Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാർ കോഴയിൽ കുറ്റവിമുക്തി ഉറപ്പായതോടെ മധ്യ തിരുവിതാംകൂറിൽ വോട്ടുറുപ്പിക്കാൻ മാണി രംഗത്ത്; റബ്ബറിന്റെ വില 150 ആക്കുന്നത് കൃത്യമായ പദ്ധതിയോടെ

ബാർ കോഴയിൽ കുറ്റവിമുക്തി ഉറപ്പായതോടെ മധ്യ തിരുവിതാംകൂറിൽ വോട്ടുറുപ്പിക്കാൻ മാണി രംഗത്ത്; റബ്ബറിന്റെ വില 150 ആക്കുന്നത് കൃത്യമായ പദ്ധതിയോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിയെ വിജിലൻസ് കുറ്റവിമുക്തമാക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി സുകേശന്റെ റിപ്പോർട്ട് തള്ളി വിജിലൻസ് ഡയറക്ടറുടെ തീരുമാനം ഉടൻ വരും. ഇതിനൊപ്പമാണ് അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് ചൂട്. ഇവിടെ വോട്ട് നേടണമെങ്കിൽ ചില പൊടിക്കൈകൾ വേണം. അതിലുപരി നിയമസഭാ തെരഞ്ഞെടുപ്പിനും മാസങ്ങൾ മാത്രം. തദ്ദേശ തെരഞ്ഞെടുപ്പും പടിവാതിക്കൽ എത്തി. അതുകൊണ്ട് തന്നെ വോട്ടുകളാണ് ഇനി നിർണ്ണായകം. ബാർ കോഴയിൽ ഇമേജ് പോയതോടെ കേരളാ കോൺഗ്രസിന്റെ അടിവേര് ഇളകുമെന്ന പ്രവചനങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ വോട്ട് നേടാൻ കരുതലോടെ നീങ്ങുകയാണ് മാണി.

മധ്യ തിരുവിതാംകൂറാണ് മാണിയുടെ കേരളാ കോൺഗ്രസിന്റെ കരുത്ത്. തെരഞ്ഞെടുപ്പുകളിൽ ജയിച്ച് കയറിയാൽ പിന്നെ ബാർ കോഴയുടെ മണം മാറും. ഇതിനുള്ള നീക്കത്തിലേക്ക് മാണി കടക്കുകയാണ്. കേരളാ കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ ഇടിവുണ്ടാകാതിരിക്കാൻ റബറിന് കിലോയ്ക്ക് 150 രൂപ ഉറപ്പാക്കാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നു. കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ.എം. മാണി പ്രഖ്യാപിച്ച 300 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയുടെ കരട് രൂപരേഖ തയാറായി. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടൻ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.എം. മാണി അറിയിച്ചു. കിലോയ്ക്ക് 150 രൂപ താങ്ങുവിലയിൽ 20,000 ടൺ റബർ വാങ്ങാനുള്ള സഹായമായാണ് ബജറ്റിൽ 300 കോടിയുടെ ഫണ്ട് പ്രഖ്യാപിച്ചത്.

കർഷകർക്ക് ഈ വില ലഭിക്കുന്ന തരത്തിൽ ഒരു ലക്ഷം ടൺ റബർ സംഭരിക്കാനാണ് വിപുലീകരിച്ച പദ്ധതി തയാറാകുന്നത്. പത്തു ലക്ഷം ചെറുഇടത്തരം കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കമ്പനികളായി രജിസ്റ്റർ ചെയ്തിരിക്കുന്ന തോട്ടങ്ങളെ ഇതിൽ ഉൾപ്പെടുത്തില്ല. അതായത് സാധാരണകർഷകർക്ക് മാത്രം നേട്ടമെന്ന നിലയിലാകും പദ്ധതി. റബ്ബറിന്റെ വില കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാന സർക്കാരിനെതിരെ കർഷകർ തിരിഞ്ഞു. മലയോര മേഖല കേന്ദ്രീകരിച്ച് ക്രൈസ്തവ സംഘടനകളും പ്രതിഷേധവുമായെത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ കൂട്ടായ്മയും തെരഞ്ഞെടുപ്പിൽ സജീവമാകുമെന്ന സൂചനയുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് മാണിയുടെ പുതിയ നീക്കം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്തുണയുമുണ്ട്. റബ്ബറിൽ സിപിഎമ്മും ഇടതു പക്ഷവും നടത്തുന്ന സമരങ്ങൾ കൂടി തിരിച്ചറിഞ്ഞാണ് മാണിയുടെ പ്രഖ്യാപനങ്ങൾ.

സംസ്ഥാന സർക്കാരുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതി പ്രകാരം റബർബോർഡ് അതത് ദിവസത്തെ റബറിന്റെ വില പ്രസിദ്ധീകരിക്കും. പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്ക് കിലോയ്ക്ക് 150 രൂപ ലഭിക്കുന്ന തരത്തിൽ, ദിവസവിലയുമായുള്ള വ്യത്യാസം ബാങ്ക് മുഖേന സബ്‌സിഡിയായി നൽകും. ആർഎസ്എസ്4, ആർഎസ്എസ്5, ലാറ്റക്‌സ് തുടങ്ങി സ്‌ക്രാപ് ഒഴികെ എല്ലാ ഇനം റബറിനും സബ്‌സിഡി ലഭിക്കും. റബർ ബോർഡിൽ രജിസ്റ്റർ ചെയ്ത ഡീലർമാർ വഴിയുള്ള വിൽപ്പനയ്ക്കു മാത്രമായിരിക്കും ആനുകൂല്യം. സബ്‌സിഡിയുടെ ദുരുപയോഗം തടയാൻ കർശന ഉപാധികൾ ഏർപ്പെടുത്തും. അഞ്ചു ഹെക്ടറിൽ താഴെ കൃഷിഭൂമിയുള്ള കർഷകർക്ക് പേര് രജിസ്റ്റർ ചെയ്യാമെന്നും മാണിയുടെ പദ്ധതി വിശദീകരിക്കുന്നു.

പരമാവധി രണ്ടു ഹെക്ടറിലുള്ള റബർ കൃഷിക്കു സബ്‌സിഡി ലഭിക്കും. ഹെക്ടറിന് പരമാവധി 1800 കിലോ റബറിനാണ് ഈ ആനുകൂല്യം ലഭിക്കുക. കേരളത്തിൽ ഒരു ഹെക്ടറിൽ നിന്നുള്ള ശരാശരി റബർ ഉൽപാദനം 1800 കിലോഗ്രാമാണെന്ന റബർ ബോർഡിന്റെ വിലയിരുത്തൽ അടിസ്ഥാനപ്പെടുത്തിയാണ് ഇത്. സമീപത്തെ റബർ ഉൽപാദകസംഘത്തിലാണ് കർഷകർ പേര് രജിസ്റ്റർ ചെയ്യേണ്ടത്. സംഘം പ്രസിഡന്റിന്റെ ശിപാർശ പരിഗണിച്ച് റബർ ബോർഡ് ഫീൽഡ് ഓഫീസർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സബ്‌സിഡി അനുവദിക്കുക. പണം രണ്ടാഴ്ചയിലൊരിക്കൽ ധനവകുപ്പിൽ നിന്ന് കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകും. ഇതിനായി എൻ.ഐ.സിയുടെ മേൽനോട്ടത്തിൽ വിപുലമായ കമ്പ്യൂട്ടർ സോഫ്റ്റ്‌വേർ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.

പദ്ധതി നിലവിൽ വരുന്ന രണ്ടാഴ്ച മുതൽ നാലു ദ്വൈവാരം മുമ്പുവരെയുള്ള ഉൽപന്നങ്ങൾക്ക് സബ്‌സിഡിക്ക് അർഹതയുണ്ടാകും. അതിനു ശേഷം അതത് ദ്വൈവാരത്തിലെ ഉൽപാദനത്തിനു മാത്രമാകും സബ്‌സിഡി ലഭിക്കുക. പുതുതായി തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന്റെ വിലസ്ഥിരതാ ഫണ്ടിൽ നിന്ന് 500 കോടി രൂപ ആവശ്യപ്പെടും. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുമായി തിങ്കളാഴ്ച ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി കെ.എം. മാണി അറിയിച്ചു. അതിന് ശേഷമാകും പദ്ധതിക്ക് തുടക്കമാവുക. വോട്ടുകൾ കേരളാ കോൺഗ്രസിന്റെ പെട്ടിയിൽ ഉറപ്പിച്ചു നിർത്താൻ ഇതിലൂടെ കഴിയുമെന്നാണ് മാണിയുടെ വിശ്വാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP