Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൗരത്വത്തിന് മത വിവേചനം പാടില്ല; അത് മതേതര രാഷ്ട്രമെന്ന സങ്കൽപ്പത്തിന് വിരുദ്ധം; യോജിച്ച പ്രക്ഷോഭമാണ് ഉയർന്നു വരേണ്ടത്; എന്നാൽ യോജിപ്പ് എന്നു കേൾക്കുമ്പോൾ തന്നെ വേവലാതിയുള്ള ചിലർ പ്രതിപക്ഷത്തുണ്ട്; കെപിസിസി അധ്യക്ഷനെതിരെ ഒളിയമ്പ്; പരിവാറിനെതിരെ കടന്നാക്രമണം; നിയമസഭയിൽ രാജഗോപാലിനൊപ്പം ഒറ്റപ്പെട്ടത് മുല്ലപ്പള്ളി; സ്വന്തം നേതാവിനെ മുഖ്യമന്ത്രി നുള്ളി നോവിച്ചിട്ടും ഒന്നും മിണ്ടാതെ പ്രതിപക്ഷവും; പൗരത്വ ഭേദഗതി പ്രമേയത്തിൽ പിണറായി ഒറ്റ അമ്പിൽ എയ്ത് വീഴ്‌ത്തിയത് രണ്ട് പക്ഷികളെ!

പൗരത്വത്തിന് മത വിവേചനം പാടില്ല; അത് മതേതര രാഷ്ട്രമെന്ന സങ്കൽപ്പത്തിന് വിരുദ്ധം; യോജിച്ച പ്രക്ഷോഭമാണ് ഉയർന്നു വരേണ്ടത്; എന്നാൽ യോജിപ്പ് എന്നു കേൾക്കുമ്പോൾ തന്നെ വേവലാതിയുള്ള ചിലർ പ്രതിപക്ഷത്തുണ്ട്; കെപിസിസി അധ്യക്ഷനെതിരെ ഒളിയമ്പ്; പരിവാറിനെതിരെ കടന്നാക്രമണം; നിയമസഭയിൽ രാജഗോപാലിനൊപ്പം ഒറ്റപ്പെട്ടത് മുല്ലപ്പള്ളി; സ്വന്തം നേതാവിനെ മുഖ്യമന്ത്രി നുള്ളി നോവിച്ചിട്ടും ഒന്നും മിണ്ടാതെ പ്രതിപക്ഷവും; പൗരത്വ ഭേദഗതി പ്രമേയത്തിൽ പിണറായി ഒറ്റ അമ്പിൽ എയ്ത് വീഴ്‌ത്തിയത് രണ്ട് പക്ഷികളെ!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : പാർലമെന്റ് പാസ്സാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ സർക്കാർ കൊണ്ടുവന്ന പ്രമേയം അവതരിപ്പിക്കുന്നതിനിടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് നേരെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്. പ്രസംഗത്തിലുടനീളം സംഘപരിവാറിനേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രമിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയിലും കെപിസിസി അധ്യക്ഷനെ വെറുതെ വിടാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നതാണ് ശ്രദ്ധേയം. മുഖ്യമന്ത്രിയുടെ പ്രസംഗം കെപിസിസി അധ്യക്ഷനെതിരെയാണെന്ന് വ്യക്തമാക്കിയിട്ടും അതിനെതിരെ ശബ്ദമുയർത്താൻ പോലും നിയമസഭയിൽ പ്രതിപക്ഷം ശ്രമിച്ചതുമില്ല. അങ്ങനെ നിയമസഭയിൽ പ്രമേയത്തെ എതിർത്ത ബിജെപി അംഗം രാജഗോപാലിനൊപ്പം സഭയിൽ ഇല്ലാത്ത മുല്ലപ്പള്ളിയും ഒറ്റപ്പെട്ടു.

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപിക്കുകയാണ്. പൗരത്വം നൽകുന്നതിന് മതം അടിസ്ഥാനമാക്കി വിവേചനം പാടില്ല. അത് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണ്. മതേതര രാഷ്ട്രമെന്ന സങ്കൽപ്പത്തിന് വിരുദ്ധമാണ്. ഇതിനെതിരെ യോജിച്ച പ്രക്ഷോഭമാണ് ഉയർന്നു വരേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ യോജിപ്പ് എന്നു കേൾക്കുമ്പോൾ തന്നെ വേവലാതിയുള്ള ചിലർ പ്രതിപക്ഷത്തുണ്ട്. എന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് നേർക്ക് ഒളിയമ്പെയ്തു. ഇത് ശരിയല്ല. പരമാവധി യോജിപ്പ് വളർത്തിയെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി നിയമം പൊരുത്തപ്പെടുന്നതല്ല. ഭരണഘടനാ മൂല്യങ്ങളോട് കൂറുപുലർത്തുന്നതിനാലാണ് പ്രമേയം അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൗരത്വ നിയമഭേദഗതിക്കെതിരെ കോൺഗ്രസും ഇടതുപക്ഷവും അടക്കമുള്ള ബിജെപി വിരുദ്ധ കക്ഷികൾ കൂട്ടായ പ്രതിഷേധസമരങ്ങൾ നടത്തണമെന്ന് സിപിഎം ആഹ്വാനം ചെയ്തിരുന്നു. എന്നാൽ യോജിച്ചുള്ള സമരത്തിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തുവരികയായിരുന്നു. യോജിച്ചുള്ള സമരത്തിന് കോൺഗ്രസ് തയ്യാറല്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്. എന്നാൽ യോജിച്ചുള്ള സമരമാകാമെന്ന അഭിപ്രായമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പുലർത്തിയത്.

പൗരത്വ ഭേദഗതി നിയമം - മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിൽ നിന്ന്

രാജ്യത്ത് ഒരു വലിയ അജണ്ട നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പൗരത്വഭേദഗതി ഉൾപ്പെടെ നടന്നുവരുന്നത് എന്നു നാം തിരിച്ചറിയണം. ഈ സർക്കാർ അധികാരമേറ്റ ശേഷം നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങൾ പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാണ്. മുസ്ലിം വിഭാഗത്തിനെതിരായി നടന്ന നീക്കങ്ങൾ. വിവാഹ മോചനവുമായി ബന്ധപ്പെട്ട മുത്തലാഖിന്റെ പേരിൽ മുസ്ലീങ്ങൾക്ക് മാത്രം അത് ക്രിമിനൽ കുറ്റമായി മാറ്റുന്ന നിയമം കൊണ്ടുവന്നു. മറ്റ് മതസ്ഥർക്ക് വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിവിൽ പരിധിക്കകത്തു വരുമ്പോഴാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാക്കിയത്. ഇന്ത്യയിലെ 13 സംസ്ഥാനങ്ങൾക്ക് സവിശേഷ നിയമങ്ങൾ നിലനിൽക്കവെ ജമ്മു കാശ്മീരിനെ ഇന്ത്യയുടെ അഭിവാജ്യ ഘടകമാക്കി മാറ്റിയ 370-ാം വകുപ്പ് എടുത്തുമാറ്റുകയും ചെയ്തു. മുസ്ലിം ഭൂരിപക്ഷമുള്ള സംസ്ഥാനത്തോടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

സവിശേഷ അധികാരങ്ങൾ എന്നുപറഞ്ഞ് ജമ്മു കാശ്മീരിന്റെ 370-ാം വകുപ്പ് എടുത്തു മാറ്റുകയായിരുന്നു കേന്ദ്ര സർക്കാർ. അതേ സമയം പൗരത്വ ഭേദഗതിക്കെതിരെ പ്രക്ഷോഭം ഉയരുന്ന ഘട്ടത്തിൽ ഐ.എൽ.പി. അധികാരം സംസ്ഥാനങ്ങൾക്ക് ഇതേ സർക്കാർ നൽകി. മണിപ്പൂർ, തൃപുര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ആ പദവി നൽകി. ഇതുപ്രകാരം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവർക്ക് അവിടെ പോകണമെങ്കിൽ പ്രത്യേ അനുമതി ലഭിക്കേണ്ടതുണ്ട്. ഭൂമി ഉൾപ്പെടെ വാങ്ങാൻ വേണ്ടി മറ്റു സംസ്ഥാനക്കാർക്ക് പറ്റില്ല എന്ന കാര്യവും ഇതിന്റെ ഭാഗമാണ്. ചുരുക്കത്തിൽ മതപരമായ വിവേചനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് അവകാശം നൽകുന്ന രീതിയാണ് ഈ സർക്കാർ പിന്തുടരുന്നത്. ഇത്തരം നയങ്ങൾ രൂപപ്പെട്ടുവരുന്നത് ഒരു അജണ്ടയുടെ ഭാഗമായാണ്. ബിജെപി സാധാരണ രാഷ്ട്രീയപാർട്ടിയല്ല. അത് ആർഎസ്എസ്സിനാൽ നയിക്കപ്പെടുന്നതാണ്.

ഈ സംഘടനയുടെ ആശയപരമായ കാഴ്ചപ്പാട് ജർമ്മനിയെപ്പോലുള്ള രാജ്യങ്ങളിൽ ഹിറ്റ്ലർ ഉൾപ്പെടെ നടപ്പിലാക്കിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഇതിന്റെ സംഘടനാ സംവിധാനം രൂപപ്പെട്ടതാവട്ടെ മുസ്സോളനിയിൽ നിന്നാണ്. ആർഎസ്എസ്സിന്റെ സ്ഥാപകനേതാക്കളെന്ന് വിശേഷിപ്പിക്കപ്പെടുന്നതിൽ ഒരാളായ ബി.എസ്. മുംഞ്ചെ തന്റെ ഡയറിക്കുറിപ്പിൽ ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്. മുസ്സോളനിയുടെ കരിങ്കുപ്പായക്കാരിൽ നിന്നാണ് സംഘടനാ സംവിധാനം പകർത്തിയെടുക്കുന്നത്. ആശയപരമായത് ഹിറ്റ്ലറിൽ നിന്നും. ആർഎസ്എസ്സിന്റെ താത്വിക ഗ്രന്ഥങ്ങളിൽ ഈ സമീപനം വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. മാത്രമല്ല, ഹിറ്റ്ലറുടെ ജർമ്മനി തന്നെയാണ് തങ്ങളുടെ വഴിയെന്നും പരസ്യമായി തന്നെ അവർ പ്രഖ്യാപിക്കുന്നുണ്ട്.

നാം നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്ന എന്ന പുസ്തകത്തിൽ പറയുന്ന കാര്യങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എം.എസ്. ഗോൽവാക്കറിന്റെ വി ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ്, വിചാരധാര (ബഞ്ച് ഓഫ് തോട്ട്സ്) എന്നീ പുസ്തകങ്ങളിൽ നിന്നും പൗരത്വത്തെപ്പറ്റിയും വംശീയതയെപ്പറ്റിയും ചില അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. ഇവ ഈ അവസരത്തിൽ ഉദ്ധരിക്കുന്നത് പ്രസക്തമായിരിക്കും. 'ഒരു വംശത്തിന്റെയും (race) സംസ്‌കാരത്തിന്റെയും ശുദ്ധി നിലനിർത്താൻ ജർമ്മനി ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആ രാജ്യത്തിലെ സെമിറ്റിക് വംശജരായ യഹൂദന്മാരെ പിഴുതെറിഞ്ഞു. വംശാഭിമാനം (race pride) അതിന്റെ ഏറ്റവും ഉയർന്ന നിലയിലാണ് ഇവിടെ കാണപ്പെട്ടത്. അടിസ്ഥാനപരമായി വ്യത്യസ്തകളുള്ള വംശങ്ങൾക്കും സംസ്‌കാരങ്ങൾക്കും ഒരു ഐക്യരൂപത്തിൽ ഉൾപ്പെടാൻ കഴിയില്ല എന്ന് ജർമ്മനി തെളിയിച്ചിരിക്കുകയാണ്. ഇത് ഹിന്ദുസ്ഥാനിലുള്ള നമുക്ക് പഠിക്കാനും പ്രയോഗിക്കാനും കഴിയുന്നതാണ്.' (വി ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ്) അതായത്, ഹിറ്റ്ലറുടെ പാതയാണ് തങ്ങളുടെ പാതയെന്നും ആർഎസ്എസ്സ് പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, ന്യൂനപക്ഷ വിഭാഗങ്ങളും മറ്റും എങ്ങനെയാണ് ജീവിക്കേണ്ടതെന്നും അവർ വ്യക്തമാക്കുന്നുണ്ട്. നാം നമ്മുടെ ദേശീയത നിർവചിക്കുന്നു എന്ന പുസ്തകത്തിൽ നിന്നും ഒരു ഉദ്ധരണി കൂടി അവതരിപ്പിക്കട്ടെ;

'വിദേശീയരായ കൂട്ടർക്ക് രണ്ട് മാർഗ്ഗങ്ങൾ മാത്രമേ ഉള്ളൂ. ഒന്നുകിൽ ദേശീയവംശത്തിൽ സ്വയം ലയിക്കുകയും അതിന്റെ സംസ്‌കാരം സ്വീകരിക്കുകയും ചെയ്യുക. അല്ലെങ്കിൽ ദേശീയവംശം അനുവദിക്കുന്ന കാലത്തോളം അതിന്റെ ദയയിൽ കഴിയുകയും അതിന്റെ മധുരേച്ഛ പോലെ പിന്നെ നാടുവിടുകയും ചെയ്യുക. വിചക്ഷണങ്ങളായ പഴയ രാഷ്ട്രങ്ങളുടെ അനുഭവത്തന്റെ അനുമതിയുള്ള ഈ നിലപാടിൽ നിന്നു നോക്കിയാൽ ഹിന്ദുസ്ഥാനിലെ വിദേശവംശങ്ങൾ ഒന്നുകിൽ ഹിന്ദുസംസ്‌കാരവും ഭാഷയും സ്വീകരിക്കുകയും ഹിന്ദുമതത്തോട് ആദരവും ഭയഭക്തിയും ബഹുമാനവും കാട്ടാൻ പഠിക്കുകയും ഹിന്ദുവംശത്തേയും സംസ്‌കാരത്തേയും, അതായത് ഹിന്ദുരാഷ്ട്രത്തെ മഹത്വവത്ക്കരിക്കുന്നവയ അല്ലാതെ മറ്റ് യാതൊരു ആശയവും വച്ചുപുലർത്താതിരിക്കുകയും ഹിന്ദുവംശത്തിൽ ലയിക്കുന്നതിനുവേണ്ടി തങ്ങളുടെ വേറിട്ടുള്ള നിൽപ് ഉപേക്ഷിക്കുകയും ചെയ്യണം. അല്ലെങ്കിൽ യാതൊന്നും അവകാശപ്പെടാതെ, യാതൊരു ആനുകൂല്യങ്ങൾക്കും- മുൻഗണന പരിഗണനയുടെ കാര്യം പറയുകയും വേണ്ട അർഹതയില്ലാതെ, എന്തിന് പൗരാവകാശങ്ങൾപോലുമില്ലാതെ ഹിന്ദുരാഷ്ട്രത്തിന് പൂർണ്ണമായും വഴങ്ങി വേണമെങ്കിൽ അവർക്ക് ഈ രാജ്യത്തു കഴിയാം. അവർക്ക് സ്വീകരിക്കാൻ ഇതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. ഉണ്ടായിരിക്കാനെങ്കിലും പാടില്ല. നമ്മൾ ഒരു പഴയ രാഷ്ട്രമാണ്; നമ്മുടെ നാട്ടിൽ ജീവിക്കാൻ തീരുമാനിച്ചിട്ടുള്ള വിദേശവംശങ്ങളെ പഴയ രാഷ്ട്രങ്ങൾ ചെയ്യുന്നതുപോലെ, ചെയ്യേണ്ടതുപോലെ നമുക്ക് കൈകാര്യം ചെയ്യാം.'
നാം നമ്മുടെ ദേശീയത നിർവചിക്കുന്നു എന്ന ഗോൽവാക്കറുടെ പുസ്തകത്തിൽ നിന്ന്. വിചാരധാരയിൽ ഒരു കാര്യംപറയുന്നതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.

'ജനാധിപത്യ ഇംഗ്ലണ്ടിലെ ഒരു ഉദാഹരണം പഠനാർഹമാണ്. 100 വർഷങ്ങൾക്കു മുമ്പ് കുറച്ചു ജർമ്മൻകാർ ഇംഗ്ലണ്ടിൽ കുടിയേറി പാർക്കുകയും അവർക്ക് പൗരത്വാവകാശം ലഭിക്കുകയും ചെയ്തു. അവിടെ അവരെ അന്യരായി കണ്ടിരുന്നില്ല. അവരിൽ ഒരാൾ ഒരു ഐ.സി.എസ്. ഉദ്യോഗസ്ഥനായി മധ്യപ്രദേശിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ 1914 ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അദ്ദേഹത്തിന് ജർമ്മൻ അനുകൂല വികാരം ഉണ്ടാകുമോ എന്ന് കരുതി അദ്ദേഹത്തെ തടങ്കലിൽ വെയ്ക്കുകയുണ്ടായി. കേവലം ഒരു സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തടങ്കലിൽ വച്ചത്. ഇതാണ് ദേശീയതയെക്കുറിച്ചുള്ള അവരുടെ ശരിയായ നിലപാട്. നമ്മുടെ രാജ്യത്തേയും സ്ഥിതി ഇതുതന്നെയാണ്. കേവലം കൂട്ടായ താമസമോ ജനനമോ നമ്മുടെ രാജ്യത്ത് വളരുകയോ ചെയ്താൽ മാത്രം ഒരേ തരത്തിലുള്ള കൂറും ഗുണങ്ങളും ജീവിതരീതിയും എല്ലാവരിലും ഉണ്ടാകില്ല.' ഗോൽവാൽക്കറിന്റെ മേൽപ്പറഞ്ഞ ഉദ്ധരണികൾ നമ്മുടെ നാട്ടിൽ ഉയർന്നിരുന്ന ആശങ്കൾക്ക് മതിയായ അടിസ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതാണ്.

ആർഎസ്എസ്സിന്റെ താത്വിക ഗ്രന്ഥമായ ഗോൽവാൽക്കറുടെ വിചാരധാരയിൽ ആന്തരീക ഭീഷണികൾ എന്ന നിലയിൽ മൂന്ന് വിഭാഗങ്ങളെ പറയുന്നുണ്ട്. 1) മുസ്ലീങ്ങൾ (2) ക്രിസ്ത്യാനികൾ, (3) കമ്യൂണിസ്റ്റുകാർ എന്നിവരെയാണ് എന്ന കാര്യവും നാം ഓർക്കേണ്ടതുണ്ട്. ദേശീയപ്രസ്ഥാനത്തേയും അതിന്റെ പാരമ്പര്യത്തേയും പൂർണ്ണമായും നിഷേധിക്കുന്നതാണ് വിചാരധാരയിലെ നിലപാട്. അത്തരക്കാർക്ക് എങ്ങനെയാണ് ദേശീയപ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്ന ഭരണഘടനാ മൂല്യങ്ങളെ അംഗീകരിക്കാനാവുക. ഈ വിഭാഗങ്ങൾക്കു മാത്രമല്ല ആർഎസ്എസ്സ് എതിര് എന്ന് വിചാരിക്കരുത്. വർണ്ണവ്യവസ്ഥയെ പിന്തുണച്ചുകൊണ്ടുള്ള നിലപാടിൽ വിചാരധാരയിൽ തന്നെ പ്രഖ്യാപിക്കുന്നുണ്ട്. 'നമ്മുടെ സമാജത്തിന്റെ മറ്റൊരു സവിശേഷത വർണ്ണവ്യവസ്ഥയാണ്. എന്നാൽ ഇതിനെ ജാതീയത എന്നു മുദ്രകുത്തി ചുച്ഛിച്ചു തള്ളുകയാണ്. വർണ്ണവ്യവസ്ഥയെന്നു പരാമർശിക്കുന്നതുതന്നെ അപഹസിക്കേണ്ട ഒന്നാണെന്ന് നമ്മുടെ ആളുകൾക്ക് തോന്നിതുടങ്ങിയിട്ടുണ്ട്. അതിൽ അടങ്ങിയിട്ടുള്ള സാമൂഹ്യവ്യവസ്ഥയെ സാമൂഹ്യവിവേചനമായി അവർ തെറ്റിദ്ധരിക്കുന്നു.' അതായത്, ഇന്ത്യയുടെ ശാപമെന്ന് മാർക്സ് ഉൾപ്പെടെയുള്ളവർ വിശേഷിപ്പിച്ച ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്.

എന്താണ് ഹിന്ദുവെന്നുള്ള കാര്യം വിചാരധാരക്കാരൻ പറയുന്നുണ്ട്. 'ബ്രാഹ്മണൻ തലയാണ്. രാജാവ് ബാഹുക്കളും വൈശ്യൻ ഊരുക്കളും ശൂദ്രൻ പാദങ്ങളുമാണ്. ഈ ചതുർവിധ വ്യവസ്ഥയുള്ള ജനത അതായത്, ഹിന്ദുജനതയാണ് നമ്മുടെ ദൈവം എന്നാണ് അതിന്റെ അർത്ഥം.' ഇത്തരത്തിൽ ഹിന്ദുവിശ്വാസികളെ പോലും ജാതീയമായ അടിസ്ഥാനത്തിൽ ധ്രുവീകരിക്കുന്നതവർ ഏത് വിഭാഗത്തിന്റെ താത്പര്യമാണ് സംരക്ഷിക്കുന്നത് എന്ന് വ്യക്തം. ചുരുക്കത്തിൽ സംഘപരിവാറിന്റെ അജണ്ട ഇന്ത്യയിൽ ബഹുഭൂരിപക്ഷം വരുന്ന ജനതയെ രണ്ടാം കിട പൗരന്മാരായി ആന്തരീക ഭീഷണികളായും പ്രഖ്യാപിച്ച് തകർക്കുന്നതാണ്. ഈ അജണ്ടയാണ് പൗരത്വപ്രശ്നത്തിൽഉയർന്നുവരുന്നത്. ഇത് എതിർത്തില്ലെങ്കിൽ ഇത്തരം അജണ്ടകൾ ഒന്നൊന്നായി നമ്മുടെ നാട്ടിൽ രൂപപ്പെടും. അത് തിരിച്ചറിഞ്ഞ് ഇടപെടാനാവണം.

പൗരത്വ ഭേദഗതി നേരത്തെ ഉണ്ടാകുന്ന ഘട്ടത്തിൽ പ്രതിഷേധം ഉയരാതിരുന്നത് ഇത്തരം അജണ്ടകളുടെ ഭാഗമായല്ല. അത് രൂപപ്പെടുത്തിയത് എന്നതുകൊണ്ടാണ്. 1955 ലാണ് പൗരത്വനിയമം രാജ്യത്തുണ്ടാകുന്നത്. ഭരണഘടന മുന്നോട്ടുവച്ച ആശയങ്ങൾ സ്വാംശീകരിച്ചുകൊണ്ടാണ് അത് നിലവിൽ വന്നത്. പിൽക്കാലത്ത് ചില ഭേദഗതികൾ ഉണ്ടായി. 1985 ലും 2004 ലും 2005 ലും ആയിരുന്നു അത്. 1985ൽ ആസ്സാം അക്കോർഡിൽ അനുസൃതമായ മാറ്റങ്ങൾ വരുത്താനാണ് ഭേദഗതി ഉണ്ടായിരുന്നത്.

2004ൽ വിദേശികൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട കാലാവധി പുതുക്കി നിശ്ചയിക്കുന്നതിനായിരുന്നു. 2005 ൽ ഭേദഗതി ചെയ്തതാകട്ടെ ഇന്ത്യൻ വംശജരായ വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനായിരുന്നു. എന്നാൽ ഈ ഭേദഗതികളിലൊന്നും മതപരമായ വിവേചനത്തിന്റെ ലാഞ്ചനയോ മൗലിക അവകാശം ലംഘിക്കുന്നതിന്റെ കാഴ്ചപ്പാടുകളോ ഉണ്ടായിരുന്നില്ല. അതിനാൽ ഈ ഭേദഗതികൾക്കൊന്നും രാജ്യവ്യാപകമായ പ്രതിഷേധം നേരിടേണ്ടി വന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP