Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രധാനമന്ത്രിയായി മൂന്ന് കൊല്ലമാകുമ്പോഴും ജനപ്രീതിയുടെ ഗ്രാഫ് മുകളിലോട്ടു തന്നെ; സർജ്ജിക്കൽ സ്‌ട്രൈക്ക് മുതൽ നോട്ട് നിരോധനം വരെ എല്ലാം വിജയത്തിലേയ്ക്കുള്ള വഴികളാക്കിമാറ്റി; വിജയിക്കുന്നത് മോദി മുമ്പിലും ഷാ പിന്നിലുമായി നിന്നുള്ള സമർത്ഥമായ നീക്കങ്ങൾ തന്നെ: കണ്ടത് അടുത്ത ഏഴു വർഷം കൂടി എങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെന്നു ഉറപ്പിച്ച വിജയം

പ്രധാനമന്ത്രിയായി മൂന്ന് കൊല്ലമാകുമ്പോഴും ജനപ്രീതിയുടെ ഗ്രാഫ് മുകളിലോട്ടു തന്നെ; സർജ്ജിക്കൽ സ്‌ട്രൈക്ക് മുതൽ നോട്ട് നിരോധനം വരെ എല്ലാം വിജയത്തിലേയ്ക്കുള്ള വഴികളാക്കിമാറ്റി; വിജയിക്കുന്നത് മോദി മുമ്പിലും ഷാ പിന്നിലുമായി നിന്നുള്ള സമർത്ഥമായ നീക്കങ്ങൾ തന്നെ: കണ്ടത് അടുത്ത ഏഴു വർഷം കൂടി എങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെന്നു ഉറപ്പിച്ച വിജയം

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: മോദി പ്രധാനമന്ത്രിയായിട്ട് മൂന്ന് വർഷമാകാൻ ഇനി അവശേഷിക്കുന്നത് കേവലം രണ്ട് മാസം കൂടി മാത്രമാണ്. അതിനിടിയിൽ പ്രതിപക്ഷം ഒരുമിച്ച് നിന്നു പോരാടിയ അനേകം വിഷയങ്ങൾ ഉണ്ടായി. എന്നാൽ ജനപ്രീതിയുടെ കാര്യത്തിൽ മോദി അനുനിമിഷം മുന്നോട്ടെന്നു തന്നെ വ്യക്തമാക്കുകയാണ് ഓരോ തെരഞ്ഞെടുപ്പുകളും. ഇന്ത്യൻ ഭരണം ആര് നിയന്ത്രിക്കണം എന്നു നിഷ്‌ക്കർഷിക്കുന്ന യുപിയിലെ ഒറ്റയ്ക്കുള്ള വിജയം ഉറപ്പ് വരുത്തുന്നത് ഇനി കുറഞ്ഞത് ഏഴ് വർഷം എങ്കിലും ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോദിയാണ് എന്നു തന്നെയാണ്.

യുപിയിലെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ ബിജെപി തരംഗത്തിന്റെ കാരണമായി പറഞ്ഞു കേട്ടത് ഭിന്നിച്ചു നിന്നിട്ടും യുപി തൂത്തുവാരിയത് ബിജെപിക്കും മോദിക്കും നൽകുന്നത് ചില്ലറ പ്രതീക്ഷയല്ല. പഞ്ചാബ് ഒഴികെ ബാക്കി എല്ലായിടത്തും ബിജെപി നില മെച്ചപ്പെടുത്തി എന്നതും നിസാര കാര്യമല്ല. മഹാരാഷ്ട്ര അടക്കം പല സംസ്ഥാനങ്ങളിലും നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ ബിജെപി കാട്ടിയ അസാധാരണമായ നേട്ടം ആവർത്തിക്കപ്പെടുകയാണ് ഇപ്പോഴും. അതായത് മോദിയുടെ കീഴിൽ ബിജെപിയുടെ നല്ല കാലം തുടരുകയാണ്. ഇനി തെരഞ്ഞെടുപ്പ് നടത്താനുള്ളത് കർണ്ണാടകയിലും ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെയാണ്. ഇവിടെയെല്ലാം ബിജെപി ഭരണം ഈ തെരഞ്ഞെടുപ്പിലൂടെ വരാൻ തന്നെയാണ് സാധ്യത. അതുകൊണ്ട് തന്നെ രണ്ട് കൊല്ലം കഴിയുമ്പോൾ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കുയാണ് മോദിയെന്നാണ് ഉയരുന്ന വിലയിരുത്തൽ.

ഇന്ത്യയെന്നാൽ യുപിയെന്നാണ് ഏവരും പറയുന്നത്. യുപിയുടെ മനസ്സ് അനുകൂലമാക്കിയാൽ വിജയം ഉറപ്പ്. എബി വാജ്‌പേയിയെ പ്രധാനമന്ത്രിയാക്കിയതും യുപിയിലെ കരുത്തായിരുന്നു. എന്നാൽ പ്രാദേശിക വാദവും ജാതി രാഷ്ട്രീയവും പിടിമുറുക്കിയപ്പോൾ എസ് പിയും ബിഎസ് പിയും ബിജെപിയെ ചവിട്ടി താഴ്‌ത്തി. ഗുജാറാത്തിൽ മുഖ്യമന്ത്രിയായിരിക്കെ മോദി യുപിയുടെ ആവശ്യകത തിരിച്ചറിഞ്ഞു. അമിത് ഷായെന്ന വിശ്വസ്തനം യുപിയിലേക്ക് അയച്ചു. ഗുജറാത്തിലെ ഏത് ലോക്‌സഭാ മണ്ഡലത്തിലും മോദിക്ക് ജയിക്കാം. അത്ര ഉറപ്പുണ്ടായിട്ടും യുപിയിലെ വാരണാസിയിലും മോദി മത്സരിച്ചു. ജയിച്ച ശേഷം തന്റെ ലോക്‌സഭാ മണ്ഡലമായി മോദി വാരണാസിയെ തന്നെ നിലനിർത്തി. യുപിയെ കൈവിടില്ലെന്ന സന്ദേശം നൽകുകയായിരുന്നു ഇതിലൂടെ. ഈ രാഷ്ട്രീയ തീരുമാനമാണ് യുപിയിൽ ബിജെപിക്ക് വലിയ വിജയം നൽകുന്നത്.

ഹിന്ദുത്വ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങൾ. ഇതിൽ പഞ്ചാബിൽ ബിജെപി സഖ്യത്തിന് തിരിച്ചടി നേരിട്ടു. അതിന്റെ പഴി മോദിക്ക് കേൾക്കേണ്ടി വരില്ല. കാരണം സിഖ് രാഷ്ട്രീയത്തിന് മുന്നിൽ ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന് വലിയ സാധ്യതയില്ല. അകാലിദള്ളിന്റെ കൈവിട്ട കളികളാണ് തോൽവിക്ക് കാരണം. യുപിയിൽ വമ്പൻ വിജയം, ഉത്തരഖണ്ഡിൽ തൂത്തുവാരൽ-ഇതു രണ്ടും മോദിയുടെ നേട്ടമാണ്. ഗോവയിൽ തൂക്ക് സഭയുടെ സാധ്യതകളിലേക്ക് പോകുമ്പോഴും ബിജെപിയുടെ വോട്ട് ഷെയർ കൂറയുന്നില്ല. 35 ശതമാനം വോട്ട് അവർ നേടുന്നു. ലോക്‌സഭയിൽ നേടിയ വോട്ടുകൾ കുറയുന്നില്ല. മണിപ്പൂരിലും ബിജെപിക്ക് ഭരണം വിദൂരത്താണ്. എന്നാൽ ഇവിടേയും വോട്ട് ശതമാനത്തിൽ ഒന്നാമനായി ബിജെപി മാറുന്നു. ഇതും ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തുമ്പോൾ എന്തു സംഭവിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ്.

നോട്ട് നിരോധനം മോദി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന ചോദ്യമാണ് ഈ തെരഞ്ഞെടുപ്പ് പ്രധാനമായും ഉയർത്തിയത്. നോട്ട് നിരോധനം മോദിയുടെ പ്രഭാവം കുറയ്ക്കുമെന്ന് പ്രതീക്ഷയിലായിരുന്നു രാഹുലും സംഘവും. എന്നാൽ സംഭവിച്ചത് മറിച്ചാണ്. മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. ശിവസേനയുടെ തട്ടകമായ മുംബൈയിൽ പോലും ബിജെപി ഒപ്പത്തിനൊപ്പമെത്തി. ഒഡീഷയിലെ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി കോൺഗ്രസിനെ പിന്തള്ളി രണ്ടമാത് എത്തി. ഒഡീഷയിലെ നവീൻ പ്ട്‌നായികിന്റെ ഭരണത്തിന് പ്രധാന വെല്ലുവിളിയായി ബിജെപി മാറി. നോട്ട് നിരോധനത്തിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലെല്ലാം വിജയം മോദിക്ക് തന്നെയായിരുന്നു. ഇതിന് പിന്നാലെയാണ് യുപി തെരഞ്ഞെടുപ്പും മറ്റും എത്തിയത്. അവിടേയും വിജയിക്കുമ്പോൾ മോദി ചോദ്യം ചെയ്യെപ്പെടാനാവാത്ത ശക്തിയാകുന്നു.

മോദി മുന്നിൽ, അമിത് ഷാ പിന്നിൽ

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ബിജെപി കേവല ഭൂരിപക്ഷം നേടിയപ്പോൾ ആണ് മോദിയുടെ വ്യക്തി പ്രഭാവം എത്ര കണ്ട് കരുത്തുറ്റതാണ് രാജ്യം തിരിച്ചറിയുന്നത്. അന്ന് ആകെയുള്ള എൺപത് സീറ്റുകളിൽ 73ഉം നൽകി ബിജെപിയുടെ മുന്നേറ്റത്തിന് പിന്തുണ നൽകിയത് മോദിയുടെ മണ്ഡലമായ വാരണാസിയടങ്ങിയ ഉത്തർപ്രദേശായിരുന്നു. മൂന്ന് വർഷത്തിനിപ്പുറം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള സീറ്റിന്റെ മൂന്നിൽ രണ്ടും പിടിച്ച് ബിജെപി അധികാരത്തിലെത്തുമ്പോൾ തന്റെ ജനപ്രീതിക്കും വ്യക്തിപ്രഭാവത്തിനും കുറവൊന്നും വന്നിട്ടില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ മോദിയെന്ന ബ്രാൻഡാണ് വിപണനം ചെയ്യുന്നത്. അതിന് പിന്നിൽ പ്രവർത്തിക്കുന്നത് അമിത് ഷായും

ബിജെപിയിൽ അമിത് ഷായേക്കാൾ സീനിയറായി നിരവധി പേരുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്‌നാഥ് സിംഗായിരുന്നു പാർട്ടി അധ്യക്ഷൻ. രാജ്‌നാഥ് സിംഗിന് ആഭ്യന്തര പദമോഹമെത്തിയതോടെ പ്രസിഡന്റ് സ്ഥാനത്ത് ഒഴിവു വന്നു. മോദി പിടിച്ച പിടിയാലെ അമിത് ഷായെ നിയോഗിച്ചു. പാർട്ടിയെ തന്റെ വിശ്വസ്തൻ തന്നെ നയിക്കണമെന്ന നിർബന്ധം മോദിക്കുണ്ടായിരുന്നു. ഗുജറാത്തിൽ സഹമന്ത്രിയായി പ്രവർത്തിക്കവേയാണ് അമിത് ഷായെന്ന രാഷ്ട്രീയക്കാരന്റെ കൗശലം മോദി തിരിച്ചറിഞ്ഞത്. അങ്ങനെ യുപിയിലേക്ക് നിയോഗിച്ച് ലോകസഭയിൽ നേട്ടമുണ്ടാക്കി. പിന്നെ മഹാരാഷ്ടയിലും മറ്റും തെരഞ്ഞെടുപ്പ് വന്നപ്പോഴും അമിത് ഷാ തന്ത്രങ്ങൾ ഒരുക്കി. ഹരിയാനയിലും ബിജെപി ചരിത്രത്തിൽ ആദ്യമായി അധികാരത്തിലെത്തി. പക്ഷേ ബീഹാറിലും ഡൽഹിയിലും പിഴച്ചു. ഇവിടെയൊന്നും മോദി ഇടപെടുന്നുണ്ടായിരുന്നില്ല. വിദേശ യാത്രകൾക്കിടെ അതിലൊന്നും മോദി ശ്രദ്ധിച്ചിരുന്നില്ല.

ബീഹാറിലെ പ്രാദേശിക നേതൃത്വത്തെ അമിത് ഷാ മുഖവിലയ്‌ക്കെടുത്തില്ല. സുശീൽ കുമാർ മോദിയേയും ശത്രുഘനൻ സിൻഹയേയും പിണക്കിയതോടെ കാര്യങ്ങൾ കൈവിട്ടു പോയി. ഡൽഹിയിൽ ഹർഷവർദ്ധന് പകരം കിരൺ ബേദിയെ കെട്ടിയിറക്കിയതും ആർ എസ് എസിന് പിടിച്ചില്ല. ഇതോടെ യുപിയിലേക്ക് കാര്യങ്ങളെത്തിയപ്പോൾ മോദി നിരീക്ഷണം ശക്തമാക്കി. പ്രചരണത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്തു. മുഖ്യമന്ത്രിയായി ആരേയും ഉയർത്താതെ പ്രചരണത്തെ നയിച്ചു. അപ്പോഴും പിന്നണിയിൽ എല്ലാം ശരിയാക്കിയത് അമിത് ഷാ തന്നെയായിരുന്നു പ്രാദേശിക നേതാക്കളെ പിണക്കാതെയും ആർഎസ്എസ് നിർദ്ദേശങ്ങൾ മാനിക്കും കരുക്കൾ നീക്കി. ഇതോടെ യുപിയിൽ എല്ലാം ക്രമത്തിലായി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും മോദിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുകമാത്രമാണ് അമിത് ഷാ ചെയ്തത്.

ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന ഈ തിരഞ്ഞെടുപ്പ് മാമാങ്കം പല കാരണങ്ങളാലും ബിജെപിക്ക് നിർണായകമായിരുന്നു. അതിൽ ഏറ്റവും പ്രധാനം നോട്ട് നിരോധനം ജനങ്ങൾ എങ്ങനെ സ്വീകരിച്ചു എന്നതായിരുന്നു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്കെതിരായി വോട്ട് ചെയ്താൽ അത് നോട്ട് നിരോധനം പരാജയപ്പെട്ട നടപടിയാണെന്ന് വരും അത് ഏറ്റവും കൂടുതൽ ബാധിക്കുക പ്രധാനമന്ത്രിയെയായിരിക്കുമായിരുന്നു. അതുകൊണ്ട് കൂടിയായിരുന്നു മോദിയുടെ ഇടപെടലും.

സർജിക്കൽ സ്‌ട്രൈക്കും നോട്ട് നിരോധനവും താരമാകുമ്പോൾ

പാക്കിസ്ഥാനോട് സമരസപ്പെടുന്ന മോദിയുടെ വിദേശ നയം. ഇതിനൊപ്പം കള്ളപ്പണത്തിനെതിരെ കണ്ണടക്കുന്ന നിലപാട്-ഡൽഹിയിലും ബിഹാറിലും മോദിക്കെതിരെ ഇതരപാർട്ടികൾ ചർച്ചയാക്കിയത് ഇതു തന്നെയാണ്. എന്നാൽ യുപിയിലേക്ക് കാര്യങ്ങളെത്തിയപ്പോൾ കള്ളപ്പണവും അതിർത്തിയിലെ വിഷയവും പ്രതിപക്ഷത്തിന് പോലും ചർച്ചയാക്കാൻ കഴിയാതെയായി. സർജിക്കൽ സ്‌ട്രൈക്കും നോട്ട് നിരോധനവും ശക്തനായ ഭരണാധിപന്റെ തീരുമാനങ്ങളായിരുന്നു. ഇക്കാര്യത്തിൽ വലിയ വീഴ്ചകൾ കോൺഗ്രസിന് സംഭവിക്കുകയും ചെയ്തു.

സർജിക്കൽ സ്‌ട്രൈക് പാക്കിസ്ഥാനിൽ മോദി നടത്തിയോ എന്ന സംശയമാണ് കോൺഗ്രസ് ഉയർത്തിയത്. രാഹുൽ ഗാന്ധിയുടെ ഈ സംശയത്തിന് വിഡിയോ എംപിമാരെ കാട്ടികൊടുത്തായിരുന്നു മറുപടി നൽകിയത്. കള്ളപ്പണ വേട്ടയുടെ പേരിൽ നോട്ട് നിരോധനമെത്തിയപ്പോൾ ജനങ്ങളുടെ ബുദ്ധിമുട്ടിലേക്ക് കാര്യങ്ങൾ ചർച്ചയാക്കി പ്രതിപക്ഷം. ഇതുകൊണ്ട് തന്നെ മോദിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായ കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന പ്രഖ്യാപനത്തെ ചോദ്യം ചെയ്യാൻ പ്രതിപക്ഷ നിരയ്ക്ക് കഴിയാത്ത അവസ്ഥ വന്നു. കള്ളപ്പണത്തിനെതിരായ നടപടിയായിരുന്നു നോട്ട് നിരോധനമെന്ന് സമർത്ഥിക്കാൻ മോദിക്കും ബിജെപിക്കുമായി. ഇത് തന്നെയാണ് യുപിയിലെ വിജയത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. കടുന്ന തീരുമാനങ്ങൾ ഇനിയും അവർ എടുക്കും. അതിനുള്ള വിജയമാണ് യുപിയിൽ നേടുന്നതും.

ഈ വർഷം ജൂലൈയിൽ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പായിരുന്നു തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വർധിപ്പിച്ച മറ്റൊരു ഘടകം. ജനപ്രതിനിധികളായ എംപിമാരും എംഎൽഎമാരുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക. രാജ്യത്ത് ഏറ്റവും കൂടുതൽ എംപിമാരും എംഎൽഎമാരുമുള്ളതാവട്ടെ ഉത്തർപ്രദേശിലും. അതുകൊണ്ട് തന്നെ തങ്ങൾ ആഗ്രഹിച്ച ആളെ രാഷ്ട്രപതിയാക്കുവാൻ ബിജെപിക്ക് യുപിയിലെ വിജയം നിർണായകമായിരുന്നു. യുപിയിൽ വിജയം നേടിയാൽ രാജ്യസഭയിലെ പ്രാതിനിധ്യം വർധിപ്പിക്കാം എന്നതായിരുന്നു മറ്റൊരു ഗുണം.ജിഎസ്ടി ബില്ലടക്കം പല സുപ്രധാന ബില്ലുകളും പാസാക്കിയെടുക്കുന്നതിൽ സർക്കാർ ബുദ്ധിമുട്ടുകൾ നേരിട്ടത് രാജ്യസഭയിൽ ആവശ്യമായ പ്രാതിനിധ്യമില്ലാതെ പോയതുകൊണ്ടാണ്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്ന ഭൂരിപക്ഷം സംസ്ഥാന തിരഞ്ഞെടുപ്പുകളിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി മത്സരിക്കാനിറങ്ങിയത്. ഏത് സംസ്ഥാനത്തും ഏത് തിരഞ്ഞെടുപ്പിനും പാർട്ടിക്ക് മുന്നിൽ വയ്്ക്കാൻ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന നരേന്ദ്ര മോദിയുടേതാണ്. സങ്കീർണമായ ജാതിസമവാക്യങ്ങളെ അനുകൂലമാക്കിയും ഈ മോദി മുഖം തന്നെയാണ്. മോദിയുടെ ആഗ്രഹങ്ങൾ തന്ത്രപരമായി നടപ്പിൽ വരുത്തിയ് അമിത് ഷായാണ്. ഇതു തന്നെയാണ് 17 വർഷത്തിന് ശേഷം ഉത്തർപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്താൻ ബിജെപിയെ സഹായിച്ചതും.

2019ൽ മോദിയെ തളയ്ക്കാൻ ആരെത്തും?

കേന്ദ്രത്തിൽ തുടർഭരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. മോദി പ്രഭാവം യുപിയിൽ അലയടിക്കുന്നത് കാണുമ്പോൾ 2019ലെ പൊതു തെരഞ്ഞെടുപ്പിലും മോദി വിജയിക്കുമെന്ന വിലയിരുത്തൽ സജീവമാകുന്നു. ഉർത്തിക്കാട്ടാൻ നേതാവില്ലെത്തതാണ് പ്രതിപക്ഷത്തെ പ്രധാന പ്രശ്‌നം. യുപി ജയിച്ച് അഖിലേഷ് ബദലമാകുമെന്ന് കരുതിയവരുണ്ട്.

പഞ്ചാബിൽ ഭരണം പിടിച്ച് അരവിന്ദ് കെജ്രിവാൾ ചരിത്രം രചിക്കുമെന്നും വിലയിരുത്തലെത്തി. ഇതും രണ്ടും പോളിയുമ്പോൾ നേതാവില്ലാത്ത അവസ്ഥയിലേക്ക് പ്രതിപക്ഷമെത്തും. രാഹുൽ ഗാന്ധിയെ സർവ്വത്ര ദുർബലനാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ആഗോള നേതാവായി ഉയർന്ന് 2019ലെ തെരഞ്ഞെടുപ്പിന് മോദിയെത്തുമ്പോൾ ബിജെപിക്ക് തുടർഭരണം കിട്ടുമെന്ന പൊതു ധാരണയാണ് ഈ ഘട്ടത്തിലുള്ളത്. അതായത് ഇനിയുള്ള 7 കൊല്ലവും മോദി തന്നെ ഇന്ത്യയെ നയിക്കാനാണ് സാധ്യത.

ബിഹാറിൽ മഹാസഖ്യമാണ് മോദിയുടെ ചിറകൊടിച്ചത്. അതിനുള്ള സാധ്യതകൾ പ്രതിപക്ഷം സജീവമാക്കുന്നതാകും യുപിയിലെ തെരഞ്ഞെടുപ്പ് ഫലം. എ്ന്നാൽ ഈ വിജയം മോദിയുടെ ജനപ്രീതി ഇനിയും ഉയർത്തും. അതുകൊണ്ട് തന്നെ മഹാസഖ്യത്തിലെ നിലവിലെ നേതാക്കൾക്ക് ആർക്കും മോദിക്ക് ബദലായി ഉയരാൻ കഴിയില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP