Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാശ്മീരി തെരുവുകൾ പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിൽ; കടകളും സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു; ഒരൊറ്റയാളെ പോലും തെരുവിലെങ്ങും കാണാനില്ല; നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിക്കാൻ ഇറങ്ങിയവർക്കു നേരെ വെടി ഉതിർത്തതായി റിപ്പോർട്ട്; പ്രതിഷേധമെല്ലാം പാക്കിസ്ഥാൻ നഗരങ്ങളിലും കേരളത്തിലും മാത്രം; കൂട്ടത്തോടെ കാശ്മീരിലേക്കു മടങ്ങാൻ ഒരുങ്ങി കാശ്മീരി പണ്ഡിറ്റുകളും

കാശ്മീരി തെരുവുകൾ പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിൽ; കടകളും സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു; ഒരൊറ്റയാളെ പോലും തെരുവിലെങ്ങും കാണാനില്ല; നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിക്കാൻ ഇറങ്ങിയവർക്കു നേരെ വെടി ഉതിർത്തതായി റിപ്പോർട്ട്; പ്രതിഷേധമെല്ലാം പാക്കിസ്ഥാൻ നഗരങ്ങളിലും കേരളത്തിലും മാത്രം; കൂട്ടത്തോടെ കാശ്മീരിലേക്കു മടങ്ങാൻ ഒരുങ്ങി കാശ്മീരി പണ്ഡിറ്റുകളും

മറുനാടൻ മലയാളി ബ്യൂറോ

ജമ്മു: കാശ്മീരിനുണ്ടായിരുന്ന സവിശേഷാധികാരങ്ങൾ എടുത്തു കളയുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ചതിനു ശേഷം രണ്ടാമത്തെ പ്രഭാതത്തിലേക്ക് പ്രവേശിക്കുമ്പോഴും ശാന്തമാണ് കാശ്മീർ താഴ്‌വരയിലെ തെരുവുകൾ. ശാന്തതയ്ക്കു പിന്നിൽ സർക്കാരിന്റെ തീരുമാനം കാശ്മീരികൾ അംഗീകരിച്ചു എന്നതിനേക്കാൾ തെരുവുകളിൽ നിറയുന്ന സൈന്യത്തിന്റെ സ്വാധീനമാണെന്ന വിലയിരുത്തലും സജീവമാണ്. പ്രതിഷേധിക്കാൻ സാധ്യതയുള്ള നേതാക്കളെല്ലാം അഴിക്കുള്ളിലാണ്. സാധാരണക്കാർ സൈന്യത്തെ ഭയന്നും പ്രതിഷേധത്തിന് മുതിരുന്നില്ല. ഇതോടെ കാശ്മീരിൽ സമാധാനമാണ്. കാശ്മീരിനെ വിഭജിച്ചതിലെ പ്രതിഷേധം കേരളത്തിലും പാക്കിസ്ഥാനിലുമായി ഒതുങ്ങുകയാണ്.

മുസ്ലിം ലീഗും ഇടതുപക്ഷവും കാശ്മീരിലെ കേന്ദ്ര സർക്കാർ ഇടപെടലിനെ ചോദ്യം ചെയ്യുന്നു. രാജ്ഭവനിലേക്ക് മാർച്ചും നടത്തി. എന്നാൽ കാശ്മീരിൽ ഇതൊന്നും സാധ്യമാകാത്ത തരത്തിലാണ് സൈനിക വിന്യാസം. എന്നും ലോകത്തിലെ തന്നെ ഏറ്റവും സൈനികവത്കരിക്കപ്പെട്ട മേഖലകളിലൊന്നായിരുന്നു കാശ്മീർ. എങ്കിലും കാശ്മീരിന് പ്രത്യേക അധികാരങ്ങൾ അനുവദിച്ചു കൊടുക്കുന്ന ആർട്ടിക്കിൾ 370 ഉം അതിനോടനുബന്ധിച്ചുള്ള 35 എയും അസാധുവാക്കുന്നതിന് മുന്നോടിയായി നാൽപ്പതിനായിരത്തോളം സൈനികരെയാണ് ഇപ്പോൾ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന സംസ്ഥാനത്ത് കേന്ദ്രസർക്കാർ വിന്യസിച്ചത്. ചരിത്രത്തിൽ ആദ്യമായി അമർനാഥിലേക്കുള്ള തീർത്ഥാടകരുടെ യാത്രയും നിർത്തലാക്കി.

ഫോണുകളും ഇന്റർനെറ്റും ഇല്ലാതെ പൂർണമായും ഒറ്റപ്പെട്ട തുരുത്തായി കാശ്മീർ മാറിയിരിക്കുന്നു. പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം ഇപ്പോഴും സ്വതന്ത്രരാക്കപ്പെട്ടിട്ടില്ല. ഇതെല്ലാം കാശ്മീരിൽ പ്രതിഷേധം ഉയരുന്നതിന് വിഘാതമാണ്. ഏതായാലും കശ്മീരിനെ കൈപ്പിടിയിൽ ഒതുക്കാൻ സൈന്യത്തിന് ഇപ്പോൾ കഴിഞ്ഞിരിക്കുന്നു. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും ഉറപ്പില്ല.

സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലാണ് കാശ്മീർ. നാനൂറോളം രാഷ്ട്രീയ നേതാക്കളെയും സഹായികളെയും വിഘടനവാദികളെയും അറസ്റ്റ് ചെയ്യുകയും ഗസ്റ്റ് ഹൗസുകളിലും സ്‌കൂളികളിലും ഗവൺമെന്റ് കെട്ടിടങ്ങളിലുമൊക്കെയായി പാർപ്പിച്ചിരിക്കുകയുമാണ്. കടകളും സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. തെരുവുകൾ വിജനമാണ്. ജനങ്ങൾ ഭയം കാരണം പുറത്തിറങ്ങാൻ മടിക്കുന്നു. പ്രതിഷേധങ്ങളൊന്നും തന്നെ ഇനിയും ഉണ്ടായിട്ടില്ലെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും ശ്രീനഗറിൽ നിന്നും ന്യൂഡൽഹിയിൽ വിമാനത്തിൽ എത്തിച്ചേർന്ന യാത്രക്കാർ പറയുന്നത് മറിച്ചാണ്. താൻ വെടിയൊച്ചകളും സൈനികരുടെ ആക്രോശങ്ങളും കേട്ടുവെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യാത്രക്കാരൻ പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിക്കാൻ ഇറങ്ങിയവർക്കു നേരെ വെടി ഉതിർത്തതായി റിപ്പോർട്ടുകളുണ്ട്.

ഓരോ അഞ്ച് അടിയിലും സൈനികരുണ്ട്. വിമാനത്താവളത്തിലേക്കുള്ള 30 മിനിട്ട് യാത്ര പൂർത്തിയാക്കാനായത് 4 മണിക്കൂറുകൾ കൊണ്ടാണ്, ഇരുപത്തിയഞ്ച് തവണയെങ്കിലും കാർ സൈനികർ പരിശോധിച്ചു, യാത്രക്കാരൻ പറഞ്ഞു. മറ്റൊരു യാത്രക്കാരനായ ഫറൂഖ് ഷെയ്ക്ക് പറഞ്ഞത് സ്വന്തം നഗരത്തിൽ തടവിലായ സ്ത്ഥിതിയിലായിരുന്നു തങ്ങൾ എന്നാണ്. ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കിരിക്കുന്നു. യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അത്യവാശ്യ മരുന്നുകൾ പോലും ലഭ്യമാകാത്ത അവസ്ഥയാണ് താഴ്‌വരയിൽ എന്നാണ് റിപ്പോർട്ടുകൾ. സ്‌കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുന്നു. സംസ്ഥാന പൊലീസ് മേധാവി ദിൽബാഗ് സിങ് പറയുന്നത് ജനങ്ങൾ സൈനികരോട് സഹകരിക്കുന്നെന്നും അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നുമാണ്.

അതേ സമയം പാക്കിസ്ഥാനിലെ നഗരങ്ങളിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ലാഹോറിലും പാക്കിസ്ഥാന്റെ അധീനതിയിലുള്ള കാശ്മീരിലും പ്രതിഷേധവുമായി തെരുവിലിറങ്ങിയവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ഇന്ത്യയിലും കേരളത്തിലുൾപ്പെടെ വിവിധ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഭരണഘടനയെ അട്ടിമറിക്കുകയായിരുന്ന സർക്കാർ എന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ഏറ്റവും ആഹ്ലാദത്തോടെ സ്വീകരിച്ചത് കാശ്മീരി പണ്ഡിറ്റുകളാണ്. ലോകമെമ്പാടുമുള്ള കാശ്മീരി പണ്ഡിറ്റുകളെ പ്രതിനിധീകരിക്കുന്ന ഗ്ലോബൽ കാശ്മീരി പണ്ഡിറ്റ് ഡയസ്പോറ (ജി കെ പി ഡി) പാർലമെന്റിന്റെ പരമാധികാരം രാജ്യമെങ്ങും അടിയുറപ്പിക്കുന്നുവെന്ന് പ്രസ്താവനയിറക്കി.

1990 കളുടെ തുടക്കത്തിലാണ് ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെയും, ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകളുടെയും ഭീഷണിയെത്തുടർന്ന് ആറു ലക്ഷത്തോളം കാശ്മീരി പണ്ഡിറ്റുകൾ കാശ്മീർ താഴ്‌വരയിൽ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരാകുന്നത്. കേന്ദ്ര ഭരണ പ്രദേശമായ കാശ്മീരിൽ തങ്ങൾ സുരക്ഷിതരായിരിക്കുമെന്ന പ്രതീക്ഷയും ഇവർ പങ്കുവെച്ചു. പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതി സർക്കാർ താമസിയാതെ രൂപീകരിച്ചേക്കുമെന്നാണ് സൂചനകൾ. കാശ്മീരിലെ ജനസംഘ്യാ ഘടന മാറ്റുക എന്നത് എക്കാലവും വലതു പക്ഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു.

ഓഗസ്റ്റ് 5 കാശ്മീരിന്റെ വിമോചന ദിനമായി അറിയപ്പെടുമെന്ന ഇവർ പറയുന്നു. അഴിമതിയിൽ നിന്നും അനീതിയിൽ നിന്നും തുടർച്ചയായി കാശ്മീരിനെ കാൽക്കീഴിലാക്കിയ കുടുംബങ്ങളിൽ നിന്നും കാശ്മീരിന്റെ മോചനമാണ് സർക്കാരിന്റെ തീരുമാത്തിലൂടെ സാധ്യമാകുന്നത് എന്ന ഉറച്ച വിശ്വാസത്തിലാണ് പണ്ഡിറ്റുകൾ. പക്ഷേ കാശ്മീരിലെ മുസ്ലിം ജനത തങ്ങളെ ചൂഴ് ന്നു നിൽക്കുന്ന ഭയത്തിലും അനിശ്ചിതത്വത്തിലും നിന്നു ഇനിയും പുറത്തു വന്നിട്ടില്ല. എന്നാണ് സൈന്യം പിൻവാങ്ങുന്നതെന്നതിലും യാതൊരു വ്യക്തതയുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP