Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രധാനമന്ത്രി തൃപ്പൂണിത്തുറയിൽ പ്രചാരണത്തിന് എത്തിയത് ബിജെപിക്ക് ഗുണം ചെയ്യുമോ? തുറവൂർ വിശ്വംഭരന്റെ വ്യക്തിപ്രഭാവം വോട്ടാകുമെന്ന് പ്രതീക്ഷ; അടിയൊഴുക്കുകൾ ആരെ ബാധിക്കുമെന്ന ആശങ്കയിൽ എൽഡിഎഫും യുഡിഎഫും

പ്രധാനമന്ത്രി തൃപ്പൂണിത്തുറയിൽ പ്രചാരണത്തിന് എത്തിയത് ബിജെപിക്ക് ഗുണം ചെയ്യുമോ? തുറവൂർ വിശ്വംഭരന്റെ വ്യക്തിപ്രഭാവം വോട്ടാകുമെന്ന് പ്രതീക്ഷ; അടിയൊഴുക്കുകൾ ആരെ ബാധിക്കുമെന്ന ആശങ്കയിൽ എൽഡിഎഫും യുഡിഎഫും

തൃപ്പൂണിത്തുറ: ശക്തമായ ത്രികോണ പ്രതീതിയിലാണ് തൃപ്പൂണിത്തുറ മണ്ഡലം. ബാർകോഴ ആരോപണത്തിന്റെ നിഴലിൽ കെ ബാബു മത്സരത്തിന് ഇറങ്ങുമ്പോൾ മണ്ഡലം തിരിച്ചു പിടിക്കാൻ വേണ്ടി യുവാവായ എം സ്വരാജിനെയാണ് എൽഡിഎഫ് കളത്തിലിറക്കിയത്. മറുവശത്ത് മാഹാരാജാസ് കോളേജ് മുൻപ്രിൻസിപ്പളും സംഘപരിവാർ നേതാവുമായ തുറവൂർ വിശ്വംഭരനെയാണ് ബിജെപി കളത്തിലിറക്കിയത്. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി കൂടി പ്രചരണത്തിനായി എത്തിയതോടെ ബിജെപി വലിയ പ്രതീക്ഷയിലാണ്. രണ്ടാം സ്ഥാനത്തേക്കെങ്കിലും എത്താമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

വളരെ ചിട്ടയോടെ തയ്യാറാക്കിയ പരിപാടിയായിരുന്നു ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്പൂണിത്തുറയിൽ പങ്കെടുത്ത റാലി. ഇതിനു ദിവസങ്ങൾക്കു മുൻപ് തന്നെ സ്ഥാനാർത്ഥി പ്രചാരണ പരിപാടികൾക്കൊപ്പം മണ്ഡലത്തിലെ എല്ലാ ആളുകളെയും മോദിയുടെ പ്രസംഗം കേൾക്കാൻ കൃത്യമായി ഓരോ വീടുകൾ കയറി ക്ഷണക്കത്തുകൊടുത്ത് ഓരോ ആളുകളെയും നേരിട്ടുകണ്ടു തൃപ്പൂണിത്തുറ ബിജെപി ഘടകം ക്ഷണിച്ചിരുന്നു.

മോദി വരുന്ന സമയം, പ്രസംഗം തുടങ്ങുന്ന സമയം തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം വോട്ടർമാരെ അറിയിച്ചു .ഒപ്പം ലോകം മുഴുവൻ പ്രസംഗിക്കുന്ന മോദിയുടെ പ്രസംഗം നാട്ടിൽ ഉണ്ടായിട്ടും കാണാതെ ഇരിക്കുന്നതു വലിയ നഷ്ടം ആണെന്നുള്ള ട്രെൻഡ് നാട്ടിൽ ഉണ്ടാക്കാനും ബിജെപിക്കു സാധിച്ചതാണ് ഇന്നലെ നടന്ന മോദി പ്രസംഗത്തിന് ആളുകൂടാൻ കാരണമായി കാണുന്നത്.

തൃപ്പൂണിത്തുറയിൽ അടിയൊഴുക്കു ശക്തമാണെന്ന വിലയിരുത്തലുമുണ്ട്. ഈ അടിയൊഴുക്കുകൾ ആരെയാണ് തുണയ്ക്കുക എന്നതാണ് ഉയരുന്ന ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കേരളത്തിലെ അവസാന തിരഞ്ഞെടുപ്പ് റാലി തൃപ്പൂണിത്തുറയിൽ ആകാൻ കാരണം ഇതുവരെയുള്ള ശക്തമായ പ്രചാരണത്തിൽ ബിജെപി ക്കു കിട്ടിയ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ എന്നാണു സൂചന. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്ന മണ്ഡലം തൃപ്പൂണിത്തുറ ആയതിനാൽ ആദ്യ ഘട്ടം മുതൽക്കേ ഇലക്ഷൻ പ്രചാരണ പരിപാടികൾ ഉഷാറായിരുന്നു. ഒപ്പം തൃപ്പൂണിത്തുറയിൽ ചെറിയ അടിയൊഴുക്കുകൾ ഉണ്ടെന്നു മൂന്നു മുന്നണികളും സമ്മതിക്കാതെ സമ്മതിക്കുന്നുണ്ട്.

ഹിന്ദു വോട്ടുകൾ പോക്കറ്റിൽ ആകാനും അതോടൊപ്പം കെ ബാബുവിന് വന്നു ചേരുന്നുവെന്ന് പറയുന്ന ഈഴവ വോട്ടുകൾ ലക്ഷ്യം വച്ചുമാണ് ഇവിടെ പ്രൊഫ. തുറവൂർ വിശ്വംഭരനെ സ്ഥാനാർത്ഥി ആകിയതും. ഇപ്പോൾ ബിജെപി കേന്ദ്ര നേതാക്കൾക്ക് കിട്ടിയ റിപ്പോർട്ടുകൾ അനുസരിച്ചു പ്രൊഫ. തുറവൂർ വിശ്വംഭരനാണ് മുന്നേറ്റം നടത്തുന്നതും. അതുകൊണ്ടു തന്നെയാണ് മോദിയെ കൊണ്ടുവന്നു വിപ്ലവം സൃഷ്ടിക്കാൻ തയ്യാറായതും എന്നാണ് സൂചന.

തൃപ്പൂണിത്തുറയിലെ ഹിന്ദു വോട്ടുകൾക്ക് പിന്നാലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ വോട്ടുകൾ കൂടി ലാക്കാക്കിയാണ് ബിജെപി ഇന്നലത്തെ പരിപാടി സംഘടിപ്പിച്ചത്. കാരണം ക്രിസ്ത്യൻ കുടുംബങ്ങളിൽ നേരിട്ട് ബിജെപി നേതാക്കൾ ക്ഷണക്കത്ത് വോട്ടർമാരെ കണ്ടു എത്തിക്കുകയായിരുന്നു. ഇതിലെ വിജയവും മോദി പങ്കെടുത്ത എൻഡിഎ മഹാസമ്മേളനത്തിൽ വ്യക്തമായിരുന്നു. ക്രിസ്ത്യൻ സമുദായത്തിൽ പെട്ട ഒരുപാട് ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു.

ക്രിസ്ത്യൻ പുരോഹിതനെ അന്യരാജ്യത്തു നിന്ന് കേന്ദ്രസർക്കാർ നാട്ടിൽ എത്തിച്ച കഥകൾ മോദി ഇവിടെ പറഞ്ഞതും ഇവരുടെ വോട്ടുകൾ കൃത്യമായി ബിജെപിക്ക് അനുകൂലമാക്കാൻ ആണെന്ന് വ്യക്തം. എന്നാൽ, ഇതൊക്കെ വോട്ടായി മാറുമോ എന്നാണ് ഇനി അറിയാനുള്ളത്. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള നാണയം ഇറക്കാൻ അനുമതിക്കായി ആദ്യം ആവശ്യം ഉന്നയിച്ചത് താനായിരുന്നുവെന്ന് ഇന്നലെ നടന്ന സമ്മേളനത്തിൽ പി സി തോമസും അവകാശപ്പെട്ടിരുന്നു. ഇത് സാധാരണ ബാബുവിന് ലഭിക്കാറുള്ള ഈഴവ വോട്ടുകൾ ബിജെപി സ്ഥാനാർത്ഥിയായ തുറവൂർ വിശ്വംഭരനു ലഭിക്കാൻ ആണെന്നുള്ളതും വ്യക്തമാണ്. 14 സ്ഥാനാർത്ഥികളെ വേദിയിൽ ഇരുത്തിയിരുന്നെങ്കിലും എല്ലാ നേതാക്കന്മാരുടെയും ശ്രദ്ധ തൃപ്പൂണിത്തുറ സ്ഥാനാർത്ഥിയിൽ തന്നെ ആയിരുന്നു.

കെ ബാബു തന്നെ തൃപ്പൂണിത്തുറയിൽ ജയിക്കും എന്ന് നാട്ടുകാർ ഇപ്പോഴും പറയുന്നു എങ്കിലും ബിജെപി പിടിക്കുന്ന വോട്ടുകൾ ആരെയാണ് ബാധിക്കുക എന്ന ആശങ്ക ശക്തമാണ്. തുറവൂർ വിശ്വംഭരൻ പഠിപ്പിച്ച ഒരുപാട് വിദ്യാർത്ഥികൾ ഇവിടെ ഇദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നുണ്ട്. പക്ഷെ ബാബു ഇക്കുറിയും മണ്ഡലം പിടിക്കാൻ ആണ് സാധ്യതകൾ എന്ന് ഇവർ പറയുന്നു. എങ്കിലും ചെറിയ അടിയൊഴുക്കുകൾ ഉണ്ട് എന്ന് സമ്മതിക്കുന്നുമുണ്ട്.

സിപിഐ(എം) സ്ഥാനാർത്ഥി സ്വരാജും ഇവിടെ വിട്ടുകൊടുക്കാൻ മട്ടില്ലാത്ത വിധത്തിൽ പ്രചാരണത്തിൽ സജീവമാണ്. ഒരുകാലത്ത് ജില്ലയിലെ ഇടതുപക്ഷത്തിന്റെ കോട്ട ആയിരുന്ന തൃപ്പൂണിത്തറ കാൽനൂറ്റാണ്ടിനു ശേഷം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സിപിഐ(എം). യുവാക്കളെ ആകർഷിക്കുന്ന പ്രചാരണ പരിപാടികൾക്കൊപ്പം പാർട്ടിയിലെ നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുതിർന്ന നേതാക്കളെ മണ്ഡലത്തിൽ എത്തിച്ച് ആവേശമുണ്ടാക്കാൻ പാർട്ടിക്കു സാധിച്ചതിന്റെ ആത്മാവിശ്വാസവും തൃപ്പൂണിത്തുറ ഏരിയ കമ്മറ്റിക്കുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ എറണാകുളം ജില്ലയിൽ ബിജെപി ഏറ്റവും കൂടുതൽ വോട്ടുകൾ കൈക്കലാക്കിയ മുനിസിപ്പാലിറ്റി തൃപ്പൂണിത്തുറ ആയിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യതകൾ ഇല്ല എന്നുറപ്പിച്ചായിരുന്നു ആദ്യം പ്രവർത്തനങ്ങൾ. രണ്ടാം സ്ഥാനം പോലും പ്രതീക്ഷിക്കാത്ത മണ്ഡലത്തിൽ പ്രചാരണ പരിപാടികൾ മുന്നോട്ടു പോയപ്പോൾ സാധ്യതയേറി എന്ന കണക്കുകൂട്ടലിലാണു ബിജെപി. അതിനാൽ ഒരു അട്ടിമറി സാദ്ധ്യതകൾ പരീക്ഷിക്കാനാണ് മോദിയെ എത്തിച്ചത്. എന്നാൽ ബാബുവിനുള്ള വോട്ടുകൾ അട്ടിമറിക്കാൻ അത്ര എളുപ്പമല്ല എന്നു പല രാഷ്ട്രീയ നിരീക്ഷരും വിലയിരുത്തുന്നുണ്ട്.

രാജനഗരം ആർക്ക് എന്ന ചോദ്യത്തിന് ഉത്തരം 19നേ കൃത്യമായി അറിയാൻ കഴിയൂ എന്ന നിലയ്ക്കാണു കാര്യങ്ങൾ നീങ്ങുന്നത്. എറണാകുളം ജില്ലയിൽ വലിയ ത്രികോണ മത്സരത്തിലേക്കാണ് തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ തൃപ്പൂണിത്തറ നീങ്ങുന്നത്. വോട്ടു ബാങ്കുകൾ ലക്ഷ്യം വച്ച് അട്ടിമറികൾ സൃഷ്ടിക്കാൻ ബിജെപിയും ഇടതു മുന്നണിയും ശ്രമിക്കുമ്പോൾ കയ്യിൽ ഇരിക്കുന്ന മണ്ഡലം വിട്ടുകൊടുക്കില്ല എന്ന വാശിയിലാണു കോൺഗ്രസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP