Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഎം ചെങ്കോട്ടയായ കണ്ണൂരിൽ പരസ്പ്പരം പോരടിച്ചു വളർന്നവർ; സ്വാതന്ത്ര്യ സമര സേനാനിയായ മുല്ലപ്പള്ളിയുടെ പിതാവിനെ അട്ടംപരതി ഗോപാലൻ എന്ന് പിണറായി അധിക്ഷേപിച്ചതോടെ ചിരവൈരികളായി; ഉറ്റസുഹൃത്തായിരുന്ന ടി പി ചന്ദ്രശേഖരനെ 51 വെട്ടിൽ സിപിഎം ഗുണ്ടകൾ തീർത്തതോടെ വൈരം മുറുകി; അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ വക്താക്കൾക്കിടെ കോംപ്രമൈസിന് വഴങ്ങാത്ത നേതാവായി മുല്ലപ്പള്ളി മാറിയതോടെ സൗഹൃദവഴി അടഞ്ഞു; കണ്ടാൽ മിണ്ടാത്ത നേതാക്കളായി മുല്ലപ്പള്ളിയും പിണറായിയും മാറിയ കഥ

സിപിഎം ചെങ്കോട്ടയായ കണ്ണൂരിൽ പരസ്പ്പരം പോരടിച്ചു വളർന്നവർ; സ്വാതന്ത്ര്യ സമര സേനാനിയായ മുല്ലപ്പള്ളിയുടെ പിതാവിനെ അട്ടംപരതി ഗോപാലൻ എന്ന് പിണറായി അധിക്ഷേപിച്ചതോടെ ചിരവൈരികളായി; ഉറ്റസുഹൃത്തായിരുന്ന ടി പി ചന്ദ്രശേഖരനെ 51 വെട്ടിൽ സിപിഎം ഗുണ്ടകൾ തീർത്തതോടെ വൈരം മുറുകി; അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ വക്താക്കൾക്കിടെ കോംപ്രമൈസിന് വഴങ്ങാത്ത നേതാവായി മുല്ലപ്പള്ളി മാറിയതോടെ സൗഹൃദവഴി അടഞ്ഞു; കണ്ടാൽ മിണ്ടാത്ത നേതാക്കളായി മുല്ലപ്പള്ളിയും പിണറായിയും മാറിയ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: കുടിപ്പക പോലുള്ള ഒരു വിരോധമാണ് മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും തമ്മിൽ നിലനിൽക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു പോരാണ് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി ഇപ്പോഴും വെളിയിൽ വരുന്നത്. വലിയ ഒരു ചരിത്രം തന്നെ ഈ പോരിനു പിന്നിലുണ്ട്. അറിയാക്കഥകളും കാണാക്കഥകളുമുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയും മുല്ലപ്പള്ളി കെപിസിസി അധ്യക്ഷനുമായി നിലകൊള്ളുമ്പോൾ ഇവർ തമ്മിലുള്ള പോരിന്റെ രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്. ഒട്ടനവധി സമാനതകളും സ്വഭാവ സവിശേഷതകളുമാണ് ഇരുവർക്കും സ്വന്തമായുള്ളതും. രണ്ടു പേരും കണ്ണൂർ രാഷ്ട്രീയ തട്ടകത്തിൽ വളർന്നവരാണ്. മുല്ലപ്പള്ളി വടകരക്കാരൻ ആയിരുന്നെങ്കിലും കണ്ണൂരിലായിരുന്നു അദ്ദേഹത്തിന്റെ ദ്വീർഘകാല തട്ടകം. വ്യക്തിപരമായ സൗഹൃദം പുലർത്തുന്നതിൽ രണ്ടുപേരും വിമുഖർ. ആരെയും സ്വാഗതം ചെയ്യാത്ത സ്വഭാവമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. പിണറായിയുടെ എതിർ ചേരിയിൽ നിൽക്കുമ്പോൾ മുല്ലപ്പള്ളിയും പ്രകടമാക്കുന്നത് ഇതേ സ്വഭാവ സവിശേഷതകൾ തന്നെയാണ്.

പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്ന ദീർഘകാലവും മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയും ആഭ്യന്തര സഹമന്ത്രിയുമായിരുന്ന കാലത്ത് പോലും ഇതിനു മാറ്റമുണ്ടായില്ല, വിവിധ പദവികളിൽ ഇരുവരും തുടർന്നപ്പോഴും ഈ ഈ അസ്വാരസ്യത്തിനു മാറ്റമുണ്ടായില്ല. വിചിത്രമായ ഒരു രാഷ്ട്രീയ വിരോധത്തിന്റെ കഥയാണ് പിണറായി-മുല്ലപ്പള്ളി ബന്ധം പറയുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിളിക്കുന്ന സർവകക്ഷി യോഗത്തിൽ പോലും ഒരുമിച്ച് ഇരിക്കാനുള്ള അന്തരീക്ഷം മുല്ലപ്പള്ളി നിലനിർത്താറില്ല. നേരിട്ട് പങ്കെടുക്കില്ല. പകരം കോൺഗ്രസ് നേതാക്കളിൽ ആരെയെങ്കിലും വിടുകയാണ് പതിവ്. ഇത് മുഖ്യമന്ത്രി ഗൗനിക്കാറുമില്ല. പക്ഷെ കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ തെന്നല ബാലകൃഷ്ണപിള്ളയുടെ നവതി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തപ്പോൾ പോലും ആ ചടങ്ങിൽ കെപിസിസി പ്രസിഡന്റ് ആയിട്ടുകൂടി മുല്ലപ്പള്ളി സംബന്ധിച്ചിരുന്നില്ല. മുൻപ് മുല്ലപ്പള്ളിയുടെ പിതാവിനെ അട്ടം പരതി ഗോപാലൻ എന്ന് പിണറായി വിജയൻ വിശേഷിപ്പിക്കുമ്പോഴും കൊറോണയുടെ പശ്ചാത്തലത്തിൽ പ്രവാസികളുമായി ചർച്ച നടത്തിയപ്പോൾ സമ്പന്നരോട് മാത്രമാണ് പിണറായി ചർച്ച നടത്തിയതെന്ന മുല്ലപ്പള്ളിയുടെ വിമർശനത്തിലും അതിനു മറുപടിയായി ഇതാണ് സാക്ഷാൽ മുല്ലപ്പള്ളി രാമചന്ദ്രൻ. ചിലർ എത്ര കാലം മാറിയാലും ചിലർ ഒരു തരത്തിലും മാറില്ല എന്നതിന്റെ തെളിവാണിത് എന്നൊക്കെ മുല്ലപ്പള്ളിയ്‌ക്കെതിരെ മുഖ്യമന്ത്രി പരിഹാസം ഉതിർക്കുമ്പോഴും വ്യക്തമാകുന്നത് രാഷ്ട്രീയ വിരോധത്തിന്റെ ഈ കുടിപ്പക തന്നെയാണ്.

പിണറായിയെ വിമർശിക്കുമ്പോൾ മുഖം നോക്കാതെ കടുത്ത വിമർശനം തന്നെ മുല്ലപ്പള്ളി അഴിച്ചു വിടുകയും ചെയ്യും. കൊറോണ പ്രശ്‌നത്തിലും പിണറായിക്ക് തലവേദനയായത് കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ മുല്ലപ്പള്ളിയുടെ വിമർശനമായിരുന്നു. പ്രളയ ഫണ്ട് വകമാറ്റിയ സിപിഎം പ്രവർത്തകർക്കെതിരെ നടപടി എടുത്ത ശേഷമാണ് കൊവിഡ് നേരിടാൻ സഹായമഭ്യർത്ഥിച്ചിരുന്നതെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിശ്വാസ യോഗ്യമായെനെ എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കാശില്ലാത്ത അവസ്ഥയിലാണ് കേരള ഖജനാവ്. കോടിക്കണക്കിന് രൂപ ചെലവിട്ടാണ് മുഖ്യമന്ത്രി ഉപദേശകരെ തീറ്റിപോറ്റുന്നത്.

മുഖ്യമന്ത്രിക്ക് വേണ്ടി വാങ്ങാനിരിക്കുന്ന ഹെലികോപ്റ്റർ പദ്ധതി ഉപേക്ഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം മുന്നിൽ നിൽക്കെയാണ് സംയുക്ത വാർത്താ സമ്മേളനം ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയും നടത്തിയപ്പോഴും ഇതിൽ മുല്ലപ്പള്ളിയെ മാത്രം തിരഞ്ഞു പിടിച്ച് മുഖ്യമന്ത്രി ആക്രമിക്കുന്നത്. പരസ്പരം മുഖം നോക്കാതെ വിമർശിക്കുമെങ്കിലും ചില സമാനതകൾ ഇരുവർക്കും സ്വന്തമായിട്ടുണ്ട്. വലിയ ഒരു ഭാഗ്യം ഇരുകൂട്ടർക്കും സ്വന്തമായിട്ടുണ്ട്. കോൺഗ്രസിൽ പലരും ഒതുക്കപ്പെട്ടപ്പോഴും ലീഡർ കെ.കരുണാകരൻ അടക്കമുള്ളവർ പോലും പാർട്ടിയിൽ നിന്ന് പുറന്തള്ളപ്പെട്ടപ്പോഴും മുല്ലപ്പള്ളിയെ ഒന്നും ബാധിച്ചില്ല. നിരവധി തവണ എംപിയും ആഭ്യന്തര സഹമന്ത്രി വരെയുള്ള പദവികളും ഒടുവിൽ കെപിസിസി അധ്യക്ഷ സ്ഥാനവും മുല്ലപ്പള്ളിയെ തേടിയെത്തുക തന്നെ ചെയ്തു.

ദീർഘകാലം പാർട്ടി സെക്രട്ടറിയായിരുന്ന ശേഷം മുഖ്യമന്ത്രി പദവി തന്നെ പിണറായി വിജയനെയും തേടിയെത്തി. പക്ഷെ പരസ്പരമുള്ള രസക്കേട് ഇരുവരും ഒരിക്കലും മറന്നില്ല. ആ രസക്കേട് പിണറായി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുമ്പോഴും കെപിസിസി അധ്യക്ഷ പദവിയിൽ മുല്ലപ്പള്ളി ഇരിക്കുമ്പോഴും തുടരുക തന്നെ ചെയ്യുന്നു. മുല്ലപ്പള്ളിയെ അസ്വസ്തത പെടുത്തുന്ന ഒന്ന് സ്വന്തം അച്ഛന് നേരെ പിണറായി വിജയൻ ഉതിർത്ത വിമർശനമായിരുന്നു. മുല്ലപ്പള്ളി ഗോപാലനെ അട്ടം പരതി ഗോപാലൻ എന്നാണ് പിണറായി വിശേഷിപ്പിക്കാറുള്ളത്. ഇത് മുല്ലപ്പള്ളിയെ നിരന്തരം അസ്വസ്ഥതപ്പെടുത്തിയിരുന്നു. അട്ടം പരതി ഗോപാലൻ എന്ന് മുല്ലപ്പള്ളി ഗോപാലനെ സിപിഎം വിമർശിക്കുന്നത് ചരിത്രപരമായ കാരണങ്ങളാൽ എന്നാണ് സിപിഎം തന്നെ നൽകുന്ന വിശദീകരണം.

മുല്ലപ്പള്ളി ഗോപാലനെതിരെ സിപിഎമ്മിന്റെ പ്രചാരണം:

1947 ൽ തന്നെ സർദാർ പട്ടേലും കൂട്ടരും കമ്മുണിസ്റ്റുകാരെ വളരാൻഅനുവദിക്കില്ലെന്നു പ്രഖ്യാപിച്ചിരുന്നു. ശാരീരികമായി ആക്രമിച്ചും കൊലപ്പെടുത്തിയും പ്രസ്ഥാനത്തെ തകർക്കുമെന്നും പ്രഖ്യാപിച്ച കാലമായിരുന്നു....മദിരാശിയിലെ കോൺഗ്രസ് സർക്കാർ ഇത് അക്ഷരം പ്രതി നടപ്പിലാക്കുകയായിരുന്നു. .. 1948 ഏപ്രില് 29 നു കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കുറൂബ്രനാട് താലൂക്ക് കമ്മിറ്റി ഞ്ചിയത്ത് ചേരുകയായിരുന്നു ...യോഗവിവരമറിഞ്ഞ് പൊലീസ് -എം എസ് പി - ഞ്ചിയത്തേക്ക് കുതിച്ചു... മുക്കാളിലെത്തിയ എം എസ്‌പി യെ ഒഞ്ചിയത്തേക്ക് വഴികാട്ടിയത് , ഇന്നത്തെ ആർഎംപിയുടെ രക്ഷാധികാരി മുല്ലപ്പള്ളി രാഘവന്റെ അച്ചൻ മുല്ലപ്പള്ളി ഗോപാലനായിരുന്നു ,,,, ദേശരക്ഷാ സേന എന്ന പേരിലും ചെറുപയർ പട്ടാളം എന്നപേരിലും കമ്മ്യുണിസ്റ്റ് കാരെ വകവരുത്താൻ ലാത്തിധാരികളായി കൊല്ലും കൊലക്കും അധികാരമുള്ളവരായിരുന്നു ഈ ഖദർ ധാരികൾ. .. മുല്ലപ്പള്ളി ഗോപാലനായിരുന്നു വടകരയിലെ സഘത്തിന്റെ നേതാവ് അട്ടം പരതി ഗോപാലന് എന്നും ഇയാൾക്ക് പേരുണ്ടായിരുന്ന ഏതെങ്കിലും വീടിന്റെ അട്ടത്ത് കമ്മ്യുണിസ്റ്റ്കാർ ഒളിച്ചിരിപ്പിണ്ടോ എന്ന് പരതി നോക്കി ഒറ്റിക്കൊടുക്കലായിരുന്നു ഗോപാലന്റെ പണി - ഒഞ്ചിയത്തെത്തിയ പൊലീസും ചെറുപയർ പട്ടാളവും ജനങ്ങൾക്ക് നേരെ ഭീകരാക്രമണം അഴിച്ചുവിട്ടു.. .പാർട്ടി നേതാക്കളായ ചോയിയെയും കണാരനേയും പിടികൂടി...നേതാക്കളെ വിട്ടയക്കാൻ ജനങ്ങള് ആവശ്യപ്പെട്ടു.. പൊലീസ് വെടിവെക്കുമെന്ന് പ്രഖ്യാപിച്ചു.. .സഖാവ് അളവക്കന് ക്രിഷ്ണന് നിറതോക്കിനു മുന്നിലേക്ക് വിരിമാറ്,കാട്ടി നിവർന്ന് നിന്നു.... പൊലീസ് നിരപരാധികൾക്ക് നേരെ 36 റൗണ്ട് നിറയൊഴിച്ചു... കുനിയിൽ രക്തപുഴ ഒഴുകി...8 പ്രിയ സഖാക്കൾ രക്തസാക്ഷികളായി

സഖാക്കൾ അളവക്കൻ ക്രിഷ്ണൻ ,കെ എം ശങ്കരൻ,വി പി ഗോപാലൻ ,വീ കെ രാഘൂട്ടി, സി കെ ചാത്തുമേനോൻ കണാരൻ ,പുറവില് കണാരൻ ,പാറോള്ളതിൽ കണാരൻ ......... മൃതദേഹങ്ങൾ ഒരു ലോറിയിൽ കയറ്റി പുറങ്കര കടപ്പുറത്ത് ഒന്നിച്ച് കുഴിച്ചുമൂടി .... ലോറിയിൽ വെച്ച്,മരിച്ചിട്ടില്ല എന്ന് സംശയം തോന്നിയവരെ ചവിട്ടികൊന്നു.. .. പൊലീസിനു നേരെ ഒഞ്ചിയം ജനത ചീറിയടുത്തു... കരിങ്കൽ ചീളുകള് പൊലീസിനു നേരെ എറിഞ്ഞു... തിര തീർന്ന തോക്കും തൊപ്പിയും നിലത്ത് വീണു... തോക്കിലേക്ക് തിരക്കായ് ഗോപാലനും സഘവും പൊലീസ് ക്യാബിലേക്ക് ഓടി...പക്ഷെ പൊലീസിന്...ഒഞ്ചിയത്തിന്റെധീരതക്ക് മുൻപിൽ പിടിച്ചു നില് ക്കാനായില്ലാ... . അവര് ഓടി രക്ഷപ്പെട്ടു... .. അന്ന് ഒഞ്ചിയം ജനത ഓടിച്ച ഒറ്റുകാരുടെ ,മുല്ലപ്പള്ളി ഗോപാലന്റെ സംഘം പിന്നീട് ഒഞ്ചിയത്തിന്റെ മണ്ണിലെത്തുന്നത് ടിപി ചന്ദ്രശേഖരന്റെയും ആർഎംപി യുടെയും മുഖ്യരക്ഷാധികാരിയായിട്ടാണ്. ... മുല്ലപ്പള്ളി ഗോപാലന്റെ നേതൃത്വത്തിൽ സഖാവ് മൊണ്ടോടീ യെ ചെറുപയർ പട്ടാളം പിടിച്ച് പൊലീസിലേല്പിച്ചു.....3 ദിവസം ഭീകരമായി മർദ്ദിച്ചു. .. കമ്മ്യുണിസ്റ്റ് പാർട്ടി മൂർദ്ദാബാദ് ,നെഹറു സിന്ദാബാദ് ,എന്ന് വിളിക്കാനായിരുന ്‌നു മര് ദ്ദ്കവീരന് മാരായ പൊലീസുകാർ മൊണ്ടോടിയോട് ആവശ്യപ്പെട്ടത്. .... ധീരനായ മൊണ്ടോടി വഴങ്ങിയില്ലാ... . മൂന്നാം ദിനം .... സ്വന്തം ശരീരത്തില് നിന്നും ചാലിട്ടോഴുകിയ രക്ത്ത്തില് കൈ മുക്കി വടകര പൊലീസ് ലോക്കപ്പിന്റെ ചുമരില് അരിവാളും ചുറ്റികയും വരച്ച് ജീവന് പോകും വരേ കമ്മ്യുണിസ്റ്റ് പാർട്ടി സിന്താബാദ് വിളിച്ച് ധീരനായ മൊണ്ടോടി ഈ ലോകത്തോട് വിട പറ്ഞ്ഞത്... ഇന്ന് മാധ്യമ - വലതുപക്ഷ കൂട്ട് എന്ത് പ്രചരിപ്പിച്ചാലും കാലവും ജനതയും ഇവരെ ഒറ്റുകാരെന്നും കുലം കുത്തികൾ എന്നും മാത്രമേ വിളിക്കൂ....... കോൺഗ്രസ് ഒറ്റുകാരുടെ ആജ്ഞ കേട്ട് ഒഞ്ചിയത്ത് സഖാക്കളെ വെടിവെച്ചു കൊന്ന പൊലീസുകാരെ ജനരോക്ഷത്തിൽ നിന്നും രക്ഷിക്കാൻ അന്ന് മുല്ലപ്പള്ളി രാഘവന്റെ അച്ചന്,കഴിഞ്ഞിട്ടില്ലാ ,,, ഇന്ന് മുല്ലപ്പള്ളിയുടെ ആജ്ഞ കേട്ട് കോൺസൻട്രേഷൻ ക്യാബുകളിൽ പാർട്ടി പ്രവർത്തകർക്ക് നേരെ മർദ്ദനം നടത്തുന്നവർ ചരിത്രം ഓർക്കുന്നതും നന്നാവും.

എന്താണ് പിണറായി-മുല്ലപ്പള്ളി രസക്കേടിന്റെ പിന്നിലെ കഥ എന്ന് തിരക്കിയാൽ ഈ കഥയ്ക്ക് പുറമേ കണ്ണൂരിലെ രാഷ്ട്രീയ കുടിപ്പകയ്ക്ക് ഒരു നിർണ്ണായക റോളുണ്ടെന്നു കാണാം. ഇതിൽ കേരളാ പൊലീസിനും മുല്ലപ്പള്ളി രാമചന്ദ്രനുണ്ടായിരുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി പദവിക്കും ടിപിയുമായി മുല്ലപ്പള്ളിക്കുണ്ടായിരുന്ന ബന്ധത്തിനുമൊക്കെ റോളുകളുണ്ട്. പാർട്ടി സെക്രട്ടറിയായി തുടരുമ്പോൾ പിണറായി വിജയനെ ഇത്രയും അലോസരപ്പെടുത്തിയ ഒരു രാഷ്ട്രീയ കൊലപാതകം കണ്ണൂരിൽ നടന്നിട്ടില്ല. പറയുന്നത് ടി.പി.ചന്ദ്രശേഖരൻ വധത്തെക്കുറിച്ച് തന്നെ. മുല്ലപ്പള്ളിയുടെ വീടായ വടകര ചോമ്പാലിൽ നിന്ന് വലിയ ദൂരമില്ല ടി.പി.യുടെ വീട്ടിലേക്കും ആർഎംപി ഭരിക്കുന്ന ഒഞ്ചിയം പഞ്ചായത്തിലേക്കും. ഈ അടുപ്പം മുല്ലപ്പള്ളിയും ടിപിയും തമ്മിലുമുണ്ടായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ ആഭ്യന്തര സഹമന്ത്രിയായിരിക്കെ, കേരളത്തിൽ യുഡിഎഫ് ഭരണം നടക്കുമ്പോഴാണ് 51വെട്ടുകൾ വെട്ടി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സിപിഎം കൊലയാളി സംഘം ടിപിയെ വകവരുത്തുന്നത്. അന്ന് പാർട്ടി സെക്രട്ടറി പിണറായി വിജയനും.

എകെജി സെന്ററിൽ വിളിച്ചു ചേർത്ത മാധ്യമ സമ്മേളനത്തിൽ പിണറായി പറഞ്ഞത് ഒരേ ഒരു വാക്കാണ് ടിപി വധത്തിൽ സിപിഎമ്മിന് പങ്കില്ല. പക്ഷെ ടിപി വധത്തിൽ സിപിഎമ്മിന്റെ പങ്കു വെളിപ്പെടുത്തി ആദ്യം രംഗത്ത് വന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളിയായിരുന്നു. ടിപി വധത്തിൽ സിപിഎം കൊലയാളി സംഘത്തെ വലയിലാക്കിയ മുടക്കോഴി മലയിലെ ഓപ്പറേഷനും ഒരു വലിയ പങ്കുണ്ട്. അന്ന് കേരളത്തിൽ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരും ഡിജിപിയായിരുന്ന സെൻകുമാറും കേന്ദ്രമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും കൈകോർത്തപ്പോൾ പിടിയിലായത് കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ ഏറ്റവും വലിയ ക്രിമിനൽ സംഘമായിരുന്നു. എത്രയോ ചോരപുരണ്ട ഓപ്പറേഷനുകൾ നടത്തിയ കൊടി സുനിയും ടി.കെ.രജീഷും, ഷാഫി, കിർമ്മാണി മനോജും അടക്കമുള്ള വലിയ സംഘം ഒറ്റയടിക്കാണ് കേരള പൊലീസിന്റെ വലയിൽപ്പെട്ടത്. ഇതിൽ മുംബൈ-ഗോവാ അതിർത്തിയിൽ നിന്നാണ് രജീഷിനെ പൊക്കുന്നത്. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ തന്നെയാണ് ടിപി വധം നടക്കുന്നതും ഈ കൊലയാളി സംഘം അപ്പാടെ വലയിൽ ആകുന്നതും. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ടി.പി.സെൻകുമാറിനോട് തോന്നിയ ചൊരുക്ക് തന്നെ, ഒരു പക്ഷെ അതിലുമപ്പുറം മുല്ലപ്പള്ളിയോടുമുണ്ട്.

വേട്ടയാടുന്ന ടിപി വധം

സിപിഎമ്മിന്റെ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ക്ഷീണമായിരുന്നു ടിപി വധ പ്രതികൾ ഒന്നടങ്കം വലയിലായ സംഭവം. ഇതിനു ശേഷം കൃത്യതയുള്ള ഒരു രാഷ്ട്രീയ കൊലപാതകം പോലും സിപിഎമ്മിന് കണ്ണൂർ ജില്ലയിൽ നടത്താൻ കഴിഞ്ഞില്ല. അത്രയും കൃത്യതയും കണിശതയുമുള്ള ആസൂത്രകാരാണ് ഇന്നും ജയിലഴികളിൽ തുടരുന്നതും. സിപിഎമ്മിന്റെ കണ്ണൂരെ കിടയറ്റ നേതാവായിരുന്ന എതിരാളികൾ ഓമനപ്പേരിൽ വിശേഷിപ്പിക്കുന്ന കാലൻ കുഞ്ഞനന്തൻ എന്ന കുഞ്ഞനന്തൻ വരെ ടിപി വധത്തിൽ അഴികൾക്കുള്ളിലായി. പാർട്ടി സെക്രട്ടറിയെന്ന നിലയിൽ പിണറായിക്കും സിപിഎമ്മിനും വലിയ അഗ്‌നിപരീക്ഷയായിരുന്നു ടിപി വധം. അതിന്റെ അലയൊലികളിൽ നിന്നും ഇന്നും സിപിഎം രാഷ്ട്രീയം വിമുക്തമല്ല. ടിപി വധാന്വേഷണത്തിൽ മുല്ലപ്പള്ളി ചെലുത്തിയ സ്വാധീനം അത് പാർട്ടി സെക്രട്ടറിയെന്ന നിലയിൽ പിണറായിക്ക് മറക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് മാത്രമല്ല പിണറായിക്കുള്ള അലോസരത്തിനു കാരണം.

എംപിയെന്ന നിലയിൽ സിപിഎമ്മിന്റെ കണ്ണൂരിൽ നിന്നുള്ള രാഷ്ട്രീയ വിജയങ്ങൾ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലം എന്നോ ഹൃദയ ഭൂമി എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന കണ്ണൂരിൽ നിന്നും അഞ്ചു തവണയാണ് പാർലമെന്റിലേക്കു തുടർച്ചയായി മുല്ലപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടത്. ഇടത് മുന്നണി കൈവെള്ളയിൽ ഒതുക്കി നിർത്തിയിരുന്ന വടകര ലോക്‌സഭാ മണ്ഡലം സിപിഎമ്മിൽ നിന്നും പിടിച്ചെടുത്ത് കോൺഗ്രസിന് സ്വന്തമാക്കി നല്കിയതും മുല്ലപ്പള്ളി തന്നെയാണ്. രണ്ടു തവണ മുല്ലപ്പള്ളി തുടർച്ചയായി പ്രതിനിധീകരിച്ചത് ഇടത് കോട്ടയായ വടകരയായിരുന്നു. തുടർന്നു കെ.മുരളീധരനും വിജയിയായി. വടകര ലോക്‌സഭാ മണ്ഡലം ഇപ്പോഴും കോൺഗ്രസിന് ഒപ്പം തന്നെ. അഞ്ച് തവണ കണ്ണൂർ ലോക്‌സഭാ സീറ്റിൽ വിജയിയായതും രണ്ടു തവണ വടകര മുല്ലപ്പള്ളി ലോക്‌സഭാ സീറ്റ് സ്വന്തമാക്കിയതും വിഷമിപ്പിച്ചത് പാർട്ടി സെക്രട്ടറി എന്ന നിലയിൽ പിണറായി വിജയനെ തന്നെയാണ്. പിണറായിയെ എതിർക്കുമ്പോൾ മുള്ളുമുന വെച്ച് എതിർക്കുന്നതിലും മുല്ലപ്പള്ളി മുന്നിൽ നിന്നിരുന്നു. ഇതെല്ലാം തന്നെ ഇവർക്കിടയിലെ അകൽച്ച കൂട്ടി. ഇപ്പോഴും പരസ്പരം കാണുക കൂടി ചെയ്യാതെ വിമർശനം അഴിച്ചു വിടുക തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും മുല്ലപ്പള്ളി രാമചന്ദ്രനും ചെയ്യുന്നത്.

സോഷ്യൽ മീഡിയയിൽ വലിയ കഥകളാണ് കുടിപ്പകയുടെ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രചരിക്കുന്നത്.

സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ ഇങ്ങനെ:

പിണറായിക്ക് മുല്ലപ്പള്ളിയോടുള്ള കുടിപ്പകയ്ക്ക് കാരണങ്ങൾ ഏറെയുണ്ട്.
പിണറായി അഴിമതിക്കേസുമായി കോടതി കയറിയിറങ്ങുമ്പോൾ മുല്ലപ്പള്ളി കേന്ദ്ര മന്ത്രിയായി സംശുദ്ധ രാഷ്ട്രീയത്തിന് അടിവരയിടുകയായിരുന്നു.

നാട്ടിലുള്ള എല്ലാവർക്കും തന്നോട് അസൂയയാണ് എന്ന് തോന്നുന്നത് ഒരു മാനസിക പ്രശ്‌നമാണ്.
പിണറായി വിജയൻ അത്തരത്തിൽ ഒരു മതിഭ്രമം ബാധിച്ചത് പോലെയാണ് സംസാരിക്കുന്നതും പെരുമാറുന്നതും. പ്രത്യേകിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ വിജയന്റെ ഭാവം മാറും മുഖം കറുക്കും ... പിന്നെ സമനില തെറ്റിയത് പോലെയാണ് പ്രതികരണമുണ്ടാവുക.

2018 സെപ്റ്റംബർ 20ന് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി. പ്രസിഡണ്ടായപ്പോൾ അഭിവാദ്യമർപ്പിച്ച് അന്നെഴുതിയതാണ്
----

''അട്ടം പരതി ഗോപാലനെ അറിയുമോ സഖാക്കളെ ? അയാൾക്ക് പണ്ട് അട്ടം തപ്പലാണ് പണി. ഒരു തരം കൂട്ടികൊടുപ്പ്!''

പിണറായി കത്തിക്കയറുകയാണ്.

സ്വാതന്ത്ര്യ സമര സേനാനിയും, ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും, മാഹി വിമോചനത്തിനു വേണ്ടി സമരം നടത്തുകയും ചെയ്ത മഹാ ത്യാഗി വര്യനായ മുല്ലപ്പള്ളി ഗോപാലനെ കുറിച്ചാണ് പറയുന്നത്. അട്ടം പരതലിന്റെ കഥ പിണറായി പറയുമ്പോൾ ആയിരങ്ങൾ മുന്നിലുണ്ട്. കുറച്ച് പേർ കൈയടിച്ചു. കാര്യം മനസ്സിലായവർ പരസ്പരം നോക്കി. (കഥയുടെ പിന്നിലെ വസ്തുത സക്കറിയയും ബൽറാമും എം.സി.ജോസഫൈനും വ്യത്യസ്ത സന്ദർഭങ്ങളിൽ പരാമർശിച്ചിട്ടുണ്ട്) മുല്ലപ്പള്ളി രാമചന്ദ്രനെന്ന മകനെ കുറിച്ചാണ് പിണറായിക്ക് ആക്ഷേപമെങ്കിൽ അന്ന് ഏവർക്കും സുപരിചിതനായ രാമചന്ദ്രനെന്ന കേന്ദ്ര മന്ത്രിയെ ആക്ഷേപിക്കാമായിരുന്നു. കമ്മ്യൂണിസ്റ്റ് മേധാവിത്വത്തെ വെല്ലുവിളിച്ച് കണ്ണൂരെന്ന കോട്ട തകർത്ത, വടകരയെന്ന മല പിഴുത ,രാഷ്ട്രീയക്കാരനായ കോൺഗ്രസ്സുകാരനെ ആക്ഷേപിക്കാൻ അദ്ദേഹത്തിന്റെ അച്ഛനെ വിളിക്കുന്നത്ര പിണറായി തരം താഴ്ന്നത് അന്ന് കേരളം കണ്ടു. സഖാവ് ടി.പി യെ 52 വെട്ടുകൾ വെട്ടി കൊന്നു കളഞ്ഞാൽ ആ അഭിപ്രായത്തെയും രാഷ്ട്രീയത്തെയും തീർത്തു കളയാം എന്ന് കരുതിയ പിണറായിയെന്ന ഗുണ്ടാ നേതാവിനെതിരെ ചെറുത്തു നിന്നവനാണ് മുല്ലപ്പള്ളി.നിരന്തരം മറുപടി പറഞ്ഞുകൊണ്ടേയിരിക്കേണ്ട പ്രതിരോധത്തിലേക്ക് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎമ്മിലെ ഗുണ്ടാ സംഘത്തെ എത്തിച്ചതിൽ മുല്ലപ്പള്ളിയുടെ നിരന്തരമായ ഇടപെടലും പങ്കു വഹിച്ചിട്ടുണ്ട്.

ഒന്നുമില്ലായ്മയിൽ നിന്ന് വിജയനും മറ്റു പലരും ഇന്ന് അഭിരമിക്കുന്ന സൗഭാഗ്യങ്ങൾ വെച്ച് നോക്കുമ്പോൾ മുല്ലപ്പള്ളി രാമചന്ദ്രനെന്ന കോൺഗ്രസ്സുകാരന്റെ സ്വകാര്യ ജീവിതം ഒന്നുമല്ല. ഉള്ളത് മുഴുവൻ വിറ്റു പെറുക്കി രാഷ്ട്രീയം വളർത്തിയ അച്ഛന്റെ മകനാണ്. തരം താഴലിന്റെ പരമാവധി താഴ്ന്ന് തന്തക്ക് വിളിയിൽ സമാധാനം കണ്ടെത്തിയ വിജയൻ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്... അന്നും എന്നും രാഷ്ട്രീയമായ മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചിട്ടില്ലാത്ത മുല്ലപ്പള്ളി കെപിസിസി.യുടെ പ്രസിഡണ്ടാകുന്നു. ഒത്തുതീർപ്പിന് വഴങ്ങാത്തവൻ. തോൽക്കുമെന്നുറപ്പിച്ചിടത്ത് നിന്ന് പോലും ജയിച്ച് കയറിയ പോരാളി. അതെ. തോൽക്കാനിടയുള്ളിടത്ത് പോലും നാം ജയിച്ചു കയറും.
മുല്ലപ്പള്ളി രാമചന്ദ്രന് ഹൃദയാഭിവാദ്യങ്ങൾ??

എ.കെ.ഷാനിബ്

മറ്റൊരു പ്രചാരണം:

മുല്ലപ്പള്ളിയോട് പിണറായിക്കുള്ള കുശുമ്പ് മനസിലാക്കാം...

അയാളുടെ ചെരുക്കും മനസിലാക്കാം..

ടി പി ചന്ദ്രശേഖരൻ ഉള്പടെ ഉള്ള നിരവധി മനുഷ്യരെ കൊടി സുനിമാരെ കൊണ്ട് തുണ്ടം തുണ്ടമായി അരിഞ്ഞു കൊന്നപ്പോൾ അരുത് കാട്ടാളാ എന്ന് പറഞ്ഞതിന്റെ ആണ്... അയാളോടും അയാളുടെ ഫാന്‌സിനോടും ഒന്നും പറയാൻ ഇല്ല.... തെറ്റിദ്ധരിപ്പിക്കലിൽ വീണു പോകുന്ന ചില നിഷ്‌കുകളോടാണ് പറയാൻ ഉള്ളത്... മുല്ലപ്പള്ളി ഇപ്പോൾ പറഞ്ഞതിൽ എന്താണ് കുഴപ്പം.. സാധാരണക്കാർ ആയ പ്രവാസികൾ ആണ് ഇന്ന് ഗൾഫിൽ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത്.. അവരുമായി ബന്ധപ്പെടാതെ അവരുടെ അവസ്ഥ അന്വേഷിക്കാതെ അബുദാബിയിലെ വില്ലയിൽ സുഖമായി ഇരിക്കുന്ന യൂസഫലിയെയും അത് പോലെ ഉള്ള മുതലാളിമാരെയും വിളിച്ചു കുശല പ്രശ്നം നടത്തുകയാണോ ഈ സന്ദർഭത്തിൽ പ്രവാസി ക്ഷേമ താല്പര്യാർത്ഥം എന്ന പേരിൽ പിണറായി ചെയ്യേണ്ടത്...

സാധാരണക്കാരുടെ പ്രശ്‌നങ്ങൾ അന്വേഷിക്കണം എന്ന് പറഞ്ഞതാണോ മുല്ലപ്പള്ളി ചെയ്ത കൊടും പാതകം...

സാധാരണക്കാരായ പ്രവാസികൾക്ക് ഇടയിൽ പ്രവർത്തിക്കുന്ന എത്രയോ സാമൂഹിക പ്രവർത്തകർ ഉണ്ട്... ഈ ദുരന്തകലത്തും അവർക്ക് ഇടയിൽ സജീവമായി സന്നദ്ധ സേവനം നടത്തുന്നവർ... അവരേ വേണം പിണറായി വിളിച്ചു കാര്യങ്ങൾ തിരക്കാൻ എന്ന് പറയുന്നത് ഇത്രയും വലിയ പാപമാണോ... ഇവിടെ മോദി ഇന്ത്യയിലെ സാധാരണക്കാരുടെ പ്രശ്‌നം മനസിലാക്കാൻ അംബാനിയുടെയും ആദാനിയുടെയും അമിതാഭ് ബച്ചന്റെയും മോഹൻലാലിന്റേയും കൂടെ മാത്രം ഒരു യോഗം ചേർന്നാൽ എങ്ങനെ ഉണ്ടാകും .... വിമർശനം ഉണ്ടാകില്ലേ.... അത് തന്നെ ആണ് മുല്ലപ്പള്ളിയും ഉയർത്തിയത്... അതിനെ മുല്ലപ്പള്ളി പ്രവാസികളെ എതിർത്തു.., കുശുമ്പാണ് എന്ന നിലക്ക് വക്രീകരിക്കുന്ന നിലപാട് ആണോ എടുക്കേണ്ടത്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP