Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലക്ഷ്യം തൂക്ക് നിയമസഭ; പിഴയ്ക്കാതിരിക്കാൻ മോഹൻ ഭാഗവത് നേരിട്ട് തന്ത്രങ്ങൾ ഒരുക്കും; ബിജെപിയെ പരിവാർ പ്രസ്ഥാനത്തെ പോലെ നിയന്ത്രിക്കും; നിയസഭാ തെരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്നത് 15ൽ കുറയാത്ത സീറ്റുകൾ; കേരളം പിടിക്കാൻ കരുതലോടെ ആർഎസ്എസ്; സർ സംഘചാലകിന്റെ സന്ദർശനം നിർണ്ണായകം

ലക്ഷ്യം തൂക്ക് നിയമസഭ; പിഴയ്ക്കാതിരിക്കാൻ മോഹൻ ഭാഗവത് നേരിട്ട് തന്ത്രങ്ങൾ ഒരുക്കും; ബിജെപിയെ പരിവാർ പ്രസ്ഥാനത്തെ പോലെ നിയന്ത്രിക്കും; നിയസഭാ തെരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്നത് 15ൽ കുറയാത്ത സീറ്റുകൾ; കേരളം പിടിക്കാൻ കരുതലോടെ ആർഎസ്എസ്; സർ സംഘചാലകിന്റെ സന്ദർശനം നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് നേരിട്ട് ഏകോപിപ്പിക്കും. ബിജെപിയുടെ പ്രസിഡന്റായി കുമ്മനം രാജശേഖരനെ നിയമിച്ചതോടെ പാർട്ടിയിൽ ആർഎസ്എസ് പിടിമുറുക്കിയിരുന്നു. കേരളത്തിൽ അമിത് ഷാ തന്ത്രങ്ങൾ വേണ്ടെന്നും വെള്ളാപ്പള്ളി നടേശന്റെ പിന്തുണയിൽ നിയമസഭയിൽ നേട്ടമുണ്ടാക്കാമെന്നുമാണ് ആർഎസ്എസ് വിലയിരുത്തൽ. പിഴവുകളില്ലാത്ത സംഘടനാ പ്രവർത്തനം ബിജെപിക്കായി ആർഎസ്എസ് തന്നെ നടത്തും. സംഘ തീരുമാനങ്ങൾ ബിജെപിയിൽ നടപ്പാക്കുന്നുണ്ടെന്ന് കുമ്മനം രാജശേഖരൻ ഉറപ്പിക്കുകയും ചെയ്യും. ബിജെപി അണികളെ പിണക്കാതെ തന്ത്രങ്ങൾ നടപ്പാക്കാനാണ് തീരുമാനം. തീവ്ര ഹിന്ദുത്വത്തിൽ അധിഷ്ഠിതമകാതെയാകും പ്രവർത്തനം.

മൂന്നു ദിവസം സംസ്ഥാനത്തു തങ്ങുന്ന മോഹൻ ഭാഗവത് നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവരുമായുള്ള ചർച്ചകൾക്കു പുറമെ രാഷ്ട്രീയനിരീക്ഷകരുമായും ബിസിനസ് സമൂഹവുമായും കൂടിക്കാഴ്ച ഒരുക്കിയിട്ടുണ്ട്. 29ന് ആലുവ തന്ത്രി വിദ്യാപീഠത്തിന്റെ പുതിയ മന്ദിരത്തിന്റെ സമർപ്പണചടങ്ങിൽ പങ്കെടുക്കുന്ന മോഹൻ ഭാഗവത് അന്നു വൈകിട്ടു കൊച്ചിയിലെത്തും. അതിന് ശേഷമാകും ശ്രദ്ധേയമായ രാഷ്ട്രീയ ചർച്ചകളിലേക്ക് കടക്കുക. വെള്ളാപ്പള്ളിയുടെ പാർട്ടിയുമായുള്ള ബിജെപി സഹകരണത്തിലും ഈ ചർച്ചകളിൽ അന്തിമ രൂപമാകും.

ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി നല്ല ബന്ധമുണ്ടാക്കാനും ആർഎസ്എസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ ആശങ്കകൾ പരിഹരിക്കാൻ ഹൈന്ദവ-ക്രൈസ്തവ മതനേതാക്കളുമായി കൂടിയാലോചന നടത്തുന്ന പഴയ രീതി ആർഎസ്എസ് തുടങ്ങും. കർദ്ദിനാൾമാരടക്കമുള്ളവരെ നേരിട്ട് കാണാൻ മോഹൻഭാഗവത് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. തമിഴ്‌നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ്. ബംഗാളിൽ ബിജെപി നേരിട്ടാകും പ്രവർത്തനങ്ങൾ വിലയിരുത്തുക. തമിഴ്‌നാട്ടിൽ ജയലളിതയുടെ അണ്ണാ എഡിഎംകെയ്ക്ക് മുൻതൂക്കം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതിനാൽ ബംഗാളും കേരളവും അസമുമാണ് ബിജെപിയുടെ പ്രധാന ലക്ഷ്യ കേന്ദ്രങ്ങൾ. ഇതിൽ അസമിൽ ഭരണം നേടുകയാണ് ലക്ഷ്യം. ബംഗാളിൽ മുഖ്യപ്രതിപക്ഷവും കേരളത്തിൽ നിർണ്ണായക സ്വാധീനവുമാണ് പദ്ധതി.

ബംഗാളിലും അസമിലും ബിജെപി ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ആർഎസ്എസ് നേതൃത്വം കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വെള്ളാപ്പള്ളി നടേശന്റെ കേരള യാത്രയ്ക്ക് തൊട്ട് മുമ്പ് ആർഎസ്എസ് തലവൻ കേരളത്തിലെത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ യാത്രയുടെ വിശദാംശങ്ങൾ അറിയുകയും ചെയ്തു. അതിന് ശേഷം വീണ്ടും മോഹൻഭാഗവത് കേരളത്തിൽ ചൊവ്വാഴ്ച എത്തുന്നുണ്ട്. ഇത് കേരളത്തിന് സംഘ നേതൃത്വം നൽകുന്ന പ്രാധാന്യത്തിന് തെളിവായി വിലയിരുത്തപ്പെടുന്നു. കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതും കണ്ണൂരിലെ യോഗ തീരുമാന പ്രകാരമാണ്. ബിജെപിയുടെ പുതിയ ഭാരവാഹികളേയും ആർഎസ്എസ് നിശ്ചയിക്കുമെന്നാണ് സൂചന.

പതിനഞ്ചിലധികം സീറ്റിൽ ജയിച്ചേ മതിയാകൂവെന്നാണ് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരന് ആർഎസ്എസ് നൽകിയിരിക്കുന്ന നിർദ്ദേശം. കേരളത്തിൽ തൂക്ക് നിയമസഭ ഉണ്ടാവണം. യുഡിഎഫും എൽഡിഎഫും അധികാരത്തിന് വേണ്ടി ഒരുമിക്കുന്ന സാഹചര്യമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ കേരളത്തിലെ പ്രതിപക്ഷമായി ബിജെപിക്ക് മാറാം. യുഡിഎഫും എൽഡിഎഫും പരസ്പരം സഹകരിക്കുന്ന തരത്തിലേക്ക് കേരള രാഷ്ട്രീയം മാറിയാൽ ഭൂരിപക്ഷ സമുദായ ഏകീകരണം സാധ്യമാകുമെന്നാണ് വിലയിരുത്തൽ. ജയിക്കാൻ ആവുമെന്ന് തെളിയിച്ചാൽ കേരളാ കോൺഗ്രസിനെ പോലുള്ള കക്ഷികൾ ബിജെപിയുമായി അടുക്കുകയും ചെയ്യും. ഇത് മനസ്സിൽ വച്ച് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കും.

ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ബിജെപിക്ക് എല്ലാ വിധ പിന്തുണയും ആർഎസ്എസ് നൽകും. തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചുമതല ആർഎസ്എസിനായിരുന്നു. സ്ഥാനാർത്ഥി നിർണ്ണയവും പ്രവർത്തന ഏകോപനവുമെല്ലാം ആർഎസ്എസ് നടത്തി. ഇതിലൂടെ 35 സീറ്റുകൾ നേടാൻ കഴിയുകയും ചെയ്തു. ഈ മോഡൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാനാണ് ആർഎസ്എസ് നീക്കം. പ്രചരണവും ആർഎസ്എസ് നേരിട്ട് നിർവ്വഹിക്കും. സംഘത്തിന് അനഭിമതരായ ആരേയും സ്ഥാനാർത്ഥിയുമാക്കില്ല. തിരുവനന്തപുരം, പാലക്കാട്, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ നിയസഭാ പോരാട്ടത്തിൽ ജയമാണ് ബിജെപിയുടെ ലക്ഷ്യം. തിരുവനന്തപുരത്തെ ജയസാധ്യതയുള്ള സീറ്റുകളിൽ ചിലത് വെള്ളാപ്പള്ളിയുടെ ബിജെഡിഎസിന് നൽകിയേക്കും.

തൊട്ടുകൂടാത്ത പാർട്ടിയായിരുന്നു ഇതുവരെ കേരളത്തിൽ ബിജെപി. ഇതിന് അവസാനമിട്ടത് വെള്ളാപ്പള്ളിയുടെ സഹകരണത്തിലൂടെയാണ്. അതുകൊണ്ട് തന്നെ അർഹിക്കുന്ന പ്രാധാന്യം വെള്ളാപ്പള്ളിയുടെ പാർട്ടിക്ക് നൽകണമെന്നാണ് ആർഎസ്എസിന്റെ നിർദ്ദേശം. ബിജെപിയുമായി അകന്നു നിൽക്കുന്ന പിപി മുകുന്ദനെ പോലുള്ളവരെ ഉടൻ പാർട്ടിയിലേക്ക് മടക്കികൊണ്ട് വരില്ലെന്നാണ് സൂചന. അത്തരം നേതാക്കളുടെ സാന്നിധ്യമില്ലാതെ തന്നെ ബിജെപിയെ ജയത്തിലേക്ക് നയിക്കാനുള്ള കരുത്ത് ആർഎസ്എസിനുണ്ടെന്നാണ് സംഘ പരിവാറിന്റെ വിലയിരുത്തൽ. എല്ലാ പരിവാർ പ്രസ്ഥാനങ്ങളേയും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമാക്കി നേട്ടമുണ്ടാക്കലാണ് ലക്ഷ്യം.

ആർഎസ്എസ്. സർസംഘ ചാലക് മോഹൻ ഭാഗവത് കേരള സന്ദർശന വേളയിൽ സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്നുള്ള നാല്പതോളം പേരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിലെ ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജനകീയരായ ബിജെപി നേതാക്കളെ കണ്ടെത്തലാണ് ലക്ഷ്യം. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ തിരിച്ചറിയുന്നതിനും വിവിധ മേഖലകളിൽ ആർഎസ്എസ്സിന്റെ നിലപാടുകൾ രൂപവത്കരിക്കുന്നതിനുമുള്ള ആദ്യ ഘട്ടമെന്ന നിലയിലാണ് ഈ നീക്കം. ഇത്തരം കൂടിക്കാഴ്ചകൾ തിരുവനന്തപുരത്തും കോഴിക്കോടും മോഹൻഭാഗവത് നടത്തുമെന്നും സൂചനയുണ്ട്.

കൊച്ചിയിൽ പനമ്പള്ളി നഗറിൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ എസ് ജെ ആർ കുമാറിന്റെ വസതിയിൽ വച്ചാണ് അദ്ദേഹം വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പത്ത് പേരുമായി കൂടിക്കാഴ്ച നടത്തുന്നത്. രാഷ്ട്രീയ നിരീക്ഷകർ, അഭിഭാഷകർ, ഡോക്ടര്മാർ , മാദ്ധ്യമ പ്രവർത്തകർ എന്നിവർ അടങ്ങുന്നവരുമായാണ് മോഹൻ ഭാഗവത് കൂടിക്കാഴ്ച നടത്തുന്നത്. രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ, പ്രമുഖ അഭിഭാഷകരായ ശിവൻ മഠത്തിൽ, കാളിശ്വരം രാജ്. വിവരാവകാശ പ്രവർത്തകൻ ഡിബി ബിനു എന്നിവരെ കൂടിക്കാഴ്ചയ്ക്കായി ആർഎസ്എസ് ജില്ലാ കാര്യാലയം ക്ഷണിച്ചിട്ടുണ്ട്. എസ്എൻഡിപി അടക്കമുള്ള സമുദായ സംഘടനകളുമായി ഉണ്ടാക്കിയ സഹകരണം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കുക ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ആശയ സംവാദം സംഘടിപ്പിക്കുന്നത്.

എന്നാൽ ഇത് സർസംഘചാലകിന്റെ പ്രതിവർഷ പരിപാടിയാണെന്നാണ് ആർഎസ് എസ് കാര്യാലയം വിശദീകരിക്കുന്നത്. അസഹിഷ്ണുത, വിഭാഗീയത , മുതലായ പ്രശ്‌നങ്ങൾ മുൻനിർത്തി കേരളത്തിൽ പ്രക്ഷോഭങ്ങൾ അരങ്ങേറുമ്പോൾ വ്യത്യസ്ത വീക്ഷണമുള്ളവരുമായി ആർഎസ്എസ് സർസംഘചാലക് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യ ഏറെയാണെന്ന് പരിവാരുകാരും സമ്മതിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP