Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗ്രൂപ്പ് തർക്കം ഒഴിഞ്ഞിട്ട് പുനഃസംഘടന നടക്കില്ലെന്ന് ഉറപ്പായപ്പോൾ ഒറ്റമൂലിയുമായി സുധീരൻ; സംസ്ഥാനത്തിൽ ആയിരത്തിൽ ഏറെ ഡിസിസി സെക്രട്ടറിമാർ; 100 സെക്രട്ടറിമാർ ഉള്ള ജില്ലകൾ വരെ ഏറെ; എന്നിട്ടും തൃപ്തി പോരാതെ നേതാക്കൾ

ഗ്രൂപ്പ് തർക്കം ഒഴിഞ്ഞിട്ട് പുനഃസംഘടന നടക്കില്ലെന്ന് ഉറപ്പായപ്പോൾ ഒറ്റമൂലിയുമായി സുധീരൻ; സംസ്ഥാനത്തിൽ ആയിരത്തിൽ ഏറെ ഡിസിസി സെക്രട്ടറിമാർ; 100 സെക്രട്ടറിമാർ ഉള്ള ജില്ലകൾ വരെ ഏറെ; എന്നിട്ടും തൃപ്തി പോരാതെ നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വരാനിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ താഴെ തട്ടിലെ എല്ലാവരും പ്രചരണത്തിൽ സജീവമാകണം. ഗ്രൂപ്പ് പോരുകൾക്ക് അതീതമായി ഡിസിസി പുനഃസംഘടന നടക്കില്ലെന്ന് കെപിസിസി തിരിച്ചറിയുകയാണ്. കടുംപിടത്തത്തിലൂടെ കാര്യങ്ങൾ നീക്കിയാൽ അസംതൃപ്തർ കൂടും. ഈ സാഹചര്യത്തിൽ എല്ലാവരേയും ഉൾ്‌പ്പെടുത്തി പുനഃസംഘടനയാണ് സുധീരന്റെ ലക്ഷ്യം. എ-ഐ ഗ്രൂപ്പുകൾ നൽകുന്ന പട്ടികയിൽ ഉള്ളവരെല്ലാം ഭാരവാഹികളാകും. ഒപ്പം തന്റെ പക്ഷത്തുള്ളവരും. ഇതോട ജംമ്പോ ഭാരവാഹി പട്ടികയാകും എല്ലാ ജില്ലകളിലും കോൺഗ്രസ് നേതൃത്വത്തിനായി പുറത്തുവരിക. നൂറിലധകം ഭാരവാഹികൾ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ഉണ്ടാകും. വയനാട് പോലുള്ള ജില്ലകൾക്കായുള്ള പട്ടികയിൽ പോലും എഴുപതോളം പേരുണ്ടാകുമെന്നാണ് സൂചന.

ഇതല്ലാതെ പ്രശ്‌ന പരിഹാരത്തിന് മറ്റൊരു മാർഗ്ഗമില്ലെന്നാണ് കെപിസിസി അധ്യക്ഷൻ സുധീരന്റെ പക്ഷം. ചെറു ഭാരവാഹിപട്ടികയിലൂടെ നേതാക്കളെ പിണക്കിയാൽ അത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും. എല്ലാവരേയും ഉൾക്കൊള്ളിക്കാനാകും പുനഃസംഘടനയുടെ ലക്ഷ്യം. ഇത് തന്നെയാകും കെപിസിസി പുനഃസംഘടനയിലും നിഴലിക്കുകയെന്നാണ് സൂചന. ആരേയും പിണക്കാതെ പുനഃസംഘടന നടത്തിയാൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തനിക്ക് വെല്ലുവിളിയില്ലാതെ തുടരാമെന്നാണ് സൂധീരന്റെ കണക്ക് കൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദത്തിലേക്ക് അടുക്കാൻ കെപിസിസി അധ്യക്ഷ സ്ഥാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. കത്ത് വിവാദത്തിലൂടെ രമേശ് ചെന്നിത്തല ദുർബ്ബലനായതും സുധീരന് പ്രതീക്ഷ നൽകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സുധീരൻ മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചനയും.

തിരുവനന്തപുരമടക്കമുള്ള ചില ജില്ലകളിൽ ഡിസിസി ഭാരവാഹിപട്ടിക നൂറും കഴിയുമെന്നാണ് സൂചന. ഭീമൻ ഭാരവാഹിപ്പട്ടിക അംഗീകരിച്ചാണ് ഡി.സി.സി. പുനഃസംഘടന പാർട്ടി പൂർത്തിയാക്കുന്നത്. എണ്ണം നിയന്ത്രിച്ചാൽ ഭാരവാഹിനിർണയം നടത്താൻ കഴിയാതെവരുമെന്നതാണ് സ്ഥിതി. തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് ബൂത്ത്, മണ്ഡലം കമ്മിറ്റി പുനഃസംഘടന വരെ നടന്നു. ഡി.സി.സി. തലമായപ്പോഴേക്കും തർക്കം മൂത്തു. ജനവരി 4ന് കെപിസിസി. പ്രസിഡന്റിന്റെ കേരളയാത്ര തുടങ്ങുകയാണ്. അതിനുമുമ്പ് ഭാരവാഹികളെ നിശ്ചയിക്കണം. തർക്കം ഒഴിവാക്കുകയും വേണം. ഈ സാഹചര്യത്തിൽ കൂടിയാണ് ജംമ്പോ പുനഃസംഘടനയുമായി എല്ലാവരേയും തൃപ്തിപ്പെടുത്താനുള്ള നീക്കം. പരാതിയുള്ളവരെ എല്ലാം ഡിസിസി സെക്രട്ടറിമാരാക്കാനാണ് നീക്കം.

തിരുവനന്തപുരത്ത് അന്തിമ പട്ടികയായി വരുന്നതേയുള്ളൂവെങ്കിലും എണ്ണം നൂറ് കവിയും. കൊല്ലത്ത് ആദ്യം 52 പേരുടെ പട്ടികയായിരുന്നെങ്കിലും പിന്നീടത് 68 ആയി ഉയർന്നു. കോട്ടയത്ത് 42 പേരും മലപ്പുറത്ത് 32 പേരും ഡി.സി.സി. ഭാരവാഹികളാണ്. കോഴിക്കോട്ട് 81 പേർ കോൺഗ്രസിനെ നയിക്കാനുണ്ടാകും. കണ്ണൂരിൽ 79 പേരാണ് പുതിയ ഭാരവാഹികളായി എത്തുന്നത്. എന്നാൽ കോഴിക്കോടും കണ്ണൂരും ഇത് ഉയരുമെന്നാണ് സൂചന. യൂത്ത് കോൺഗ്രസിൽനിന്ന് പ്രായക്കൂടുതൽ കാരണം മാറിയ കുറച്ച് ഭാരവാഹികൾക്ക് ഡി.സി.സി.കളിൽ നേരത്തെ സ്ഥാനം നൽകിയിരുന്നു. അവരുടെ എണ്ണം ഇതിന് പുറമെയാണ്. ഡി.സി.സി. പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിൽ ഒന്നിലധികം പേരെ വയ്ക്കാൻ നിർവാഹമില്ലാത്തതിനാൽ ആ സ്ഥാനങ്ങളിലേക്ക് ഓരോരുത്തരെ മാത്രമേ നിയമിക്കൂ എന്നാണ് വിമർശനത്തിനുള്ള കെപിസിസിയുടെ മറുപടി.

വൈസ് പ്രസിഡന്റുമാർ അഞ്ചും ആറും പേരുണ്ട്. ബാക്കിയുള്ളവർ ജനറൽ സെക്രട്ടറിമാരാണ്. ഇതിനുപുറമെ മുതിർന്ന നേതാക്കളുടെ ശുപാർശയുണ്ട്. കൂടാതെ സാമുദായിക സന്തുലനത്തിന്റെ പേരിൽ കടന്നുവന്നവരുണ്ട്. ഭാരവാഹികളുടെ എണ്ണംതന്നെ നൂറിനടുത്ത ജില്ലകളിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ ഇതിന്റെ രണ്ടരയിരട്ടി പേരെങ്കിലും വരും. ഒരു ബ്ലോക്കിൽനിന്ന് ആറുപേരാണ് പുതിയ നിബന്ധനയനുസരിച്ച് ഡി.സി.സി.യിലേക്ക് വരിക. ഇതിൽനിന്ന് ഡി.സി.സി. എക്‌സിക്യൂട്ടീവിനെ തെരഞ്ഞെടുക്കണം. ജംമ്പോ സമിതികളിൽ ചർച്ചകൾ ബുദ്ധിമുട്ട് നിറഞ്ഞതാകും. അതിനാൽ ഡി.സി.സി.കളിൽ പ്രധാനപ്പെട്ട ഭാരവാഹികളെ ഉൾപ്പെടുത്തി കോർ കമ്മിറ്റിക്ക് രൂപംനൽകാനും ആലോചനയുണ്ട്. ജില്ലകളിൽനിന്നുള്ള പ്രധാന നേതാക്കളുമായി കെപിസിസി. പ്രസിഡന്റ് വി എം.സുധീരൻ ചർച്ച തുടരുകയാണ്.

അതിനിടെയിൽ ഡിസിസി പുനഃസംഘടനയിൽ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. എം ഐ ഷാനവാസ് എംപി പുനഃസംഘടനക്കെതിരെ പരസ്യമായി രംഗത്തെത്തി. ഇപ്പോഴത്തെ പുനഃസംഘടന പാർട്ടിയുടെ അന്തസ്സ് തകർക്കുന്നതാണെന്ന് ഷാനവാസ് കുറ്റപ്പെടുത്തി. സുധീരൻ സ്വന്തമായി ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചുവെന്ന പരാതിയും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. എ-ഐ ഗ്രൂപ്പുകൾ ഈ നിലപാടിലാണ്. അതുകൊണ്ട് തന്നെയാണ് ജംമ്പോ പുനഃസംഘടന വേണ്ടിവരുന്നതെന്നാണ് ഗ്രൂപ്പ് മാനേജർമാരുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് സംഘടാനവീഴ്ചയും കാരണമായെന്ന് വിലയിരുത്തിയതോടെയാണ് ഡിസിസി പുനഃസംഘടന അടിയന്തരമായി പൂർത്തിയാക്കാൻ കെപിസിസി തീരുമാനമെടുത്തത്.

സർവ്വവിധ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയുള്ള പുനഃസംഘടന കോൺഗ്രസുകാരെ മുഴുവൻ ഞെട്ടിച്ചിരിക്കുയാണ്. ആർക്കും ഭാരവാഹിയാകാം എന്ന സാഹചര്യം ഡിസിസിയുടെ അന്തസ്സ് തകർക്കും. പാർട്ടിയെ പൊതുജനങ്ങൾക്ക് മുന്നിൽ അപമാനിക്കുന്ന ഇപ്പോഴത്തെ പുനഃസംഘടന പൂർണ്ണമായും റദ്ദ് ചെയ്യണമെന്നും ഷാനവാസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. വിവാദമായതിനെ തുടർന്ന് ഷാനവാസ് പോസ്റ്റ് പിന്നീട് പിൻവലിച്ചു. എന്നാൽ വിശാല ഐ ഗ്രൂപ്പിന്റെ നിലപാടാണ് അദ്ദേഹം പങ്കുവച്ചത്. അതേസമയം പുനഃസംഘടനക്കെതിരെ വിവിധ ഡിസിസികളിൽ നിന്നും എതിർപ്പുയർന്നിട്ടുണ്ട്. എല്ലാ ജില്ലകളിലും രണ്ടു മൂന്നു പേരെ വീതം ഉൾപ്പെടുത്തി തന്റേതായ ഗ്രൂപ്പ് സുധീരൻ രൂപപ്പെടുത്തിയെന്നാണ് പ്രധാന വിമർശം. ഇതിന് വേണ്ടി ഇരുഗ്രൂപ്പുകളുടെയും ലിസ്റ്റിൽപ്പെട്ടവരെ കൂടുതലായി ഉൾപ്പെടുത്തിയെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP