാക്രോണിന്റെ അതൃപ്തിയാണ് ചർച്ചയാത്. മോദിയുടെ പ്രസംഗത്തിൽ ഇക്കാര്യം പറഞ്ഞു. ആൾക്കൂട്ട കൊലപാതകത്തെ അപലപിച്ച മോദി സ്ത്രീ സുരക്ഷയിലെ വിയങ്ങളും വിട്ടുകളഞ്ഞില്ല. ഇതിനൊപ്പം എല്ലാ വിഷയത്തിനും മറുപടി പറയുകയും ചെയ്തു.

വെറുമൊരു തെരഞ്ഞെടുപ്പ് പ്രസംഗമാണെന്ന് പറഞ്ഞ് മോദിയെ കളിയാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. എന്നാൽ അവിശ്വാസം കൊണ്ടു വന്ന തെലുങ്ക് ദേശത്തെ പോലും വെട്ടിലാക്കുന്ന തരത്തിൽ എല്ലാ ഉത്തരവാദിത്തവും കോൺഗ്രസിന് നൽകി. വാജ്പേയ് സർക്കാരിന്റെ കാലത്ത് ചത്തീസ് ഗഡും ഉത്തരാഖണ്ഡും ജാർഖണ്ഡും സംസ്ഥാനമായി. ഇതെല്ലാം എല്ലാവരേയും വിശ്വാസത്തിലെടുത്താണ് ചെയതത്. അതുകൊണ്ട് തന്നെ ഈ സംസ്ഥാനങ്ങൾ അഭിവൃദ്ധിയിലേക്ക് കുതിക്കുന്നു. എന്നാൽ തെലുങ്ക് നാടിനെ വെട്ടിമുറിച്ചത് ഒരു സംസ്ഥാനത്തെങ്കിലും അധികാരം നേടാനുള്ള കോൺഗ്രസ് തന്ത്രമായിരുന്നു. എന്നാൽ രണ്ടിടത്തും കോൺഗ്രസ് മൂന്നാമത് പോയി. ആന്ധ്രാ പ്രദേശ് വലിയ പ്രതിസന്ധിയിലുമായി. ജെ എസ് ടിയിൽ നിന്ന് പെട്രോളിനെ ഒഴിവാക്കിയത് കോൺഗ്രസാണെന്നും മോദി ആരോപിച്ചു.

അങ്ങനെ സർക്കാരിനെ ന്യായീകരിച്ച് കോൺഗ്രസിനെ മാത്രം തള്ളി പറഞ്ഞ് മുന്നോട്ട് പോയി. സഭയിലുണ്ടായിരുന്ന ദേവഗൗഡയേയും മുലായം സിംഗിനേയുമെല്ലാം കോൺഗ്രസ് വഞ്ചിച്ചതും ചർച്ചയാക്കി. ഇതിന് ശേഷം വിശ്വാസ വോട്ടെടുപ്പ്. ഇതിൽ പതിനൊന്ന് വോട്ടുകൾ ബിജെപിക്ക് കൂടുതലായി കിട്ടിയെന്നത് കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ തുടരും. ഇനി അവിശ്വാസം ചർച്ചയാക്കാത്തതിന്റെ പേരിൽ സഭ തടസ്സപ്പെടുത്താനും കോൺഗ്രസിന് കഴിയില്ല. 126 പേരുടെ പിന്തുണ മാത്രമാണ് ഈ ബഹളങ്ങൾക്കുള്ളതെന്ന് മോദി തെളിയിക്കുകയായിരുന്നു ചെയ്തത്. പ്രതിപക്ഷ ചേരിയിലെ ഐക്യമില്ലായ്മയാണ് മോദിക്ക് ഇതിലൂടെ ചർച്ചയാക്കാനായത്.

മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും നടത്തിയ നീക്കങ്ങളാണ് നിർണ്ണായകമായത്. എല്ലാ നേതാക്കളേയും നേരിട്ട് ഫോണിൽ വിളിച്ച് മോദി തന്നെ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഇതോടെയാണ് പല വോട്ടുകളും ബിജെപിക്ക് അനുകൂലമായത്.

ചർച്ച നീണ്ടത് 12 മണിക്കൂർ; പാതിരാത്രി വോട്ടെടുപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും നേർക്കുനേർ ഏറ്റുമുട്ടിയ അവിശ്വാസപ്രമേയ ചർച്ച, വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ സൂചനയായി. താൻ നടപ്പാക്കിയ പദ്ധതികളും ചെയ്യാനിരിക്കുന്ന കാര്യങ്ങളും നിരത്തി പ്രതിപക്ഷത്തെ ആക്രമിച്ച മോദി, അക്ഷരാർഥത്തിൽ നടത്തിയതു തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗം. മോദിയുടേതു തട്ടിപ്പ് സർക്കാരെന്നു പ്രതിപക്ഷവും ആവർത്തിച്ചു. പന്ത്രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ രാത്രി പതിനൊന്നിനാണ് വോട്ടെടുപ്പ് നടന്നത്. സഭാ നടപടികൾ ആരംഭിച്ചതിനു പിന്നാലെ ബിജെഡി എംപിമാർ ഇറങ്ങിപ്പോയി. തെലങ്കാന രാഷ്ട്രസമിതി നിഷ്പക്ഷത പാലിച്ചു. എൻഡിഎ സഖ്യത്തിന്റെ ഭാഗമായ ശിവസേന നേരത്തേ ബിജെപിക്കു പിന്തുണയറിയിച്ചിരുന്നെങ്കിലും ഇന്നലെ സഭയിൽനിന്നു വിട്ടുനിന്നു. എന്നിട്ടും ബിജെപിക്ക് വോട്ട് കൂടി. ഇത് തെലുങ്കാനാ രാഷ്ട്രീയ സമിതിയുടെ പിന്തുണ മൂലമാണെന്നാണ് വിലയിരുത്തൽ.

അണ്ണാ ഡിഎംകെയുടെ പിന്തുണ സർക്കാരിനു ലഭിച്ചു. അണ്ണാ ഡിഎംകെ വിപ്പ് നൽകിയിരുന്നില്ല; സഭയിലുണ്ടായിരുന്നവർ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ഇതുവഴി, പ്രതീക്ഷിച്ചതിലേറെ വോട്ട് ഭരണപക്ഷത്തിനു നേടാൻ കഴിഞ്ഞു. കോൺഗ്രസിന്റേതുൾപ്പെടെ ചില അംഗങ്ങൾ എത്താതിരുന്നതിനാൽ പ്രതിപക്ഷത്തിന് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ഇപ്പോൾ സഭയിലുള്ളത്. 11 പേരുടെ ഒഴിവുണ്ട്.

രാവിലെ 11നു ടിഡിപി എംപി: ജയദേവ് ഗല്ല തുടങ്ങി വച്ച പ്രമേയ ചർച്ചയിൽ ഇരു പക്ഷവും രൂക്ഷ ആരോപണങ്ങളും മുന വച്ച പരിഹാസങ്ങളുമായി ഏറ്റുമുട്ടി. പ്രതിപക്ഷ നിരയിൽ കോൺഗ്രസ്, തൃണമൂൽ, സിപിഎം എന്നിവ ഒറ്റക്കെട്ടായി നിന്നു. ആന്ധ്ര വിഷയം മാത്രമുയർത്തി ടിഡിപി സർക്കാരിനെതിരെ അണിനിരന്നു. കേരളത്തിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), എൻ.കെ. പ്രേമചന്ദ്രൻ(ആർഎസ്‌പി) എന്നിവർ പ്രമേയത്തെ അനുകൂലിച്ചു പ്രസംഗിച്ചു. പ്രധാനമന്ത്രിയുടെ കസേരയിലിരിക്കാൻ എന്താണ് ഇത്ര തിടുക്കമെന്നു മറുപടി പ്രസംഗത്തിൽ രാഹുലിനെ ലക്ഷ്യമിട്ടു മോദി ചോദിച്ചു.

കെട്ടിപ്പിടത്തവും കണ്ണിറുക്കലും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നാടകീയ നീക്കമാണ് അവിശ്വാസ പ്രമേയ ചർച്ചയെ പുതിയ തലത്തിലെത്തിച്ചത്. പതിനഞ്ചു വർഷത്തിനിടെ ലോക്‌സഭ സാക്ഷ്യംവഹിച്ച ആദ്യ അവിശ്വാസ പ്രമേയത്തിലെ തീപ്പൊരി ചർച്ചയിൽ, മോദിക്കെതിരെ ആരോപണങ്ങൾ അക്കമിട്ടു നിരത്തിയശേഷം രാഹുൽ നടത്തിയ അപ്രതീക്ഷിത നീക്കം പ്രധാനമന്ത്രിയെയും ഭരണപക്ഷത്തെയും സ്തബ്ധരാക്കി.

'നിങ്ങൾ എന്നെ പപ്പു എന്നു വിളിക്കുന്നു. എനിക്കെതിരെ വിദ്വേഷം പരത്തുന്നു. പക്ഷേ, നിങ്ങളോട് എനിക്കു സ്‌നേഹം മാത്രം. വിദ്വേഷം പരത്തുന്നവരെ സ്‌നേഹിക്കുന്നവരാണു യഥാർഥ കോൺഗ്രസുകാർ, അവരാണു യഥാർഥ ഹിന്ദു. യഥാർഥ ഇന്ത്യക്കാരന്റെ അർഥം എന്നെ പഠിപ്പിച്ചതിനു നിങ്ങളോടു ഞാൻ നന്ദി പറയുന്നു. നിങ്ങളുടെയുള്ളിലെ വിദ്വേഷം മാറട്ടെ. കോൺഗ്രസുകാരുടെ മനസ്സ് നിങ്ങൾക്കു ലഭിക്കട്ടെ' ഈ വാക്കുകളോടെ പ്രസംഗം ഉപസംഹരിച്ച രാഹുൽ, തുടർന്ന് തന്റെ ഇരിപ്പിടം വിട്ടു മോദിയെ കെട്ടിപ്പിടിച്ചു. ചിരിച്ചുകൊണ്ടു തന്നെ സമീപിക്കുന്ന രാഹുലിനോട് എന്താണിതെന്ന ഭാവത്തിൽ മോദിയുടെ ആംഗ്യം. ഇരിപ്പിടത്തിൽ ചാരിയിരുന്ന മോദിയെ രാഹുൽ കുനിഞ്ഞു കെട്ടിപ്പിടിച്ചു. രാഷ്ട്രീയ എതിരാളിയുടെ അപ്രതീക്ഷിത ആലിംഗനത്തിൽ മോദി ഒരുനിമിഷം സ്തബ്ധനായി. പിന്നെ, മടങ്ങാനൊരുങ്ങിയ രാഹുലിനെ തിരികെ വിളിച്ചു ഹസ്തദാനം ചെയ്തു; അഭിനന്ദനമട്ടിൽ പുറത്തുതട്ടി. ഏതാനും വാക്കുകളും പറഞ്ഞു.

ചരിത്രപരമായ ആലിംഗനം കഴിഞ്ഞു തിരികെ നടന്ന രാഹുലിനെ നോക്കി സോണിയ ഗാന്ധി നിറഞ്ഞു ചിരിച്ചു. കോൺഗ്രസ് നേതാക്കൾ എഴുന്നേറ്റുനിന്നു കയ്യടിച്ചു. ഭരണപക്ഷത്തെ യുവ എംപിമാർ രാഹുലിനെതിരെ ബഹളംവച്ചു. ആദ്യം കയ്യടിച്ച വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ അബദ്ധം മനസ്സിലാക്കി ബഹളത്തിൽ പങ്കുചേർന്നു. ഇരിപ്പിടത്തിൽ ഇരുന്നശേഷം അരികിലിരുന്ന കോൺഗ്രസ് എംപിമാരുടെ പ്രതികരണത്തിനു മറുപടിയായി രാഹുൽ ഇടംകണ്ണിറുക്കി! ഇതോടെ എല്ലാം നാടകമായിരുന്നുവെന്ന ചർച്ച സജീവമായി. രാഹുലിന്റെ പ്രവൃത്തി സഭാമര്യാദകൾക്കു ചേർന്നതല്ലെന്നായിരുന്നു സ്പീക്കർ സുമിത്ര മഹാജന്റെ പ്രതികരണവുമെത്തി.

ഇരിപ്പിടത്തിൽ നിന്നിറങ്ങി മോദിയെ കെട്ടിപ്പിടിക്കുകയും പിന്നാലെ കണ്ണിറുക്കുകയും ചെയ്തതു മര്യാദയ്ക്കു യോജിച്ച നടപടിയല്ല. അദ്ദേഹം മോദി എന്ന വ്യക്തിയല്ല, മറിച്ചു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ആ പദവിയെ ബഹുമാനിക്കേണ്ടതുണ്ട്. ഇതു പാർലമെന്റാണ്. ഇത്തരം ചേഷ്ടകൾക്കുള്ള (കണ്ണിറുക്കൽ) ഇടമല്ല. രാഹുൽ എന്റെ ശത്രുവല്ല, അദ്ദേഹം എനിക്കു മകനെ പോലെയാണ് സുമിത്ര പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP